To advertise here, Contact Us



5 ജി ആശങ്കകള്‍, കിടമത്സരങ്ങള്‍


ബി.എസ്. ബിമിനിത്

5 min read
Read later
Print
Share

സെക്കന്‍ഡില്‍ ജി.ബി. കണക്കിന് ഡേറ്റ വായുവിലൂടെ പ്രവഹിക്കുമ്പോള്‍ സ്വാഭാവികമായും ജനിക്കുന്ന ആരോഗ്യകരമായ ആശങ്കകള്‍ റഷ്യ രാഷ്ട്രീയായുധമാക്കുന്നതും കണ്ടു. ആശങ്കകള്‍ അതിര്‍ത്തികടന്ന് പരക്കാന്‍ ഒരു പരിധിവരെ കാരണമാകുന്നതും ഇത്തരം രാഷ്ട്രീയ ഇടപെടലുകളാണ്.

ലോകം അമ്പേ മാറും-2

To advertise here, Contact Us

സാങ്കേതികമുന്നേറ്റങ്ങള്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ സ്പര്‍ധകള്‍ക്ക് വേദിയൊരുക്കുന്ന സംഭവങ്ങള്‍ ഒട്ടേറെയുണ്ട് ചരിത്രത്തില്‍. 5 ജി പരീക്ഷണഘട്ടം പിന്നിടുംമുന്‌പേ അമേരിക്കയും ചൈനയും തമ്മിലും അമേരിക്കയും റഷ്യയും തമ്മിലും വളര്‍ന്നുവരുന്ന അനാരോഗ്യകരമായ മത്സരം ആ കാലഘട്ടങ്ങളെ ഓര്‍മിപ്പിക്കും. ടെക് ഭീമന്മാരും മാധ്യമങ്ങളും പങ്കാളികളായ 5ജി വിവാദങ്ങളില്‍ നേരിട്ടോ അല്ലാതെയോ ഭരണകൂടങ്ങളുടെ പിന്തുണയുമുണ്ട്. 5ജി സാങ്കേതികരംഗത്ത് വളരെ മുന്നില്‍നടന്ന ചൈനീസ് ടെക്‌നോളജി ഭീമന്‍ വാവേക്കുനേരെയുള്ള വിലക്കായി പരിണമിച്ചത് ഈ മത്സരമാണ്. സെക്കന്‍ഡില്‍ ജി.ബി. കണക്കിന് ഡേറ്റ വായുവിലൂടെ പ്രവഹിക്കുമ്പോള്‍ സ്വാഭാവികമായും ജനിക്കുന്ന ആരോഗ്യകരമായ ആശങ്കകള്‍ റഷ്യ രാഷ്ട്രീയായുധമാക്കുന്നതും കണ്ടു. ആശങ്കകള്‍ അതിര്‍ത്തികടന്ന് പരക്കാന്‍ ഒരു പരിധിവരെ കാരണമാകുന്നതും ഇത്തരം രാഷ്ട്രീയ ഇടപെടലുകളാണ്.

സാങ്കേതിക പ്രതിസന്ധികള്‍

അന്തരീക്ഷത്തിലെ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് സ്മാര്‍ട്ട്ഫോണില്‍ സെക്കന്‍ഡില്‍ ഒരു ജി.ബി.യോളം വേഗത്തില്‍ ഡേറ്റ എത്തിക്കണമെങ്കില്‍ ശക്തമായ റേഡിയോ സിഗ്‌നലുകള്‍ ഉപയോഗിക്കണം. മൊബൈല്‍ സാങ്കേതികവിദ്യയില്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത മില്ലീമീറ്ററുകള്‍മാത്രം തരംഗദൈര്‍ഘ്യമുള്ള റേഡിയോ തരംഗങ്ങളാണ് അതിന് ഉത്തമം. പക്ഷേ, അന്തരീക്ഷത്തിലെ പൊടിപടലങ്ങളും ജലകണങ്ങള്‍പോലും അത്തരം സിഗ്‌നലുകളുടെ സഞ്ചാരത്തിന് തടയിടും. റേഡിയോ സംപ്രേഷണത്തിനുംമറ്റും ആശ്രയിക്കുന്ന തരംഗദൈര്‍ഘ്യംകൂടിയ (കിലോമീറ്ററുകള്‍വരെ തരംഗദൈര്‍ഘ്യം) റേഡിയോതരംഗങ്ങള്‍ പ്രതിബന്ധങ്ങളെ മറികടന്ന് ഏറെദൂരം സഞ്ചരിക്കുമെങ്കിലും വേഗത്തിലുള്ള ഡേറ്റ കൈമാറ്റത്തിന് അനുയോജ്യമല്ല. സാങ്കേതികമായി 5ജി നേരിട്ട വലിയ പ്രതിസന്ധി ഇതായിരുന്നു.

അതിവേഗത്തില്‍ േഡറ്റകൈമാറ്റം സാധ്യമാക്കേണ്ട 5ജി നടപ്പാക്കുമ്പോള്‍ അടിസ്ഥാനസൗകര്യങ്ങളിലടക്കം കാതലായ മാറ്റങ്ങള്‍ കൊണ്ടുവരണം. അടുത്തടുത്ത് ടവറുകള്‍ സ്ഥാപിക്കേണ്ടിവരുന്ന സ്‌മോള്‍ സെല്‍ ടെക്‌നോളജിയാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് റേഡിയേഷന്‍ ഭീതിയുണ്ടാക്കും. ചെലവും കൂട്ടും. അടിസ്ഥാനസൗകര്യവികസനം ആഗോളതലത്തില്‍ വലിയ മാര്‍ക്കറ്റുതന്നെ തുറന്നിട്ടപ്പോള്‍ സാങ്കേതികരംഗത്തുമാത്രമല്ല രാഷ്ട്രീയമായ മത്സരവും മുറുകി. ഇപ്പോള്‍ 5ജിയെ ചുറ്റിപ്പറ്റി ഉയര്‍ന്നുവരുന്ന വിവാദങ്ങളുടെ രത്‌നച്ചുരുക്കം ഇങ്ങനെയാണ്.

5ജി സാങ്കേതികവിദ്യ നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രണ്ട് പോംവഴികളായിരുന്നു ആഗോളതലത്തില്‍ സെല്ലുലാര്‍ സ്റ്റാന്‍ഡേര്‍ഡുകള്‍ നിശ്ചയിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മ-3ജി.പി.പി. മുന്നോട്ടുവെച്ചത്. ഒന്ന്, മില്ലീമീറ്റര്‍ വേവ്സ് (30ghz-300 ghz)എന്നറിയപ്പെടുന്ന മില്ലീമീറ്ററുകള്‍മാത്രം തരംഗദൈര്‍ഘ്യമുള്ള റേഡിയോ തരംഗങ്ങളോ അതിനടുത്ത ഫ്രീക്വന്‍സിയോ ഉപയോഗിക്കുക. അല്ലെങ്കില്‍ നിലവില്‍ 3ജിക്കും 4ജിക്കുമൊക്കെ ഉപയോഗിക്കുന്ന മിഡ് ബാന്‍ഡ് സ്‌പെക്ട്രത്തിലെ തരംഗദൈര്‍ഘ്യം കുറഞ്ഞ സിഗ്‌നലുകള്‍ ഉപയോഗിക്കുക. മിക്കരാജ്യവും െചലവേറിയതും സാങ്കേതികക്കുരുക്കുകളുമുള്ള മില്ലീമീറ്റര്‍ വേവ്സിന് പ്രാധാന്യം കൊടുക്കാതിരുന്നപ്പോള്‍ അമേരിക്കന്‍ കമ്പനികള്‍ അതിനുപിന്നാലെപ്പോയി. ആരോഗ്യരംഗത്തും രാഷ്ട്രീയരംഗത്തും 5ജിയെ വിവാദത്തിലാഴ്ത്തിയത് അമേരിക്കയുടെ ഈ എടുത്തുചാട്ടവും മത്സരബുദ്ധിയുമാണ്. ലോകം 5ജിയെ വിലയിരുത്തിയത് അമേരിക്കയിലൂടെയായിരുന്നു. അമേരിക്കയില്‍ വളര്‍ന്ന ആശങ്കകളായിരുന്നു ലോകത്തിന്റെ മറ്റുകോണുകളിലേക്കും പടര്‍ന്നത്.

5ജി നടപ്പാക്കാനുള്ള സാങ്കേതിക പിന്തുണ അമേരിക്കയെക്കാള്‍ ചൈനയ്ക്കുണ്ടെന്ന തിരിച്ചറിവാണ് ട്രംപ് ഭരണകൂടത്തെ പ്രതിസന്ധിയിലാക്കിയത്. ചൈന ഈ രംഗത്ത് ബഹുദൂരം മുന്നേറിയപ്പോള്‍ തങ്ങള്‍ ഒട്ടും പിന്നിലല്ലെന്ന് ട്രംപ് ഒരിക്കല്‍ പറയുകകൂടി ചെയ്തു. 5ജി പരീക്ഷണം തുടങ്ങിയതുമുതല്‍ ഈ എടുത്തുചാട്ടം വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. യു.എസില്‍ 5ജി നടപ്പാക്കിയ വെറൈസണ്‍ അടക്കമുള്ള കമ്പനികള്‍ മില്ലീമീറ്റര്‍ വേവ്സിനുപിന്നാലെ പോകാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ െചലവേറിയ ഈ സാങ്കേതികവിദ്യ ലഭ്യമായവനും അല്ലാത്തവനും എന്ന് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുമെന്ന വാദമുയര്‍ന്നു. സ്‌മോള്‍ സെല്‍ ടെക്‌നോളജിക്കുവേണ്ടി പ്രത്യക്ഷത്തില്‍ കൂടുതല്‍ ടവറുകള്‍ നിര്‍മിച്ചുതുടങ്ങിയതും സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ആശങ്കകള്‍ പടര്‍ന്നതും വിവാദം ആളിക്കത്തിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ആകെ സ്ഥാപിച്ച അത്രയും ട്രാന്‍സ്മിറ്ററുകള്‍ 5ജിക്കുവേണ്ടിമാത്രം യു.എസില്‍ സ്ഥാപിക്കേണ്ടിവരുമെന്നാണ് കണക്ക്.

റേഡിയേഷന്‍ ഭീതി

മൊബൈല്‍ ഫോണിനൊപ്പംതന്നെ ജനിച്ചതാണ് അതിനോടുള്ള റേഡിയേഷന്‍ ഭീതിയും. എന്നാല്‍, സ്മാര്‍ട്ട്ഫോണിനോടുള്ള ആസക്തിക്കുമേല്‍ റേഡിയഷന്‍ഭീതിപോലും അടിയറവുപറഞ്ഞതിന് നമ്മളും സാക്ഷികളാണ്. മൊബൈല്‍ ഫോണ്‍ റേഡിേയഷനുണ്ടാക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുന്ന ഒരു പഠനവും ഇതുവരെയുണ്ടായിട്ടില്ല എന്നതാണ് സത്യം.
മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റ് ഈ വസ്തുത ആയുധമാക്കുമ്പോള്‍ 2011-ല്‍ ലോകാരോഗ്യസംഘടന മൊബൈല്‍ റേഡിയേഷന്‍ സംബന്ധിച്ച് നടത്തിയ പഠനത്തില്‍ റേഡിയേഷന്‍ സാധ്യതയുണ്ട് എന്ന പരാമര്‍ശം മറുപക്ഷവും ആയുധമാക്കുന്നു. എലികളിലും മറ്റും നടത്തിയ പരീക്ഷണങ്ങളില്‍ റേഡിയേഷന്‍ സാധ്യത കണ്ടെത്തിയ കാര്യവും അവരുടെ ആയുധങ്ങളിലൊന്നാണ്.

ഒരു സ്രോതസ്സില്‍നിന്നുള്ള ഊര്‍ജവികിരണമാണ് റേഡിയേഷന്‍. അതില്‍ കോശങ്ങളില്‍ കേടുണ്ടാക്കി കാന്‍സര്‍ വരുത്താന്‍ ശേഷിയുള്ള, ഡി.എന്‍.എ.യിലെ കെമിക്കല്‍ ബോണ്ടുകളെ വിഘടിപ്പിക്കാന്‍ ശേഷിയുള്ള അയണൈസിങ് റേഡിയേഷനല്ല റേഡിയോസിഗ്‌നലുകള്‍ ഉത്പാദിപ്പിക്കുന്നത് (റേഡിയോ ഫ്രീക്വന്‍സി റേഡിയേഷന്‍-RF Radiaiton) എന്നാണ് ശാസ്ത്രീയ നിര്‍വചനം. മൊബൈല്‍ ഫോണുകള്‍ റേഡിയേഷനുണ്ടാക്കില്ല എന്ന വാദത്തിന് അടിസ്ഥാനവും അതുതന്നെയാണ് (അള്‍ട്രാവയലറ്റ്, എക്‌സ്റേ, ഗാമാ തരംഗങ്ങള്‍ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന അയണൈസിങ് വിഭാഗത്തിലുള്ളവയാണ്). മില്ലീ മീറ്റര്‍ വേവ്സ് ഉപയോഗിച്ചാലും അത് നോണ്‍ അയണൈസിങ് ഗണത്തില്‍ പെടുന്നതിനാല്‍ റേഡിയേഷന്‍ സാധ്യതയില്ല എന്നാണ് വിശദീകരണം. പക്ഷേ, ചെറിയ തടസ്സങ്ങള്‍പോലും മറികടക്കാനാകാത്ത മില്ലീമീറ്റര്‍ വേവ്സ് മനുഷ്യശരീരത്തില്‍ സമ്മര്‍ദംസൃഷ്ടിക്കുമെന്നും അത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ് സൃഷ്ടിക്കാന്‍ കാരണമാകുമെന്നും കാന്‍സറിന് കാരണമാകുമെന്നും ഒരുവിഭാഗം ആരോഗ്യവിദഗ്ധര്‍ വാദിക്കുന്നുണ്ട്. ടൊറന്റോയില്‍ മേയ് 31-ന് നടന്ന 42 രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ പങ്കെടുത്ത വയര്‍ലെസ് ടെക്നോളജി സിമ്പോസിയം 5ജി പരീക്ഷണത്തിന്റെ കാര്യത്തില്‍ എല്ലാ രാജ്യവും പുനരാലോചന നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. 5ജിക്കുമേലുള്ള ഭീതി വെറും ഭീതിമാത്രമായി കാണരുതെന്നാണ് ആരോഗ്യരംഗത്തെയും പരിസ്ഥിതിരംഗത്തെയും പ്രമുഖരും സംഘടനകളും വാദിക്കുന്നത്.

അതേസമയം, മൊബൈല്‍ ഫോണ്‍ തരംഗങ്ങള്‍ ഇലക്ട്രോമാഗ്‌നറ്റിക് ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി (ഇ.എച്ച്.എസ്.)ക്ക് കാരണമാകുന്നുവെന്ന ചര്‍ച്ച വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്. വൈദ്യശാസ്ത്രം ഇതുവരെ അംഗീകരിക്കാത്ത ഒരു അവസ്ഥയാണിത്. മാനസികസമ്മര്‍ദംമുതല്‍ തൊലിപ്പുറത്ത് ചൊറിച്ചിലുണ്ടാകുന്നതുവരെ പ്രകടമായ ലക്ഷണങ്ങളാണ് ഇത്തരം കേസുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. റേഡിയോ ഫ്രീക്വന്‍സി റേഡിയേഷന്‍ സന്താനോത്പാദനത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ശരീരകലകളെ കേടുവരുത്തുമെന്നും ശരീരത്തിലെ ഹോര്‍മോണുകളുടെ അമിതോത്പാദനത്തിന് കാരണമാകുമെന്നും വാദവുമുണ്ട്. കുട്ടികളെയും ഗര്‍ഭിണികളെയുമൊക്കെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതില്‍നിന്ന് വിലക്കുന്നത് അതുകൊണ്ടാണ്.

റഷ്യ ആയുധമാക്കുന്നു

ആരോഗ്യമേഖലയിലെ ഈ ചര്‍ച്ചകളും വിവാദങ്ങളും എതിര്‍കക്ഷികള്‍ അമേരിക്കയ്‌ക്കെതിരേയുള്ള ആയുധമാക്കി മാറ്റി. വറൈസണും എ.ടി. ആന്‍ഡ്
ടി.യുമൊക്കെ യു.എസിലെ വിവിധ ഭാഗങ്ങളില്‍ 5ജി പരീക്ഷണം തുടങ്ങിയപ്പോള്‍മുതല്‍ ജനകീയ പ്രതിഷേധങ്ങളുയര്‍ന്നു.
പ്രത്യക്ഷത്തില്‍ അടുത്തടുത്ത് ടവറുകള്‍ പ്രത്യക്ഷപ്പെട്ടതായിരുന്നു ജനങ്ങളെ പരിഭ്രാന്തരാക്കിയതെങ്കില്‍ സോഷ്യല്‍ മീഡിയ മാത്രമല്ല മുഖ്യധാരാമാധ്യമങ്ങളും അതില്‍ വലിയ പങ്കുവഹിച്ചു. അത് ലോകത്തെ പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

യു.എസില്‍ 5ജി ഭീതി വര്‍ധിക്കാന്‍ മുഖ്യ കാരണം റഷ്യയുടെ ഇടപെടലാണെന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്. 5ജി സാങ്കേതിക വിദ്യയില്‍ വേണ്ടത്ര മുന്നോട്ടുപോകാന്‍ കഴിയാത്തതില്‍ ട്രംപിനുള്ള ജാള്യം മറയ്ക്കാനാണ് ഈ ആരോപണമെന്ന മറുവാദവുമുണ്ട്. എന്നാല്‍, ആര്‍.ടി. അമേരിക്ക എന്ന റഷ്യന്‍ സര്‍ക്കാര്‍ പിന്തുണയുള്ള ടെലിവിഷന്‍ ചാനലാണ് യു.എസില്‍ 5ജിക്കെതിരേയുള്ള കാമ്പയിന്‍ ശക്തമായി നടത്തിയത്. 5ജി നെറ്റ്വര്‍ക്കുകളെക്കുറിച്ചുള്ള പ്രത്യേക പരിപാടികള്‍ അവര്‍ തയ്യാറാക്കി. മനുഷ്യനെതിരേയുള്ള അപകടകരമായ പരീക്ഷണമെന്നാണ് അതിലൊന്ന് 5ജിയെ വിശേഷിപ്പിച്ചത്. ജനങ്ങളെ കൊലയ്ക്കുകൊടുക്കുകയാണ് സര്‍ക്കാര്‍ എന്ന തരത്തിലായിരുന്നു പ്രചാരണം. 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ രാഷ്ട്രീയഗൂഢാലോചന നടത്തിയ റഷ്യന്‍ തത്പരകക്ഷികളുടെ വലംകൈയായിരുന്നു ഈ റഷ്യന്‍ ചാനല്‍ എന്നാണ് യു.എസ്. രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തിയത്. അന്ന് സോഷ്യല്‍ മീഡിയവഴിയുംമറ്റും റഷ്യന്‍ ഇടപെടല്‍നടന്ന വഴികളൊക്കെ ഒരിക്കല്‍ക്കൂടി സജീവമായെന്ന് അമേരിക്ക ആരോപിക്കുന്നു. സത്യമെന്തായാലും 5ജിക്കുനേരെ മുമ്പൊരിക്കലും ഉണ്ടാവാത്ത തരത്തിലുള്ള പ്രതിഷേധങ്ങളാണ് അമേരിക്കയില്‍ നടന്നത്.

5ജി പരീക്ഷണത്തിനുമുമ്പ് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നുകാണിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മിഷന് കത്തെഴുതി. കാലിഫോര്‍ണിയയില്‍ സിറ്റി കൗണ്‍സില്‍ 5ജി ഇന്‍സ്റ്റാലേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. യു.എസില്‍ ന്യൂഹാംഷയറില്‍ ഹെല്‍ത്ത് റിസ്‌കിനെക്കുറിച്ച് പഠിക്കാന്‍ കമ്മിഷനെ നിയോഗിച്ചു. ആരോഗ്യകരമായ ആശങ്കകള്‍ അങ്ങനെ ലോകമെങ്ങും ആളിപ്പടര്‍ന്നു. ഏപ്രിലില്‍ ബെല്‍ജിയം സര്‍ക്കാര്‍ 5ജി പരീക്ഷണം നിര്‍ത്തിവെച്ചു. സ്വിറ്റ്‌സര്‍ലന്‍ഡും നെതര്‍ലാന്‍ഡ്സും കര്‍ശനനിരീക്ഷണത്തില്‍ മാത്രമേ 5ജി പ്രവര്‍ത്തനങ്ങള്‍ നടത്താവൂ എന്ന് നിഷ്‌കര്‍ഷിച്ചു.

ആശങ്കകള്‍ പടര്‍ത്തുന്നതില്‍ സോഷ്യല്‍ മീഡിയ വഹിച്ച പങ്ക് വളരെ വലുതാണ്. മൊബൈല്‍ ഫോണ്‍ റേഡിയേഷനുമായി ബന്ധപ്പെട്ടുനടന്ന പഠനങ്ങളിലെ ചില ഭാഗങ്ങള്‍മാത്രം ഉദ്ധരിച്ച് പുതിയ കണ്ടെത്തലുകള്‍ സന്ദേശങ്ങളായി പ്രവഹിച്ചു. തെറ്റായ റിപ്പോര്‍ട്ടുകളും ഭാവനാസമ്പുഷ്ടമായ മെസേജുകളും വേറെയുമുണ്ട്. അതില്‍ ഏറെ പ്രചരിച്ച ഒന്നായിരുന്നു നെതര്‍ലന്‍ഡ്സില്‍ 5ജി പരീക്ഷണം നടക്കുന്ന ഹേഗില്‍ ഒട്ടേറെ പക്ഷികള്‍ ചത്തുവീണത്. 5ജി പരീക്ഷണം നടന്നുവെന്നതും പക്ഷികള്‍ ചത്തുവീണു എന്നതും വസ്തുതയായിരുന്നു. എന്നാല്‍, പരീക്ഷണത്തിന് മാസങ്ങള്‍ക്കുശേഷം മാത്രമായിരുന്നു പക്ഷികള്‍ ചത്തുവീണത് എന്നുമാത്രം.

(തുടരും)

അതിവേഗ ഇന്റര്‍നെറ്റിന്റെ കാലം, ലോകം അടിമുടിമാറും-1


content highlights: the world will change with faster internet 5g

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us