To advertise here, Contact Us



ഡോഗ്‌സ് ഓൺ കൺട്രി


ഇന്ദ്രന്‍

4 min read
Read later
Print
Share

ചില വക്കീലന്മാർ വാദിച്ചുവാദിച്ച് സ്വന്തംകക്ഷിയെ കുളത്തിലിറക്കും. കേരളത്തിലിറങ്ങിയാൽ പട്ടികടിക്കുമെന്ന വാർത്ത ലോകം മുഴുവൻ പ്രചരിച്ചാൽ വിനോദസഞ്ചാരികൾ വരാതാവുകയല്ലേ ചെയ്യുക? പട്ടികൾക്ക് വിനോദസഞ്ചാരിയെ തിരിച്ചറിയാനുള്ള കഴിവുണ്ടോ? അവരെയും ഓടിച്ചിട്ടു കടിക്കില്ലേ? അറിഞ്ഞുകൂടാ.

കേരളത്തിലെ തെരുവുപട്ടികൾക്കുവേണ്ടി വാദിക്കാൻ രാജ്യത്തിലെതന്നെ വലിയ അഭിഭാഷകന് വക്കാലത്തുണ്ട്. ഗോഡ്‌സ് ഓൺ കൺട്രിയിലേക്കു കൂടുതൽ വിനോദസഞ്ചാരികളെ കൊണ്ടുവന്ന് കീശ വീർപ്പിക്കാൻ നോക്കുന്ന ടൂറിസം കമ്പനികൾ കാശുകൊടുത്താണ് പട്ടികടിയെക്കുറിച്ചുള്ള വാർത്ത എഴുതിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുന്നു പ്രശാന്ത് ഭൂഷൺ.

To advertise here, Contact Us

ചില വക്കീലന്മാർ വാദിച്ചുവാദിച്ച് സ്വന്തംകക്ഷിയെ കുളത്തിലിറക്കും. കേരളത്തിലിറങ്ങിയാൽ പട്ടികടിക്കുമെന്ന വാർത്ത ലോകം മുഴുവൻ പ്രചരിച്ചാൽ വിനോദസഞ്ചാരികൾ വരാതാവുകയല്ലേ ചെയ്യുക? പട്ടികൾക്ക് വിനോദസഞ്ചാരിയെ തിരിച്ചറിയാനുള്ള കഴിവുണ്ടോ? അവരെയും ഓടിച്ചിട്ടു കടിക്കില്ലേ? അറിഞ്ഞുകൂടാ.

പട്ടിവിഷയത്തിലും കോഴയുണ്ട്. പേപ്പട്ടിവിഷത്തിനുള്ള മരുന്നിന്റെ വലിയ വിപണി കേരളമാണ് എന്നൊരു പക്ഷമുണ്ട്. ഈ മരുന്നിന്റെ ലോബിയാണത്രെ കോഴ കൊടുത്ത് പട്ടിസംരക്ഷണത്തിന് ആളെ ഇറക്കുന്നത്. അതേസമയം പട്ടി-പേപ്പട്ടി ശല്യം ഇത്ര പെരുകിയിട്ടും കേരളത്തിലെ ആസ്പത്രികളിൽ ഇതിനുള്ള മരുന്നില്ലെന്നും വാർത്ത കാണുന്നുണ്ട്. ആർക്കും എന്തും എഴുതാം. പട്ടികളെപ്പറ്റിയാകുമ്പോൾ ഒന്നും പേടിക്കേണ്ട. പേപ്പട്ടിശല്യവാർത്ത എത്രയെഴുതിയാലും പട്ടികൾ നിഷേധിക്കാനൊന്നും വരില്ല.

പട്ടികളോടുള്ള ബന്ധം ഇത്രയും വൈരുദ്ധ്യാത്മകമാകാൻ കാരണമെന്ത് എന്നതിനെക്കുറിച്ച് ഗവേഷണം ആവശ്യമാണ്. ഇംഗ്ലീഷുകാരന് തെരുവുപട്ടിയില്ല. ലാപ്‌ഡോഗാണ് അവന്റെ പ്രിയ മിത്രം. ഇനി വല്ലവനും കുരച്ചാലും അവനു പ്രശ്നമല്ല. കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്നാണ് അവന്റെ തത്ത്വശാസ്ത്രം. വായിൽ എല്ലുള്ള പട്ടി കുരയ്ക്കില്ല എന്നൊരു വലിയ തത്ത്വശാസ്ത്രം വേറെയുണ്ട്. മലയാളിയുടെ വലിയ തെറിവാക്കുകൾ പട്ടിയുമായി ബന്ധപ്പെടുത്തിയുള്ളതാവാൻ എന്താണാവോ കാരണം? മനുഷ്യനേക്കാൾ മനുഷ്യസ്നേഹമുള്ള ഒരേയൊരു ജീവി പട്ടി മാത്രമാണെന്ന് കരുതുന്നതിൽ തെറ്റില്ല. എന്നിട്ടും മനുഷ്യന് അങ്ങോട്ടു സ്നേഹം ലവലേശമില്ലതാനും. വീട്ടിൽ നാടൻ പട്ടിയെ പോറ്റാതെ എല്ലാറ്റിനെയും തെരുവിലിറക്കിവിട്ട് പട്ടിണിയാക്കിയതിന്റെ വിരോധം തീർക്കാൻ ഇറങ്ങിയതാവുമോ പട്ടികൾ?

പട്ടികളെ വന്ധ്യംകരിച്ചാൽ പേപ്പട്ടിശല്യം ഇല്ലാതാവുമെന്നൊരു സിദ്ധാന്തം പ്രചരിക്കുന്നുണ്ടല്ലോ. അതിന്റെ അർഥം പലർക്കും പിടികിട്ടിയിട്ടില്ല. വന്ധ്യംകരണം കഴിഞ്ഞ പട്ടി കടിക്കില്ലേ എന്നാരോ ചോദിക്കുന്നതു കേട്ടു. വന്ധ്യംകരണത്തിലൂടെ അടുത്ത തലമുറപ്പട്ടികളുടെ എണ്ണം കുറയ്ക്കുകയോ അവന്റെ വംശം ഇല്ലാതാക്കുകയോ ചെയ്യാം. അല്ലാതെ ഇപ്പോഴുള്ള പട്ടിയുടെ കടിയോ കുരയോ ഇല്ലാതാക്കാനാവില്ല. കുറച്ചുപട്ടികളെ തത്കാലം കൊല്ലുന്നതിനേക്കാൾ പട്ടിസ്നേഹപരമായ മാർഗം പട്ടികൾക്ക് വംശനാശം ഉണ്ടാക്കുകയാണ് എന്നു വാദിക്കുന്നുണ്ടോ മേനകാഗാന്ധി എന്നറിയില്ല.

പട്ടികളുടെ സമൂല വന്ധ്യംകരണത്തിന് കേരളസർക്കാറിന് കോടികൾ കൊടുത്തത് എവിടെപ്പോയി എന്നൊരു ചോദ്യം ഉന്നയിച്ചിട്ടുണ്ട് ലോക പട്ടിസ്നേഹിസംഘം പ്രസിഡന്റ് കൂടിയായ കേന്ദ്രമന്ത്രി മേനകാ ഗാന്ധി. ഉത്തരമൊന്നും കേരളസർക്കാർ നൽകിയിട്ടില്ലെങ്കിലും നമുക്കറിയാം എന്താണ് സംഭവിച്ചിരിക്കുകയെന്ന്. ഇതിന്റെ ഫയൽ സെക്രട്ടേറിയറ്റിൽ നീക്കം ആരംഭിച്ചപ്പോൾത്തന്നെ ആദ്യത്തെ ‘ക്വറി’ ഉദ്ഭവിച്ചിരിക്കണം. ( ക്വറി എന്നത് സെക്രട്ടേറിയറ്റിലെ ഒരു അസുഖമാണ്. പട്ടികടിയുമായി ബന്ധമില്ല) ആണിനെയാണോ പെണ്ണിനെയാണോ വന്ധ്യംകരിക്കേണ്ടത് എന്നു തീരുമാനിക്കണം എന്നാവശ്യപ്പെടുന്നതാകും ക്വറി. അക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഫയൽ ആരോഗ്യവകുപ്പ്, മൃഗസംരക്ഷണവകുപ്പ്, നിയമവകുപ്പ് എന്നിവിടങ്ങളിലക്ക് മാർക്ക് ചെയ്ത് വിടും. പിന്നീട് അവിടെ നിന്ന് കേരളത്തിലെ സകല സർക്കാർ വകുപ്പുകളിലേക്കും അതു നീങ്ങും. ഒപ്പം കേന്ദ്രസർക്കാറിനും വിശദീകരണം ആവശ്യപ്പെട്ട് കത്തുപോകും.

അപ്പോഴേക്കും അടുത്ത ചോദ്യം ഉയരും. ആരാണ് വന്ധ്യംകരണം നിർവഹിക്കുക? ഇതൊരു താത്കാലികതസ്തികയാണോ സ്ഥിരംതസ്തികയാണോ, നിയമനം പി.എസ്.സി. നടത്തുമോ അതോ വകുപ്പുമന്ത്രിയുടെ പാർട്ടി നടത്തുമോ? പണി തുടങ്ങുന്നതിനു മുമ്പ് കേരളത്തിലെ പട്ടികളെക്കുറിച്ചുള്ള ഒരു സർവേ നടത്തേണ്ടത് അത്യാവശ്യമാണ്. അവകളുടെ എണ്ണം നിർണയിക്കുക, ആൺ-പെൺ-രണ്ടും അല്ലാത്തവ എത്രവീതം ഉണ്ട് എന്നറിയണം. ഈ പണികളെല്ലാം തീരാൻ സമയമെടുക്കും. ഇനി മേനകാഗാന്ധിക്ക് നിർബന്ധമാണെങ്കിൽ സെക്രട്ടേറിയറ്റിൽ ഇതിനുള്ള തസ്തികകൾ ഉടൻ സൃഷ്ടിച്ച് ഉത്തരവിടാം. അവർക്ക് സഞ്ചരിക്കാനുള്ള കാറുകൾക്ക് ഓർഡറിടുകയും ചെയ്യാം. അതിനേ തികയൂ ഫണ്ട്.

പട്ടികളെ ഇപ്പോൾ കൊന്നു തീർക്കണോ അതല്ല അവകളുടെ അനന്തരതലമുറകളെ ഉന്മൂലനം ചെയ്യണമോ എന്നു തീരുമാനിക്കുമ്പോഴേക്ക് കേരളീയരെല്ലാം പട്ടികടിച്ചു ചാവുമോ എന്ന ഭയം അസ്ഥാനത്തല്ല. പട്ടിയുടെ വാൽ എത്രകാലം ഓടക്കുഴലിലിട്ടാലും വളഞ്ഞിരിക്കുമെന്നു പറഞ്ഞതു കേരളീയന്റെ സ്വഭാവത്തെക്കുറിച്ചാണോ എന്തോ... എന്തായാലും പട്ടികടി വാർത്തകൾ തുടരും. പിന്നെ അതു വാർത്തയല്ലാതാവും. നിത്യസംഭവം വാർത്തയല്ല. തെങ്ങുകൾക്ക് മണ്ഡരിരോഗം വരുന്നത് ഇപ്പോൾ വാർത്തായാകാത്തത് മണ്ഡരി ഇല്ലാതായിട്ടാണോ?

****
ലോകത്തിൽ മാനം ഏറ്റവും കൂടുതലുള്ളത് മുഖ്യമന്ത്രി ജയലളിതയ്ക്കോ അവരുടെ സർക്കാറിനോ ആണെന്നു വേണം കരുതാൻ. അഞ്ചുകൊല്ലത്തിനകം 213 കേസുകൾ മാനഹാനിക്ക് കോടതികളിൽ ഫയൽ ചെയ്തിട്ടുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.

മാനം ഉള്ളതുകൊണ്ടാണോ അതില്ലാത്തതുകൊണ്ടാണോ കേസുകൾ കൂടുന്നത് എന്ന കാര്യത്തിൽ ഉറപ്പുപോരാ. മാനഹാനിക്കെതിരെ കേസ് ഫയൽ ചെയ്യാത്തത് മാനം ഉള്ളതിന്റെ ലക്ഷണമാണെങ്കിൽ കേരള മന്ത്രിസഭകൾ മുന്നിലാണ് നിൽക്കുന്നത്. ജയലളിതയുടെ നിലവാരം വെച്ചാണെങ്കിൽ പതിനായിരം മാനനഷ്ടക്കേസെങ്കിലും യു.ഡി.എഫ്.സർക്കാർ ഫയൽ ചെയ്യേണ്ടതായിരുന്നു. നാലഞ്ചു കേസ് പോലും ഇല്ലല്ലോ.

ജയലളിത 85 കേസാണ് ഡി.എം.കെ.ക്കെതിരെ ഫയൽ ചെയ്യിച്ചത്. പത്രക്കാർക്കെതിരെ ഉണ്ട് 55 കേസുകൾ. കോടതി കയറിയിറങ്ങിയും വക്കീൽ ഫീസ് കൊടുത്തും തറവാട് കുളംതോണ്ടും. അതാണ് ശിക്ഷ.

രാഹുൽ ഗാന്ധിക്കെതിരെ ആർ.എസ്.എസ്. ഫയൽ ചെയ്തതും മാനനഷ്ടക്കേസ് ആണല്ലോ. കോപ്പിറൈറ്റിനൊക്കെ കാലപരിധിയുള്ളതുപോലെ മാനത്തിന് കാലപരിധിയില്ലാത്തത് മഹാകഷ്ടമാണ്. ഗാന്ധിജിയെ വധിച്ചിട്ട് വർഷം എഴുപതാവാറായി. അന്നു മുതൽ നഷ്ടപ്പെടുന്നുണ്ട് ആർ.എസ്.എസ്സിന്റെ മാനം. സംഘടനയെ നിരോധിച്ചത് ഈ കാരണം പറഞ്ഞിട്ടാണ്. സർദാർ പട്ടേലിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തതായി കേട്ടിട്ടില്ല.

എഴുപതു കൊല്ലത്തിനിടയിൽ ആർ.എസ്.എസ്സിനെതിരെ ഗാന്ധിവധക്കുറ്റം ആരോപിക്കുന്ന എത്രാമത്തെ ആളാണ് രാഹുൽ? ഇത്രയും കാലം ഇല്ലാത്ത മാനനഷ്ടം ഇപ്പോൾ വന്നതെവിടെ നിന്നെന്ന് കോടതി ചോദിച്ചതായി കേട്ടില്ല. മാനനഷ്ടം തെളിയാൻ രണ്ട് സംഗതികൾ വേണമല്ലോ. ഒന്ന്- പരാതിക്കാരന് മാനം ഉണ്ടാകണം. രണ്ട്-ആരോപണം ഉന്നയിച്ച ആൾക്ക് വിശ്വാസ്യത ഉള്ളതുകൊണ്ട് ജനങ്ങൾ അതു വിശ്വസിക്കുക വഴി തന്റെ മാനം ഇടിഞ്ഞു എന്നുതെളിയിക്കണം. ആർ.എസ്.എസ്.-രാഹുൽ പ്രശ്നത്തിൽ രണ്ടും ബുദ്ധിമുട്ടാണ്.
****
തെമ്മാടിയുടെ അവസാനത്തെ അഭയമാണ് രാജ്യസ്നേഹം എന്നു പറഞ്ഞത് വല്ല രാജ്യദ്രോഹിയും ആവണം. എന്നാലും രാജ്യസ്നേഹം ഇത്രവരും എന്നാരും ഓർത്തില്ല. പാകിസ്താൻകാർ നല്ലവരാണ് എന്നു പറഞ്ഞ സിനിമാനടിയെ കൊല്ലാൻ നടക്കുകയാണ് കുറെ രാജ്യസ്നേഹികൾ. ബ്രിട്ടീഷുകാർ ഇന്ത്യയെ വിഭജിച്ചത് നല്ല മനുഷ്യർക്ക് ഒരു രാജ്യവും നീചന്മാർക്കു വേറൊരു രാജ്യവും നൽകാനാണ്, അല്ലേ?

നരേന്ദ്രമോദിയും രാജ്‌നാഥ് സിങ്ങും സുഷമാ സ്വരാജുമൊക്കെ പലവട്ടം പോയിട്ടും പാകിസ്താൻ മഹാനരകമാണെന്നു പറഞ്ഞതായി കേട്ടിട്ടില്ല. എൽ.കെ. അദ്വാനി ജനിച്ചത് പാകിസ്താനിൽപ്പെട്ട പ്രദേശത്താണ്. ഇന്ത്യയിലേക്കോടിപ്പോരേണ്ടി വന്നതു വിഭജനകാലത്താണ്. ആ പാകിസ്താൻ ഉണ്ടാക്കിയ എം.എ. ജിന്ന നീചനാണെന്നല്ല മഹാനാണ് എന്നാണ് അദ്വാനി എഴുതിയത്. എല്ലാവരെയും എറിയാൻ കല്ലും ചീമുട്ടയും തികയില്ല.

nprindran@gmail.com

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us