To advertise here, Contact Us



‘അടിത്തറ ഭദ്രം; ഇന്ത്യൻ സമ്പദ്ഘടന മുന്നോട്ട്’


ആർ. റോഷൻ

2 min read
Read later
Print
Share

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി സാമ്പത്തിക ശാസ്ത്രജ്ഞ ഡോ. ഷമിക രവി ആദ്യമായി ഒരു മലയാള പത്രത്തിന് അനുവദിച്ച അഭിമുഖം

തിരുവനന്തപുരം സ്വദേശിയായ ഡോ. ഷമിക രവി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലേക്ക് കഴിഞ്ഞദിവസം തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്ക ആസ്ഥാനമായ ആഗോള ഗവേഷണ സ്ഥാപനമായ ബ്രൂക്കിങ്‌സ് ഇൻസ്റ്റിറ്റ്യൂഷന്റെ ഇന്ത്യയിലെ സീനിയർ ഫെലോയും ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിലെ വിസിറ്റിങ് പ്രൊഫസറുമാണ്.

To advertise here, Contact Us

തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയ, കണ്ണൂർ ചിന്മയ വിദ്യാലയ എന്നിവിടങ്ങളിൽ പഠിച്ച ഷമിക, ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ന്യൂയോർക്ക് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്.ഡി.യും കരസ്ഥമാക്കി.

വികസനോന്മുഖ സാമ്പത്തിക ശാസ്ത്രത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഷമിക, അന്താരാഷ്ട്ര മാധ്യമങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്.

ഐ.പി.എസ്. ഉദ്യോഗസ്ഥനും ജോയിന്റ് ഇന്റലിജൻസ് മേധാവിയുമായ ആർ.എൻ. രവിയുടെ മകളാണ്. ലക്ഷ്മിയാണ് അമ്മ.
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം ഡോ. ഷമിക രവി ‘മാതൃഭൂമി ധനകാര്യ’ ത്തിന് ഫോണിലൂടെ അനുവദിച്ച അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ:

ഇന്ത്യയുടെ സാമ്പത്തിക ഭാവി എന്താണ്?

ഇന്ത്യൻ സമ്പദ്ഘടന അടിസ്ഥാനപരമായി നല്ല നിലയിലാണ്. എന്നാൽ, നമുക്ക് ഇനിയും ഏറെ മുന്നേറാൻ അവസരങ്ങളുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സർക്കാർ നൽകുന്ന മുൻഗണന ഭാവിയിൽ വലിയ വളർച്ചയ്ക്ക് വഴിവയ്ക്കും. അതുപോലെ, സാമ്പത്തിക പരിഷ്കരണ നടപടികളും ഭാവിയിൽ ഗുണം ചെയ്യും. ചരക്ക്-സേവന നികുതി (ജി.എസ്.ടി.) നടപ്പാക്കിയത് ഇത്തരത്തിലൊരു ചുവടുവയ്പാണ്.

പക്ഷേ, ജി.എസ്.ടി. നടപ്പാക്കിയത് പാളിയില്ലേ?|

ഇന്ത്യ പോലെ സങ്കീർണമായ ഒരു വിപണിയിൽ ഒരൊറ്റ നികുതി ഏർപ്പെടുത്തുന്നത് എളുപ്പമല്ല. ഓരോ സംസ്ഥാനത്തും വ്യത്യസ്തമായ നികുതിഘടനയായിരുന്നു. അതാണ് ജി.എസ്.ടി.യിലൂടെ ഒരൊറ്റ നികുതി സമ്പ്രദായത്തിലേക്ക് മാറിയിരിക്കുന്നത്. ഇത്തരത്തിൽ ഒരു പരിഷ്കാരം നടപ്പാക്കുമ്പോൾ തുടക്കത്തിൽ തെറ്റുകളുണ്ടാകും. എന്നാൽ, അതു പരിഹരിച്ച്‌ മുന്നോട്ടു പോകുന്നതിലാണ് വിജയം.

നോട്ട് അസാധുവാക്കൽ ഫലം കാണാത്തത് എന്താണ്?

നോട്ട് അസാധുവാക്കൽ ഒരു ‘ശുദ്ധീകരണ പ്രക്രിയ’ യുടെ തുടക്കം മാത്രമാണ്. അതിനു പിന്നാലെ നികുതി പരിഷ്കരണം, ബിനാമി ഇടപാടുകൾക്കുള്ള നിയന്ത്രണം തുടങ്ങി പരിഷ്കാരങ്ങളുടെ ഒരു ‘ബാസ്കറ്റ്’ തന്നെ തീർക്കുമ്പോഴാണ് ശരിക്കുള്ള ഫലം അനുഭവപ്പെടുക. ഇപ്പോൾത്തന്നെ കൂടുതൽ പണമിടപാടുകൾ ‘വൈറ്റ്’ ആയി മാറിയിട്ടുണ്ട്. ഇത്‌ നോട്ട് അസാധുവാക്കലിന്റെ വിജയത്തെയാണ് സൂചിപ്പിക്കുന്നത്.

ബിസിനസ് സുഗമമായി നടത്താവുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നില മെച്ചപ്പെടുത്തിയിരിക്കുകയാണല്ലോ?

ലോക ബാങ്കിന്റെ പട്ടികയിൽ 130-ാം സ്ഥാനത്തു നിന്ന് നൂറാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. വൈകാതെ അമ്പതാം സ്ഥാനത്തേക്ക് എത്താൻ നമുക്ക് കഴിയും. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേന്ദ്രസർക്കാർ കൈക്കൊണ്ട നടപടികളുടെ ഫലം കാണാനിരിക്കുന്നതേയുള്ളൂ. ജി.എസ്.ടി. നടപ്പാക്കിയെങ്കിലും നികുതിഘടന കൂടുതൽ ലളിതമാക്കേണ്ടതുണ്ട്. മാത്രമല്ല, ഓരോ സംസ്ഥാനങ്ങളും വ്യവസായങ്ങൾക്ക് പറ്റിയ സാഹചര്യം ഒരുക്കുകയും വേണം.

കുടുംബത്തെക്കുറിച്ച്?


ഡൽഹിയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ (ഐ.എസ്.ഐ.) ഇക്കണോമിക്സ് പ്രൊഫസറായ ഡോ. മുദിത് കപൂർ ആണ് ഭർത്താവ്. ഉത്തർപ്രദേശ് സ്വദേശിയാണ്. മക്കൾ: കബീർ, ഷാൻ (ഇരുവരും വിദ്യാർഥികൾ).

ഇ-മെയിൽ: roshan@mpp.co.in

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us