നാക്കിൽതട്ടി തകർന്നുപോയ കുടുംബങ്ങൾ


ജിജോ സിറിയക്

3 min read
Read later
Print
Share

വേർപിരിയലിലേക്ക്‌ വളരുന്ന പല കലഹങ്ങൾക്കും വഴിമരുന്നിടുന്നത്‌ നാക്കാണ്‌.

സിന്ധു ദന്തഡോക്ടറാണ്‌. ഭർത്താവ്‌ അറിയപ്പെടുന്ന ബിസിനസുകാരനും. പ്രേമവിവാഹമായിരുന്നു. ഇപ്പോൾ അവർ കുടുംബകോടതിയിൽ വിവാഹമോചനത്തിന്റെ നടപടിക്രമങ്ങളിലൂടെ കടന്നുപോവുകയാണ്‌.

ഇനി ബന്ധം തുടരാനാവില്ല എന്ന കടുത്ത നിലപാടിലാണ്‌ സിന്ധു. ഭർത്താവിന്റെ ‘തറ’ സംസാരമാണ്‌ അവൾക്ക്‌ ഒട്ടും സഹിക്കാനാവാത്തത്‌. നിസ്സാരകാര്യത്തിന്‌ ദേഷ്യം പിടിക്കും. പിന്നെ വായിൽ തോന്നുന്നതൊക്കെ വിളിച്ചുപറയും. കേട്ടാലറയ്ക്കുന്ന അശ്ളീലപദങ്ങളാണ്‌ വായിൽനിന്നു വരിക. ഒരു പഴയകാല രാഷ്‌ട്രീയ പ്രവർത്തകന്റെ മകളായ സിന്ധുവിന്‌ ഇതെല്ലാം അലർജിയാണ്‌. ബിസിനസ് തകർന്നു; പാർട്‌ണർമാർ തെറ്റിപ്പിരിഞ്ഞു. എല്ലാറ്റിനും കാരണം തന്റെ ഭർത്താവിന്റെ വഷളൻ നാവാണെന്ന്‌ സിന്ധു പറയുന്നു.

എല്ലാവരെയും പച്ചത്തെറി വിളിക്കും. സിന്ധുവിനെ മാത്രമല്ല, വീട്ടുകാരെയും അവളുടെ മരിച്ചുപോയ അച്ഛനെയും വരെ വൃത്തികേടുകൾ പറഞ്ഞ്‌ പരിഹസിക്കും. ചോദ്യം ചെയ്താൽ പിന്നെ തല്ലും പിടുത്തവുമാകും. വീട്ടുകാരെ ധിക്കരിച്ച്‌ വിവാഹം കഴിച്ചതാണ്‌. ഇപ്പോൾ ഇങ്ങനെയായി... സിന്ധുവിന്‌ സങ്കടം അടക്കാനാവുന്നില്ല.

ഇതുപോലെ നാക്കിൽതട്ടി തകർന്നുപോയ കുടുംബങ്ങൾ ഒട്ടനവധിയുണ്ട്‌. കുടുംബജീവിതത്തിൽ സ്നേഹം വളർത്തുന്നതിലും തളർത്തുന്നതിലും നാക്ക്‌ മുഖ്യ പങ്കുവഹിക്കുന്നുണ്ട്‌. വേർപിരിയലിലേക്ക്‌ വളരുന്ന പല കലഹങ്ങൾക്കും വഴിമരുന്നിടുന്നത്‌ നാക്കാണ്‌.
ചിലർ കുറ്റംപറയാനും പരിഹസിക്കാനും ദേഷ്യം പ്രകടിപ്പിക്കാനും മാത്രമാണ്‌ നാക്ക്‌ ഉപയോഗിക്കുന്നത്‌. മറ്റു ചിലർ വാതുറന്ന്‌ മിണ്ടാതെ മൗനം ഒരായുധമാക്കും.

രണ്ടും ശരിയല്ല. വാക്കുകൊണ്ട്‌ സ്നേഹിക്കാനും പ്രോത്സാഹിപ്പിക്കാനും സമാശ്വസിപ്പിക്കാനുമൊക്കെ കഴിയണം. ഒപ്പം തിരുത്താനും പ്രചോദിപ്പിക്കാനും സാഹചര്യമനുസരിച്ച്‌ ശാസിക്കാനും കഴിയണം. ഭാര്യ രുചികരമായ ഒരു ഭക്ഷണം തയ്യാറാക്കിയാൽ ഒന്നുംമിണ്ടാതെ മൂക്കുമുട്ടെ കഴിച്ചിട്ടുപോയാൽ അവൾക്ക്‌ നിരാശയുണ്ടാവുക സ്വാഭാവികം. ‘‘കൊള്ളാം... നന്നായിരിക്കുന്നു, എന്റെ വക ഫുൾ എ പ്ളസ്‌’’ എന്നു പറയാൻ വലിയ ബുദ്ധിമുട്ടില്ല. അത്‌ ഭാര്യയ്ക്ക്‌ സന്തോഷം നൽകും.

പാചകത്തിൽ ആത്മവിശ്വാസം വർധിക്കും. കൂടുതൽ നല്ല വിഭവങ്ങൾ പിന്നീട്‌ തീൻമേശയിലെത്തും. പക്ഷേ, ചില പുരുഷൻമാർക്കിത്‌ പറയാൻ മടിയാണ്‌. അതേസമയം കറിയിൽ അല്പം ഉപ്പുകൂടിയാൽ പ്രശ്നമാകും. ‘വായിൽ വെയ്ക്കാൻ കൊള്ളില്ല, മനുഷ്യനെ പ്രഷറുകേറ്റി കൊല്ലാനാണോ ഉപ്പെല്ലാം വാരിയിടുന്നത്...’ എന്നിങ്ങനെയാകും പ്രതികരണം. ചിലപ്പോൾ ഭക്ഷണം കഴിക്കാതെ എഴുന്നേറ്റുപോയെന്നും വരും. അതോടെ മനസ്സിടിഞ്ഞ ഭാര്യയ്ക്ക്‌ പിന്നീടൊരിക്കലും ആത്മവിശ്വാസത്തോടെ കറിയിൽ ഉപ്പിടാൻ പറ്റില്ല.

ചിലരാകട്ടെ ഭർത്താവിനോടുള്ള വാശിക്ക്‌ അടുത്ത പ്രാവശ്യം ഉപ്പ്‌ തീരെ കുറച്ചാകും കറിവെയ്ക്കുക. അപ്പോഴും കലഹം ഉറപ്പ്‌. മികവുകൾ തുറന്നുപറഞ്ഞ്‌ അംഗീകരിക്കാൻ തയ്യാറാകുമ്പോൾ കുറവുകൾ ചൂണ്ടിക്കാട്ടാനുള്ള ലൈസൻസുകൂടി ലഭിക്കും. ‘ഇന്നത്തെ കറിക്ക്‌ അല്പം ഉപ്പ്‌ അധികമാ... ഇന്നലത്തെ അത്രയും വന്നില്ല... സാരമില്ല, ചോറിനൊപ്പം ചേർക്കുമ്പോൾ അറിയില്ല...’ എന്നാണ്‌ പ്രതികരണമെങ്കിൽ ആ വിമർശനം ഭാര്യയെ തളർത്തില്ല. അടുത്ത തവണ ഉപ്പിടുമ്പോൾ കൂടുതൽ ശ്രദ്ധിക്കുകയും ചെയ്യും. പങ്കാളി ഒരു നല്ല വസ്ത്രം ധരിച്ചാൽ ‘ഇന്ന്‌ സുന്ദരിയായിട്ടുണ്ട്‌’ എന്നു പറഞ്ഞാൽ അവർക്കത്‌ സന്തോഷവും ആത്മവിശ്വാസവും നൽകും. ചിലരാകട്ടെ ഇതു കണ്ടാലും കണ്ടമട്ട്‌ വെയ്ക്കില്ല.

പലപ്പോഴും പുറത്തിറങ്ങുമ്പോൾ ഭർത്താവ്‌ പറയേണ്ട അംഗീകാരത്തിന്റെ വാക്കുകൾ മറ്റുള്ളവർ പറയും. കാലക്രമത്തിൽ ഭർത്താവിനേക്കാൾ മറ്റുള്ളവരുടെ വാക്കിന്‌ ഭാര്യ വിലകല്പിക്കുന്ന സ്ഥിതിയും വരും.

പെട്ടെന്നുള്ള ദേഷ്യത്തിന്‌ എന്തെങ്കിലും പറഞ്ഞാൽ അല്പം കഴിഞ്ഞ്‌ ‘സോറി, അപ്പോഴത്തെ മാനസികാവസ്ഥയിൽ ഞാനങ്ങനെ പറഞ്ഞതാണ്‌. നീ ക്ഷമിക്കൂ’ എന്നു പറഞ്ഞാൽ പരസ്പരമുള്ള ബന്ധം കൂടുതൽ ദൃഢമാകില്ലേ?
നമ്മുടെ പങ്കാളിയുടെ നേട്ടങ്ങളിൽ അഭിമാനിക്കാൻ നമുക്ക്‌ കഴിയണം. അത്‌ മറ്റുള്ളവരോട്‌ അഭിമാനത്തോടെ പറയുകയും വേണം. അതേ സമയം എന്തെങ്കിലും കുറവുകളോ വീഴ്ചകളോ വന്നാൽ പൊതുവേദിയിൽ പറയാതിരിക്കാനുള്ള ഔചിത്യവും വേണം. ‘എന്റെ ഭാര്യ സ്കൂട്ടർ ഓടിക്കാൻ പഠിച്ചതാ... വീട്ടിലെ ചെടിച്ചട്ടി നാലെണ്ണം തകർന്നു, അവളുടെ മുട്ടും പൊട്ടി’ എന്ന്‌ തമാശമട്ടിൽ ഭർത്താവ്‌ പറഞ്ഞാൽ എന്താകും ഭാര്യയുടെ അവസ്ഥ.

സ്കൂട്ടറിൽനിന്നു വീണതിനേക്കാൾ വേദനയാകും പൊതുസ്ഥലത്തുവെച്ചുള്ള പരിഹാസം അവർക്കു പകരുക.
പങ്കാളിയുടെ മൂഡ്‌ മനസ്സിലാക്കി സംസാരിക്കുക എന്നതും പ്രധാനമാണ്‌. ഓഫീസിൽനിന്ന്‌ ടെൻഷനോടെ വീട്ടിലെത്തുന്ന ഭർത്താവിനോട്‌ അമ്മായി അമ്മയുടെ കുറ്റം പറയാൻ ഭാര്യ ചെന്നാൽ എന്താകും അവസ്ഥ.

പങ്കാളി ദുഃഖിച്ചിരിക്കുമ്പോൾ ചേർത്തുപിടിച്ച്‌ സാരമില്ലെടോ... താൻ വിഷമിക്കാതെ... എന്നുപറഞ്ഞ്‌ കണ്ണീർ തുടച്ചുകൊടുത്താൽ അവർക്ക്‌ കിട്ടുന്ന സമാശ്വാസം വലുതായിരിക്കും. അതിനു പകരം ‘കരഞ്ഞ മോന്തേം വീർപ്പിച്ചിരിക്കാതെ നീ പോയി നിന്റെ പണിനോക്ക്‌’ എന്നാണ്‌ പറയുന്നതെങ്കിൽ അവൾ എത്രമാത്രം വിഷമിക്കും.

പങ്കാളിയുടെ മനസ്സിലെ സംഘർഷവും സങ്കടവും അതേ തീവ്രതയോടെ നാം ഉൾക്കൊള്ളുന്നു എന്ന്‌ അവരെ ബോധ്യപ്പെടുത്താൻ കഴിയണം. അതിനു പകരം പരിഹസിക്കുകയോ വഴക്കിടുകയോ ചെയ്താൽ അവരുടെ മാനസികനില തന്നെ തകരാറിലായെന്നു വരാം.
തെറ്റുകളും കുറ്റങ്ങളും നമ്മൾ മാത്രമായിരിക്കുമ്പോൾ ശാന്തതയോടെ സംസാരിച്ച്‌ തിരുത്തുകയാണ്‌ വേണ്ടത്‌. ഇക്കാര്യത്തിൽ പൊതുചർച്ച ഗുണം ചെയ്യില്ല.

കടുത്ത ദേഷ്യത്തോടെ സംഹാരാത്മകമായി പ്രതികരിക്കുന്നത്‌ പങ്കാളിയുടെയും മക്കളുടെയും ആത്മവിശ്വാസം തകർക്കും. ഉച്ചത്തിൽ ആക്രോശിക്കുന്ന ഭർത്താവിനെ പേടിച്ച്‌ ഭാര്യയും മക്കളും ഊമകളായി മാറും. ഭാവിയിൽ അത്‌ വിഷാദരോഗത്തിലേക്കും മറ്റു മാനസിക പ്രശ്നങ്ങളിലേക്കും എത്തിക്കും.

കത്തികൊണ്ട്‌ ഏൽക്കുന്ന മുറിവുകൾ കാലക്രമേണ ഉണങ്ങും. എന്നാൽ നാവുകൊണ്ട്‌ ഏല്പിക്കുന്ന മുറിവുകൾ മാറാവ്രണമായി മാറും. സ്നേഹംകൊണ്ട്‌ തെറ്റ്‌ പൊറുക്കാൻ കഴിഞ്ഞെന്നുവരും. പക്ഷേ മറക്കാൻ കഴിയില്ല. വാക്കുകൊണ്ട്‌ വരുത്തിയ മുറിവുകൾക്ക്‌ വാക്കുകൾകൊണ്ട്‌ തന്നെ തൈലം പുരട്ടിയാലേ ഉണങ്ങൂ.

ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ്‌ കുറ്റപ്പെടുത്തുന്നതും ശാരീരികമായ കുറവുകളെ കുത്തി സംസാരിക്കുന്നതും കുടുംബബന്ധങ്ങളുടെ ഊഷ്‌മളത നഷ്ടപ്പെടുത്തും. ഭർത്താവിന്‌ നിറം കുറവാണെങ്കിൽ ‘നിങ്ങളേപ്പോലൊരു കരിമാക്കാനെ കെട്ടിയ എന്നെ സമ്മതിക്കണം’ എന്ന്‌ ഭാര്യ തമാശ പറഞ്ഞാൽപോലും ഭർത്താവിന്റെ മനസ്സിൽ ഒരു മുറിവ്‌ സൃഷ്ടിച്ചെന്നുവരാം. ഒന്നുമാലോചിക്കാതെ അയൽപക്കത്തെ സ്ത്രീക്ക്‌ നല്ല പ്രസരിപ്പാണ്‌ എന്ന്‌ പ്രശംസിച്ചാലും ചിലപ്പോൾ കുഴപ്പമാകും. ഭാര്യ അത്‌ വ്യാഖ്യാനിക്കുക തനിക്ക്‌ പ്രസരിപ്പില്ല എന്ന്‌ ഭർത്താവ്‌ പറഞ്ഞെന്നാകും.

നാവിനെ നിയന്ത്രിക്കേണ്ടത്‌ ജീവിതവിജയത്തിന്‌ വളരെ പ്രധാനമാണ്‌, പ്രത്യേകിച്ച്‌ കുടുംബജീവിതത്തിൽ. പറയുന്ന കാര്യങ്ങൾ ബന്ധത്തിന്‌ ഗുണമോ ദോഷമോ എന്ന്‌ ആലോചിച്ച്‌ സംസാരിക്കുക. അസത്യമായതും തിന്മനിറഞ്ഞതുമായ സംഭാഷണങ്ങൾ ഒഴിവാക്കാം.

വീട്ടിൽ നമ്മൾ കൂടുതൽ ഉപയോഗിക്കുന്ന വാക്കുകൾ എങ്ങനെയുള്ളതാണ്‌? അത്‌ കുടുംബജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു? ഓരോരുത്തരും ആലോചിക്കുക. ഒപ്പം നാലു വാക്കുകൾ മറക്കാതിരിക്കുക - നന്ദി, നന്നായിരിക്കുന്നു, സോറി, സാരമില്ലെടോ...

content highlights: healthy and happy family discussion

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram