ദോഹ: പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജീവിക്കുക എന്ന പ്രമേയത്തില്‍ കള്‍ച്ചറല്‍ ഫോറം ഖത്തര്‍ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായുള്ള സംരംഭകത്വ ശില്പശാല നവംബര്‍ 15 വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. പ്രവാസി മലയാളികള്‍ക്ക് നാട്ടില്‍ തുടങ്ങാവുന്ന ചെറുകിട സംരംഭങ്ങളെ കുറിച്ചാണ് ശിലാപശാലകള്‍ സംഘടിപ്പിക്കുന്നത്.
ചെറിയ നിക്ഷേപം കൊണ്ട് എങ്ങനെ പുതിയ സംരംഭങ്ങള്‍ തുടങ്ങാം, എങ്ങനെ ശാസ്ത്രീയമായി ഇവ മുന്നോട്ട് കൊണ്ട് പോകാം, നാട്ടില്‍ ഇപ്പോള്‍ തുടങ്ങാവുന്ന പ്രധാന ചെറുകിട സംരംഭങ്ങള്‍ ഏതൊക്കെയാണ് തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്കരണം കൂടാതെ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു വേണ്ട നിയമ സഹായങ്ങള്‍ക്കും മറ്റുമുള്ള പ്രായോഗിക നടപടികള്‍ക്ക് സഹായം നല്‍കലും ശില്പശാലയുടെ പ്രധാന അജണ്ടയാണ്.
കേരള സര്‍ക്കാര്‍ വ്യവസായ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ടി എസ് ചന്ദ്രന്‍, കേരള സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ നോഡല്‍ ഓഫിസര്‍ ഡോക്ടര്‍ നിഷാദ് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. നവംബര്‍ 15 വ്യാഴം വൈകീട്ട് 7 .30 ന് മന്‍സൂറയിലെ സി ഐ സി ഹാളില്‍ വെച്ചും നവംബര്‍ 16 വെള്ളിയാഴ്ച 12 .30 നും 6 .30 നും ഏഷ്യന്‍ ടൗണിലെ പ്ലാസ ഓഡിറ്റോറിയത്തില്‍ വെച്ചും വിവിധ ജില്ലകള്‍ക്ക് വേണ്ടി ശിലാപശാലകള്‍ നടക്കും.
സ്ത്രീകള്‍ക്ക് മാത്രമായി 17 ആം തിയതി 3.30 ന് സി ഐ സി ഹാള്‍ മന്‍സൂറയിലും ശില്പശാല സംഘടിപ്പിക്കും. ഏറ്റവും അനുയോജ്യമായ 15 പദ്ധതികളുടെ അവതരണം ശില്പശാലയില്‍ നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.cfqatar.org എന്ന വെബ്‌സൈറ്റ് വഴിയോ 50853891 എന്ന മൊബൈല്‍ നമ്പറില്‍ വിളിച്ചോ വാട്‌സ്ആപ് ചെയ്‌തോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്