To advertise here, Contact Us



വാക്സിനുകൾക്കും പറയാനുണ്ട്


ഷിനില മാത്തോട്ടത്തിൽ

2 min read
Read later
Print
Share

-

പുതുതായി പൊട്ടിപ്പുറപ്പെട്ട ഒരു മഹാമാരിക്കും ഉടനടി മരുന്നുകണ്ടെത്തിയ ചരിത്രം ലോകത്തിന്നോളമില്ല. ലോകംകണ്ട പലതരം മഹാമാരികളുടെയും വാക്സിനുകൾ പെട്ടെന്നൊരു സുപ്രഭാതത്തിൽ കണ്ടെത്തിയവയല്ലെന്നത് ഓർക്കേണ്ട കാര്യമാണ്. അന്ധവിശ്വാസത്തിൽ കെട്ടുപിണഞ്ഞുകിടന്ന സമൂഹത്തിൽനിന്ന് പരീക്ഷണവഴിയിലുടനീളം ശാസ്ത്രവിദഗ്ധർക്ക് നേരിടേണ്ടിവന്ന തിരിച്ചടികൾ രോഗത്തെക്കാൾ ഭീകരവുമായിരുന്നു.

To advertise here, Contact Us

വസൂരിയെ ‘തുരത്തിയ’ ഗോ വസൂരി

: ബി.സി. പതിനായിരാമാണ്ടുമുതൽ മനുഷ്യർക്കിടയിൽ വസൂരി (small pox)യുണ്ടെന്ന് ചരിത്രരേഖകളിൽ പറയുന്നു. 3000 വർഷങ്ങൾക്കുമുമ്പുണ്ടായിരുന്ന ഈജിപ്ഷ്യൻ മമ്മികളിൽനിന്ന് വസൂരിയുടെ തെളിവുകളും കിട്ടി. ലക്ഷക്കണക്കിനാളുകളെ വർഷംതോറും കൊന്നൊടുക്കിയ വസൂരിക്ക് പക്ഷേ, പ്രതിരോധവാക്സിൻ വികസിപ്പിച്ചത് പതിനെട്ടാം നൂറ്റാണ്ടിൽ മാത്രമാണ്. രോഗപ്രതിരോധശാസ്ത്രത്തിന്റെ പിതാവെന്ന വിളിപ്പേരുനേടിയ ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ എഡ്‌വേർഡ് ജെന്നെറാണ് വസൂരിക്ക് പ്രതിരോധകുത്തിവെപ്പ് ആദ്യം (1796) വികസിപ്പിച്ചത്. ലോകത്തിലെ ആദ്യ വാക്സിനായിരുന്നു ഇത്. അക്കാലത്ത് മേഖലയിൽ പടർന്നുപിടിച്ച ഗോ വസൂരി ബാധിച്ചവർക്കൊന്നും വസൂരി വരുന്നില്ലെന്ന അദ്ദേഹത്തിന്റെ നിരീക്ഷണമാണ് കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. ഗോ വസൂരി ബാധിച്ച സാറ നെലംസ് എന്ന കറവക്കാരിയുടെ കൈകളിൽനിന്ന് പഴുപ്പുശേഖരിച്ച് അവരുടെ എട്ടുവയസ്സുള്ള മകൻ ജെയിംസ് ഫിപ്സിൽ കുത്തിവെച്ചായിരുന്നു ജെന്നെറിന്റെ പരീക്ഷണം. രണ്ടുമാസത്തിനുശേഷം വസൂരിയുണ്ടാക്കുന്ന വാക്സിനിയ വൈറസിനെയും ഫിപ്സിന്റെ ശരീരത്തിൽ കുത്തിവെച്ചു. ഫിപ്സിന്റെ ശരീരം വസൂരിയെ പ്രതിരോധിച്ചതോടെ പരീക്ഷണം വിജയിച്ചു. പിന്നീട് വാക്സിൻ വികസിപ്പിച്ചെടുത്ത് പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടിൽ വ്യവസ്ഥാപിതമായി കുത്തിവെപ്പ് നടത്തിയാണ് 1979-ഓടെ ആഗോളതലത്തിൽ രോഗം തുടച്ചുനീക്കിയത്.

ചരിത്രംപറയുന്ന കോളറ

കോളറ ലോകത്തിന്റെ എല്ലാഭാഗത്തും പലതവണയെത്തി. ഇത്രയും കാലപ്പഴക്കമുള്ള രോഗത്തിന് പക്ഷേ, വാക്സിൻ വികസിപ്പിച്ചെടുത്തത് 1800-കളിൽ മാത്രമാണ്. സ്പാനിഷ് ശാസ്ത്രജ്ഞൻ ഹൈമെ ഫെറോനൈ ക്ളിവ ക്ലൂബയാണ് ആദ്യമായി കോളറ പ്രതിരോധകുത്തിവെപ്പ് നടത്തിയത് (1885). കോളറ പരത്തുന്ന വിബ്രിയോ കോളറേ എന്ന ബാക്ടീരിയക്കെതിരേ ആദ്യം വാക്സിൻ വികസിപ്പിച്ചടുത്തത് റഷ്യൻ-ജൂത ബയോളജിസ്റ്റായ വാൽഡ്‌മർ ഹാഫ്കിനാണ് (1892). പിന്നെയുമേറെക്കഴിഞ്ഞ് 20-ാം നൂറ്റാണ്ടിൽ മാത്രമാണ് വാക്സിനേഷൻ തുടങ്ങിയത്. ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യ കോളറ മഹാമാരി ആരംഭിച്ചത് ഇന്ത്യയിൽ (കൊൽക്കത്ത)നിന്നാണ് (1817). അവിടെനിന്ന് ഏഷ്യയുടെ പലഭാഗങ്ങളിലേക്കും. 1920-’30 കാലഘട്ടത്തിൽ ഇന്ത്യയിലാണ് ആദ്യ വാക്സിൻ പരീക്ഷണം നടന്നത്. നിരന്തരം പരിണാമം സംഭവിച്ച കോളറ ബാക്ടീരിയയിലൂടെ ലോകത്ത് പലയിടത്തും ഇന്നും കോളറ റിപ്പോർട്ടുചെയ്യുന്നു.

ഫ്ലൂ, പ്ലേഗ് വാക്സിൻ

ചരിത്രത്തിൽ പലയിടത്തും ഇൻഫ്ലുവെൻസ വൈറസ് പരത്തുന്ന ഫ്ളു എന്ന രോഗത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ആദ്യമായി രേഖപ്പെടുത്തിയിട്ടുള്ളത് 1580-ൽ റഷ്യയിൽ പടർന്നതാണ്. പിന്നീട് 20-ാം നൂറ്റാണ്ടിൽ പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് ഫ്ലൂവിലും ഏഷ്യൻ ഫ്ലൂവിലും ദശലക്ഷക്കണക്കിനാളുകൾ മരിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള രോഗത്തിന് 1938-ൽ ജൊനാസ് സൊൾക്, തോമസ് ഫ്രാൻസിസ് എന്നീ ശാസ്ത്രജ്ഞരാണ് ആദ്യം വാക്സിൻ വികസിപ്പിക്കുന്നത്. പിന്നാലെ വാക്സിനേഷനും തുടങ്ങി. വാക്സിനേഷൻ രണ്ടാംലോകയുദ്ധക്കാലത്ത് അമേരിക്കൻ സൈനികരെ ഫ്ലൂവിൽനിന്ന് രക്ഷിച്ചു.

ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും മരണകാരിയായ രോഗമാണ് യെർസിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ പടർത്തുന്ന പ്ലേഗ്. 527-565- കാലയളവിൽ പടർന്ന ജസ്റ്റീനിയൻ പ്ലേഗാണ് ആദ്യമായി രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും കോടിക്കണക്കിനാളുകളെ കൊന്നൊടുക്കിയശേഷം 1890-ൽ മാത്രമാണ് പ്ലേഗിനെതിരേ വാക്സിനേഷൻ തുടങ്ങിയത്. വാക്സിൻ ആദ്യം വികസിപ്പിച്ചത് വാൽഡ്‌മർ ഹാഫ്കിനും.

പോളിയോ

പോളിയോ വൈറസ് പരത്തുന്ന പോളിയോ രോഗം പുരാതനകാലം മുതൽ ഭൂമുഖത്തുണ്ട്. ഈജിപ്ഷ്യൻ ചിത്രകലയിൽനിന്നും ശിലാലിഖിതങ്ങളിൽനിന്നും ഇതിന്റെ തെളിവുകണ്ടെടുത്തിട്ടുണ്ട്. 1789-ലാണ്‌ ഇതിനെക്കുറിച്ചുള്ള ക്ലിനിക്കൽ വിവരങ്ങൾ രേഖപ്പെടുത്തുന്നത്. പിന്നെയും നൂറ്റാണ്ടുകൾ കഴിഞ്ഞ് 1955-ൽ ഔഷധഗവേഷകനും വൈറോളജിസ്റ്റുമായിരുന്ന ജോനസ് സൊൾക് നിർജീവ പോളിയോ വൈറസുകളുപയോഗിച്ചാണ് ആദ്യ പോളിയോ വാക്സിൻ ഉണ്ടാക്കിയത്. 1961-ൽ വൈറോളജിസ്റ്റായ ആൽബെർട്ട് സാബിൻ പോളിയോ തുള്ളിമരുന്ന് വികസിപ്പിച്ചു.

എയ്ഡ്സ്

: എച്ച്.ഐ.വി. വൈറസ് പരത്തുന്ന എയ്ഡ്സ് 1981-ൽ ആദ്യമായി കണ്ടെത്തിയെങ്കിലും ഇതുവരെ മരുന്ന് കണ്ടെത്താനായില്ല. പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

എബോള

ഫിലോവിരിഡെയ് എന്ന വൈറസ് പരത്തുന്ന എബോള 1976-ലാണ് ആഫ്രിക്കയിൽ ആദ്യം റിപ്പോർട്ടുചെയ്തത്. 2015-’16 കാലത്തും 2018 മുതലിന്നുവരെയും രോഗം ഒട്ടേറെ പേരുടെ മരണത്തിന് കാരണമായെങ്കിലും മരുന്നുകണ്ടെത്താനായിട്ടില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us