To advertise here, Contact Us



'ഞാന്‍ ഒരു മാലദ്വീവിയനാണ്.വിവാഹ മോചനം ഞങ്ങള്‍ക്ക് ഒരു ഗെയിമാണ്'


ജയചന്ദ്രന്‍ മൊകേരി

6 min read
Read later
Print
Share

തെറ്റു ചെയ്യാതെ ഒന്‍പതു മാസം ജയിലില്‍ അടയ്ക്കപ്പെട്ട ഒരു മലയാളി അധ്യാപകന്റെ ജീവിതാനുഭവങ്ങളാണ് ഇത്. ദ്വീപില്‍ നിന്ന് ദ്വീപിലേക്കും ജയിലില്‍ നിന്ന് ജയിലിലേക്കുമുള്ള ഭീകരമായ യാത്രകള്‍. അപ്രതീക്ഷിതമായി വലിച്ചെറിയപ്പെട്ടത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ജയില്‍ ജീവിതത്തിലേക്ക്.........ജയചന്ദ്രന്‍ മൊകേരിയുടെ ജയിലോര്‍മകള്‍

ദ്വീപുകള്‍ പുരുഷ മേധാവിത്വം അടക്കിവാണ ഇടങ്ങളല്ല. സ്ത്രീകളുടെ മേധാവിത്വം എന്ന് പൂര്‍ണ്ണമായും പറയാനും വയ്യ. അതേസമയം സ്ത്രീയും പുരുഷനും എന്ന അതിരുകള്‍ ഇവിടെ അനുഭവപ്പെടാറുമില്ല. ആ അന്തരീക്ഷമാകണം വിവാഹം, സെക്‌സ് തുടങ്ങിയ കാര്യങ്ങളില്‍ തികച്ചും സ്വതന്ത്രമെന്ന് കരുതാവുന്ന നിലപാടുകളില്‍ ഇവിടെയുള്ളവര്‍ എത്തിച്ചേരുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ വിവാഹ മോചനം നടക്കുന്ന രാജ്യം മാലദ്വീപാണ്. ഇത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാണ്‌. ആയിരം ദ്വീപ് നിവാസികളില്‍ 10.97 ആണ് പ്രതിവര്‍ഷ വിവാഹ മോചനം. ഇത് 2002 ലെ സര്‍വ്വേ ആണെങ്കിലും ഇന്നും അതില്‍ മാറ്റമില്ല. അതിനുശേഷം ഓരോ വര്‍ഷവും വര്‍ദ്ധനവ് ഉണ്ടെന്ന സൂചനയാണ് കാണുന്നത്. അതേസമയം അമേരിക്കയില്‍ പ്രതിവര്‍ഷ വിവാഹമോചനം 4.34 മാത്രമാണ് .

To advertise here, Contact Us

'ഞാന്‍ ഒരു മാലദ്വീവിയനാണ്. വിവാഹ മോചനം ഞങ്ങള്‍ക്ക് ഒരു ഗെയിമാണ്' . ലോകത്തെ വിവാഹമോചനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളെക്കുറിച്ച് ഗൂഗിളില്‍ വന്ന പട്ടികയില്‍ മാലദ്വീപ് ഒന്നാം സ്ഥാനത്ത് എന്ന് കണ്ടപ്പോള്‍ ഒരു ദ്വീപുകാരന്‍ അതിനു ചുവടെ കുറിച്ചിട്ടത് ഇപ്രകാരമാണ്‌. അത് ശരിയായിരിക്കണം.

ദ്വീപുകാര്‍ക്ക് നമ്മളില്‍ നെഞ്ചിടിപ്പ് സൃഷ്ടിക്കാവുന്ന കാര്യം ഒരു ഗെയിം മാത്രമാണ്!ഏറ്റവും ഇരുളടഞ്ഞ സമയമായി വിവാഹമോചനം മാറുമ്പോള്‍ ഇവിടെയുള്ളവര്‍ അക്കാലത്തെ അടയാളപ്പെടുത്തുന്നത് ഏറ്റവും തെളിച്ചമുള്ള ('sunny side of life') ജീവിതമെന്നും!

ഒരു മാലദ്വീപുകാരി മുപ്പത് വയസ്സിനകം ചുരുങ്ങിയത് മൂന്ന് വിവാഹമോചനത്തിലെങ്കിലും എത്തിച്ചേരാറുണ്ട്. സ്ത്രീകള്‍ കൂടുതലായി തൊഴിലിടങ്ങളില്‍ വന്നുചേരുന്നതും കുട്ടികളുടെ പരിചരണം അവതാളത്തിലാവുന്നതും ദമ്പതികള്‍ പിരിയാനുള്ള കാരണങ്ങളായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു .

'തക്കിജ്ജ - എന്റെ ജയില്‍ ജീവിതം' എന്ന പുസ്തകത്തില്‍ ദ്വീപിലെ സ്ത്രീകളെ സംബന്ധിച്ച് പ്രചരിച്ച ഒരു പഴമൊഴിയെക്കുറിച്ച് ഞാന്‍ പറയുന്നുണ്ട് . അതിപ്രകാരമാണ് ,

മരിക്കും മുന്‍പ് ഭര്‍ത്താവ് ഭാര്യയോട് ഇങ്ങനെ പറയും, 'എന്റെ ശവക്കൂനയിലെ ഈര്‍പ്പം മാറിപ്പോയശേഷമേ നീ വേറെ വിവാഹം കഴിക്കാവൂ'. ഒരല്പകാലം തന്റെ മരണശേഷം ഭാര്യ വിവാഹിതയാകരുതെന്നാണ് അയാളുടെ അപേക്ഷ. എന്നിട്ടും അത് പാലിക്കാന്‍ അവള്‍ തയ്യാറാകില്ല. കുഴിമാടത്തിലെ ഈര്‍പ്പം വിശറികൊണ്ട് വീശിയകറ്റാന്‍ അവള്‍ മുതിരും. എത്രയും പെട്ടെന്ന് കുഴിമാടത്തിലെ ഈര്‍പ്പമകറ്റാനുള്ള ശ്രമം. രണ്ടോ മൂന്നോ മണിക്കൂര്‍ നേരം കൂട്ടില്ലാത്ത ജീവിതമോ? അവള്‍ക്കത് അസാധ്യമാണ്. ഒരുപക്ഷെ ഈ പഴമൊഴി സൂചിപ്പിക്കുന്നത് വിവാഹമോചനത്തിന് സ്ത്രീകള്‍ ആക്കം കൂട്ടുന്നു എന്നാവാം അത് പൂര്‍ണ്ണമായും ശരിയാകണമെന്നുമില്ല. ആണിന്റെ ഭാഗത്തുനിന്നും അതേ വേഗം ഇക്കാര്യത്തില്‍ നിരവധി സംഭവിച്ചതും കണ്ടിട്ടുണ്ട് .

ലോകത്ത് വിവാഹമോചനത്തോത് കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മാലദ്വീപനെ ഒഴിച്ച് നിര്‍ത്തിയാല്‍ അധികം ഏഷ്യന്‍ രാജ്യങ്ങളില്ല. ഇന്ത്യ ഇതേവരെ ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. പക്ഷെ ഇടം നേടുന്ന കാലം അതിവിദൂരവുമല്ല. ലോകത്തെ ഏറ്റവും സുന്ദരമായ ഹണിമൂണ്‍ കേന്ദ്രങ്ങളിലൊന്നായ മാലദ്വീപ് വിവാഹമോചിതരുടെ ലോകം കൂടിയാണെന്നത് വലിയ തമാശയോ വിരോധാഭാസമോ ആകാം! ദ്വീപുകാര്‍ വിവാഹമോചനത്തെ ഗെയിം എന്നോ സണ്ണി സൈഡ് ഓഫ് ലൈഫ് എന്നോ വിളിച്ചാലും അതിന്നിടിയിലെവിടെയോ കണ്ണീരും ശിഥിലമായ കിനാക്കളുമുണ്ട് . അവരതിനെ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് മാത്രം !

എട്ട് വിവാഹ മോചനങ്ങള്‍

പല വിവാഹമോചനങ്ങളുടേയും കഥ ഏറെ രസമുള്ളതാകാം. നീണ്ടകാലത്തെ പ്രണയസമാപ്തിയാണ് മിഹുദയും ഷെരീഫും തമ്മിലുള്ള വിവാഹം. ഒരു നീണ്ടകാലം അവര്‍ പ്രണയപ്പറവകളായി ദ്വീപുകളിലൂടെ സഞ്ചരിച്ചു. പലരും അസൂയയോടെ അതൊക്കെ കണ്ടിരിക്കണം. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അവര്‍ക്കിടയില്‍ മൂന്നാമതൊരാള്‍ വന്നെത്തി. കുഞ്ഞ് പിറന്നതിന്റെ പാര്‍ട്ടി എപ്പോഴാണെന്ന് ദമ്പതികളോട് തിരക്കാന്‍ ചെന്നപ്പോഴാണ് വേദനിപ്പിക്കുന്ന വാര്‍ത്ത കേട്ടത് .

ഷെരീഫ് വിവാഹബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നു! കാരണമാണ് രസകരം. മിഹുദ അവന്റെ വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് കൊടുക്കുന്നില്ല!

മറ്റൊരുകഥയില്‍ ഒരാള്‍ എട്ടു തവണ വിവാഹമോചനം നേടി. എട്ടാമത്തെ തവണ അയാള്‍ വിവാഹം ചെയ്തത് താന്‍ ആദ്യം വിവാഹം ചെയ്ത സ്ത്രീയെത്തന്നെ !

ഇതേപോലെ എത്രയോ കഥകള്‍. നിഗൂഢമായ ദ്വീപുകളുടെ ആത്മാവിഷ്‌ക്കാരമായി വെളിപ്പെടുത്താന്‍ ഒരുപാട് കഥകള്‍ ഓരോ ദ്വീപും ബാക്കിനിര്‍ത്തുന്നുണ്ട്. വികസിതമോ അവികസിതമോ ആയ ഏത് രാജ്യമായാലും വിവാഹമോചനം എരിച്ച് കളയുന്നത് ഒന്നുതന്നെ. കുഞ്ഞുങ്ങളുടെ ഭാവി ജീവിതം .

ഇരുവര്‍ക്കുമിടയില്‍ സുരക്ഷിതമെന്ന് കുഞ്ഞുങ്ങള്‍ സ്വപ്നം കണ്ട രണ്ടുശരീരങ്ങള്‍ക്കിടയിലെ ഒരിത്തിരിയിടം. പരസ്പരം തഴുകുന്ന വിരലുകള്‍. കവിളില്‍ പടരുന്ന ചുടു ചുംബനങ്ങള്‍. ലാളനകള്‍. കുഞ്ഞുങ്ങള്‍ എവിടെയും ഒന്നുതന്നെയാണ്. അവരുടെ വേദനകള്‍ക്ക് എന്നും ഒരേനിറവും ആഴവുമാണ് . ഒരേ വിശപ്പാണ്. ഒരേ ശാഠ്യവും സ്വാര്‍ത്ഥതയുമാണ്. അകന്നുപോയവര്‍ക്കിടയില്‍ കരച്ചില്‍ കടലിരമ്പമായി അവര്‍ കൊണ്ടുനടക്കും. പുകയുന്ന അഗ്‌നിപര്‍വ്വതമാകും അവരുടെ മനസ്സ് . അതുകൊണ്ടുതന്നെ വീട്ടിലെ ഓരോ ദുരന്തവും ക്ലാസ്സ് മുറിയിയിലാണ് ഒരു കുട്ടി വെളിപ്പെടുത്തുക. ദ്വീപുകളിലെ ക്ലാസ് മുറികള്‍ അദ്ധ്യാപകന് വെല്ലുവിളി തോന്നുന്ന യുദ്ധക്കളമായെങ്കില്‍ അതിന്റെ പിന്നാമ്പുറം ശിഥിലമായ കുടുംബമാകണം .

അദ്ധ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ നാട്ടിലെ ക്ലാസ്സ്മുറിയില്‍ വെല്ലുവിളിയുയര്‍ത്തിയ തടിച്ച് വെളുത്ത പെണ്‍കുട്ടിയെ ഓര്‍ക്കുന്നു. ക്ലാസ് എടുത്തുകൊണ്ടിരിക്കെ ഉച്ചത്തിലുള്ള അവളുടെ അനാവശ്യ ചിരി എന്റെ ആത്മവിശ്വാസം തെല്ലൊന്നുമല്ല നഷ്ടമാക്കിയത്. ശാസിച്ചു നോക്കി. ചെമ്പരത്തി കമ്പുകൊണ്ട് അവളുടെ കൈത്തണ്ടയില്‍ പലതവണ അടി കൊടുത്തുനോക്കി. രക്ഷയില്ല. ചിരി തുടര്‍ന്നുകൊണ്ടിരുന്നു. ചിരിയോ ചിരി. പിന്നീട് അവളുടെ വീടിന്റെ പശ്ചാത്തലം അറിഞ്ഞപ്പോള്‍ ഒരു ശിക്ഷയും ഞാന്‍ തുടര്‍ന്നില്ല .

എക്‌സ് മിലിട്ടറിയായ അവളുടെ അച്ഛന്റെ പട്ടാള ചിട്ടയില്‍ ഒന്ന് ചിരിക്കാന്‍ പോലും ആ കുട്ടിക്ക് അവകാശം ഉണ്ടായിരുന്നില്ല. ചിരി മാഞ്ഞുപോകുന്നതിനേക്കാള്‍ വലിയ ദുരന്തമെന്താണ്? അവള്‍ക്ക് ചിരിക്കാന്‍ ഞാന്‍ എന്റെ ക്ലാസ്സിന്റെ വിസ്താരമേകി. അടുത്ത വര്‍ഷം പട്ടാളക്കാരന്‍ ഗള്‍ഫില്‍ ജോലി കിട്ടിപോയപ്പോള്‍ അവള്‍ ക്ലാസ്സിലെ ഏറ്റവും അച്ചടക്കമുള്ളവളായി മാറി. വീടിന്റെ അകത്തളം നിറയെ ചിരി നിറച്ചവള്‍. എന്റെ ഓര്‍മ്മയില്‍ അവളിപ്പോഴും അതാണ് .

മക്കള്‍ക്ക് പറയാനുള്ളത്

ഫിയലിയില്‍ വിവാഹമോചനം അന്‍പതു ശതമാനത്തില്‍ കൂടുതലാണെന്ന് എന്നോട് പറഞ്ഞത് ഞങ്ങളുടെ പ്രിന്‍സിപ്പല്‍ റുഷ്ദിയാണ്. ദ്വീപില്‍ മൊത്തമുള്ള ആയിരത്തി ഇരുനൂറു പേരില്‍ അന്‍പതു ശതമാനം പേര്‍ വിവാഹമോചനം തേടുമ്പോള്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ഓര്‍ത്തുനോക്കൂ! നമുക്കത് ഭാവനയില്‍ കാണാന്‍ പോലുമാകില്ല .

ഇടയ്ക്കിടെ കുട്ടികളുടെ രക്ഷിതാക്കള്‍ മാറുക. അത് ദ്വീപ് കാഴ്ചയാണ്. ക്ലാസ്സ് മുറിയില്‍ അത് നന്നായി പ്രതിഫലിക്കും. തന്റെ പിതാവോ മാതാവോ തന്റെ അടുത്ത സുഹൃത്തിന്റെ പിതാവോ മാതാവോ ആകേണ്ടി വരുന്ന സാഹചര്യം കുട്ടികള്‍ സന്തോഷത്തോടെയല്ല സ്വീകരിക്കുന്നത്. അവര്‍ക്ക് അതൊരു ഗെയിം അല്ല. വലിയ മുറിവാണ്. അനാഥത്വമാണ്. വളരെപ്പെട്ടെന്ന് ഒരു കൈത്താങ്ങ് ചിതലരിച്ച് തീര്‍ന്നപോലെ .

ഒരു കാര്യവുമില്ലെങ്കിലും ഭാര്യയേയോ ഭര്‍ത്താവിനേയോ പരസ്പരം പങ്കുവെച്ചവരുടെ മക്കള്‍ തമ്മില്‍ പൊരിഞ്ഞ പോര് നടക്കും. ഇടയ്ക്കത് നാലാം ക്ലാസ്സിലാകും. അഞ്ചിലും ആറിലും ഏഴിലും അതേ രംഗങ്ങള്‍ ആവര്‍ത്തിക്കാം. ഹൈസ്‌കൂള്‍ തലത്തിലെത്തുമ്പോള്‍ അവരത് മറക്കും. അവര്‍ക്കും ഇണകള്‍ വന്നുതുടങ്ങുന്ന കാലമാണത് .

കുട്ടികള്‍ പോരടിക്കുമ്പോള്‍ ദ്വിവേഹി ഭാഷയിലെ തെറിയുടെ അമ്ലം ക്ലാസ്സില്‍ പുകഞ്ഞുകത്തും. പരസ്പരം ഇടിച്ചിടിച്ച് ഇരുവരും ക്ഷീണിക്കും വരെ ആ രംഗം നീളും. ഇടയ്ക്ക് ക്ലാസ്സ് നടക്കുമ്പോഴാകും സംഭവിക്കുക. പിടിച്ച് മാറ്റാന്‍ ഞാന്‍ പോകാറില്ല. അതും കുഴപ്പമാണ്. സ്‌കൂള്‍ മാനേജ്‌മെന്റിനെ അറിയിക്കുന്നതിലൂടെ ഞാന്‍ അതില്‍ നിന്നും പിന്തിരിയും. അവരെ അറിയിച്ചില്ലെങ്കിലും അപകടമാണ്. ഇതൊക്കെ ഒരു ഞാണിന്മേല്‍ കളിയായി കണ്ടിട്ടുവേണം ദ്വീപില്‍ അദ്ധ്യാപകനായി ജീവിക്കാന്‍ !

അറപ്പും വെറുപ്പും പേറുന്ന ജീവിതങ്ങള്‍

രണ്ടു സംഭവങ്ങള്‍ ഓര്‍ക്കുന്നു. രണ്ടും പിതാക്കളോടുള്ള മക്കളുടെ അറപ്പും വെറുപ്പുമാണ്. രണ്ടു സംഭവങ്ങളുടേയും പശ്ചാത്തലം അതാണ്. പ്രായം ചെന്നിട്ടും രക്ഷിതാക്കള്‍ തുടരുന്ന ദ്വീപിലെ 'ഗെയിമില്‍' മനംമടുത്ത മക്കളുടെ അരിശം. അതുകണ്ട് നിശ്ചലനായി പോയിട്ടുണ്ട് ഞാന്‍. വഴിതെറ്റുമ്പോള്‍ ശരിയായ വഴിയെക്കുറിച്ച് മക്കളോട് പറയാനുള്ള രക്ഷിതാക്കളുടെ യോഗ്യത എന്താകണം? അവരുടെ പിന്നിട്ട ജീവിതമല്ലാതെ മറ്റെന്താണ് ആ യോഗ്യത? ആ ജീവിതം പലകുട്ടികളും പല തരത്തില്‍ കണ്ടതാണ്. സ്‌നേഹവും ആദരവും അവര്‍ക്കിടയില്‍ തകര്‍ത്തുകളഞ്ഞത് രക്ഷിതാക്കളാണ് . തനിയാവര്‍ത്തനം മക്കള്‍ വളരുമ്പോഴും തുടരുന്നു !

ഒരിക്കല്‍ മെഡിക്കല്‍ഷോപ്പില്‍ നില്‍ക്കുമ്പോള്‍ എന്റെ വിദ്യാര്‍ത്ഥിയായ പയ്യന്‍ ഫര്‍മസിസ്റ്റിനോട് ഉച്ചത്തില്‍ ഇങ്ങനെ വിളിച്ച് പറഞ്ഞു .

'നിന്റെ കടയില്‍ ഉറകള്‍ ഉണ്ടെങ്കില്‍ ഇപ്പോള്‍ വന്ന തെണ്ടിക്ക് കുറച്ചെണ്ണം കൊടുക്ക് . അവന്‍ ആ വേശ്യയെ നന്നായി ഭോഗിക്കട്ടെ. '

കടയില്‍ അപ്പോള്‍ വന്നത് അറുപത് പിന്നിട്ട ഒരാളാണ്. ആ കുട്ടിയുടെ പിതാവ് . അയാള്‍ വയസ്സുകാലത്ത് കുടുംബത്തെവിട്ട് മറ്റൊരു സ്ത്രീയോടൊപ്പം ജീവിതം തുടങ്ങിയതിലുള്ള മകന്റെ കടുത്ത രോഷപ്രകടനത്തിനാണ് ഞാന്‍ സാക്ഷിയായത് ! ആ വൃദ്ധന്‍ ഒന്നും മിണ്ടിയില്ല . അയാള്‍ മകന്റെ രോഷത്തെ പിന്തള്ളി ആ സ്ത്രീയുടെ വീട്ടിലേക്ക്തന്നെ നടന്നുപോയി .

രണ്ടാമത്തെ സംഭവത്തില്‍ മകനല്ല മകളാണ് പിതാവിനെ നോക്കി കാര്‍ക്കിച്ചു തുപ്പിയത്. ഫിയലിലെ ഗ്ലാമര്‍ ഗേള്‍ എന്ന് വിളിക്കാവുന്ന സ്ത്രീ. പുരുഷമനസ്സിലെ എരിഞ്ഞടങ്ങാത്ത കനലും ഇടിമിന്നലും കടലിരമ്പവും അവളാകണം . ആരെയും വകവെക്കാതെ മദിച്ചു നടക്കുന്ന മകളോട് പിതാവ് ശിരോവസ്ത്രം ധരിക്കാന്‍ പറഞ്ഞു. തുടര്‍ന്ന് കേട്ടത് അവളുടെ പൊട്ടിത്തെറിയാണ്. ചില സ്ത്രീകള്‍ തെറിവിളിയില്‍ പുരുഷന്മാരെ പിന്നിലാക്കുമെന്ന് അന്ന് തോന്നി !

'ആദ്യം നീ നിന്റെ കൂത്തിച്ചികളുമായുള്ള ഇടപാടുകള്‍ നിര്‍ത്ത്. എന്നിട്ട് മതി കഴുവേറി മോനെ എന്നെ ഉപദേശിക്കാന്‍ ....നകുബല ( ദ്വിവേഹിയിലെ ഒരു തെറി ) '

ഉപദേശിക്കാന്‍ അര്‍ഹതയില്ലാത്ത പിതാവ് ഒന്നും മിണ്ടിയില്ല. മകളുടെ തെറിവിളി ഏറെനേരം തുടര്‍ന്നു. പിന്നീടവള്‍ വീടുവിട്ട് കാറ്റുകണക്കെ ചീറിയകന്നു. അടുത്ത തെറിവിളി ദ്വീപിലെ മറ്റേതെങ്കിലും ഭാഗത്ത് ഉയരുന്നുണ്ടാകണം. അവിടെ ആരാകും നിശബ്ദരായി നില്‍ക്കുകയെന്നറിയില്ല. പാരുഷ്യം കലര്‍ന്ന കടല്‍ത്തിരകള്‍ തീരത്തെഴുതിയതെല്ലാം മായ്ച്ചുകളയുമ്പോലെ തലമുറകള്‍ക്കിടയിലെ അഴുക്കും ചപ്പും ചവറും ഇടയ്ക്ക് പെട്ടെന്നില്ലാതാകും .അതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. അവര്‍ വീണ്ടും മധുരമായി സംസാരിച്ച് തുടങ്ങും . വീണ്ടും പിണങ്ങും. തെറിവിളീകള്‍ തുടരും . ഒരു തുടര്‍ച്ച . വളരെ ചെറിയ സ്ഥലത്ത് നീണ്ടകാല രോഷത്തിനും വെറുപ്പിനും അധികം വേരുറപ്പില്ലല്ലോ ! (തുടരും)

Content highlights: Life in prison, Maldives holds highest divorce rate in the world, Guinness world record for divorce rate

Read more: പത്താംക്ലാസ് കഴിഞ്ഞിട്ടും ഇണയെ കണ്ടെത്തിയില്ലെങ്കില്‍ ആ കുട്ടിക്കെന്തോ തകരാറുണ്ട്‌!

പത്താം ക്ലാസ് ജയിക്കാത്ത സൂപ്പര്‍വൈസറുടെ കീഴില്‍ ജോലി ചെയ്യുന്ന മലയാളി അധ്യാപകന്‍

'ചൂല് കണ്ട് പുറത്തേക്ക് ഇറങ്ങരുതെന്നത് നമ്മുടെ നാട്ടിലെ അലിഖിത നിയമമാണ്'

'പാട്ടു പാടുന്നത് അനിസ്ലാമികമായതിനാല്‍ അലി പാട്ടു നിര്‍ത്തി'

'ടീച്ചര്‍, ഇത് നിങ്ങളുടെ കാമുകിയല്ലേ' എന്ന് കുട്ടികള്‍ മുഖത്ത് നോക്കി ചോദിച്ച് നാണം കെടുത്തും


Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us