To advertise here, Contact Us



'സ്ത്രീ പുരുഷ ബന്ധം പ്രമേയമായ എന്റെ ആദ്യ കഥ അമ്മ എടുത്ത് അട്ടത്തേക്കിട്ടു '


നിലീന അത്തോളി

4 min read
Read later
Print
Share

എഴുതുകയാണെങ്കില്‍ ബാലാമണിയെപ്പോലെ എഴുതണം മാധവിക്കുട്ടിയെപ്പോലെ എഴുതരുത് എന്നും അമ്മ പറഞ്ഞിരുന്നു, മനസ്സു തുറന്ന് എഴുത്തുകാരി മാനസി

ണ്‍പതുകളിലെ മലയാള സാഹിത്യ ലോകത്തിന് ഒരുപാട് കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിത്തന്ന എഴുത്തുകാരിയും വിവര്‍ത്തകയുമായ മാനസി മനസ്സു തുറക്കുന്നു.

To advertise here, Contact Us

അമ്മ ചൊല്ലിത്തന്ന അക്ഷര ശ്ലോകങ്ങളിലൂടെയാണ് എഴുത്തിന്റെ ലോകത്തേക്ക് വന്നതെന്ന് പറഞ്ഞിട്ടുണ്ട്. കുടുംബവും വളര്‍ന്നു വന്ന ചുറ്റുപാടും എങ്ങനെയാണ് മാനസി എന്ന എഴുത്തുകാരിയെ രൂപപ്പെടുത്തിയത്.

അമ്മ ധാരാളം വായിക്കുമായിരുന്നു. അമ്മയാണെന്നെ സാഹിത്യത്തിലേക്കും സംസ്‌കൃത കാവ്യങ്ങളിലേക്കുമെല്ലാം കൈപിടിച്ചു നടത്തിയത്.സാമ്പ്രദായിക ഫ്യൂഡല്‍ കുടുംബമായിരുന്നു എന്റേത്. അവിടെ സ്ത്രീകള്‍ക്ക് വായിക്കാം പാട്ടു പഠിക്കാം.പക്ഷെ എഴുതരുത്. എഴുതുകയാണെങ്കില്‍ ബാലാമണിയെപ്പോലെ എഴുതണം മാധവിക്കുട്ടിയെപ്പോലെ എഴുതരുത് എന്ന് അമ്മ പറഞ്ഞിട്ടുണ്ട്.

എന്റെ ആദ്യത്തെ കഥ സ്ത്രീ പുരുഷ ബന്ധത്തെ കുറിച്ചുള്ളതായിരുന്നു. അത് വായിച്ച അമ്മ അത് വിറകുണക്കുന്ന അട്ടത്തേക്കിടുകയായിരുന്നു. എഴുതരുത് എന്ന് ഞാന്‍ പറഞ്ഞതല്ലെ എന്ന് അമ്മ പറഞ്ഞു. അന്ന് ഞാന്‍ ജനല്‍പ്പടിയിലെ പൂഴിയില്‍ കണ്ണിലെ വെള്ളമെടുത്ത് ഞാനിനിയും എഴുതും എന്ന് എഴുതി. അന്നായിരിക്കണം എന്നിലെ റിബല്‍ ജനിച്ചത്. സഹകരണത്തിലൂടെയും സംഘര്‍ഷത്തിലൂടെയും ഒരു എഴുത്തുകാരി രൂപപ്പെടും. എന്നെ സംബന്ധിച്ച് സംഘര്‍ഷത്തിലൂടെയാണ് എന്നിലെ എഴുത്തുകാരി ജനിച്ചത്. പക്ഷെ സാഹിത്യത്തിന്റെ പശ്ചാത്തലം അമ്മയ്ക്ക് തരാന്‍ കഴിഞ്ഞു.

അമ്മയുടെ മനോഭാവത്തില്‍ പിന്നീട് മാറ്റമുണ്ടായോ

അക്കാദമി അവാര്‍ഡ് കിട്ടിയപ്പോള്‍ അമ്മ എനിക്കെഴുതി മാനസി മാപ്പ് എന്ന്. ഞാനിതറിഞ്ഞതേയില്ലല്ലോ എന്ന് അമ്മ പറഞ്ഞു.

അഡ്മിഷന്‍ കിട്ടിയിട്ടും എംബിബിഎസ് മോഹം ഉപേക്ഷിക്കേണ്ടി വന്നല്ലോ. സഫലമാകാത്ത പഠന മോഹങ്ങള്‍ അലട്ടിയിരുന്നോ?

അഡ്മിഷന്‍ കിട്ടാഞ്ഞിട്ടല്ല പകരം എംബിബിഎസ് ദാമ്പത്യത്തിന് വിഘാതമാവുമെന്ന് അമ്മ പറഞ്ഞതിനാലാണ് ആ അവസരം എനിക്ക നഷ്ടപ്പെടുന്നത്. പിന്നീട് കുടുംബത്തിന്റെ പരോക്ഷമായ നിര്‍ബന്ധം കൊണ്ടാണ് എന്‍ജിനീയറിങിന് പോവുന്നത്. ഒരു ജോലി ഇല്ലെന്നതായിരുന്നു എന്റെ ഏറ്റവും വലിയ ദുഃഖങ്ങളിലൊന്ന്.

സ്ത്രീകള്‍ ജോലിക്ക് പോവുന്നത് പുരുഷന്‍മാരുടെ കഴിവുകേടായി അടയാളപ്പെടുത്തും എന്നുള്ളതു കൊണ്ട് തന്നെ അക്കാലത്ത് പല പെണ്‍കുട്ടികളും ജോലിക്ക പോയില്ല. അത് എന്നെ വല്ലാതെ ബാധിച്ചു. ഒരു പക്ഷെ ഞാന്‍ ഡോക്ടറോ എന്‍ജിനീയറോ ആയിരുന്നെങ്കില്‍ ജോലി ചെയ്യരുതെന്ന നിബന്ധന ഇത്രത്തോളം ഉണ്ടാവില്ലായിരുന്നു.

ഇന്നും ആഗ്രഹങ്ങളെ കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ ഒരു ശാസ്ത്രജ്ഞ ആവുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ മോഹം എന്നും എഴുത്തുകാരിയാവുക എന്നതല്ല എന്ന് ഞാന്‍ പറയും..

സ്വന്തം കഥകളിലെ നിലപാടുള്ള സ്ത്രീകളെ യഥാര്‍ഥ ജീവിതത്തില്‍ കണ്ടുമുട്ടിയിട്ടുണ്ടോ?

അത്തരം സ്ത്രീ കഥാപാത്രങ്ങളെ അപൂര്‍വ്വമായേ കണ്ടുമുട്ടിയിട്ടുള്ളൂ. എല്ലാത്തിനും യെസ് പറയുന്ന സ്ത്രീയെ ആദര്‍ശവത്കരിക്കുന്ന മനസ്സല്ല എന്റേത് എന്നതു കൊണ്ട് തന്നെ അത്തരം സ്ത്രീ കഥാപാത്രങ്ങളെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. അങ്ങനെ യെസ് പറയുന്ന സ്ത്രീകളാണ് സാഹിത്യത്തില്‍ മുഴുവന്‍ ചിതറിക്കിടന്നിരുന്നത്.അതില്‍ നിന്ന് വ്യത്യസ്തമായ സ്ത്രീയെ സൃഷ്ടിക്കാനാണ് എനിക്ക് മോഹം.

സാഹിത്യ മേഖലയില്‍ പുരുഷമേധാവിത്വമുണ്ടോ?

സ്ത്രീകള്‍ക്ക് ശരീരത്തിനു പുറമെ ഒരു തല കൂടിയുണ്ടെന്ന് ഈ തലയില്ലാത്തവന്‍മാര്‍ക്ക് മനസ്സിലാവുന്നതേയില്ലല്ലോ എന്നാണ് മാധവിക്കുട്ടി ഒരിക്കല്‍ എന്നോട് പറഞ്ഞത്. ഞങ്ങള്‍ക്ക് തലയുണ്ട് ചിന്തയുണ്ട് അത് നിങ്ങള്‍ ഞങ്ങളെ കുറിച്ച് പ്രൊജക്ട് ചെയ്യുന്ന ലോകത്തില്‍ നിന്ന് വ്യത്യസ്തമാണ് എന്നാണ് ഞങ്ങളെപ്പോലുള്ളവര്‍ പറയാന്‍ ശ്രമിച്ചത്.

പുരുഷ മേധാവിത്വമെന്നത് സാമൂഹ്യ മനോഭാവമാണ്. അത് സാഹിത്യത്തിലുമുണ്ടായിരുന്നു. അന്ന് നിലനിന്നിരുന്ന സമൂഹ വ്യവസ്ഥിതിയില്‍ എല്ലാവരും ചിന്തിക്കുന്നപോലെ ചിന്തിച്ചു. ആ ചിന്തയ്‌ക്കെതിരേ ചെറിയ ന്യൂനപക്ഷം പ്രവര്‍ത്തിച്ചു. അതാണ് പെണ്ണെഴുത്ത്. പെണ്ണിനെ വേറൊരു രീതിയില്‍ പ്രൊജക്ട് ചെയ്യുന്ന എഴുത്താണത്.അത് പെണ്ണെഴുതിക്കൊള്ളണമെന്ന് നിര്‍ബന്ധമില്ല.

പെണ്ണെഴുത്തെന്നത് സ്ത്രീകളുടെ എഴുത്താണെന്ന മുന്‍വിധിയെക്കുറിച്ച്

പുരുഷന് വിപരീതമായ ചിന്താഗതിയാണ് എന്ന രീതിയിയില്‍ പെണ്ണെഴുത്ത് തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്.എന്നെ സംബന്ധിച്ചിത്തോളം ഫെമിനിസമന്നത് തുല്യനീതിയുടെ പ്രശ്‌നം മാത്രമാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള യുദ്ധമല്ല അത്.. പകരം അവസരങ്ങള്‍ക്ക് വേണ്ടിയുള്ള, തുല്യബോധത്തിന് വേണ്ടയുള്ള സമൂഹ മൂല്യബോധവുമായുള്ള കലഹം മാത്രമാണത്.വ്യക്തി എന്ന നിലയില്‍ സ്ത്രീക്ക് വളര്‍ന്നു വരേണ്ട അന്തീക്ഷം സമൂഹത്തിലുണ്ടാവണം അതിനുള്ള കലഹമാണ് ഫെമിനിസവും പെണ്ണെഴുത്തും. ആ പോരാട്ടത്തില്‍ സ്ത്രീയും പുരുഷനുമുണ്ട്.

സാഹിത്യലോകത്തെ ജാതിവാലുകളെ എങ്ങനെ കാണുന്നു

ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയമാണത്. ഒരിക്കല്‍ എനിക്കുണ്ടായ അനുഭവം പറയാം.ഒരു പെണ്‍കുട്ടിയോട് പേരെന്താണെന്ന് ചോദിച്ചപ്പോള്‍ അവള്‍ ഭര്‍ത്താവിന്റെ പേര് കൂട്ടിപ്പറഞ്ഞു. വാലെന്തിനാണെന്ന ചോദിച്ചാല്‍ അതില്ലെങ്കില്‍ ഒരു വെയിറ്റ് ഇല്ലെന്നാണ് 24വയസ്സുള്ള ആ കുട്ടി പറഞ്ഞത്. ഭര്‍ത്താവിന്റെ പേര് സ്വന്തം പേരിന്റെ കൂടെ എന്തിന് ചേര്‍ക്കണമെന്ന് ഓരോരുത്തരും സ്വയം ചിന്തിക്കേണ്ടതാണ്. നവ്വോത്ഥാന കാലഘട്ടത്തിന്റെ ഭാഗമായി വേണമെന്ന് കരുതി വാലു മുറിച്ച് കളഞ്ഞവളാണ് ഞാനും എന്നെപ്പോലുള്ള പലരും. ഭര്‍ത്താവിന്റെ പേരോ ജാതിപ്പേരോ വെക്കില്ലെന്നത് എന്റെ ബോധപൂര്‍വ്വമായ തീരുമാനമാണ്.

എല്ലാവര്‍ക്കും പറ്റുമെങ്കില്‍ തന്നേക്കാള്‍ ഉയര്‍ന്ന ജാതിയായി മാറാനാണ് താല്‍പര്യം.ആ ആക്‌സപ്റ്റബിലിറ്റിയെ മറികടക്കാന്‍ കഴിയുന്നില്ല. ദളിതന്‍ പൂജാരിയാവുന്നു. നല്ലതു തന്നെ. എന്നിട്ടെന്തിനാണ് ദളിതന്‍ ബ്രാഹ്മണന്റെ വേഷം കെട്ടുന്നത്. അവിടെ ഒരു അട്ടിമറി നടക്കുന്നു.

വിവര്‍ത്തന മേഖലയിലേക്കുള്ള ചുവടുവെപ്പ്

ബോംബെയില്‍ കുറെ നാളായി താമസിക്കുന്നു അതിനാല്‍ തന്നെ മറാഠിയറിയാം.മറാഠി കവിതകളും ലേഖനങ്ങളും ഞാന്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. താരാബായി ഷിന്‍ഡെ എന്ന സ്ത്രീയെ കുറിച്ച് ഒരിക്കല്‍ ഞാന്‍ കേള്‍ക്കാനിടയായി. 1882ല്‍ സ്ത്രീ പുരഷ തുലനം എന്ന പുസ്തകം എഴുതുകയും നൂറ് കൊല്ലം അത് തിരസ്‌കരിക്കപ്പെടുകയും ചെയ്തു. അവരെകുറിച്ചുള്ള പ്രഭാഷണം എന്നെ വല്ലാതെ ആകര്‍ഷിച്ചു.അത് ഞാന്‍ വിവര്‍ത്തനം ചെയ്തു.

ഡിസി ഈയിടെ അത് പ്രസിദ്ധപ്പെടുത്തുകയുണ്ടായി.വിവര്‍ത്തനത്തോടൊപ്പം രണ്ട് പഠനങ്ങളും അതില്‍ ചേര്‍ത്തിരുന്നു. പുസ്‌കത്തിന്റെ ചട്ട വന്നപ്പോള്‍ എല്ലാവരുടെയും പേര്‍ ഒരുപോലെ അച്ചടിച്ചു വന്നു.നാലു പേരും കൂടിച്ചേര്‍ന്ന് വിവര്‍ത്തനം ചെയ്തതെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചു. അത് എന്നെ വിഷമിപ്പിച്ചു. അത് ഒഴിവാക്കാമായിരുന്നു.

പുതിയ എഴുത്ത്

നിര്‍വ്വചനങ്ങളുടെ നിറഭേദങ്ങള്‍ ഞാന്‍ ഇതുവരെ എഴുതിയ പെണ്‍കഥകളുടെ സമാഹാരമാണ്.ചിന്തയും സമ്പൂര്‍ണ്ണ കഥകള്‍ ഇറക്കുന്നുണ്ട്.

അന്ന് തുളസിക്കതിര്‍ ചൂടി നടന്നിരുന്നവള്‍ ഇന്ന് പോണിടെയില്‍ കെട്ടി നടക്കുന്നു എന്നവ്യത്യാസമേ കേരളത്തിലെ പുതിയ പെണ്‍കുട്ടികളില്‍ കാണുന്നുള്ളൂ എന്ന് ആറ് വര്‍ഷം മുമ്പ് കണ്ടപ്പോള്‍ പറഞ്ഞിരുന്നു.ഇന്നും ആ അഭിപ്രായം തന്നെയാണോ. കേരളത്തിലെ പെണ്‍കുട്ടികള്‍ എത്രമാത്രം ആധുനികരാണ്.

പോസിറ്റീവ് ആയ കുറച്ചു മാറ്റങ്ങള്‍ ഞാന്‍ കാണുന്നുണ്ട്. പക്ഷെ അത് ചെറിയ പോക്കറ്റുകളിലായി ഒതുങ്ങുന്നു.കല്ല്യാണം കഴിക്കുന്നതും കുടംുബം പുലര്‍ത്തുന്നതുമാണ് ലക്ഷ്യം എന്ന മട്ടില്‍ ജീവിക്കുന്ന വലിയ ഭൂരിപക്ഷമുണ്ട്.സാഹിത്യ വായന അവരില്‍ കുറവാണ്. ആഴത്തില്‍ ചിന്തിക്കുന്നില്ല. ഒരുപക്ഷെ എന്റെ തലമുറ കടന്ന സംഘര്‍ഷങ്ങളിലൂടെ കടന്നു ചെല്ലുന്നില്ലെങ്കിലും അടിസ്ഥാനപരമായി അന്നുള്ള വിവേചനങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.സാമന്യവത്കരണ്തിലേക്ക് വന്നാല്‍ വലിയ വ്യത്യാസമൊന്നും ഞാന്‍ കാണുന്നില്ല. സാരിക്ക് പകരം ജീന്‍സോ ടോപ്പോ ആകുന്നു എന്നല്ലാതെ മാനസസികമായ വ്യത്യാസം അന്നത്തെയും ഇന്നത്തെയും സ്ത്രീകളില്‍ കാണുന്നില്ല

സ്വാതന്ത്ര്യം എന്ന പറഞ്ഞാല്‍, തോന്നുന്നത്, തോന്നുന്നത് പോലെ ചെയ്യലല്ല. സ്വാതന്ത്ര്യം വലിയ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം വേണ്ട പോലെ നിര്‍വ്വഹിച്ച് സമൂഹത്തെ മുന്നോട്ടു കൊണ്ടു പോവണ്ടതുണ്ട്.

മാധവിക്കുട്ടിയുമായി വളരെ അടുത്ത ബന്ധമായിരുന്നല്ലോ. 'ആമി' സിനിമയെ എങ്ങനെ വിലയിരുത്തുന്നു

മാധവിക്കുട്ടി എന്ന സ്ത്രീ സമൂഹവുമായി സംവദിക്കുന്നതും പ്രതികരിക്കുന്നതും, ധൈര്യവും എല്ലാം സിനിമയില്‍ വന്നു. പക്ഷെ മാധവിക്കുട്ടി അതിനെല്ലാമ്മപ്പുറം വലിയൊരു പ്രതിഭയായിരുന്നു. എഴുത്തുകാരിയായിരുന്നു. ആ എഴുത്തുകാരി കമലിന്റെ കൈയില്‍ നിന്ന് വഴുതിപ്പോയി.

എഴുത്തുകാരി സ്വന്തം മനസ്സിനോട് ചോദിക്കുന്ന ചോദ്യങ്ങളുണ്ട്. സംഘര്‍ഷങ്ങളുണ്ട്. ഒരു കഥ എനിക്ക് എഴുതണമെങ്കില്‍ ഞാന്‍ കടന്നു പോകുന്ന സംഘര്‍ഷഭരിതമായ വഴിയുണ്ട്. അങ്ങനെയുള്ള സംഘര്‍ഷങ്ങള്‍ സിനിമയില്‍ വന്നിട്ടില്ല. എനിക്ക് അനുഭവപ്പെട്ട കല്ലുകടി മഞ്ജുവിന്റെ ശബ്ദവും മാധവിക്കുട്ടിയുടെ രൂപവുമായിരുന്നു. എനിക്ക് ഇത് വളരെ അരോചകരമായി തോന്നി. മോരും മുതിരയും പോലെ മഞ്ജുവിന്റെ ശബ്ദവും മാധവിക്കുട്ടിയുടെ രൂപവും അനുഭവപ്പെട്ടു. മിമിക്രിയല്ല സിനിമ എന്നായിരുന്നു ഇതിന് കമലിന്റെ മറുപടി.

മെറില്‍ സ്ട്രീപ്പ് മാഗര്‍ഗരറ്റ് താച്ചറിന്റെ ശബ്ദം വരെ അനുകരിച്ചിരുന്നു. അപ്പോള്‍ അതോ. മാധവിക്കുട്ടിയെ എഴുത്തുകാരിയല്ലാതെ 'എന്റെ കഥ'യിലൂടെ മാത്രം പരിചയമുള്ള വായനാസമൂഹത്തിന് ആമി എന്ന സിനിമ തൃപ്തികരമായി തോന്നിയേക്കാം. എനിക്ക് അല്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us