To advertise here, Contact Us



കൂര്‍ക്ക പറിക്കും യന്ത്രം റെഡി; കൂടെ മഞ്ഞളും ഇഞ്ചിയും പറിക്കാം


ടി.ബി. പ്രസന്നന്‍

2 min read
Read later
Print
Share

തവനൂര്‍ കേളപ്പജി കാര്‍ഷിക എന്‍ജിനീയറിങ് കോളേജില്‍ ഫാം മെഷിനറി വിഭാഗം മേധാവി പ്രൊഫ. ഡോ.ജയന്‍ പി.ആറിന്റെയും ബസവരാജന്റെയും ഗവേഷണങ്ങളിലൂടെ രൂപകല്‍പ്പന ചെയ്ത് പരിഷ്‌കരിച്ചതാണ് യന്ത്രം.

കൂർക്ക വിളവെടുക്കുന്ന (പറിച്ചെടുക്കുന്ന) യന്ത്രം| ഫോട്ടോ : മാതൃഭൂമി

കൂര്‍ക്ക കര്‍ഷകര്‍ക്ക് ആശ്വാസമായി യന്ത്രമെത്തി. ട്രാക്ടറില്‍ ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന കൂര്‍ക്ക പറിക്കുന്ന യന്ത്രം കൃഷിയിടങ്ങളില്‍ പരീക്ഷിച്ചു. ആറ് വര്‍ഷം മുന്‍പ് ആരംഭിച്ച യന്ത്രനിര്‍മാണം രണ്ട് വര്‍ഷമായി അവസാന മിനുക്കുപണിയിലായിരുന്നു. കൈക്കോട്ട് ഉപയോഗിച്ച് മണ്ണിളക്കി പറിച്ചെടുക്കുകയാണ് ഇപ്പോള്‍. ഇത് ചെലവേറിയതാണ്. ഒരു കിലോ കൂര്‍ക്ക പറിക്കാന്‍ 20 രൂപ കൂലിച്ചെലവ് വരും. ഒരു ദിവസം 800 - 1000 രൂപയാണ് ഒരാള്‍ക്ക് കൂലി.

To advertise here, Contact Us

ഈ യന്ത്രം ഉപയോഗിച്ച് ഇഞ്ചി, മഞ്ഞള്‍ എന്നീ വിളകളും പറിച്ചെടുക്കാം. ഇതിനുകൂടി ഉപയോഗിക്കാവുന്ന രീതിയിലാണ് രൂപകല്‍പ്പന. തവനൂര്‍ കേളപ്പജി കാര്‍ഷിക എന്‍ജിനീയറിങ് കോളേജില്‍ ഫാം മെഷിനറി വിഭാഗം മേധാവി പ്രൊഫ. ഡോ.ജയന്‍ പി.ആറിന്റെയും ബസവരാജന്റെയും ഗവേഷണങ്ങളിലൂടെ രൂപകല്‍പ്പന ചെയ്ത് പരിഷ്‌കരിച്ചതാണ് യന്ത്രം.

തൃശ്ശൂര്‍ പാഡി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ലിമിറ്റഡിന്റെ കീഴില്‍ വരുന്ന ചിറ്റിലപ്പിള്ളി ചിരുകണ്ടത്ത് ഹനീഷിന്റെ ഒരേക്കര്‍ സ്ഥലത്ത് കൃഷിചെയ്ത കൂര്‍ക്കയാണ് യന്ത്രം ഉപയോഗിച്ച് പറിച്ചെടുത്തത്. ഇതുവഴി കൂലിച്ചെലവ് 90 ശതമാനം ലാഭിക്കുവാന്‍ സാധിക്കും. ഇതിന്റെ നിര്‍മാണച്ചെലവ് ഏകദേശം 60,000 രൂപയാണ്.

കെ.സി.എ.ഇ.ടി. ഡീന്‍ ഡോ.സത്യന്‍ കെ.കെ., ഫാം മെഷിനറി വിഭാഗം മേധാവി ഡോ.ജയന്‍ പി.ആര്‍., റിട്ട. പ്രൊഫ. ഡോ.രാമചന്ദ്രന്‍ വി.ആര്‍., അടാട്ട് കൃഷി ഓഫീസര്‍ സ്മിത സി. ഫ്രാന്‍സിസ്, കര്‍ഷകന്‍ ചിറയ്ക്കല്‍ മധു എന്നിവര്‍ വിളവെടുപ്പില്‍ പങ്കെടുത്തു.

ലാഭകരം, കൃഷി വര്‍ധിക്കും

കൈക്കോട്ട് ഉപയോഗിച്ച് മണ്ണിളക്കി പറിച്ചെടുക്കുന്നതിന്റെ 10 ശതമാനം കൂലിച്ചെലവ് മാത്രമെ യന്ത്രവത്കരണത്തിലൂടെ വരൂ. കൂര്‍ക്ക ഇളകി മുകളിലേക്ക് മണ്ണിനോടൊപ്പം പുറത്തുവരുന്നു. സമയവും തൊഴിലും കൂലിയും ലാഭമാകും, കൃഷി വര്‍ദ്ധിക്കും. - ഡോ. കെ.കെ. സത്യന്‍, തവനൂര്‍ കേളപ്പജി കാര്‍ഷികഎന്‍ജിനീയറിങ് കോളേജ് ഡീന്‍

ഗവേഷണത്തിന്റെ ഫലം

കാര്‍ഷിക സര്‍വകലാശാല മെഷിനറി വിഭാഗത്തിന്റെ നിരന്തര ഗവേഷണത്തിന്റെ ഫലമാണ് യന്ത്രം. ആറുവര്‍ഷംകൊണ്ടാണ് വികസിപ്പിച്ചത്. കൂടുതല്‍ യന്ത്രങ്ങള്‍ ഉണ്ടാക്കുകയാണെങ്കില്‍ ചെലവ് കുറയ്ക്കാനാകും. സാങ്കേതിക വിദ്യ കൈമാറുന്നതിലൂടെ ഉത്പാദനം കൂട്ടും.- ഡോ. പി.ആര്‍. ജയന്‍, ഫാം മെഷിനറി വിഭാഗം തലവന്‍

കൂര്‍ക്കകൃഷിക്ക് പ്രോത്സാഹനം

കൂലി കൂടിയതുകൊണ്ട് പലപ്പോഴും വിളവെടുക്കാന്‍ കഴിയാറില്ല. ജോലിക്ക് ആളെ കിട്ടാത്തതും കര്‍ഷകരെ വലയ്ക്കാറുണ്ട്. ഇതറിഞ്ഞ് കാര്‍ഷിക സര്‍വകലാശാലയിലെ രാമചന്ദ്രന്‍ സാറാണ് യന്ത്രം ഉപയോഗിച്ച് വിളവെടുക്കാമെന്നറിയിച്ച് കൃഷിയിടത്തില്‍ പരീക്ഷണം നടത്തിയതും വിജയിച്ചതും.- ഹനീഷ് ചിറ്റിലപ്പിള്ളി, കൂര്‍ക്ക കര്‍ഷകന്‍

Content Highlights: Machine to harvest Chinese potato, turmeric, ginger introduced

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us