ശരീരസൗന്ദര്യ ചിന്തകളുടെ ഒഴിച്ചുകൂടാൻ പറ്റാത്ത ഭാഗമാണ് എക്കാലത്തും താടിയും മുടിയും. അതതു കാലത്തിന്റെ തരംഗങ്ങളായി ചുരുണ്ടുകൂടിയും നീണ്ടുനിവർന്നും അവ കാലത്തെ അതിജീവിക്കുന്നു. വിരഹവും വിപ്ലവവും മുതൽ ആസക്തിയും അരാജകത്വവും വരെ പകർത്തുന്ന വിശാലമായ കാൻവാസുകൂടിയാണവ. നാടോടുമ്പോൾ നടുവെ വരഞ്ഞും കുറുകെ വെട്ടിയും വലിച്ചുനീട്ടിയും വെട്ടിച്ചുരുക്കിയും പാകപ്പെടുന്നവ. കാലം ഒരുപാട് കടന്ന് പോയിരിക്കുന്നു. പല തലകളിലൂടെയും മുടിയൊരുപാട് വളർന്നുപോയിരിക്കുന്നു. യുവാക്കളും യുവതികളും ഇന്ന് പുതുപുത്തൻ കട്ടിങ്ങുകൾക്ക് ഗൂഗിൾ തിരഞ്ഞ് ബ്യൂട്ടിപാർലറിലെത്തുന്നു.
മുടി നീട്ടിവളർത്തിയും കുറുക്കിയും ചുരുട്ടിയും നിവർത്തിയും എന്നുവേണ്ട എല്ലാ പരീക്ഷണങ്ങളും നടത്തുന്നു. താടി ആണുങ്ങളുടെ അഭിമാനപ്രശ്നമാണല്ലോ. താടിക്കൊത്ത മുടിയും മുടിക്കൊത്ത താടിയും അതിലെ കരവിരുതും തേടിയാണ് പുതുതലമുറ ബ്യൂട്ടീഷൻമാരെ സമീപിക്കുന്നത്. ഒരുകാലത്ത് വീടുകളിലെത്തി ബാർബർമാർ മുടി മുറിച്ചുകൊടുത്ത കാലം മാറി ഫ്രീക്കൻ ശൈലികളിലേക്ക് ബാർബർഷോപ്പുകൾ പരിണമിച്ചു.
മുടിയിലും താടിയിലും കരവിരുത് തീർത്ത് തിളങ്ങുന്നവരോടൊപ്പം മുടിയില്ലാത്തവന്റെ ദുഃഖവും ചർച്ചയാണല്ലോ. ഇത്തരക്കാർ താടിയിൽ പുത്തൻശൈലി പരീക്ഷിക്കുന്നതും കാണാം. ഉള്ള താടിയിൽ മിനുക്കുപണികൾ ചെയ്ത് സൗന്ദര്യമുണ്ടാക്കുന്നവരും കുറവല്ല. ഈ താടിവളർത്തലിന് സൗന്ദര്യം മാത്രമല്ല ലക്ഷ്യം. വേറെയുമുണ്ട് ചില സീക്രട്ടുകൾ. മുഖത്തെ പാടുകൾ മറയ്ക്കാനും വെയിലിൽനിന്ന് ചർമത്തെ സംരക്ഷിക്കാനും താടി വളർത്തുന്നവരുണ്ട്. അതിനുമപ്പുറം പണ്ടുമുതൽക്കെ 'നിരാശ'യുടെ കഥയും താടി പറയുന്നു.
എക്‌സിക്യുട്ടീവ് കട്ട്
ഉദ്യോഗസ്ഥന്മാർ തങ്ങളുടെ മുടിയിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താറില്ല. അത്തരക്കാർ ഉപയോഗിക്കുന്ന കട്ടിങ്ങാണ് എക്സിക്യുട്ടീവ് ശൈലി. എല്ലാഭാഗത്തുനിന്നും മുടി മിതമായി കട്ടുചെയ്ത് ഒതുക്കി വെക്കുന്ന രീതിയാണിത്. സാധാരണക്കാരും ഇതേ ശൈലിയാണ് തുടരുന്നത്.
കേളിങ് (ചുരുട്ടുക)
1983 എന്ന സിനിമയിലെ 'സച്ചിൻ ഫ്രം ബോംബേ' എന്ന കഥാപാത്രത്തെ ഓർമയില്ലേ. അങ്ങനെയൊന്നും ആർക്കും മറക്കാൻ പറ്റില്ല. അഭിനയത്തോടൊപ്പം കഥാപാത്രത്തിന്റെ രൂപവുമാണ് ആ നടനെ ഓർമിപ്പിക്കുന്നത്. അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന മുടിയുടെ ശൈലിയാണ് കേളിങ്. മുടി ചുരുട്ടിവച്ച് ഒരു തേനിച്ചക്കൂടുപോലെയായിരിക്കും അത്. ശ്രീലങ്കൻ ക്രിക്കറ്റ് താരം മലിംഗ സ്റ്റൈൽ എന്നും എളുപ്പത്തിൽ പറയാം. മുടിക്ക് ഉള്ള് കുറവുള്ളവരും ഈ രീതി പരീക്ഷിക്കാറുണ്ട്.
റീബോൻഡിങ്
കുട്ടികൾ മുതൽ മധ്യവയസ്കർവരെ തന്റെ പതിവ് രൂപത്തിൽനിന്ന് പുതുമ ആഗ്രഹിക്കുന്നവരാണ്. അതുതന്നെയാണ് മുടിയിൽ ഏറെ പരീക്ഷണങ്ങൾക്ക് വിധേയമാക്കുന്നത്. റീംബോൻഡിങ് മുടിയുടെ മറ്റൊരു ട്രെൻഡാണ്. നേരേത്ത സൂചിപ്പിച്ച കേളിങ്ങിന് നേേര വിപരീതം. മുടി സ്ട്രിറ്റ് ചെയ്യലാണ് ഈ ശൈലി. ക്രിക്കറ്റ് താരമായ ധോനിയുടെ പണ്ടത്തെ സ്റ്റൈൽ. ധോനിയെ നിരീക്ഷിച്ചാൽ തന്നെ മുടിയുടെ എല്ലാ െട്രൻഡുകളേയും എളുപ്പത്തിൽ പഠിക്കാം.
മെസ്സി സ്‌പൈക്സ്
കായികതാരങ്ങളാണ് മുടിയിലെ പുത്തൻ ട്രെൻഡുകൾ പരീക്ഷിക്കുന്നവർ. ഫുട്‌ബോൾ താരം മെസ്സിയാണ് ഇതിൽ കേമൻ. മെസ്സി ആരാധകരും അല്ലാത്തവരും അദ്ദേഹത്തിന്റെ ഹെയർസ്റ്റൈലിനെ ഇഷ്ടപ്പെടുന്നവരാണ്. മെസ്സി ഹെയർസ്റ്റൈൽ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടുതലാണെന്ന് ഹെയർ സ്റ്റൈലിസ്റ്റുകൾ പറയുന്നു.
നേവൽ കട്ട്, പോലീസ് കട്ട്, മിലിട്ടറി കട്ട്
സേനാംഗങ്ങളുടെ ഹെയർകട്ടിങ്ങും പുതുതലമുറ പരീക്ഷണങ്ങളിലുണ്ട്. നേവൽ, പോലീസ്, മിലിട്ടറി കട്ടിങ്ങുകളാണ് ഇതിൽ തിളങ്ങുന്നവ. നേവൽ കട്ടിങ്ങിൽ മുടിക്ക് പ്രത്യേക സൗന്ദര്യമുണ്ട്. ഔട്ട് ലൈനുകളിലെ മികച്ച ഫിനിഷിങ്ങാണ് ഇതിൽ ശ്രദ്ധിക്കപ്പെടുന്നത്. പോലീസ് കട്ട് പിറകുവശത്തുനിന്ന് ചെരിച്ച് കട്ട് ചെയ്യുന്നതാണ്. മാത്രമല്ല പുറകിൽ കൃത്യമായ ഫിനിഷിങ്ങുണ്ടാകും. എന്നാൽ ആർമി കട്ട് ചെരിച്ച് കട്ടുചെയ്യുന്നത് തന്നെയാണെങ്ക ിലും പിറകിൽ ഫിനിഷിങ്ങുണ്ടാകാറില്ല.
സ്റ്റൈൽ മന്നൻ 'ജയസൂര്യ'
താടിയിലും മുടിയിലും പുത്തൻ പരീക്ഷണങ്ങൾ നടത്തുന്ന നടന്മാരിൽ കേമൻ മലയാളിതാരം ജയസൂര്യയാണെന്നാണ് ഹെയർസ്റ്റൈലിസ്റ്റുകളുടെ അഭിപ്രായം. ഓരോ സിനിമയിലും ജയസൂര്യ മികച്ചുനിൽക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു. ആട്, പുണ്യാളൻ, പ്രേതം, കുമ്പസാരം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ തികച്ചും വ്യത്യസ്തമായ രൂപത്തിലാണ് ജയസൂര്യ പ്രത്യക്ഷപ്പെട്ടത്.
കുട്ടി കട്ടുകൾ
പെൺകുട്ടികൾക്കും പ്രത്യേകം ഹെയർ കട്ടിങ്ങുകളുണ്ട്. അവർ കാണുന്ന കാർട്ടൂണുകളിൽ നിന്നും സിനിമയിൽ നിന്നുമാണ് ഇത്തരം കട്ടുകൾ തിരഞ്ഞെടുക്കുന്നത്. അതിൽ പ്രധാനമാണ് ബേബി കട്ട്. പെട്ടെന്ന് മനസ്സിലാകാൻ ഡോറ സ്റ്റൈൽ എന്നും പറയാം. കർട്ടൂൺ കഥാപാത്രമായ ഡോറയെ അറിയാത്ത കുട്ടികളുണ്ടാകില്ല. ആ ഹെയർ സ്റ്റൈലാണത്രേ കുട്ടികൾ കൂടുതലായും തിരഞ്ഞെടുക്കുന്നത്. കൂടാതെ മഷ്‌റൂം കട്ടും ഹാഷ് കട്ടും ഇവരുടെ ഇഷ്ട ഹെയർസ്റ്റൈലാണ്.
താടിപ്രേമം
നല്ല താടിയും മുടിയും ഒരു വ്യക്തിയുടെ ആത്മവിശ്വാസം ഉയർത്തുമെന്നാണ് പഠനങ്ങൾ പറയുന്നത്.
താടികളുടെ തരംതിരിവിന്റെ കാര്യത്തിൽ പ്രത്യേകം പേര് എടുത്തുപറയാൻ ഇല്ലെങ്കിലും കൂടുതലും സിനിമയിലൂടെയും കായികതാരങ്ങളുടെയും വിളിപ്പേരിട്ട് കടന്നുവരുന്നു. കട്ടത്താടിനീട്ടി വളർത്തി അതിൽ മുടിയിലെ എന്നപോലെ പലപല ഷേപ്പുകളിലാക്കി താജ്മഹൽ പണിയുന്നവരും കുറവല്ല..!!
25 ഡേയ്‌സ് മാക്സിമം
മുടിയും താടിയും സ്നേഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക് എന്നും അതേ ഗ്ലാമർ നിലനിർത്താൻ കുറച്ചുകാര്യങ്ങൾ ശ്രദ്ധിക്കണം.
മുടിയും താടിയും ഇടയ്ക്കിടയ്ക്ക് ശ്രദ്ധിച്ചില്ലെങ്കിൽ മുടി ഡിസോഡറാകും. ഒരാൾ മുടിവെട്ടിക്കഴിഞ്ഞാൽ അതേ രീതിയിൽ 20-25 ദിവസം മാത്രമേ നിൽക്കൂ എന്നാണ് ബാർബർമാർ പറയുന്നത്. പിന്നീട് വീണ്ടും ഷേപ്പ് ചെയ്യണം. താടിയുടെ കാര്യത്തിൽ അത്രയും സമയമില്ല. ഒരാഴ്ച മാത്രം.