കുറച്ച് കാലമായി കേള്‍ക്കുന്ന വാക്കാണ് സ്റ്റാര്‍ട്ടപ്പ്. കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ സംരംഭകത്വത്തിലേക്ക് കാല്‍വച്ച് വലിയ കമ്പനികളുണ്ടാക്കി കോടികള്‍ നേടുന്ന യുവാക്കളുടെ വാര്‍ത്തകളും നിരന്തരം വായിച്ചിട്ടുണ്ടാകും. ആശയങ്ങളെ കഠിനധ്വാനത്തിലൂടെ വളര്‍ത്തിയെടുത്ത് വലിയ കമ്പനികളുടെ ഉടമകളായവര്‍. സ്വന്തമായി സ്ഥാപനം തുടങ്ങുക, അതിന്റെ മുതലാളിയാവുക, മറ്റുള്ളവര്‍ക്ക് ജോലി കൊടുക്കുക അങ്ങിനെ പോകുന്നു ലോകത്തെ മാറ്റി മറിക്കുന്ന ആശയങ്ങളുമായി ഇറങ്ങിയ യുവാക്കളുടെ കഥകള്‍.
കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ കൈയില്‍ നല്ല ആശയങ്ങള്‍ ഉണ്ടാകും. എന്നാല്‍, അത് എവിടെ അവതരിപ്പിക്കപ്പെടണം, എന്ത് ചെയ്യണം എന്നതിന് കുറിച്ച് അറിയില്ല. ഭാവിയില്‍ വലിയ ബിസിനസ് സംരംഭങ്ങളായി മാറുന്ന ആശയങ്ങള്‍ നിങ്ങളുടെ മനസിലുണ്ടോ. അത് എങ്ങനെ നടപ്പിലാക്കണമെന്നതാണോ പ്രശ്നം. എങ്കില്‍ ചില പൊടിക്കൈകള്‍ നോക്കാം
മാറ്റങ്ങളെ സ്വീകരിക്കാം
വിമര്‍ശനങ്ങള്‍ വിളിച്ചു വരുത്താവുന്ന സവിശേഷതയാണ് മാറ്റങ്ങളെ സ്വീകരിക്കാനുള്ള കഴിവ്. തങ്ങളുടെ സംരംഭത്തിലെയും ആശയത്തിലെയും പിഴവുകളെ വളരെ വേഗം കണ്ടെത്തി തിരുത്തുന്നത് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണായകമാണ്. ആശയം ഏത് തരത്തിലുള്ളതാണെന്ന് ആദ്യം മനസിലാക്കണം. അതോടൊപ്പം ഒരു മെന്ററും ആവശ്യമാണ്. സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ഉത്പന്നം ഉണ്ടാക്കാന്‍ കഴിയുമോ, ഇത് വില്‍പ്പനയ്ക്ക് പറ്റുന്നതാണോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണം.
ഉല്‍പ്പന്നം നാട്ടുകാര്‍ വാങ്ങുമെങ്കില്‍ മാത്രമാണ് ആശയത്തിന് നിലനില്‍പ്പുള്ളത്. ജനങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ കൊടുക്കാന്‍ കഴിയുമെങ്കില്‍ മാത്രമേ കമ്പനി തുടങ്ങിയിട്ട് കാര്യമുള്ളു. ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് തരാന്‍ ഒരു മെന്റര്‍ക്ക് മാത്രമേ കഴിയൂ. സ്വന്തം ആശയം ഉപഭോക്താവിന്റെ കാഴ്ചപ്പാടുകളുമായി ചേര്‍ന്നു പോകുന്നില്ല എന്നു വളരെ വേഗം തിരിച്ചറിയുകയും എന്നാല്‍ ആശയത്തിന്റെ അടിസ്ഥാന സ്വാഭാവത്തില്‍ മാറ്റം വരുത്താതെ പുതിയ ഉല്‍പ്പന്നമോ സേവനമോ അവതരിപ്പിച്ച് നേട്ടം കൊയ്യുകയും ചെയ്ത നിരവധി സ്റ്റാര്‍ട്ടപ്പുകളുണ്ട്. നിങ്ങളുടെ ആശയത്തിന്റെ പരാജയം വളരെ വേഗം സമ്മതിക്കുക എന്നല്ല ഇതിനര്‍ത്ഥം, ആ പരാജയം ഏറ്റവും ലഘുവായതാകാന്‍ ജാഗ്രത പുലര്‍ത്തുക എന്നതാണ്.
ഇളകാത്ത വിശ്വാസം
ശരിയായ ഗവേഷണങ്ങളിലൂടെയും പഠനത്തിലൂടെയും തങ്ങളുടെ ആശയത്തെക്കുറിച്ചുണ്ടാക്കുന്ന ഇളകാത്ത വിശ്വാസം ഒരു സംരംഭകന് ആവശ്യമാണ്. സ്വന്തം സംശയങ്ങള്‍ക്ക് മറുപടി കണ്ടെത്താനാകാത്ത സംരംഭകന് ഉപഭോക്താക്കളുടെ ആവശ്യം തിരിച്ചറിയാനാകില്ല. ഉപഭോക്താവ് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരു അപര്യാപ്തതയോ ബുദ്ധിമുട്ടോ കണ്ടെത്തി അതിന് പരിഹാരമായി അവതരിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ വിജയം കണ്ടെത്തുക. പരമ്പരാഗത രീതിയില്‍ നിന്ന് വേറിട്ട ആശയങ്ങള്‍ക്കായാണ് സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ കൂടുതലായും ശ്രമിക്കുക. സ്വാഭാവികമായും അത്തരം ആശയങ്ങളെക്കുറിച്ച് സംശയാലുക്കളായവരുടെ എണ്ണവും കൂടുതലായിരിക്കും. വിമര്‍ശകര്‍ക്ക് മാന്യമായി മറുപടി പറയാനും സ്വന്തം ആശയത്തെ കൃത്യമായി അവതരിപ്പിക്കാനും സാധിക്കുന്ന സംരംഭകര്‍ക്ക് മുന്നോട്ടുപോക്ക് ഏറെക്കുറെ സുഗമമാകും.
ആത്മവിശ്വാസം
ആശയവിനിമയത്തിനുള്ള വൈഭവവും ആത്മവിശ്വാസവുമാണ് മറ്റൊരു പ്രധാന ഘടകം. ചുരുങ്ങിയ വാക്കുകളില്‍ ലളിതമായി തങ്ങള്‍ നല്‍കുന്ന സാങ്കേതിക വിദ്യയെക്കുറിച്ച് വിവരിക്കാന്‍ നിങ്ങള്‍ക്കായില്ലെങ്കില്‍ അവിടെ നിങ്ങള്‍ പരാജയപ്പെട്ടു. നിക്ഷേപകരുടെയും ജീവനക്കാരുടെയും ശ്രദ്ധയും താല്‍പ്പര്യവും ആകര്‍ഷിക്കുന്ന രീതിയില്‍ സംസാരിക്കുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്ന സംരംഭകര്‍ മികച്ച അവസരങ്ങള്‍ സ്വന്തമാക്കുന്നു. കഴിവിനും അടിസ്ഥാന വിഭവങ്ങള്‍ക്കുമൊപ്പം ആത്മവിശ്വാസവും കൂടിച്ചേര്‍ന്നാല്‍ ഏതൊരു സംരംഭത്തെയും മുന്നോട്ടുനയിക്കുന്നത് പ്രയാസകരമാവില്ല.
മികവുറ്റ പങ്കാളി
മികവുറ്റ ജീവനക്കാരെയും പങ്കാളികളെയും കണ്ടെത്തുന്നതില്‍ പരാജയപ്പെടുന്നത് സംരംഭത്തിന്റെ തന്നെ പരാജയത്തിലേക്കുള്ള തുടക്കമാണ്. ജീവനക്കാരെ തെരഞ്ഞെടുക്കുമ്പോള്‍ തുടക്കത്തിലേ ജാഗ്രത പുലര്‍ത്തണം. ഇക്കാര്യത്തില്‍ മികച്ച പ്രൊഫഷണലുകളുടെ സഹായം തേടുന്നതിനും സംരംഭകര്‍ മടിക്കേണ്ടതില്ല. സംരംഭകനും തുടക്കത്തിലുള്ള കുറച്ച് ജീവനക്കാരും ചേര്‍ന്നാണ് ഏതു സ്ഥാപനത്തിന്റെയും സംസ്‌കാരവും മികവും രൂപപ്പെടുത്തിയെടുക്കുന്നത്. പിന്നീട് മികച്ച അവസരങ്ങളും ജീവനക്കാരും ലഭിക്കുന്നതിനും ഇത് നിര്‍ണായകമാണ്.