എന്റെ പ്രിയപ്പെട്ട വിധവയ്ക്ക്,
മോളെ, ടെന്റ് അല്ലാതെ മറ്റൊരു അഭയവും ഇല്ലാതെ -70 ഡിഗ്രിയിലും താഴ്ന്ന ഈ തണുപ്പില്‍ ഇരുന്ന് എഴുതുക എളുപ്പമല്ല...
രക്ഷപ്പെടാന്‍ നേരിയ സാധ്യത മാത്രമുള്ള വല്ലാത്തൊരു അവസ്ഥയിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്. ഉച്ചഭക്ഷണത്തിന്റെ ചെറിയ ഇടവേളകളില്‍ വീണുകിട്ടുന്ന നേര്‍ത്ത ഇളംചൂടിന്റെ ആനുകൂല്യത്തിലാണ് അയക്കാനുള്ള അവസാനത്തെ കത്തുകള്‍ ഓരോന്നായി ഞാന്‍ എഴുതി തീര്‍ക്കുന്നത്. ഇനിയൊരിക്കല്‍ കൂടി കാണാന്‍ സാധിച്ചില്ലെങ്കില്‍ നീ അറിയണം, എനിക്ക് നിന്നോട് എത്ര സ്‌നേഹമുണ്ടായിരുന്നു എന്ന് !
മറ്റൊരു വിവാഹത്തെ കുറിച്ച് ഒരു മുന്‍വിധിയും ഇപ്പോള്‍ മനസ്സില്‍ സൂക്ഷിക്കരുത്. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുന്ന ഒരാളെ കണ്ടെത്തിയാല്‍ വീണ്ടും സന്തോഷത്തോടെ ജീവിക്കാന്‍ നീ തയ്യാറാവണം. സാധിക്കുമെങ്കില്‍ നമ്മുടെ മകനെ പ്രകൃതിയില്‍ താല്പര്യമുള്ളവനായി വളര്‍ത്തണം, അത് കളികളെക്കാള്‍ ഭേദപ്പെട്ട വിനോദമാണ്. അവന്‍ ദൈവത്തില്‍ വിശ്വസിക്കട്ടെ, അതവന് വലിയ അശ്വാസമാവും.
മോളെ, എന്റെ പ്രിയപ്പെട്ടവളെ, അവന്‍ വളര്‍ന്നുവരുന്ന കാലങ്ങളെ കുറിച്ച് നമ്മള്‍ എന്തൊക്കെ സ്വപ്നങ്ങള്‍ കണ്ടതാണ്. എങ്കിലും എന്റെ കുട്ടി, ഈ വേദന നീ ഒരു പരാതിയുമില്ലാതെ നേരിടും എന്നെനിക്കറിയാം. നീ നമ്മുടെ മോനെ മടിയില്‍ വെച്ചിരിക്കുന്ന ഒരു ചിത്രം ഇപ്പോഴും എന്റെ ഓര്‍മയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്, അത് മാത്രമാവും ഒടുക്കം തണുത്ത് വെറുങ്ങലിച്ചുപോയ എന്റെ നെഞ്ചില്‍ അവസാനത്തെ ഉറക്കത്തിനു ശേഷവും ബാക്കിയാവുക.
നിങ്ങളെ കൂട്ടാതെ ഞാന്‍ നടത്തിയ ഈ യാത്രയെ കുറിച്ച് എനിക്ക് എന്തൊക്കെ പറയാനുണ്ടെന്നോ ? നമ്മുടെ മകന് പറയാന്‍ എത്ര ഉറക്കുകഥകള്‍ ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നോ ? പക്ഷെ... ഞാനാ കഥകള്‍ക്ക് വേണ്ടി കൊടുക്കേണ്ടിവന്ന വില നിന്റെ, നിന്റെ ഓമന മുഖം എന്റെ കാഴ്ച്ചയില്‍ നിന്നും നഷ്ടപ്പെടുത്തുക എന്നതായിരുന്നു.
നിന്റെ,
റോബര്‍ട്ട് സ്‌കോട്ട്
നൂറ്റിപ്പത്തൊമ്പത് വര്‍ഷം മുന്‍പ് ക്യാപ്റ്റന്‍ റോബര്‍ട്ട് സ്‌കോട്ട് എന്ന സാഹസികയാത്രികന്‍ തന്റെ ഭാര്യ കാത്ത്‌ലീനിനും രണ്ടു വയസ്സുള്ള മകന്‍ പീറ്റര്‍ സ്‌കോട്ടിനും അയച്ച അവസാനത്തെ വരികളാണിത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ലോകത്തിന് ദക്ഷിണധ്രുവം ചിത്രങ്ങളിലൂടെയും കെട്ടുകഥകളിലൂടെയും മാത്രം പരിചയിച്ച ഒരു സാങ്കല്പിക ഇടം മാത്രമായിരുന്നു. അവിടെ ആദ്യമായി കാലുകുത്തുന്ന മനുഷ്യനാവാന്‍ ആഗ്രഹിച്ചാണ് വര്‍ഷങ്ങളുടെ തയ്യാറെടുപ്പിന് ശേഷം ഒക്ടോബറിലെ ഒരു പ്രഭാതത്തില്‍ ക്യാപ്റ്റന്‍ റോബര്‍ട്ട് സ്‌കോട്ടും സുഹൃത്തുക്കളും റോസ് അയലന്റിലെ മലയടിവാരത്തില്‍ എത്തുന്നത്. മുന്നിലോടുന്ന വളര്‍ത്തുനായ്ക്കളുടെ സഹായത്തോടെ കുതിരകള്‍ വലിക്കുന്ന സ്ലെഡ്ജ് വണ്ടികളിലാണ് സംഘം പര്‍വതങ്ങളുടെ തണുത്ത ശിഖരങ്ങളിലൂടെ യാത്ര തുടങ്ങുന്നത്.
രണ്ടുമാസത്തിന് ശേഷം ശൈത്യം കടുത്തതോടെ വഴിയരികില്‍ നിന്ന് കിതയ്ക്കാന്‍ തുടങ്ങിയ കുതിരകളെ ഓരോന്നായി ചെന്നിയില്‍ വെടിവെച്ചിട്ട് അവയുടെ ശരീരം പുതഞ്ഞ മഞ്ഞില്‍ സംസ്‌കരിച്ച് സംഘം യാത്ര തുടര്‍ന്നു. ഡിസംബറോടെ വഴികാണിച്ചിരുന്ന വേട്ടനായ്ക്കള്‍ ഓരോന്നായി തണുപ്പില്‍ ദിശാബോധം നഷ്ടപ്പെട്ട് പലവഴിക്ക് പിരിഞ്ഞുപോയിട്ടും ഒടുക്കം തങ്ങളുടെ വെറുങ്ങലിച്ച ശരീരവും താങ്ങി സ്‌കോട്ടും നാല് സുഹൃത്തുക്കളും ദക്ഷിണധ്രുവത്തിന്റെ കുളിരുള്ള ഹിമപാളികളില്‍ വിറച്ചുകൊണ്ട് കാല്‍വെച്ചു ! പക്ഷെ അവര്‍ തോറ്റുപോയിരുന്നു, റൊള്‍ഡ് അമുഡ്‌സണ്‍ എന്ന പര്യവേഷകന്‍ നയിക്കുന്ന നോര്‍വീജിയന്‍ സംഘം അവരെത്തുന്നതിനും 33 ദിവസങ്ങള്‍ക്ക് മുന്‍പേ അവിടെ കാലുകുത്തി കൊടിനാട്ടിക്കഴിഞ്ഞിരുന്നു.
'എന്റെ സൃഷ്ടാവേ ! ഇതൊരു നരകമാണ്. ആദ്യമെത്തുക എന്ന സന്തോഷം പോലും നിഷേധിക്കപ്പെട്ട ഞങ്ങളെ സംബന്ധിച്ച് ഏറ്റവും നശിച്ച ഇടം', റോബര്‍ട്ട് പിന്നെ വന്ന രാത്രികളില്‍ കണ്ണീരില്ലാതെ കരഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ അവരെ കാത്തിരുന്ന നിയതി അതിലും തീക്ഷണമായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചിറങ്ങുന്നതിനിടയില്‍ അവരില്‍ ഒരാള്‍, പ്രൈവറ്റ് എഡ്ഗാര്‍, മലയില്‍ നിന്നും തെന്നിവീണ് മരിക്കുകയായിരുന്നു. എഡ്ഗാറിന്റെ ശരീരം മറവുചെയ്ത് അതിനടുത്ത് ക്യാമ്പ് ചെയ്ത സ്‌കോട്ടും സുഹൃത്തുക്കളും ശരീരത്തിലെ ഓരോ സന്ധിയിലുടെയും പതിയെ തണുപ്പ് അരിച്ചിറങ്ങുന്നത് ഭയത്തോടെയാണ് തിരിച്ചറിയുന്നത്. കാലിന്റെ മാടമ്പില്‍ നിന്നും പ്രസരിക്കുന്ന കടച്ചില്‍ ഏറ്റവും ബാധിച്ചത് ക്യാപ്റ്റന്‍ ലോറന്‍സിനെയായിരുന്നു. കാലുകള്‍ രണ്ടും മരവിച്ചുപോയാല്‍ (frostbite) താനീ സംഘത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് വലിയൊരു ബാധ്യതയാവും എന്ന് ക്യാപ്റ്റന്‍ ലോറന്‍സിന് തോന്നിത്തുടങ്ങുന്നത് അപ്പോഴാണ്. അദ്ദേഹം ഒരു രാത്രിയില്‍ അത്താഴം കഴിഞ്ഞ് സ്‌കോട്ടിന്റെ ചെവിയില്‍ 'ഒന്ന് നടന്നിട്ടുവരാം' എന്ന് പറഞ്ഞിട്ട് ടെന്റിന്റെ വിരി ഉയര്‍ത്തി തണുത്തകാറ്റിലേക്ക് ഇറങ്ങിനടന്നു. ആ രാത്രി തന്നെ അദ്ദേഹത്തിന്റെ ശരീരം പുറത്തെ കുഴമഞ്ഞില്‍ എവിടെയോ ഉറഞ്ഞുപോയിരിക്കും. പിന്നെവന്ന ദിവസങ്ങളില്‍ കൂടെയുള്ള ഓരോരുത്തരായി വീണുതുടങ്ങി.
ഉച്ചനേരങ്ങളില്‍ നേര്‍ത്ത ഇളംചൂട് വീണുകിട്ടുമ്പോഴൊക്കെ കൈയ്യില്‍ പെന്‍സില്‍ പിടിപ്പിച്ച് സ്‌കോട്ട് ബദ്ധപ്പെട്ട് കത്തുകള്‍ എഴുതിത്തുടങ്ങി. ആദ്യം തന്നെ ഇങ്ങനെയൊരു സാഹസിക യാത്രയ്ക്ക് കമ്മീഷന്‍ ചെയ്തുവിട്ട ബ്രിട്ടീഷ് സര്‍ക്കാരിലെ അധികാരികള്‍ക്ക്, പിന്നെ തന്റെ സ്വപ്നത്തിന്റെ കൂടെ ഇറങ്ങിത്തിരിച്ച സുഹൃത്തുക്കളുടെ വിധവകള്‍ക്ക്. തണുപ്പില്‍ കൈ മുറുകിപ്പോകുന്നതുകൊണ്ട് വികലമായിപ്പോയ തന്റെ കൈപ്പടയ്ക്ക് മാപ്പ് ചോദിച്ചുകൊണ്ട് അവസാനിക്കുന്ന ആ കത്തുകള്‍ അദ്ദേഹം ശരീരത്തില്‍ പലയിടത്തായി സൂക്ഷിച്ചു. ഒടുക്കം തന്റെ കാത്ത്‌ലീനും മകനും വേണ്ടി അതുവരെ പ്രകടിപ്പിക്കാത്തത്രയും തീക്ഷണമായ കരുതലോടെ അവസാനത്തെ കത്ത് കൂടി എഴുതി ശരീരത്തില്‍ സൂക്ഷിച്ച് അദ്ദേഹം യാത്ര തുടര്‍ന്നു.
ക്യാപ്റ്റന്‍ റോബര്‍ട്ട് സ്‌കോട്ട് കാത്ത്‌ലീന് അയച്ച ആ കത്ത് തിരിച്ചറിവുള്ള പ്രായത്തില്‍ ആദ്യമായി കണ്ടെടുത്ത് വായിക്കുമ്പോള്‍ മകന്‍ പീറ്റര്‍ സ്‌കോട്ടിന് എന്തായിരിക്കും അനുഭവപ്പെട്ടിട്ടുണ്ടാവുക? അദ്ദേഹം പറയാന്‍ ബാക്കിവെച്ച കഥകളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആഴത്തിലുള്ള നഷ്ടബോധം പീറ്ററിനെ ബാധിച്ചിരിക്കും. അപ്പോഴും സ്വന്തം കൈപ്പടയില്‍ അച്ഛന്‍ ഒരു വരി തന്നെക്കുറിച്ച് എഴുതിക്കാണുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സ് നിറഞ്ഞിരിക്കില്ലേ ? ഏറ്റവും അടുത്ത മനുഷ്യര്‍ സ്വന്തം കൈപ്പടയില്‍ നമ്മുടെ പേരെഴുതുമ്പോള്‍ അത് എത്ര തവണ വായിച്ചാലാണ് മതിയാവുക. അങ്ങനെ പല പ്രായങ്ങളില്‍ എടുത്ത് നിവര്‍ത്തി വായിച്ചിട്ടുള്ളതാണ് അച്ഛന്‍ അമ്മയ്ക്ക് എഴുതിയ കത്ത്.
അധ്യാപകനായ അച്ഛന്‍ തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ സമ്മേളനത്തിനായി പകല്‍വണ്ടിക്ക് കയറുന്നതിനുമുന്‍പ് അമ്മയ്ക്ക് എഴുതിയ ഒരു ചെറിയ കുറിപ്പാണ് സത്യത്തില്‍ അത്. 'ഒരു പക്ഷെ നാളെ കഴിഞ്ഞു ഞായറാഴ്ചയെ തിരിച്ചെത്തൂ എന്നും തനിച്ച് ബുദ്ധിമുട്ടാണെങ്കില്‍ വിവേകിനെ ശനിയാഴ്ച സ്‌കൂളിലേക്ക് അയക്കേണ്ട എന്നും, ഞങ്ങളെ (എന്നെയും അനിയന്‍ വിനീതിനെയും) പുറത്ത് കളിയ്ക്കാന്‍ വിടുമ്പോള്‍ ശ്രദ്ധിക്കണമെന്നും അത്യാവശ്യത്തിന് 25 രൂപ പെട്ടിയില്‍ വെക്കുന്നുണ്ട്' എന്നുമാണ് ആ കത്തില്‍. കത്തിന്റെ അവസാനത്തില്‍ ഞങ്ങള്‍ രണ്ടുപേരോടുമായി 'ഇനി രണ്ടു ദിവസത്തേക്ക് വികൃതി ഒന്ന് കുറയ്ക്കണേ' എന്നൊരു വരിയുണ്ട്. ആ കത്ത് ആദ്യമായി അമ്മ വായിച്ചുതരുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ആ വരിയില്‍ കുടുങ്ങി ചിരിച്ചതും ആ ചിരി അമ്മയിലേക്ക് പടര്‍ന്നതും നേരിയ ഓര്‍മ്മയുണ്ട്.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം കലാലയപഠനകാലത്ത് അമ്മ വീട്ടിലെ കണക്കുകള്‍ എഴുതിവെക്കാറുള്ള കെ.എസ്.ടി.എ യുടെ ഡയറിയുടെ ഫ്‌ലാപ്പിനകത്ത് വീണ്ടും യാദൃശ്ചികമായി ആ കത്ത് കാണുന്നു. ആദ്യ വായനയില്‍ അതിലെ വരികള്‍ക്കതീതമായി പ്രസരിച്ച കരുതലില്‍ എന്റെ കണ്ണ് നിറഞ്ഞുപോയി. പക്ഷെ അന്നേരം എന്റെ കണ്ണുടക്കിയത് അച്ഛന്‍ അമ്മയെ സംബോധന ചെയ്ത വരിയിലായിരുന്നു. അധ്യാപകനായ അച്ഛന്‍ ഗൗരവത്തോടെയും മിതത്വത്തോടെയുമേ ആരുമായും ഇടപഴകി കണ്ടിട്ടുള്ളൂ. അച്ഛന്‍ അമ്മയെ നേരിട്ട് പേരോ മറ്റെന്തെങ്കിലും വിളിപ്പേരോ വിളിക്കാറില്ല, മറ്റാരോടെങ്കിലും സൂചിപ്പിക്കുമ്പോള്‍ 'ടീച്ചര്‍'എന്ന് പറയും. പക്ഷെ ആ കത്ത് തുടങ്ങുന്നത് 'മോളെ' എന്ന വിളിയിലാണ്. ഞങ്ങള്‍ രണ്ടു ആണ്‍കുട്ടികള്‍ക്ക് മുകളിലായി അമ്മയ്ക്ക് അങ്ങനെയൊരു സ്ഥാനം കൂടി വീട്ടില്‍ ഉണ്ടായിരുന്നു എന്നത് അന്നെനിക്ക് അത്ഭുതമായിരുന്നു.
ദിവസം മുഴുവന്‍ വീടിനുള്ളിലും വിദ്യാര്‍ഥികള്‍ക്കിടയിലും വിഷുചക്രം പോലെ തിരിഞ്ഞും ഓരോ മാസവും കണക്കൊപ്പിച്ചും കൂട്ടിമുട്ടിച്ചും ഒരുവിധം ഞങ്ങള്‍ രണ്ട് ആണ്‍കുട്ടികളെ വളര്‍ത്തികൊണ്ടുവരുന്നതിനിടയില്‍ അച്ഛനും അമ്മയും അവരറിയാതെ വളരുകയായിരുന്നു എന്നേ അതുവരെ എനിക്ക് തോന്നിയിരുന്നുള്ളൂ. പക്ഷെ ഇടത്തരം ജീവിതത്തിന്റെ സകലമാന തിടുക്കങ്ങള്‍ക്കും അങ്കലാപ്പുകള്‍ക്കും നഷ്ടബോധങ്ങള്‍ക്കും ഇടയിലും ഞങ്ങളറിയാതെ അവര്‍ക്കിടയിലൂടെ സ്‌നേഹത്തിന്റെ, കരുതലിന്റെ, കൂട്ടിരുപ്പിന്റെ ഒരു പുഴ നിശബ്ദമായി സ്വച്ഛമായി ഒഴുകുന്നുണ്ട് എന്നത് ആ പ്രായത്തില്‍ എനിക്ക് വലിയ തിരിച്ചറിവായിരുന്നു.
മരണത്തിനും എട്ടുമാസങ്ങള്‍ക്ക് ശേഷം മഞ്ഞുകൂനയില്‍ നിന്നും വെറുങ്ങലിച്ച അവസ്ഥയില്‍ റോബര്‍ട്ട് സ്‌കോട്ടിന്റെ ശരീരം കണ്ടെടുക്കുമ്പോള്‍ അദ്ദേഹം അടിവാരത്തെ ക്യാമ്പില്‍ നിന്നും വെറും 12 മൈല്‍ മാത്രം അകലെയായിരുന്നു, മഞ്ഞിലൂടെ ഒരുപക്ഷെ ഒരു രാത്രിയുടെ ദൂരം ! നെഞ്ചില്‍ അമര്‍ത്തിപ്പിടിച്ച അദ്ദേഹത്തിന്റെ കൈയ്യില്‍ അന്റാര്‍ട്ടിക്കയില്‍ നിന്നും കണ്ടെത്തിയ ആദ്യത്തെ ഫോസ്സില്‍, നാമാവശേഷമായി എന്ന് കരുതപ്പെട്ട ചിത്രപ്പുല്ലുകള്‍ വളര്‍ന്ന ഒരു കൊമ്പ്, ഒളിപ്പിച്ചുവെച്ചിരുന്നു. അത് പിന്നീട് ഈ പ്രപഞ്ചത്തില്‍ ജീവിച്ച മനുഷ്യര്‍ക്ക് വേണ്ടി അദ്ദേഹം ബാക്കിവെച്ച വലിയ തെളിവായിരുന്നു, അന്റാര്‍ട്ടിക്കയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇലകള്‍ മുളപൊട്ടുകയും തളിര്‍ക്കുകയും ചെയ്തിരുന്ന വൃക്ഷങ്ങള്‍ നിറഞ്ഞ വനപ്രദേശമായിരുന്നു എന്നതിനുള്ള തെളിവ് !
Content Highlights: Valentines day 2021, Vivek Chandran