മഹാരാജാസിന്‍റെ മുറ്റത്ത് ഓർമകളുടെ മഞ്ഞണിക്കൊമ്പിൽ പി.ടിയും ഉമയും


സിറാജ് കാസിം

3 min read
Read later
Print
Share

ഇന്ന്‌ പ്രണയദിനമാണ്‌, വിവാഹദിനവും. പ്രണയത്തിന്റെ, പാരസ്പര്യത്തിന്റെ, ഇടതടവില്ലാത്ത ഒഴുക്കിന്റെ, ജീവിതത്തിന്റെ, ചില സുന്ദരമായ സ്പർശങ്ങൾ...

pt thomas
‘‘ഞ്ഞണിക്കൊമ്പിൽ
ഒരു കിങ്ങിണിത്തുമ്പിൽ...”

ഓർമകൾപോലെ മുറ്റംനിറയെ കൊഴിഞ്ഞുകിടക്കുന്ന ഇലകളിൽ സ്പർശിച്ച് മഹാരാജാസ് കലാലയത്തിലൂടെ നടക്കുമ്പോൾ ഉമയുടെ ചുണ്ടുകൾ ആ ഗാനം മൂളുന്നുണ്ടായിരുന്നു. പ്രിയതമയുടെ ചുണ്ടിൽനിന്ന്‌ ആ ഗാനം മൂളിയെത്തുമ്പോൾ അരികിൽനിന്ന തോമസ് കൈവിരലുകളാൽ പതിയെ താളംപിടിച്ചു.
‘‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ ഈ ഗാനം അന്ന്‌ ഈ കലാലയമുറ്റത്തെ വേദിയിൽനിന്ന്‌ ഞാൻ പാടുമ്പോഴാണ് പി.ടി. അങ്ങോട്ടേക്ക്‌ കയറിവന്നത്. പി.ടി.യെ ഞാൻ ആദ്യമായി കാണുന്നത് ആ ഗാനം പാടിക്കൊണ്ടിരിക്കുമ്പോഴാണ്. അവിടെ തുടങ്ങിയ സൗഹൃദവും പ്രണയവുമൊക്കെ ദാ ഇവിടെ വരെയെത്തി നിൽക്കുന്നു...” -പ്രിയപ്പെട്ടവനെ നോക്കി ഉമ പറയുമ്പോൾ പി.ടി. തിരുത്തി: ‘‘ഉമ എന്നെ ആദ്യമായി കണ്ടത് ആ പാട്ടുപാടുമ്പോഴായിരിക്കാം. എന്നാൽ, ഞാൻ അതിനുമുമ്പേ പലവട്ടം ഉമയെ കണ്ടിരുന്നു...’’ പിന്നിട്ട പ്രണയവഴികളോർത്ത്‌ വർഷങ്ങൾക്കുശേഷം എറണാകുളം മഹാരാജാസ് കോളേജിൽ പി.ടി. തോമസ് എം.എൽ.എ.യും ഭാര്യ ഉമാ ഹരിഹരനും വീണ്ടുമെത്തി..

ആദ്യമായ്‌ കണ്ടനാൾ...

മഞ്ഞിൽവിരിഞ്ഞ പൂക്കളിലെ ഗാനനിമിഷങ്ങൾ ഉമ ഓർത്തപ്പോൾ വ്യക്തമായ ചിത്രവുമായിട്ടായിരുന്നു പി.ടി.യുടെ മറുപടി. ‘‘ഉമ മഹാരാജാസിൽ പ്രീഡിഗ്രിക്കുചേരുമ്പോൾ ഞാൻ ഇവിടത്തെ പഠനംകഴിഞ്ഞു ലോ-കോളേജിൽ ചേർന്നിരുന്നു. കെ.എസ്.യു. സംസ്ഥാനപ്രസിഡന്റെന്ന നിലയിൽ മഹാരാജാസ് കോളേജിൽ പല പരിപാടികൾക്കും ഞാൻ വരുമായിരുന്നു. അത്തരമൊരു വരവിൽ കോളേജിന്റെ ഓഡിറ്റോറിയത്തിനുമുന്നിൽവെച്ചാണ് ഉമയെ ഞാൻ ആദ്യമായി കണ്ടത്. ഉമയും ആ സമയത്ത് കെ.എസ്.യു.വിന്റെ സജീവപ്രവർത്തകയായിരുന്നു. പ്രീഡിഗ്രിക്കുപഠിക്കുമ്പോൾ കോളേജ് യൂണിയനിലെ വനിതാപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ഉമ ഡിഗ്രിക്കുപഠിക്കുമ്പോൾ വൈസ് ചെയർപേഴ്സണുമായി’’ -പി.ടി. ഓർമകളിലൂടെ സഞ്ചരിച്ചു. ആദ്യമായി പ്രണയം പറഞ്ഞതാരാണ്? ചോദ്യത്തിനുത്തരമായി പി.ടി. പുഞ്ചിരിച്ചു: ‘‘എനിക്ക്‌ ഉമയെ കണ്ടപ്പോൾത്തന്നെ ഇഷ്ടംതോന്നിയിരുന്നു. എന്നാൽ, പ്രണയത്തിന്റെ കാര്യം അപ്പോൾ അവളോട്‌ തുറന്നുപറഞ്ഞിരുന്നില്ല. ഞങ്ങൾക്കിടയിൽ നല്ല സൗഹൃദമാണ് ആദ്യമുണ്ടായിരുന്നത്. ഞാൻ ഉമയുടെ വീട്ടിലേക്ക്‌ ഫോൺവിളിക്കുമ്പോൾ അവളുടെ അമ്മയുമായി ഒരുപാട് സംസാരിക്കുമായിരുന്നു. കുറച്ചുനാൾ കഴിഞ്ഞ് അമ്മയുടെ അനുജത്തിവഴി ഉമയ്ക്ക്‌ കല്യാണാലോചനകൾ വരുന്നെന്നറിഞ്ഞപ്പോഴാണ് ഉമയോട്‌ വിഷയം അവതരിപ്പിക്കാമെന്നുകരുതിയത്’’ -പി.ടി. പറഞ്ഞത്‌ പൂരിപ്പിച്ചത് ഉമയായിരുന്നു. ‘‘അന്ന്‌ എന്നെ കാണണമെന്ന്‌ പി.ടി. പറഞ്ഞപ്പോൾ സംഘടനയുടെ എന്തെങ്കിലും കാര്യം പറയാനാകുമെന്നാണ് ഞാൻ കരുതിയത്. അതുകൊണ്ടുതന്നെ ലേഡീസ് ഹോസ്റ്റലിന്റെ അടുക്കൽവെച്ച് കാണാമെന്നുപറഞ്ഞപ്പോൾ രണ്ട്‌ കൂട്ടുകാരികളെയുംകൂട്ടിയാണ് ഞാൻ പോയത്’’ -ഉമയുടെ വാക്കുകൾകേട്ട്‌ പി.ടി. ചിരിച്ചു. ‘‘പ്രണയം അവതരിപ്പിക്കാൻച്ചെന്ന ഞാൻ പിന്നെന്തുചെയ്യാനാണ്. മറ്റൊരിക്കൽ സംസാരിക്കാമെന്നുപറഞ്ഞ്‌ ഉള്ളിലൊളിപ്പിച്ച പ്രണയവുമായി ഞാൻ മടങ്ങി’’.

പ്രണയംപറഞ്ഞ നേരത്ത്

പ്രണയം പറയാൻ പിന്നെയും ഒരുപാടുകാലം കാത്തിരിക്കാൻ പി.ടി.ക്കുകഴിയുമായിരുന്നില്ല. അന്നുരാത്രിതന്നെ ഫോണിൽ വിളിച്ചു പി.ടി. ഉമയോടുള്ള പ്രണയം അറിയിച്ചു. ‘‘എന്നെ ഒരുപാടിഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും പി.ടി. പറഞ്ഞപ്പോൾ എനിക്ക് എന്ത്‌ മറുപടിപറയണമെന്ന്‌ അറിയില്ലായിരുന്നു. പി.ടി.യെ എനിക്ക്‌ ഇഷ്ടമായിരുന്നെങ്കിലും വിവാഹത്തെപ്പറ്റിയൊന്നും ചിന്തിച്ചിരുന്നില്ല. വീട്ടുകാരെപ്പറ്റി ആലോചിച്ചപ്പോൾ ടെൻഷൻ കൂടി. ബ്രാഹ്മണസമുദായത്തിൽപ്പെട്ട അച്ഛനും അമ്മയുമൊന്നും ഈ വിവാഹത്തിന്‌ സമ്മതിക്കില്ലെന്ന്‌ ഉറപ്പായിരുന്നു.’’ ഉമ പറഞ്ഞതിന്റെ അടുത്ത ഭാഗം പറഞ്ഞത് പി.ടി.യായിരുന്നു. ‘‘എന്റെ വീട്ടിൽ അമ്മച്ചിയോട്‌ ഞാൻ കാര്യം പറഞ്ഞിരുന്നു. നിനക്കുതാത്പര്യമാണെങ്കിൽ ആയിക്കോെട്ടയെന്നായിരുന്നു അമ്മച്ചിയുടെ മറുപടി. പക്ഷേ, കല്യാണത്തിന്‌ ഒരു നിബന്ധന അമ്മിച്ചിക്കുണ്ടായിരുന്നു, കല്യാണം പള്ളിയിൽ വെച്ചാകണം’’ -പി.ടി. പറഞ്ഞു.

വയലാർ രവിയും രജിസ്റ്റർ മാരേജും

വീട്ടുകാരുടെ എതിർപ്പോടെ സംഭവബഹുലമായ പ്രണയം രജിസ്റ്റർ മാരേജിലേക്കെത്തിയ കഥ പി.ടി.യാണ്‌ പറഞ്ഞത്. ‘‘ഞങ്ങളുടെ പ്രണയത്തെപ്പറ്റി വയലാർ രവിക്കും ഭാര്യ മേഴ്സിക്കും അറിയാമായിരുന്നു. അവരോടൊപ്പം ബെന്നി ബെഹനാനും വർഗീസ് ജോർജും പ്രസാദും കെ.ടി. ജോസഫും പിന്തുണപ്രഖ്യാപിച്ചതോടെ ധൈര്യമായി. അങ്ങനെയാണ് രജിസ്റ്റർമാരേജ് ചെയ്യാൻ തീരുമാനിക്കുന്നത്. വെളുപ്പിന്‌ കാറുമായി വീട്ടിലെത്തുമെന്നും ഇറങ്ങിവരണമെന്നും നേരത്തേതന്നെ ഉമയോടുപറഞ്ഞിരുന്നു. മേഴ്സിച്ചേച്ചി ഉമയ്ക്കായി ഒരു സാരിയും താലിമാലയും വാങ്ങിവെച്ചിരുന്നു. വെളുപ്പിന്‌ ഞാൻ കാറുമായി വരുമ്പോൾ ഉമ വീടിനുമുന്നിൽ കോലം വരയ്ക്കുകയായിരുന്നു. രജിസ്റ്റർമാരേജ് കഴിഞ്ഞ്‌ ഞങ്ങൾ ഇടുക്കിയിലെ എന്റെ വീട്ടിലേക്കാണ് പോയത്’’

കുടുംബത്തിന്റെ സന്തോഷങ്ങൾ

പ്രണയത്തിലെ എതിർപ്പുകൾ കുടുംബത്തിലെ സന്തോഷത്തിൽ അലിഞ്ഞുപോയ കഥയും പി.ടി.യും ഉമയും പങ്കുവെച്ചു. ‘‘എന്റെ വീട്ടുകാർ തുടക്കംമുതലേ പ്രശ്നമില്ലാതെനിന്നെങ്കിലും ഉമയുടെ വീട്ടുകാർക്ക്‌ ഞങ്ങളുടെ ബന്ധം അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ, ഞങ്ങൾക്കൊരു മകനുണ്ടായതോടെ ഉമയുടെ വീട്ടുകാരുടെ മനസ്സ് മാറിത്തുടങ്ങി. വിഷ്ണു എന്നാണ് മൂത്ത മകന്‌ ഞങ്ങൾ പേരിട്ടത്. അവൻ ഉമയുടെ വീട്ടുകാരെ കുപ്പിയിലാക്കിയെന്നുതന്നെ പറയാം’’ -പി.ടി. പറഞ്ഞതിന്റെ ബാക്കി പറഞ്ഞത് ഉമയായിരുന്നു. ‘‘പി.ടി.യാണ് വിഷ്ണു എന്ന പേരിട്ടത്. അശ്വിൻ എന്നായിരുന്നു ഞാൻ മനസ്സിൽക്കണ്ട പേര്. പിന്നീട്‌ രണ്ടാമത്തെ മകന്‌ ആ പേരിടാമെന്നുകരുതിയെങ്കിലും വിഷ്ണുവിന്റെ ഇഷ്ടപ്രകാരം രണ്ടാമത്തെയാൾക്ക്‌ വിവേക് എന്നാണ്‌ പേരിട്ടത്. കുടുംബമായതോടെ എന്റെ വീട്ടുകാരുടെ എതിർപ്പ്‌ പൂർണമായി ഇല്ലാതായി. ഇപ്പോൾ അവിടെയുള്ളവർ എന്നെക്കാളേറെ പി.ടി.യെ സ്നേഹിക്കുന്നുണ്ട്.’’ ഉമ പറഞ്ഞതുകേട്ട് പി.ടി. പുഞ്ചിരിച്ചു’’.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram