അംബികയും ഉസ്മാനും
40വർഷം മുമ്പുള്ള ആ ദിനം ഫെബ്രുവരി 14 ആയത് യാദൃച്ഛികമാണെന്നാണ് തൃശ്ശൂർ ഡി.സി.സി. ഓഫീസിൽ 33 വർഷമായി സെക്രട്ടറിയായി തുടരുന്ന ഉസ്മാൻ ഖാൻ വിശ്വസിക്കുന്നത്. ഭാര്യ അംബികയും അതു സമ്മതിക്കുന്നു.
ആ ദിവസം പൂങ്കുന്നത്തെ ഉസ്മാന്റെ വീട്ടിൽ സംഭവിച്ചത് ഇതാണ്. പൂങ്കുന്നത്ത് ഒമ്പതു മക്കളും ബാപ്പയും ഉമ്മയും പിന്നെ ദാരിദ്ര്യവും നിറഞ്ഞ വീട്ടിൽ കാമുകി അംബികയെ സ്വപ്നംകണ്ട് പകൽമയക്കത്തിലായിരുന്നു ഉസ്മാൻ. വൈകാതെ ഉമ്മ നൂർബീവി മുറിയിലേക്ക് പാഞ്ഞെത്തി ഉസ്മാന്റെ മുഖത്ത് ആഞ്ഞടിച്ചു. പിന്നാലെയെത്തിയ ബാപ്പ സി. ഹസൻഖാന്റെ വകയായിരുന്നു അടുത്ത അടി. മൂന്നാമത്തെ അടി മൂത്ത സഹോദരന്റെ വകയും. അന്യമതത്തിൽപ്പെട്ട പെൺകുട്ടിയെ പ്രേമിക്കുന്നതിനുള്ള ശിക്ഷ മാത്രമായിരുന്നില്ല അത്. നല്ല തറവാട്ടിൽപ്പെട്ട, കോൺഗ്രസുകാർ ബഹുമാനിക്കുന്ന, കുടുംബത്തിലെ പെൺകുട്ടിയെ മനസ്സുകൊണ്ടുപോലും ആഗ്രഹിക്കരുതെന്ന് വിശ്വസിച്ചിരുന്ന കുടുംബത്തിന്റെ പ്രതികരണമായിരുന്നു ഇത്.
അതേസമയം, എട്ടു കിലോമീറ്റർ അകലെ നടത്തറയിലെ പ്രശസ്തമായ ഞാറയ്ക്കാട്ടെ രാമൻ മേനോന്റെ തറവാട്ടിൽ നടന്നത് ഇതാണ്. അതിസമ്പന്ന കുടുംബത്തിലെ ഏക മകളായ അംബിക ഇസ്‌ലാം വിശ്വാസിയായ ഉസ്മാനുമായി പ്രണയത്തിലാണെന്നറിഞ്ഞ് അമ്മ മഠത്തിൽപ്പറമ്പിൽ ദേവകിയമ്മ അവളെ മുറിയിൽ പൂട്ടിയിട്ടു. കലാകാരനും കടുത്ത ഈശ്വരവിശ്വാസിയും ശബരിമല സംഘത്തിന്റെ പെരിയസ്വാമിയുമായ അച്ഛൻ രാമൻ മേനോൻ ഉസ്മാന്റെ വീട്ടിലേക്ക് ദൂതനെ വിട്ടു. പ്രേമത്തിൽനിന്ന് പിന്മാറണം. അതിന് പണമുൾപ്പെടെ എന്തും നൽകാൻ തയ്യാറായിരുന്നു.
ജാതിയും മതവും വീട്ടുപേരും ഇല്ലാത്ത നടത്തറയിലെ വീട്ടിലിരുന്ന് 40 വർഷം മുമ്പുനടന്ന ‘പ്രണയകോലാഹലങ്ങൾ’ ഓർത്തെടുക്കുകയാണ് അറുപത്തിയാറുകാരനായ ഉസ്മാൻ ഖാനും ഭാര്യ അമ്പത്തൊമ്പതുകാരി അംബികയും. കല്യാണത്തിന് വീട്ടിൽനിന്നും നാട്ടിൽനിന്നും ലോകം മുഴുവനുംനിന്നും എതിർപ്പുണ്ടായായും ഇവർക്ക് പ്രശ്നമില്ലായിരുന്നു. കാരണം, പ്രേമം നാട്ടിലറിയുംമുന്നേ 1980-ൽ ഇവർ രഹസ്യമായി വിവാഹം രജിസ്റ്റർചെയ്തിരുന്നു. ഏറെ കോലാഹലങ്ങൾക്കു ശേഷം ഔദ്യോഗികമായി വിവാഹം നടന്നത് 1983 മേയ് 29-ന്. തൃശ്ശൂർ ടൗൺഹാളിലായിരുന്നു അക്കാലത്ത് അപൂർവമായിരുന്ന മതേതര വിവാഹം.

കെ.എസ്.യു. പ്രവർത്തനമാണ് ഇരുവരെയും പ്രണയത്തിലേക്ക് നയിച്ചത്. 1980-ൽ കെ.എസ്.യു. ജില്ലാ പ്രസിഡന്റായിരുന്നു ഉസ്മാൻ. അംബിക വൈസ് പ്രസിഡന്റും. 1979-ൽ തൃശ്ശൂരിൽ സംസ്ഥാന മഹിളാ കോൺഗ്രസ് സമ്മേളനം നടന്നു. സംഘാടകരിൽ അംബികയുമുണ്ട്. ഇന്ദിരാഗാന്ധിയായിരുന്നു ഉദ്ഘാടനം. സമ്മേളനത്തിൽ ഭക്ഷണവിതരണച്ചുമതല ഉസ്മാനായിരുന്നു. ഭക്ഷണ വിതരണത്തിനിടെ ഉസ്മാൻ ആരെയോ തിരയുന്നതു കണ്ട് അംബിക ചോദിച്ചു: ‘‘ആരെയാ തിരയുന്നത്’’. ‘‘ഒരു ജീവിത പങ്കാളിയെ തിരയുകയാ’’ എന്നായിരുന്നു മറുപടി. ആളെ കണ്ടെത്തിയാൽ കാണിച്ചുതരുമോ എന്നായി അംബിക. അത് താനാണെങ്കിൽ ഞാൻ എങ്ങനെ കാണിച്ചു തരുമെന്നായി ഉസ്മാൻ. പ്രണയം അവിടെ തുടങ്ങി, പ്രശ്നങ്ങളും.
മകളുടെ വാശിക്ക് വഴങ്ങി ഞാറയ്ക്കാട്ടെ രാമൻ മേനോൻ ഉസ്മാന്റെ വീട്ടിലെത്തി കല്യാണക്കാര്യം ചർച്ചചെയ്തു.
ഇരുവീട്ടുകാരും സമ്മതിച്ചതോടെ പണം പ്രശ്നമായി. വീട്ടുകാരറിയാതെ അംബിക മാല ഊരി ഉസ്മാന് നൽകി. അതേപോലെ തോന്നിക്കുന്ന മുക്കുപണ്ടം നിർമിച്ച് ഉസ്മാൻ അംബികയ്ക്ക് നൽകി. മാലവിറ്റ പണംകൊണ്ട് വീട്ടിൽ എല്ലാവർക്കും പുതിയ കല്യാണവസ്ത്രം വാങ്ങിനൽകി ഉസ്മാൻ. അതോടെ പകുതിപിണക്കം മാറി. കല്യാണച്ചെക്കനും പെണ്ണിനും രാമനിലയത്തിൽ ഉച്ചയൂണ് കെ. കരുണാകരന്റെ വകയായിരുന്നു.
കല്യാണം കഴിഞ്ഞ് ഒരുമാസമായപ്പോഴേക്കും വാടകവീട്ടിൽ പട്ടിണി തുടങ്ങി. അപ്പോഴാണ് പിണക്കം മാറി അംബികയുടെ അച്ഛൻ മകളെത്തേടി എത്തിയത്. ഞാൻ ക്ഷണിച്ചാൽ നീ എന്റെ വീട്ടിലേക്ക് വരുമോ എന്ന് അംബികയുടെ അച്ഛൻ ഉസ്മാനോട് ചോദിച്ചു. എപ്പോ എത്തിയെന്ന് ചോദിച്ചാ മതിയെന്നായി ഉസ്മാൻ. അത്ര പ്രതിസന്ധിയായിരുന്നു അന്ന്.
അംബിക ഇപ്പോഴും കടുത്ത ഈശ്വരവിശ്വാസിയായി തുടരുന്നു. വർഷംതോറും അയ്യപ്പൻവിളക്ക് നടത്താറുണ്ട് ഉസ്മാൻ വീട്ടിൽ. ഖാദിയിൽ ജീവനക്കാരനായ അമൽ, കലാമണ്ഡലത്തിൽനിന്ന് കുച്ചിപ്പുഡിയിൽ റാങ്ക് നേടിയ അഞ്ജു രഞ്ജിത്, സഹകരണ ബാങ്ക് ജീവനക്കാരനായ അമർ എന്നിവരാണ് മക്കൾ. നാല് പേരക്കുട്ടികളുമുണ്ട്. ഈ വാലന്റൈൻ ദിനത്തിൽ അംബിക മക്കളുമൊത്ത് കുമരകത്തേക്ക് വിനോദയാത്രയാണ്. ഉസ്മാൻ പോകുന്നില്ല. പാർട്ടിയും പാർട്ടി ഓഫീസും വിട്ട് ഉസ്മാന് വേറെ ചിന്തയില്ല.