പ്രതീകാത്മക ചിത്രം
പിജി പഠനകാലത്താണ് നമ്മുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയത്. നിന്നോടൊപ്പമുള്ള ഓരോ നിമിഷവും ഓരോ പനിനീര്‍ പുഷ്പം പോലെയായിരുന്നു. നിന്റെ ഓരോ ചിരിയും എന്റെ ചുണ്ടിലും തിളങ്ങാന്‍ തുടങ്ങി. രാത്രികള്‍ പകലുകളായി തോന്നി. പഠനം പൂര്‍ത്തിയായി രണ്ട് പേരും രണ്ട് നഗരങ്ങളിലായി. അതൊന്നും പ്രണയത്തെ ബാധിച്ചില്ല.
പെട്ടെന്നായിരുന്നു ഇടിമിന്നല്‍ പോലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അവസാനമായി നിന്നെ കണ്ട ദിവസം ഇനി അടുത്ത മാസം കാണാമെന്ന പ്രതീക്ഷയായിരുന്നു മനസ് മുഴുവന്‍. എന്നാല്‍ പിന്നീട നമ്മള്‍ കണ്ടില്ല. ക്വാറന്റൈന്‍ കാലത്തെ ഒറ്റപ്പെടലില്‍ പോലും നിന്റെ ശബ്ദം ഞാന്‍ കേട്ടില്ല. പിഎച്ച്ഡി പഠനത്തിനായുള്ള തിരക്ക് കാരണമാവാം ഒരുപക്ഷേ വിളിക്കാത്തത് എന്ന് മനസിനെ സമാധാനിപ്പിച്ചു.
പിജി പഠന സമയത്ത് നിന്നെ ഞാന്‍ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്. അതിന് കാരണവുമുണ്ട്, ജൂനിയര്‍ പെണ്‍കുട്ടിയുമായുള്ള അമിത സാഹൃദം എന്നെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതേ പെണ്‍കുട്ടിയുമായി നീ പ്രണയത്തിലാണെന്ന് ഞാന്‍ അറിയുവാന്‍ ഈ ലോക്ക്ഡൗണ്‍ വേണ്ടി വന്നു. ഈ ഭൂമി രണ്ടായി പിളര്‍ന്നു പോയ നിമിഷമായിരുന്നു അത്. എനിക്ക് ജീവിതത്തിന്റെ താളം തെറ്റിയ ദിവസം. തുറന്നു പറച്ചിലുകള്‍ക്ക് എത്രയോ വേദികള്‍ ഉണ്ടായിരുന്നിട്ടും നീ നാടകീയമായി സംവിധാനം ചെയ്യ സിനിമയില്‍ നീ തന്നെ എന്നെ പിന്നില്‍ നിന്നു കുത്തി.
വലതു കൈയില്‍ എന്റെ കൈ ചേര്‍ത്ത് പിടിച്ചപ്പോള്‍ ഇടത് കൈയില്‍ അവളുമുണ്ടായിരുന്നത്രേ..! പ്രണയത്തിന്റെ പേരില്‍ നീ എനിക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനമായിരുന്നോ ഇത്. ഈ കൊറോണ കാലത്ത് നീയെന്ന വൈറസ് ബാധിച്ച് ഞാനും ക്വാറന്റൈനിലായി. നാളുകള്‍ വേണ്ടി വന്നു ആ വൈറസ് ബാധയില്‍ നിന്നും ഞാന്‍ മോചിതയാവാന്‍. എന്റെ വിശ്വാസത്തെ ചൂഷണം ചെയ്ത് നീ നേടിയ പുതിയ പ്രണയം. എനിക്ക് തിരിച്ചറിവ് നേടി തന്ന എന്റെ പ്രണയം..