പ്രതീകാത്മക ചിത്രം
'മാഷേ ഹാപ്പി വാലന്റൈന്‍സ് ഡേ'..!
ഫോണില്‍ സേവുചെയ്യാത്ത നമ്പറില്‍ നിന്ന് വന്ന ആശംസ ഇങ്ങനെ ആയിരുന്നു
ട്രൂകോളറില്‍ പരതിയപ്പോള്‍ ആളെ പിടികിട്ടി..
ഈശ്വരാ ഇവള്‍ക്ക് എങ്ങിനെ എന്റെ ഫോണ്‍നമ്പര്‍ കിട്ടി..!
'മാഷേ എന്നെ ഓര്‍ക്കുന്നുണ്ടോ '
ഒരു നീണ്ട ചാറ്റിന് ഒരുങ്ങി തന്നെയാണ് അവള്‍ വാട്ട്‌സാപ്പിന്റെ അങ്ങേ തലക്കല്‍ നില്‍ക്കുന്നത്. ചുരുങ്ങിയ വാക്കുകള്‍ കൊണ്ടൊരു മറുപടി അയച്ചുകൊടുത്തു.
'ഈ നല്ല ദിനത്തിന്റെ മംഗളാശംസകള്‍ ടീച്ചര്‍ക്കും നേരുന്നു'
അങ്ങേ തലക്കല്‍ നിന്ന് ഉടനടി മറുപടി കിട്ടി. ഒരു ചുവന്ന ലൗ ചിഹ്നം, കൂടെ ടൈപ്പിങ്ങ് ആരംഭിച്ചിട്ടുണ്ട് എന്ന സൂചനയും....
കഴിഞ്ഞ ഓണാവധിക്ക് വീട്ടിലെത്തിയപ്പോഴാണ് ഒരു സിബിഎസ്ഇ സ്‌കൂളില്‍ പൂക്കള മത്സരത്തിന്റെ ജഡ്ജ്‌മെന്റിന് ചെല്ലാമോ എന്നു ചോദിച്ചു കൊണ്ട് പഴയൊരു സുഹൃത്തിന്റെ ഫോണ്‍ കോള്‍ വന്നത്. പറ്റില്ല എന്ന് അറുത്തുമുറിച്ചു പറയുന്നതിന് മുമ്പ് അവന്‍ ഒരോഫര്‍ കൂടി വച്ചു. സ്‌കൂളിനോട് ചേര്‍ന്നുള്ള ചാപ്പലിലെ കുറച്ചു രൂപങ്ങള്‍ കൂടി പെയ്ന്റ് ചെയ്തു കൊടുക്കണം, അതുകൂടി ഓര്‍ത്തീട്ട് വേണം മറുപടി പറയാന്‍. തുട്ട് കിട്ടുന്ന കേസാണ്, ഒന്നും നോക്കിയില്ല നാളെ എത്താം എന്നു പറഞ്ഞ് ഫോണ്‍ വച്ചു.
പിറ്റേന്ന് രാവിലെ ഭാര്യ ഒരു മതില്‍ കണക്കേ മുന്നില്‍ വന്ന്‌നിന്ന് എന്നോട്‌ചോദിച്ചു 'ദേ മനുഷ്യ നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്
'ഒരു ചാപ്പലിലെ കുറച്ചു രൂപങ്ങള്‍ പെയ്ന്റ് ചെയ്യാനുണ്ട് അതൊന്ന് പോയ്‌നോക്കണം'
'പിന്നെ പൂക്കള മസരത്തിന് മാര്‍ക്കിടാന്‍ പോവല്ലേ, ഇന്നലെ ഫോണില്‍ പറയുന്നത് ഞാന്‍ കേട്ടിരുന്നു'
ഇന്നേ ദിവസത്തെ ഒരു ഫാമിലി ട്രിപ്പ് നഷ്ടപ്പെട്ടതിന്റെ നിരാശയുണ്ട് അവളുടെ മുഖത്ത്.
സ്ത്രീകളുടെ കേള്‍വി ശക്തി പുനക്രമീകരിക്കമെന്ന ഒരു സങ്കട ഹര്‍ജ്ജി ആ നിമിഷം തന്നെ ദൈവ സമക്ഷം സമര്‍പ്പിച്ച് യാത്ര തുടങ്ങി.
ദാരിദ്ര്യം എന്ന വ്രത വാഗ്ദാനം മറന്നു പോയ ഒരു സിസ്റ്ററുടെ മുന്‍പില്‍ ഞാന്‍ ഇരിക്കുമ്പോള്‍ പുറകിലൂടെ നടന്നു വന്ന് ഒരു ടീച്ചര്‍ മേശയില്‍ നിന്ന് ഒരു ഫയലെടുത്ത് പുറത്തേക്ക് നടന്നു. ദാ... ആ മിസ്സിനൊപ്പം പോയ്‌കൊളളൂ നിങ്ങള്‍ രണ്ടു പേരും ആണ് ഇന്നത്തെ വിധികര്‍ത്താക്കള്‍.
'പൂക്കളങ്ങള്‍ ഒത്തിരിയുണ്ടോ '
റൂമിന്റെ വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ നേരം ഞാന്‍ ആ ടീച്ചറിനോടായ് ചോദിച്ചു. എന്റെ ചോദ്യം കേള്‍ക്കാത്ത ഭാവത്തില്‍ അവള്‍ പുറത്തേക്കിറങ്ങി നടന്നു, പുറകിലൂടെ ഞാനും. മുകളിലേക്കുള്ള സ്‌റ്റെപ്പ് കയറുന്നത് തൊട്ടുമുമ്പ് ക്ഷമാപണം കണക്കേ അവള്‍എന്നോട് പറഞ്ഞു. 'പ്രിന്‍സിപ്പാളിന്റെ റൂമില്‍ വച്ച് മലയാളത്തില്‍ സംസാരിക്കരുതെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട് അതുകൊണ്ടാണ് ഞാന്‍ ഒന്നും മിണ്ടാതിരുന്നത് '
'മാഷേ, നിങ്ങള്‍ എന്നെ ഓര്‍ക്കുന്നുണ്ടോ' എന്റെ കണ്ണുകളിലേക്ക് നോക്കിയാണ് അവള്‍ ആ ചോദ്യം ചോദിച്ചത്
'ഇല്ല'
''ഒന്നു കൂടി ഓര്‍ത്തു നോക്കിക്കേ,
ഒരു പത്തുവര്‍ഷം മുമ്പ്, നിങ്ങള്‍ എന്റെ വീട്ടില്‍ വന്നിരുന്നു, ഒരു ചായ കുടിക്കാന്‍'
'ആര് ഞാനോ? '
അതേ മാഷേ നിങ്ങള്‍ എന്നെ പെണ്ണുകാണാന്‍ വന്നീടുണ്ട് '
ഒറ്റ നിമിഷം കൊണ്ട് പെണ്ണുകാണാന്‍ പോയ മുപ്പതോളം പേരെ മനസ്സില്‍ ഓര്‍ത്തെടുത്തു, ഈ ടീച്ചറിന്റെ മുഖം മാത്രം തെളിഞ്ഞു വരുന്നില്ല.
'മാഷേ നടക്ക്'എന്നു പറഞ്ഞ് നീണ്ട പടിക്കെട്ടുകള്‍ ഒരു കുട്ടിയേ പോലെ അവള്‍ ഓടി കയറി.
ഒരു വരാന്തയുടെ അങ്ങേ അറ്റം വരെ നീണ്ടു കിടക്കുന്ന പൂക്കളങ്ങള്‍. ആദ്യ കളം തുടങ്ങുനിടത്തായ് അവള്‍ നില്‍പുണ്ട് , ക്ലാസ്സ് ടീച്ചറോട് എന്തോ സ്വകാര്യം പറഞ്ഞ് ചിരിച്ചു കൊണ്ട്. ആ ക്ലാസ്സ് ടീച്ചറുടെ മുഖത്തെ ചിരി കണ്ടപ്പോള്‍ തന്നെ എനിക്ക് കാര്യം പിടികിട്ടി, പെണ്ണുകാണല്‍ കഥ അവള്‍ ആ ടീച്ചറോട് പറഞ്ഞു കഴിഞ്ഞു.
'ഇവിടെ മുതലാണ് UP സെക്ഷന്‍ ആരംഭിക്കുന്നത്, ഫയലിലെ ആദ്യ പേജിലെ ക്രമനമ്പര്‍ പ്രകാരം മാര്‍ക്കിടാം, ടോട്ടല്‍ പത്തില്‍ '
പതുക്കെ സ്വകാര്യം കണക്കേ പറഞ്ഞ് എന്റെ പുറകിലേക്ക് അവള്‍ ഒതുങ്ങി നിന്നു. മാര്‍ക്ക് രേഖപ്പെടുത്താന്‍ ഫയല്‍ തുറക്കാന്‍ നേരമാണ് ജനലിലെ ചില്ലില്‍ അവളുടെ പ്രതിബിമ്പം ഞാന്‍ കണ്ടത്, എന്നോട് വളരെ ചേര്‍ന്ന് നിന്ന് ഞങ്ങള്‍ തമ്മില്‍ ചേര്‍ച്ചയുണ്ടോ എന്നവള്‍ ആ ക്ലാസ്സ് ടീച്ചറോട് ചോദിക്കുന്നുണ്ടായിരുന്നു.
കണ്ണുകള്‍ കൊണ്ട് അശയവിനിമയം നടത്താനുള്ള അവളുടെ കഴിവ് അപാരം തന്നെ ' ഫയലില്‍ മാര്‍ക്കെഴുതാന്‍ നേരം കൈ ഒന്ന് വിറച്ചതു പോലും അവള്‍ കാണരുതേ എന്നാശിച്ചു.
അടുത്ത പൂക്കളത്തിനടുത്തേക്ക് നടക്കുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു ടെന്‍ഷന്‍. ഈ പാമ്പും കോണിയും കളി തീര്‍ത്തീട്ടു തന്നെ കാര്യം.
'സത്യത്തില്‍ ഞാന്‍ നിന്നെ പെണ്ണുകാണാന്‍ വന്നിട്ടുണ്ടോ, എന്റെ ഓര്‍മ്മയില്‍ ഇങ്ങിനൊരാള്‍ ഇല്ല അതുകൊണ്ടാണ് '
'അതു കൊള്ളാലോ മാഷേ, പത്ത് കൊല്ലം മുമ്പ് നിങ്ങള്‍ക്കൊരു സ്‌പ്ലെന്‍ഡര്‍ ഉണ്ടായിരുന്നില്ലേ? അതിലാണ് നിങ്ങള്‍ അന്ന് വന്നത്,
അന്നും ഇന്നും നിങ്ങള്‍ ജോലി ചെയ്യുന്നത് ഒരേ സ്ഥാപനത്തില്‍ തന്നെയാണ്, ശരിയല്ലേ '
'അതെ''
കാര്യങ്ങള്‍ തെളിവു സഹിതമാണ് അവള്‍ പറയുന്നത്.
'പെണ്ണുകാണല്‍ നാടകത്തിന്റെ ആദ്യ രംഗം ഞാന്‍ അഭിനയിച്ചു തീര്‍ത്തത് നിങ്ങളോടൊപ്പം ആണ് മാഷേ..
നിങ്ങള്‍ ആണുങ്ങള്‍ അതൊക്കെ മറന്നാലും ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് ആദ്യത്തെ പെണ്ണുകാട്ടാല്‍ ചടങ്ങ് മരിച്ചാലും മറക്കാന്‍ പറ്റില്ലന്നേ, അതങ്ങനെയാണ്. രാവിലെ ഉണരുമ്പോള്‍ മുതല്‍ ചെക്കന്മാര്‍ വന്ന് പോകുന്നതുവരെയുള്ള ആ ടെന്‍ഷനുണ്ടല്ലോ ! ദാ ഇപ്പോള്‍ നിങ്ങള്‍ അനുഭവിക്കുന്നതിന്റെ ഇരട്ടി ഉണ്ടാകും'
'എനിക്ക് ടെന്‍ഷനോ'
' ഉരുണ്ടു കളിക്കണ്ട, മാര്‍ക്കിടാന്‍ നേരം കൈവിറച്ചത് ഞാന്‍ കണ്ടിരുന്നു മാഷേ '
'ഈ മാഷേ വിളി ഒന്ന് നിറുത്താമോ, ഭയങ്കര ബോറാണത്'
'ചേട്ടാന്ന് വിളിക്കാനായിരുന്നു ആഗ്രഹം പക്ഷെ നിങ്ങളന്നെ കെട്ടിയില്ലല്ലോ, ദേ വര്‍ത്തമാനം പറഞ്ഞു നിന്നാല്‍ സമയം പോകും വാ അടുത്ത പൂക്കളത്തിലേക്ക് പോകാം '
കളിച്ചും ചിരിച്ചും ചില അധ്യാപകരോട് സൗഹൃദം പുതുക്കിയും, വേറെ ചിലരെ കടക്കണ്ണെറിഞ്ഞും പൂക്കളങ്ങളില്‍ നിന്നു പൂക്കളങ്ങളിലേക്ക് ഒരു ചിത്രശലഭം കണ്ടക്കേ അവള്‍ പാറി നടന്നു, തൊട്ടുപുറകെ പുതു മണവാട്ടി കണക്കെ ഞാനും
'ദേ മാഷേ, ജഡ്ജ്‌മെന്റ് കൃത്യമായിരിക്കണം, ഞാനിതൊന്നും ശ്രദ്ധിക്കുന്നില്ല ട്ടോ '
'അതെന്താ ശ്രദ്ധിക്കാത്തത് '
' അതിലും വലിയ ജോലിയാണ് ഞാനിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് '
'ദാ ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ ഈ സാരി എല്ലാവര്‍ക്കും കാണിച്ചു കൊടുക്കണം, കൂട്ടത്തില്‍ നിങ്ങളെയും, പിന്നെ നമ്മള്‍ രണ്ടു പേരും ചേര്‍ന്നുള്ള ഒരു സെല്‍ഫി'
എന്നെയും ചേര്‍ത്ത് അവളൊരു സെല്‍ഫി എടുത്തു
' ഇതെന്തിനാ ടീച്ചറെ '
' മാഷെന്നെ വേണ്ടാന്ന് വച്ചപ്പോള്‍, വേറൊരുത്തന്‍ വന്ന് എന്നെ കെട്ടിയിരുന്നു. ആ ഗഡിക്ക് ഇപ്പോള്‍ എന്നെ വേണ്ട പോലും, കേസ് കോടതിയിലാണ്..!
,ഇത് എഫ്ബിയില്‍ ഇട്ടാല്‍ അവനെന്തായാലും കാണും. '
അവള്‍ വീണ്ടും എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു, ഇമവെട്ടാതെ. 'ദാ ഇപ്പോള്‍ മാഷ്‌ക്ക് സന്തോഷമായിലേ, ആയിട്ടുണ്ടാവും, ഒരു പക്ഷെ എന്നെ വേണ്ടാന്ന് വച്ചത് നല്ലതിനാണെന്ന് ഇപ്പോ തോന്നുന്നില്ലേ.
ഉവ്വ് മാഷേ നിങ്ങളുടെ മുഖത്തെ ഈ ചിരി കണ്ടാല്‍ അറിയാം '
'അല്ല മാഷേ , നിങ്ങള്‍ എന്നെ പെണ്ണുകാണാന്‍ വന്നിട്ട്എന്നെ വേണ്ടാന് വച്ചത് എന്തുകൊണ്ടാ?'
മറുപടിക്ക് കാത്തുനില്‍ക്കാതെ പടികെട്ടുകള്‍ ഇറങ്ങി തുടങ്ങി. ചാപ്പലിനു മുന്‍പില്‍ അവള്‍ നിന്നു.
'അതിപ്പോള്‍ അന്ന് രണ്ട് പെണ്ണുകാണല്‍ ഉണ്ടായിരുന്നു, അതില്‍ നീ ആദ്യത്തെതായിരുന്നു. രണ്ടാമത് കണ്ടയാളെ ഞാന്‍ കെട്ടി '
അവള്‍ ഉറക്കെചിരിച്ചു, ചാപ്പലിലെ ഉള്ളില്‍ നിന്ന് പ്രതിധ്വനികള്‍ മുഴങ്ങി...
വീണ്ടും അവളുടെ വാട്ട്‌സാപ്പ് മെസേജ് എത്തി..
'മാഷേ ഇന്നലെ ആയിരുന്നു ആ ദിവസ, ഞാന്‍ വീണ്ടും സിംഗിള്‍ ആയി വേണമെങ്കില്‍ ഒരിക്കല്‍ കൂടി മാസ്‌കും വച്ച് വന്ന് എന്നെ പെണ്ണുകാണാന്‍ വരാട്ടോ, ഹാപ്പി വാലന്റൈന്‍സ് ഡേ! ...