പ്രതീകാത്മക ചിത്രം.. Image Credit|Getty Images
( 2020 പ്രണയദിനത്തോടനുബന്ധിച്ച് നടത്തിയ അനുഭവക്കുറിപ്പ് മത്സരത്തില്‍ സമ്മാനം നേടിയ കുറിപ്പ്)
'പ്രണയിക്കുകയാണെങ്കില്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞവനെ പ്രണയിക്കണം, അവന്റെ പ്രണയമാണ് പ്രണയം. മരണത്താലും തീരാത്ത പ്രണയം. ഓര്‍മ്മകളുടെ ഇളംതെന്നലും ചുഴലിയും കൊടുങ്കാറ്റുമായങ്ങനെ വേഷപ്പകര്‍ച്ച നടത്തി അടങ്ങാത്ത ആവേശമായി, ഉച്ഛ്വാസ-നിശ്വാസങ്ങളായി അതങ്ങനെ ഒഴുകിപ്പരക്കും...'
'അതാ, അബൂബക്കര്‍ സിദ്ദീഖ്..'ഗുരുവായൂര്‍ അമ്പലനടക്കലെ ഏകാദശി തിരക്കിനിടയില്‍ ആള്‍ക്കൂട്ടത്തിലേക്ക് നടന്നുമറയുന്ന ഒരാളെ ചൂണ്ടിക്കാട്ടി ഉപ്പ പറഞ്ഞു.
'ആര്?' മനസ്സിലാവായ്മ മുഖത്തു നിറച്ച് ഞാന്‍ ചോദിച്ചു. ജനിച്ചു വളര്‍ന്ന മണ്ണാണ്. ഓടിനടന്ന നാട്. കാലം നാടിനെ ഒത്തിരി മാറ്റിമറിച്ചു എന്നത് നേര്. പക്ഷേ, എന്റെ ഓര്‍മ്മയില്‍ എവിടെയും വെള്ളമുണ്ടും ഫുള്‍ക്കൈയുള്ള വെള്ള ഷര്‍ട്ടും നരകയറിയ മുടിയുടെ മുക്കാലും മറച്ച വെള്ളത്തൊപ്പിയും ധരിച്ച് ഇത്രയും ഉയരമുള്ള ഒരൊത്ത അബൂബക്കര്‍ സിദ്ദിഖ് ഇല്ല. ആ ഇല്ലായ്മ എന്നെ അനല്‍പമായ ദേഷ്യത്തില്‍ എത്തിക്കുക തന്നെ ചെയ്തു. കാരണം ഒരാളെ അയാളുടെ പേര് പറഞ്ഞു എന്നെ വിളിച്ചു ചൂണ്ടിക്കാട്ടണമെങ്കില്‍ അത് ഞാന്‍ അറിയുന്ന ആരോ ആവണം എന്നുറപ്പ്.
ഭൂമിയുടെ വില കൂടുതല്‍ കാരണം എത്രയെത്ര നാട്ടുകാരും കൂട്ടുകാരുമാണ് എനിക്ക് നഷ്ടപ്പെട്ടു പോയത്. വലിയ വിലക്ക് പഴയ കുഞ്ഞന്‍ വീടും പറമ്പും വിറ്റ്, കിട്ടിയ കാശിനു അല്‍പം ദൂരങ്ങളില്‍ വില കുറഞ്ഞ ഭൂമി തേടിപ്പോയവര്‍.. അവര്‍ അവിടെ പുതിയ, വലിയ വീടുകള്‍ വെച്ച് സന്തോഷമായി കഴിയുന്നുണ്ടാവും. അവരൊക്കെ നമ്മെ ഓര്‍ക്കുന്നുണ്ടാകുമോ ആവോ? ഓര്‍ക്കാതെങ്ങിനെ? അവരുടെയും വേരുകള്‍ ഇതേ മണ്ണിലാണല്ലോ. അതോ മണ്ണിനൊപ്പം വേരുകളും വിറ്റ് കാണുമോ അവര്‍? എങ്കില്‍ അവര്‍ പിന്നെ നമ്മളെ ഓര്‍ക്കില്ല, ഈ നാടിനെ ഓര്‍ക്കില്ല... പിന്നെ എന്തിനാണ് അവരെ ഓര്‍ത്ത് ഞാനിങ്ങനെ ഇടക്കെങ്കിലും നോവുന്നത്?
'എങ്ങനെ അറിയാനാ... ഇക്കണ്ട ആള്‍ക്കാരെ എടേലും ഒരു അന്തോം ബോധോം ഇല്ലാണ്ട് നിക്കല്ലേ? എന്തൂട്ടാ മോളേ ഇയ്യീ നോക്കിനിക്കണത്?'
ഉപ്പയാണ്. ഇനിയിപ്പോള്‍ എത്ര നേരം വഴക്ക് കേള്‍ക്കണോ ആവോ...
'അതല്ലാ, ഈ അബൂബക്കര്‍ സിദ്ദീഖ് ന്ന് പറഞ്ഞാപ്പോ ഇവ്‌ടെ ആരാ? അങ്ങനൊരാളെ ഞാനീ ഗുരുവായൂര് കേട്ടട്ടും കൂടില്ല. അപ്പളാണ്...'
'യ്യി കേട്ടട്ടില്ലാന്നാ? ഇതാ ഞാമ്പറഞ്ഞേ സ്വപ്‌നോം കണ്ട് നിന്നോന്ന്. അവന്‌പ്പോ ന്നോട് സലാം പറേണത് യ്യി കണ്ടാ? ഞാനപ്പോ അന്നെ കൊറേ നോക്കി, ഒന്ന് കാണിച്ചരാച്ചട്ട്, അപ്പ അന്നെ കണ്ടില്ല. അവനങ്ങണ്ട് കടന്നപ്പളാണ് യ്യിവടെ നിക്കണൈ കണ്ടത്...' പടച്ചോനേ വീണ്ടും പരീക്ഷണം. ഇതാരാണ് ഈ അബൂബക്കര്‍ സിദ്ദീഖ്?
'ഐ... ദാരപ്പോ ഈ അബൂബക്കര്‍ സിദ്ദീഖ്? ങ്ങള് അത് പറേണ് ണ്ടാ...' എനിക്ക് ശരിക്കും ദേഷ്യം വന്നു.
'അനക്ക് പാത്തുമ്മാനെ അറീല്ലേ? പാത്തുമ്മാടെ മാപ്ല... ചായപ്പീട്യ നടത്ത്യേര്‍ന്ന...'
'പടച്ചോനേ... കോരപ്പനോ....' എന്റെ ശബ്ദം ചുറ്റിലും -ശരണം വിളിച്ചും വിളിക്കാതെയും- അമ്പലനട മുഴുവന്‍ തിങ്ങിനിറഞ്ഞ, സ്വാമിമാരില്‍പ്പെട്ട പലരുടേയും ശ്രദ്ധയെ ഏതാനും നിമിഷത്തേക്ക് എന്നിലേക്ക് ആകര്‍ഷിച്ചു. ഓം നമോ നാരായണ: എന്ന തിളങ്ങുന്ന ബോര്‍ഡിനു താഴെ മക്കനയിട്ട കുറെ പെണ്ണുങ്ങളും കുട്ടികളും അവരെ ആരെയും അസ്വസ്ഥരാക്കിയില്ല എങ്കിലും ഒരു മതാതീത പ്രണയത്തിന്റെ പങ്കാളിയാണ് ആ നടന്നു പോയത് എന്നറിഞ്ഞാല്‍ അവര്‍ എങ്ങനെ പ്രതികരിക്കുമായിരുന്നോ ആവോ? അപ്പോള്‍ അതൊന്നും ചിന്തിച്ചില്ല എന്ന് മാത്രമല്ല ഓടിപ്പോയി കോരപ്പനെ ഒന്നു പിടിച്ചു നിര്‍ത്തി സംസാരിച്ചാലോ എന്ന് മാത്രം ആയിരുന്നു ചിന്ത. അപ്പോഴാണ് ഉപ്പാടെ അടുത്ത വാക്കുകള്‍ അമിട്ട് പൊട്ടിയ പോലെ ചെവിയില്‍ മുഴങ്ങിയത്.
'പാത്തുമ്മ മരിച്ചട്ടും അവന്പ്പളും അബൂബക്കര്‍ സിദ്ദീഖ് തന്നേണ് ട്ടാ... അവനൊരു മാറ്റോല്ല. പലോരും പറഞ്ഞേര്‍ന്ന പോലെ ഇട്ട് പോവേ, മാറിപ്പോവേ ഒന്നൂല്ലാണ്ടങ്ങണ്ട് കഴിഞ്ഞ് കിട്ടി... ഇനീപ്പോ ഒറ്റക്ക് എത്ര കാലാണാവോ...'
'പാത്തുമ്മ മരിച്ചാ? എന്ന്?'
'അത് കൊറച്ചായി. ഒന്നൊന്നര കൊല്ലൊക്കെ കഴിഞ്ഞീണ്ടാവും ന്നാ തോന്നണ്. ആവോ... ഇക്ക് വല്ല്യേ ഓര്‍മ്മന്നുല്ലാ...'
പക്ഷേ എനിക്ക് ഓര്‍മ്മയുണ്ട്. പാത്തുമ്മാടെ മരണമല്ല; കോരപ്പന്റെ കൂട്ടുള്ള, കോരപ്പന്‍ വാങ്ങിത്തന്ന മിഠായി മധുരമുള്ള എന്റെ കുട്ടിക്കാലം. കോരപ്പന്‍ ശരിക്കും കോരപ്പനല്ല; കോരനാണ്. വെറും കോരന്‍. തല്ലുകൂടുമ്പോള്‍ ഞാന്‍ വിളിക്കുന്ന പേരാണ് കോരപ്പന്‍... കാരപ്പന്‍... കൊരങ്ങപ്പന്‍ എന്നതൊക്കെ. കോരന്‍, കോരപ്പന്‍ എന്നൊക്കെ കേട്ടാല്‍ വയസ്സനായ ഒരാളെയാണ് ഏവര്‍ക്കും മനസ്സില്‍ കാണാനാവുക. പക്ഷേ, ഈ കോരന്‍ അസ്സല്‍ ചെറുപ്പക്കാരന്‍ ആയിരുന്നു അന്ന്. നാലഞ്ചു വയസ്സുള്ള, പഠിക്കാന്‍ പോയിത്തുടങ്ങിയ ഞാനെന്ന പീക്കിരി നാണംകുണുങ്ങിയുമായി എപ്പോഴും വഴക്കുണ്ടാക്കാന്‍ വരുന്ന, കറുകറുത്ത, കണ്‍മഷി നിറമുള്ള, ആരോഗ്യ ദൃഢഗാത്രനായ ചെറുപ്പക്കാരന്‍. കറുത്തവനെങ്കിലും കാണാന്‍ എന്തോ പ്രത്യേക അഴകുള്ള മുഖം. മുടിപിടിച്ച് വലിച്ചും ബാഗ് ഊരാന്‍ ശ്രമിച്ചും പൊട്ടത്ത്യേ, നാണിക്കുട്ട്യേ, കുഞ്ഞൈശോ, കുഞ്ഞിപ്പാത്തോ എന്നൊക്കെ വിളിച്ചും എന്നെ പ്രാന്താക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യലായിരുന്നു ആളുടെ മെയിന്‍ ജോലി.
വീടിനോ സ്‌കൂളിനോ മദ്രസക്കോ തൊട്ടടുത്തുള്ള പീടികകളായിരുന്നു ഞങ്ങളുടെ അങ്കപ്പുരകള്‍. ഇടക്കൊക്കെ പിണങ്ങുന്ന കുഞ്ഞിപ്പെണ്ണിനോട് 'ഞാന്‍ തമാശ പറഞ്ഞതല്ലേ ന്റെ കനകക്കുട്ട്യേ... നദിയാ മൊയ്‌തോ...' എന്നൊക്കെ സിനിമാനടികളുടെ പേര് ചേര്‍ത്ത് വിളിച്ച് 'അവള്‍ക്കൊരു മുട്ടായി ന്റെ വക' എന്ന് പീട്യേക്കാരോട് കല്‍പിച്ചു കോരന്‍. ഞാന്‍ വളരുന്നതിനനുസരിച്ച് വിളികളും വഴക്കിന്റെ രീതികളും മാറി മാറി വന്നു, ക്രമേണ കുശലം പറയലും പുഞ്ചിരിയും ഒരാങ്ങളക്കരുതലുമൊക്കെയായി അത് രൂപപ്പെട്ടു. പക്ഷേ, ഞാന്‍ വളര്‍ന്നിട്ടും കോരന്‍ വളര്‍ന്നില്ല. അഥവാ ആദ്യം കാണുമ്പോള്‍ ഉള്ള പ്രായത്തില്‍ നിന്നും ഒട്ടും മാറ്റം വന്നില്ല കോരന്.
ആയിടെയാണ് പാത്തുമ്മ ചായപ്പീട്യ തുടങ്ങുന്നത്. പാത്തുമ്മ ഒരു വിധവയായ ഉമ്മയാണ്. കെട്ടിച്ചവരും കെട്ടിക്കാനുള്ളവരുമൊക്കെയായി അഞ്ചാറ് പെണ്‍മക്കളുള്ള ഉമ്മ. കോരപ്പനോളമോ അതിലേറയോ പ്രായമുള്ള മക്കളുടെ ഉമ്മ. ഇല്ലായ്മ കൊണ്ടും വല്ലായ്മ കൊണ്ടും പൊറുതി മുട്ടിയാണ് പണ്ട് തന്റെ മാപ്പള ഹസ്സന്‍കുട്ട്യാക്ക പണിക്ക് നിന്നിരുന്നതും പിന്നീട് പൂട്ടിപ്പോയതുമായ ചായപ്പീട്യ വീണ്ടും തുറക്കാനും നടത്താനും അവര്‍ തീരുമാനിച്ചത്.
അങ്ങനെ ചായപ്പീട്യ തുറന്നു. പാത്തുമ്മ ചായ വീത്തി. നാട്ടുകാര്‍ ചായക്കെത്തി. വര്‍ത്താമാനങ്ങളും ചര്‍ച്ചകളും കൊണ്ട് സജീവമായി അവിടം. വല്ല്യ പ്രശ്‌നങ്ങളൊന്നുമില്ലാതെ ചായകച്ചവടവും അതിനിടെ ബാക്കി പെണ്‍കുട്ടികളുടെ കല്ല്യാണങ്ങളും ഗര്‍ഭങ്ങളും പ്രസവങ്ങളുമൊക്കെയായി കാലം മുന്നോട്ടു പോകവെ, കടവും കടത്തിന്മേല്‍ കടവും പണിയോടു പണിയും ഒക്കെയായി പാത്തുമ്മ കുഴഞ്ഞു. കുഴഞ്ഞു കുഴഞ്ഞ് പെട്ടെന്ന് വയസ്സ് ഉള്ളതിലും ഒരുപാടേറെ കൂടിപ്പോയി അവര്‍ക്ക്. ഒപ്പം ഒടുക്കത്തെ തടിയും. തടിച്ചു കൊഴുത്ത് ഒരാനക്കുട്ടിയായി പാത്തുമ്മ.
അങ്ങനെയിരിക്കെയാണ് ആ വാര്‍ത്ത വന്നത്, 'കോരന്‍ മുസ്ലീമായി...' ഉപ്പയുടെ ഫോണാണ്..
'ഓ... ആയി, അതിനെന്താണ്? ഇഷ്ടമുള്ളോര് ഇഷ്ടമുള്ളതാവട്ടെ. ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യനോ കമ്മ്യൂണിസ്റ്റോ... അല്ലാതെ ഇഷ്ടം പോലെ വേട്ടോനോ തിയ്യനോ നമ്പൂരിയോ ആവാന്‍ പറ്റില്ലല്ലോ...'എന്ന് ഞാന്‍. എന്തോ മൂഡ് ശരിയല്ലാത്ത നേരത്താണ് ഉപ്പാടെ വിളി. നമ്മുടെ ദേഷ്യം, അഥവാ കെട്ടിച്ചു വിട്ട പെമ്പിള്ളേരുടെ ദേഷ്യം അച്ഛനമ്മമ്മാരോടല്ലാതെ ആരോട് തീര്‍ക്കാനാണ്? അല്ലേല്‍ പിന്നെ സ്വന്തം മക്കള്‍ വേണം, രണ്ടു പെട അവര്‍ക്കിട്ട് പെടച്ച് അല്‍പം സമാധാനം നേടാം. കാര്യങ്ങള്‍ അങ്ങനെയൊക്കെ ആണെങ്കിലും ഉടനെ ഉപ്പ അടുത്ത വെടി പൊട്ടിച്ചു. സര്‍ക്കാരിന്റെ തോക്കോ ഉണ്ടയോ ഉപയോഗിച്ച് അല്ലാത്തതിനാല്‍ ഞങ്ങള്‍ തൃശൂര്‍ ജില്ലക്കാര്‍ ഇങ്ങനെ ഇടക്കിടെ വെടിപൊട്ടിക്കല്‍ പതിവുമാണ്.
'അവന്‍ മതം മാറീത് വെറ്താന്നാ അന്റെ വിചാരം? അവനേയ് മ്മടെ പടിക്കല്‍ത്തെ ചായപ്പീട്യ നടത്ത്യേര്‍ന്ന പാത്തുമ്മല്ലേ? അതിനെ നിക്കാഹ് കൈച്ചത്രേ... അവര് ലോഹ്യേര്‍ന്ന്‌ത്രേ... അവസാനം പാത്തുമ്മാട് കോട്ടേഴ്‌സ് ഒഴിയാന്‍ മോമ്മാലി പറഞ്ഞപ്പോ അവന്‍ പോയി റെയിലെന്റട്ത്ത് വാടക കൊറഞ്ഞ ഒര് വീടങ്ങണ്ട് വാടകക്ക്ട്ത്ത്. ന്നട്ട് നേരെ മഹല്ലീ പോയി മുസ്ലീമായി അവളങ്ങട്ട് കെട്ടി. ഇന്നലേര്‍ന്ന് ത്രേ നിക്കാഹ്. ഇന്ന്‌പ്പോ അവരൊക്കെ കോട്ടേഴ്‌സൊഴിഞ്ഞ് പുത്യേ വീട്ടീക്കേറി കുറ്റൂസേം കൈച്ച്... ന്താപ്പോ പറയാ...അവനിക്ക് പിരാന്തന്നെ. അല്ലാണ്ട് അവന്റെ അമ്മേണ്ന്നല്ല അമ്മൂമ്മേണ്ന്ന് തോന്നണ ഒന്നിനെ പോയി കെട്ടോ? അന്റുമ്മ പറേണത് നാട്ടേര് പിടിച്ചി കെട്ടിച്ചതാവും ന്നാ... ഇന്‍ക്കറീല്ല ന്താപ്പോ ഇതിലെ കളീന്ന്. എന്തായാലും അവന്റെ അമ്മനേങ്കാട്ടീം പ്രായണ്ടാവും അവള്‍ക്ക്...'
ഉപ്പ അല്ലെങ്കിലും അങ്ങനെയാണ്. വര്‍ത്തമാനം തുടങ്ങിയാല്‍ പിന്നെ എളുപ്പത്തില്‍ നിര്‍ത്തില്ല.
'അതിന്‌പ്പോ എന്താ... നബി ഖദീജാബീവിനെ കെട്ട്യേതെങ്ങനാ? അല്ലെങ്കില്‍ തന്നെ അവന്‍ക്ക് കൊഴപ്പല്ലെങ്കി ഈ നാട്ടാര്‌ക്കെന്തിനാ ഇത്ര എടങ്ങേറ്?....'
ഞാനും ഉപ്പയും അന്ന് കുറെ തര്‍ക്കിച്ചു. സ്‌നേഹിക്കാന്‍ പ്രായത്തില്‍ വലിയ അന്തരം വേണം എന്ന എന്റെ തിയറി ഉപ്പാക്ക് മനസ്സിലായില്ല. പച്ചക്ക് പറയാന്‍ പറ്റാത്തതിനാല്‍ കൂടുതല്‍ വിശദീകരണം നല്‍കാതെ ഞാനും തോറ്റു കൊടുത്തു. ഏത് ആണിനും പെണ്ണിനും ഇടയിലായാലും ശാരീരികമായ അടുപ്പവും കൊതിയും നിരന്തരം കിട്ടിയാല്‍ മടുത്തു പോവുമെന്ന് എങ്ങനെ സ്വന്തം ബാപ്പാട് പറയാനാണ്? മാനസികമായ ആ ഒരു അടുപ്പം അതേ സ്‌ട്രോങ്ങില്‍ നിലനിര്‍ത്താന്‍ ബന്ധത്തില്‍ കാരുണ്യവും വാത്സല്യവും കൂടെ വേണം. പ്രായക്കൂടുതല്‍ ഉള്ള ആളാണ് രണ്ടില്‍ ഒരാള്‍ എങ്കില്‍ ആ വാത്സല്യവും ഒപ്പം ക്ഷമയും വിട്ടുവീഴ്ചയും ഒക്കെ നിറയും എന്ന് മനസ്സില്‍ പലവുരു ഉരുവിട്ട് , 'ഇങ്ങള് നോക്കിക്കോ, അവര് മരണം വരെ സന്തോഷായി ഒന്നിച്ചു ജീവിക്കും.' എന്ന് പ്രഖ്യാപിച്ച് ഞാന്‍ ഫോണ്‍ വെച്ചു.
അതൊക്കെ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. കോരന്‍ കള്ള് കുടി നിര്‍ത്തി എന്നും കൃത്യമായി പണിക്ക് പോകുന്നുണ്ട് എന്നും കടംകയറി വീടൊക്കെ വിറ്റ്, ആര്‍ക്കും വേണ്ടാതായ പാത്തുമ്മയെ തേടി മക്കളൊക്കെ വന്നു തുടങ്ങി എന്നും പല പല വാര്‍ത്തകള്‍ പലപ്പോഴായി ഫോണിലൂടെ എന്നെ തേടിയെത്തി.
എങ്കിലും പിന്നീട് ഒരിക്കലും അവരെ രണ്ടു പേരേയും നേരില്‍ കാണാന്‍ കഴിഞ്ഞില്ല. കാണാന്‍ കൊതിച്ചു എങ്കിലും അത് പറഞ്ഞാല്‍ ഉണ്ടാകാവുന്ന അവസ്ഥകള്‍ ഓര്‍ത്ത് ആരോടും പറഞ്ഞില്ല. ഒരിക്കല്‍ ദൂരെ വ്യക്തമായല്ലാതെ കോരന്റെ ഒരു സൈഡ് വ്യൂ കിട്ടി. അത്രതന്നെ. ആ കോരനാണ് ഇപ്പോള്‍ എന്നെ കടന്നു പോയത്. എന്തു ചെയ്യാന്‍? ഇപ്പോഴും നേരിട്ട് കാണാന്‍ കഴിഞ്ഞില്ല.
എങ്കിലും ഉള്ളില്‍ ഒരു രൂപം ഉണ്ടായിരുന്നു, ഞാനായി സങ്കല്‍പിച്ചെടുത്ത കോരന്റേയും പാത്തുമ്മയുടേയും ഒരു വൃന്ദാവനം. അതിലെ പ്രണയതീരങ്ങള്‍. സാധാരണ പ്രണയങ്ങളില്‍ പെണ്ണ് മതം മാറി ആണധികാരത്തിന് കീഴ്‌പ്പെടുത്തുന്ന കാലത്താണ് നേരെ തിരിച്ച് ഒരാള്‍... അതും പ്രണയമല്ലാതെ മറ്റൊന്നും സ്വന്തമായില്ലാത്ത ഒരു പ്രായം ചെന്ന സ്ത്രീക്ക് വേണ്ടി. അബൂബക്കര്‍ സിദ്ദീഖ്...നിങ്ങളെത്ര വലിയവനാണ്.
അല്ലയോ പ്രണയമേ... നീ എത്ര സുന്ദരമാണ്. നിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ ഈ ലോകം മുഴുവനും സൗന്ദര്യവും സ്‌നേഹവും അല്ലാതെ മറ്റെന്താണ്...
Content Highlights: Love Story, Valentine's Day 2020