'അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍....' പാട്ടിലെ പ്രണയം


ജോസഫ് മാത്യു

5 min read
Read later
Print
Share

മലയാളികളെ വിരുന്നൂട്ടിയ ചില പ്രണയഗാനങ്ങളിലൂടെ ഒരു യാത്ര

പ്രതീകാത്മക ചിത്രം

ഴുപതുകളിലെ കാമുകന്‍മാര്‍ക്ക് പ്രേംനസീറിന്റെ മുഖമായിരുന്നു. ബെല്‍ബോട്ടം പാന്റ്സ്. വീതിയുള്ള കോളറുള്ള ഷര്‍ട്ട്. കാമുകന്റെ ഒരു സ്പര്‍ശത്തില്‍പോലും, വെട്ടിത്തിളയ്ക്കുന്നതുപോലെ ഇമവെട്ടുന്ന നായിക. നിന്‍പദങ്ങളില്‍ നൃത്തമാടിടും എന്റെ സ്വപ്നജാലം..എന്ന് കുണുങ്ങുന്ന പ്രേംനസീര്‍മാര്‍.

എണ്‍പതുകളുടെ ഒടുക്കത്തിലേക്കു വരുമ്പോള്‍ കാമുകന് മോഹന്‍ലാലിലേക്ക് ഭാവപ്പകര്‍ച്ച. ജോണ്‍സണ്‍ മാഷിന്റെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയില്‍ മഴയത്ത് കുട ചൂടി വരുന്ന തൂവാനത്തുമ്പിയായ ക്ലാര ഇപ്പോഴും ഒരു കള്‍ട്ട് പരിവേഷത്തില്‍ത്തന്നെ..

അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂവിട്ടുവോ എന്നു നോക്കാന്‍ സോഫിയയെ ക്ഷണിക്കുന്ന സോളമന്‍. 'പവിഴം പോല്‍ പവിഴാധരം പോല്‍' എന്ന് ഗന്ധര്‍വഗായകന്‍ മധുരമായി പാടി. ആയിരം പാദസരങ്ങള്‍ കിലുക്കി ആലുവപ്പുഴയിലൂടെ വെള്ളം ഒരുപാട് ഒഴുകിപ്പോയിരിക്കുന്നു.

ഇപ്പോള്‍ കാമ്പസില്‍ പുതിയ താരങ്ങള്‍ കാമുകഭാവം അണിയുന്നു. മലരേ നിന്നെ കാണാതിരുന്നാല്‍ മിഴിവേകിയ നിറമെല്ലാം മായുന്നപോലെ... എന്നാണ് കാമുകന്‍ പരിഭവിക്കുന്നത്. മണ്ടിപ്പെണ്ണേ എന്ന് പ്രേംനസീര്‍ വിളിച്ചപ്പോള്‍ കാമുകിയെ ദുല്‍ക്കര്‍ 'ചുന്ദരിപ്പെണ്ണേ...' എന്നു മാറ്റിവിളിക്കുന്നു.

പ്രണയഗാനങ്ങള്‍ക്ക് എക്കാലത്തും കാമ്പസുകളില്‍ താരപരിവേഷമാണ്. പ്രണയിനിയെ ഒന്നു കാണാനോ കണ്ടാല്‍ ഒന്നുമിണ്ടാനോ കൊതിച്ചിരുന്ന കാലംമാറി വീഡിയോകോളിങ്ങിന്റെ സ്വകാര്യ ചാറ്റ്റൂമില്‍ എത്തിയിട്ടും പാട്ടുകളുടെ സ്വീകാര്യതയ്ക്ക് മാറ്റമൊന്നും വന്നിട്ടില്ല. എല്ലാക്കാലത്തും യൗവനത്തിന്റെ ചുണ്ടുകളില്‍ തത്തിക്കളിക്കുന്ന കുറച്ചു ഗാനങ്ങളുണ്ടാകും.

കുറച്ചുകൂടി വേഗത്തില്‍ ട്രെന്‍ഡുകള്‍ മാറുന്നുവെന്ന വ്യത്യാസം വന്നിട്ടുണ്ട്. എടുത്താല്‍ പൊങ്ങാത്ത ബിംബകല്പനകളൊന്നും ഇപ്പോഴില്ല. ചാറ്റിങ്ങിലെപ്പോലെ ചെറുതും എളുപ്പത്തില്‍ മനസ്സിലാകുന്നതുമാണ് പ്രയോഗങ്ങള്‍. അല്‍പം കാവ്യഭംഗി കലര്‍ത്തി പറഞ്ഞാല്‍ നായകനെ പൈങ്കിളിഗണത്തില്‍പ്പെടുത്തും പുതുതലമുറ.

സ്വപ്നവ്യാപാരികള്‍

പ്രണയിനിയെ വര്‍ണിക്കുമ്പോള്‍ കാവ്യഭംഗിയും ബിംബകല്‍പനകളും സമം ചാലിച്ച് മാന്ത്രികത കാട്ടിയവരാണ് വയലാര്‍-പി. ഭാസ്‌കരന്‍-ഒ.എന്‍.വി. ത്രയം. അവര്‍ക്കൊപ്പം തലയെടുപ്പോടെ ശ്രീകുമാരന്‍തമ്പിയും യൂസഫലി കേച്ചേരിയും. ലാളിത്യമായിരുന്നു ഭാസ്‌കരന്‍മാഷിന്റെ മുഖമുദ്ര. അദ്ദേഹത്തിന്റെ നായകന്‍മാര്‍ കൂടുതലും പാവങ്ങളായിരുന്നുവെന്ന് സംഗീതസംവിധായകനും കോളമിസ്റ്റുമായ അറയ്ക്കല്‍ നന്ദകുമാര്‍ ചൂണ്ടിക്കാട്ടുന്നു.

'പ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍...' എന്ന പാട്ട് ഉദാഹരണം. എങ്കിലുമെന്‍ ഓമലാള്‍ക്കു താമസിക്കാന്‍ എന്‍ കരളില്‍ തങ്കക്കിനാക്കള്‍ കൊണ്ടൊരു താജ്മഹല്‍ ഞാനുയര്‍ത്താം എന്നു പാടുന്ന കവി ഒടുവില്‍ ഇങ്ങനെയും പറയുന്നുണ്ട്. 'എന്നുമെന്നും താമസിക്കാന്‍ എന്റെ കൂടെപ്പോരുമോ നീ...'

നമുക്കുചുറ്റുമുള്ള വസ്തുക്കളെയോ ഏറ്റവും സാധാരണക്കാരനു പോലും മനസ്സിലാകുന്ന ബിംബങ്ങളെയോ ആയിരുന്നു ഭാസ്‌കരന്‍മാഷ് കൂട്ടുപിടിച്ചിരുന്നത്.

നാളികേരത്തിന്റെ നാട്ടില്‍ എനിക്കൊരു..എന്നാരംഭിക്കുന്ന പാട്ടില്‍ പ്രിയതമയെ വാഴക്കൂമ്പ് പോലുള്ളൊരു പെണ്ണ് എന്ന് കവി വിശേഷിപ്പിക്കുന്നു. ചാമ്പയ്ക്കാ ചുണ്ടുള്ള ചന്ദനക്കവിളുള്ള ചാട്ടുളിക്കണ്ണുള്ള പെണ്ണെന്നും അദ്ദേഹം എഴുതുന്നു. യുവതലമുറ ഏറ്റുപാടിയ എത്രയോ പവിഴമുത്തുകള്‍ ഭാസ്‌കരന്‍മാഷിന്റേതായുണ്ട്. ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍...എന്ന പാട്ടില്‍ അദ്ദേഹം കാമുകഹൃദയങ്ങളെ ത്രസിപ്പിച്ച് ഇങ്ങനെ പാടി.

'മാധവമാസത്തില്‍ ആദ്യം വിരിയുന്ന
മാതളപ്പൂമൊട്ടിന്‍ മണം പോലെ
ഓര്‍ക്കാതിരുന്നപ്പോള്‍
ഒരുങ്ങാതിരുന്നപ്പോള്‍
ഓമനേ നീയെന്റെ അരികില്‍ വന്നൂ...'

കുറച്ചുകൂടി തുറന്നെഴുതിയിരുന്നയാളാണ് വയലാര്‍ എന്ന് നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യര്‍ ചൂണ്ടിക്കാട്ടുന്നു. പാട്ടുകളില്‍ പരിരംഭണം മിക്കപ്പോഴും കാണാം. സംസ്‌കൃത പദങ്ങളുടെ ധാരാളിത്തവും. ഇന്ദ്രവല്ലരി പൂചൂടിവരും എന്ന പാട്ടില്‍ വയലാര്‍ ഇങ്ങനെ എഴുതി. 'എന്നെ നിന്‍ മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ..ഇവിടം വൃന്ദാവനമാക്കൂ...'
അദ്ദേഹം തുടരുന്നു...

'മാരോത്സവങ്ങളില്‍ ചുണ്ടോടടുക്കുമൊരു മായാമുരളിയാക്കൂ..
എന്നെ നിന്‍ മായാമുരളിയാക്കൂ..'

പ്രണയത്തിന്റെ മറുവശമായ വിരഹത്തിലും മാജിക്കല്‍ എന്നു വിശേഷിപ്പിക്കാവുന്ന വരികള്‍ വയലാര്‍ എഴുതിയിട്ടുണ്ട്. സുമംഗലി നീയോര്‍മിക്കുമോ എന്ന പാട്ടിന്റെ വരികളില്‍ അദ്ദേഹം നിറഞ്ഞമാറിലെ ആദ്യനഖക്ഷതം ഒളിപ്പിച്ചുവയ്ക്കുന്നുണ്ട്.

'പിരിഞ്ഞുപോകും നിനക്കിനിയിക്കഥ മറക്കുവാനേ കഴിയൂ
നിറഞ്ഞമാറിലെ ആദ്യനഖക്ഷതം മറയ്ക്കുവാനേ കഴിയൂ
കൂന്തലാല്‍ മറയ്ക്കുവാനേ കഴിയൂ....'

ഊഷ്മളമായ പ്രണയത്തില്‍പ്പോലും ഒരു അധ്യാപകന്റെ കൈയകലം ഒ.എന്‍.വി. കാട്ടിയിരുന്നുവെന്നാണ് ജയരാജ് വാര്യരുടെ അഭിപ്രായം.

'ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍
മുകുളമായ് നീയെന്റെ മുന്നില്‍നിന്നു
തരള കപോലങ്ങള്‍ നുള്ളിനോവിക്കാതെ
തഴുകാതെ ഞാന്‍ നോക്കിനിന്നു..'
ദൈവികമായ പ്രണയമാണ് ഒ.എന്‍.വി.യുടെ വരികളില്‍ തെളിഞ്ഞിരുന്നതെന്ന് അറയ്ക്കല്‍ നന്ദകുമാര്‍ പറയുന്നു. ഈ പാട്ട് ഇങ്ങനെയാണ് തുടരുന്നത്.
'ഒരു മണ്‍ചുമരിന്റെ നെറുകയില്‍ നിന്നെ ഞാന്‍
ഒരു പൊന്‍ തിടമ്പായെടുത്തുവെച്ചു..'.

നീയെത്രധന്യ എന്ന ചിത്രത്തിലൂടെ ഒ.എന്‍.വിയും ദേവരാജനും ഒന്നിച്ചപ്പോള്‍ കാമുകഹൃദയങ്ങളെ തഴുകിയുണര്‍ത്തുന്ന ഒരു ഹിറ്റാണ് പിറന്നത്.

'അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചുപോയി.'.

ശ്രീകുമാരന്‍തമ്പിയും കേച്ചേരിയും

തലമുറകള്‍ ഏറ്റുപാടിയ നിരവധി പ്രണയഗാനങ്ങള്‍ മലയാളത്തിനു സമ്മാനിച്ചിട്ടും ത്രയങ്ങളെപ്പോലെ വേണ്ടത്ര പരിഗണന യൂസഫലിക്കും ശ്രീകുമാരന്‍തമ്പിക്കും കിട്ടിയിട്ടുണ്ടോയെന്ന് സംശയമാണ്. ശരീരവര്‍ണനയില്‍ അഗ്രഗണ്യനായിരുന്നു കേച്ചേരി. കല്ലായിപ്പുഴയെക്കുറിച്ച് എഴുതിയപ്പോഴും അദ്ദേഹം ഇങ്ങനെ പാടി..

'കല്ലായിപ്പുഴയൊരു മണവാട്ടി കടലിന്റെ പുന്നാര മണവാട്ടി
പതിനാറു തികഞ്ഞിട്ടും കല്യാണം കഴിഞ്ഞിട്ടും
പാവാട മാറ്റാത്ത പെണ്‍കുട്ടി..'
'അഞ്ചുശരങ്ങളും പോരാതെ ഗന്ധര്‍വന്‍...', 'രതിസുഖസാരമായി ദേവി നിന്‍മെയ് വാര്‍ത്തൊരാ ദൈവം..'.തുടങ്ങിയവ മറ്റു ഉദാഹരണങ്ങളില്‍ ചിലതുമാത്രം.

കാമുകിയെ വര്‍ണിക്കുന്നതിന് തമ്പി ഒരു പിശുക്കും കാണിച്ചിരുന്നില്ല..

'എത്രസന്ധ്യകള്‍ ചാലിച്ചുചാര്‍ത്തി ഇത്രയും അരുണിമ നിന്‍ കവിളില്‍
എത്ര സമുദ്രഹൃദന്തം ചാര്‍ത്തി ഇത്രയും നീലിമ നിന്റെ കണ്ണില്‍...'

വിരഹം പോയപോക്ക്

ഒരുകാലത്ത് കാമ്പസുകളിലെ വിരഹത്തിന് വേണുനാഗവള്ളിയുടെ ഛായയായിരുന്നു. നഷ്ടവസന്തത്തിന്‍ തപ്തനിശ്വാസമേ..എന്ന ഗാനത്തില്‍ അദ്ദേഹത്തെയല്ലാതെ മറ്റാരെയും സങ്കല്പിക്കാനാകില്ല. എഴുപതുകളിലെ കാമ്പസുകള്‍ ചേര്‍ത്തുവെച്ചാല്‍ വിരഹ കാമുകന്‍മാരുടെ സംസ്ഥാനസമ്മേളനം കൂടാനുള്ള ആളുണ്ടാകുമായിരുന്നു.
അസാധ്യ ഫീലുള്ള ഒരുപിടി വിരഹഗാനങ്ങള്‍ ഇപ്പോഴും പുതുമ ചോരാതെ നിലനില്‍ക്കുന്നു. ഇന്നത്തെ കാലത്താണെങ്കില്‍ ഒരുപക്ഷേ 'നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ....'എന്ന മട്ടിലൊരു ഗാനം ഉണ്ടാകുമോ എന്നു സംശയമാണ്.

പകരം 'അവള് വേണ്ട്ര ഇവള് വേണ്ട്ര ഈ കാണുന്നവള്‍മാരൊന്നും വേണ്ട്ര..'രീതിയിലാകും പാട്ടുണ്ടാകുക. മാറ്റം പോസിറ്റീവാണോ നെഗറ്റീവാണോ എന്നത് തര്‍ക്കവിഷയമാണ്. പിരിഞ്ഞുപോകുമ്പോള്‍ ബ്രേക്ക്അപ്പ് പാര്‍ട്ടി വരെ ഒരുക്കുന്നവരാണ് ഇപ്പോഴത്തെ തലമുറ.

എണ്‍പതുകളില്‍ ഗിറ്റാര്‍ തരംഗമായിരുന്നു കാമ്പസുകളില്‍. സിനിമയിലെ കാമുകന് ഒരു ഗിറ്റാര്‍ ഉണ്ടാവും( അന്നൊക്കെ സിനിമയിലെ വില്ലന്‍മാര്‍ കളിക്കുന്നത് ബില്ല്യാര്‍ഡ്സ് ആയിരുന്നെങ്കില്‍ ഇന്നത് ഗോള്‍ഫിലേക്കു മാറിയിട്ടുണ്ട്. അവിടവിടെ ബള്‍ബുകള്‍ മിന്നിക്കത്തുന്ന സബ്സ്റ്റേഷന്‍ പോലുള്ള കൊള്ളസങ്കേതങ്ങളില്‍നിന്ന് ഇപ്പോള്‍ വില്ലന്‍മാര്‍ക്ക് മോചനമായിട്ടുണ്ട്.). ഗിറ്റാറുമായി ഒരുപാട് പാട്ടുകള്‍ വന്നിട്ടുണ്ട്.

അതിലൊന്നായിരുന്നു പൊന്‍വീണേ എന്നുള്ളില്‍ മൗനം വാങ്ങൂ (പൂവച്ചല്‍ ഖാദര്‍-രഘുകുമാര്‍). അയല്‍വീട്ടിലെ പയ്യനെപ്പോലെ മനസ്സുകളിലേക്ക് മോഹന്‍ലാല്‍ ചരിഞ്ഞു നടന്നുകയറിയത് അക്കാലത്താണ്.
'നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ...'എന്നാണ് ഗിരീഷ് പുത്തഞ്ചേരി പ്രണയിനിയെ വിളിക്കുന്നത്. ഈണമിട്ടത് എം.ജി. രാധാകൃഷ്ണന്‍. വിദ്യാസാഗറുമായി ചേര്‍ന്നപ്പോഴും യുവജനതയെ ഇളക്കിമറിച്ച ഒരു ഗാനം ഗിരീഷ് ഒരുക്കി . 'എത്രയോ ജന്മമായി നിന്നെ ഞാന്‍ തേടുന്നു..'

'പറയാത്ത പ്രിയതരമായൊരു വാക്കിന്റെ മധുരം പടര്‍ന്നൊരു ചുണ്ടുമായി വെറുതെ പരസ്പരം നോക്കിയിരിക്കുന്നു നിറമൗന ചഷകത്തിനിരുപുറം നാം.'.എന്ന് റഫീക്ക് അഹമ്മദ് എഴുതിയപ്പോള്‍ ഷഹബാസ് അമന്‍ അതിന് ഈണത്തിന്റെ മധുരം പുരട്ടി. ആക്ഷന്‍ ഹീറോ ബിജുവിലൂടെ ജെറി അമല്‍ദേവ് വീണ്ടും കാമ്പസുകളെ ഹരംകൊള്ളിച്ചു.
പൂക്കള്‍ പനിനീര്‍ പൂക്കള്‍..(സന്തോഷ് വര്‍മ). എണ്‍പതുകളിലെ മറ്റൊരു ഗിറ്റാര്‍ഗാനം നിത്യഹരിത പ്രണയഗാനങ്ങളില്‍ ഒന്നാണ്. യാമിനിയുടെ മടിയില്‍ മയങ്ങുന്ന ചന്ദ്രികയില്‍ അലിയാന്‍ ക്ഷണിക്കുകയാണ് ഈ പാട്ടില്‍ കാമുകന്‍. സത്യന്‍ അന്തിക്കാടിന്റെ വരികള്‍ക്ക് എം.ജി. രാധാകൃഷ്ണന്‍ ഗിറ്റാറിന്റെ ലോലതന്ത്രികള്‍ മീട്ടിയപ്പോള്‍ ഈ ഗാനം പിറന്നു.'ഓ മൃദുലേ ഹൃദയമുരളിയില്‍ ഒഴുകിവാ....'

സ്വര്‍ണച്ചാമര ഗാനങ്ങള്‍

നിന്റെ മിഴിയില്‍ നീലോത്പലം (പി. ഭാസ്‌കരന്‍-ദക്ഷിണാമൂര്‍ത്തി), സുറുമയെഴുതിയ മിഴികളേ, അനുരാഗ ഗാനം പോലെ (രണ്ടും യൂസഫലി-ബാബുരാജ്), പ്രിയമുള്ളവളേ നിനക്കു വേണ്ടി
(പി. ഭാസ്‌കരന്‍-എ.ടി. ഉമ്മര്‍), നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ (പൂവച്ചല്‍ ഖാദര്‍-എം.ജി. രാധാകൃഷ്ണന്‍), ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍ (മങ്കൊമ്പ് ഗോപാലകൃഷ്ണന്‍-ശങ്കര്‍ ഗണേഷ്), ശരത്കാല സന്ധ്യാ കുളിര്‍തൂകി നിന്നു (ചുനക്കര രാമന്‍കുട്ടി-ശ്യാം), സ്വര്‍ണച്ചാമരം വീശിയെത്തുന്ന (വയലാര്‍-ദേവരാജന്‍), ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ (ശ്രീകുമാരന്‍തമ്പി-എം.എസ്. വിശ്വനാഥന്‍), വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി (ശ്രീകുമാരന്‍തമ്പി-എം.കെ. അര്‍ജുനന്‍), മാടപ്രാവേ വാ (ഒ.എന്‍.വി-സലില്‍ ചൗധരി), ഒരു നിമിഷം തരൂ (സത്യന്‍ അന്തിക്കാട്-എ.ടി. ഉമ്മര്‍), കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ (ബിച്ചുതിരുമല-ശ്യാം), ശരദിന്ദു മലര്‍ദീപനാളം നീട്ടി (ഒ.എന്‍.വി-എം.ബി. ശ്രീനിവാസന്‍), ഏതോ ജന്മകല്പനയില്‍ (പൂവച്ചല്‍ ഖാദര്‍-ജോണ്‍സണ്‍), സുഖമോദേവി (ഒ.എന്‍.വി-രവീന്ദ്രന്‍), പാടാം നമുക്കു പാടാം (ശ്രീകുമാരന്‍തമ്പി-രവീന്ദ്രന്‍), പൂങ്കാറ്റേ പോയി ചൊല്ലാമോ (ഷിബു ചക്രവര്‍ത്തി-രഘുകുമാര്‍), ഒരു ചെമ്പനീര്‍പൂവിറുത്തു (പ്രഭാവര്‍മ-ഉണ്ണിമേനോന്‍), ചന്ദനക്കുറിയുമായി (ചുനക്കര-ശ്യാം), വാചാലം എന്‍ മൗനവും (എം.ഡി. രാജേന്ദ്രന്‍-ജെറി അമല്‍ദേവ്), സുന്ദരീ നിന്‍തുമ്പുകെട്ടിയിട്ട (എം.ഡി. രാജേന്ദ്രന്‍-ദേവരാജന്‍), പാടം പൂത്ത കാലം (ഷിബുചക്രവര്‍ത്തി-കണ്ണൂര്‍ രാജന്‍), എന്റെ ഖല്‍ബിലെ (ശരത് വയലാര്‍-അലക്സ്പോള്‍)...തലമുറകള്‍ നെഞ്ചേറ്റിയ നൂറുകണക്കിനു ഗാനങ്ങളില്‍ ചിലതു മാത്രം. സ്വര്‍ണഗോപുര നര്‍ത്തകീശില്പം( ശ്രീകുമാരന്‍തമ്പി-എം.എസ്. വിശ്വനാഥന്‍) എന്ന പാട്ട് ഭാവഗായകന്‍ ജയചന്ദ്രന്റെ ശബ്ദത്തിലല്ലാതെ സങ്കല്‍പിക്കാനാകില്ല..

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram