പ്രതീകാത്മക ചിത്രം | മാതൃഭൂമി
ഇത് ഒരു പതിനാലു വയസ്സുകാരിയുടെ ആദ്യ പ്രണയത്തിന്റെ കഥയാണ്, പിന്നിട്ട പല വര്‍ഷങ്ങള്‍ അവളെ കുറ്റബോധത്തിന്റെയും അപകര്‍ഷതയുടെയും തടവില്‍തളച്ചിട്ട ഒരുഒറ്റയാള്‍ പ്രണയത്തിന്റെ കഥ.
കാലങ്ങള്‍ക്കിപ്പുറം ,യൗവനത്തിന്റെ പാദങ്ങള്‍ ഒന്നൊന്നായികൊഴിയവേ 'എനിക്ക് മനസ്സിലാവും 'എന്നാവര്‍ത്തിച്ചു പറയുന്ന ഒരു സൗഹൃദത്തിന് മുന്‍പില്‍ ഓര്‍മ്മചെപ്പ്തുറന്നപ്പോള്‍ അവള്‍ പറഞ്ഞു.'ഓര്‍മ്മകള്‍ കാര്‍മേഘങ്ങളായി കൂട്ടിവക്കാതെ വാക്കുകളായി പെയ്തു തീര്‍ക്കൂ കൂട്ടുകാരീ ..'
വര്‍ഷങ്ങള്‍ പിറകോട്ടോടുന്നു. എത്തിനില്‍ക്കുന്നത് കൗമാര സ്വപ്നങ്ങള്‍ക്ക് നിറം ചാര്‍ത്തിയ ഒരു കാലത്തിലാണ്.
മാര്‍ച്ചിലെ പൊള്ളുന്ന വേനലില്‍ പോലും കോടമഞ്ഞു പുതച്ചു നില്‍ക്കുന്ന മനോഹരമായ ഒരു കുന്നിന്റെ ചെരുവിലായിരുന്നു ആ പുരാതന വിദ്യാലയം.
എപ്പോഴും നൂറുമേനി വിജയമുള്ള , നഗരത്തിലെ സമ്പന്നരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയുമൊക്കെ മക്കള്‍ താമസിച്ചു പഠിക്കുന്ന, പ്രൗഢമായ ആ വിദ്യാഭ്യാസസ്ഥാപനം ചുറ്റുമുള്ള തോട്ടം തൊഴിലാളികളും ചെറുകിട കര്‍ഷകരുമായ അനേകം പാവപ്പെട്ട മനുഷ്യരുടെ ,പരിമിതമായ സ്വപ്നങ്ങള്‍ക്കപ്പുറമായിരുന്നു. എങ്കിലും കണ്ണുകളില്‍ പ്രത്യാശയും ഹൃദയത്തില്‍ സ്വപ്നങ്ങളുടെ ഭാരവുമായി അവരുടെ ഇടയില്‍ നിന്നൊരു പെണ്‍കുട്ടി ആ പടികള്‍ ചവിട്ടി. പ്രശസ്തമായ സ്‌കൂളിലെ പഠനം മകളെ നല്ലൊരു വ്യക്തിയാക്കും എന്ന ഒരമ്മയുടെ സ്വപ്നമായിരുന്നു അത്.
പുതിയ സ്‌കൂളിന്റെ ഭാഷ ഇംഗ്ലീഷ് ആയിരുന്നു. അവള്‍ക്കു പറയാനുള്ള ഇമ്പമുള്ള കാര്യങ്ങളെല്ലാം മാതൃഭാഷയിലും. ഭാഷയുടെ മതില്‍കെട്ടിനിപ്പുറം അറിയാവുന്ന ഉത്തരങ്ങള്‍ പോലും സംവദിക്കാനാവാതെ പരുങ്ങി നിന്നപ്പോള്‍ ഉത്തരക്കടലാസുകളില്‍ ചുവന്ന വരകള്‍ നിറഞ്ഞു. ഒപ്പം അപകര്‍ഷതയുടെയും അന്യതാബോധത്തിന്റെയും
മുറിവുകള്‍ ഹൃദയത്തിലും. അതിസമര്‍ത്ഥരും സമ്പന്നരുമായ സഹപാഠികള്‍ക്കിടയില്‍ അസാധാരണങ്ങളൊന്നുമില്ലാത്ത, പുസ്തകങ്ങളെയും കവിതകളെയും സ്നേഹിച്ച ആ പെണ്‍കുട്ടി എപ്പോഴും അന്തര്‍മുഖയായി നിന്നു.
സ്‌കൂളിലെ അവസാന അധ്യയന വര്‍ഷം. ജീവിതത്തിന്റെ ഭാഗദേയം നിര്‍ണ്ണയിക്കുന്ന കടത്തു വരമ്പെന്നു മേനി പറയുന്ന പത്താം ക്ലാസ്. ആ വര്‍ഷത്തെ മലയാളം അധ്യാപകന്‍ ബിഎഡ് കോളേജില്‍ നിന്ന് അപ്പോള്‍ മാത്രം വിദ്യാര്‍ത്ഥി കുപ്പായം അഴിച്ചു വച്ച ഒരു പഴുതാര മീശക്കാരനായിരുന്നു.
'നാദം ശൂന്യതയിങ്കലാദ്യമമൃതം
വര്‍ഷിച്ച നാളില്‍, ഗതോ-
ന്മാദം വിശ്വപദാര്‍ത്ഥശാലയൊരിട-
ത്തൊന്നായ് തുടിച്ചീടവേ'
വയലാറിന്റെ സര്‍ഗ്ഗസംഗീതം
തുറന്നു വെച്ച പുസ്തകത്താളില്‍ വിരലുകള്‍ക്കൊണ്ട് താളമിട്ട് ,തല അല്പം ചെരിച്ച് ,ചെറിയ മിഴികള്‍ പാതിയടച്ച് ലയിച്ചു പാടുകയാണ് മാഷ്. അടുത്തിരുന്ന കൂട്ടുകാരി പതിയെ സ്വകാര്യം പറഞ്ഞു ' അയ്യേ സാറിന്റെ ചുണ്ടുകളിലേക്കൊന്ന് സൂക്ഷിച്ചു നോക്കൂ 'ഉമിനീര്‍ നൂലുകള്‍ .. കവിതയുടെ ആരോഹണ അവരോഹണങ്ങളില്‍ ചുണ്ടുകള്‍ക്കിടയില്‍ രൂപപ്പെടുന്ന വീണക്കമ്പികള്‍. മാഷ് വീണ്ടും ചൊല്ലുന്നു ..
'ആ ദാഹിച്ചു വിടര്‍ന്ന ജീവകലികാ-
ജാലങ്ങളില്‍, കാലമേ
നീ ദര്‍ശിച്ച രസാനുഭൂതി പകരൂ
മല്‍ പാനപാത്രങ്ങളില്‍!'
മാഷിന്റെ മുന്‍പിലിരുന്ന പാവാടക്കാരിക്ക് മുന്നില്‍ കാലം നിശ്ചലമായി. മനസ്സിന്റെ ശൂന്യസ്ഥലികളില്‍ അമൃതവര്‍ഷം. അന്നേവരെ അനുഭവിക്കാത്ത രസാനുഭൂതിയില്‍ ഹൃദയം തുടിക്കുന്നതവളറിഞ്ഞു ദിവസങ്ങള്‍ ആഴ്ചകളായി. പിന്നെ മാസങ്ങള്‍ ചരിത്ര പുസ്തകത്തിലെ മഹായുദ്ധക്കളങ്ങളില്‍ നിന്നും, ജാമ്യതീയ രൂപങ്ങളുടെ കോണുകളില്‍ നിന്നും, ആംഗലേയ കവികളെ തള്ളിമാറ്റിയും സര്‍ഗ്ഗസംഗീതത്തിന്റെ താളനിബദ്ധതയുമായി മാഷ് അവളുടെ മുന്‍പിലെത്തി.
അന്നുവരെ പഠിച്ചു വളര്‍ന്ന സന്മാര്‍ഗ്ഗ പാഠങ്ങള്‍ക്കപ്പുറം, ശരിതെറ്റുകളുടെ അതിര്‍വരമ്പുകള്‍ തിരിച്ചറിയാനാവാത്ത വിധം പ്രണയമഴ പെയ്ത ഒരു ദിവസം അവള്‍ മാഷിനൊരു കുറിപ്പെഴുതി. ആരെന്നോ എന്തിനെന്നോ പറയാതെ, ചെരിച്ചും കുറുക്കിയും അക്ഷരങ്ങളെ വികൃതമാക്കി അവള്‍ കവിതയെകുറിച്ചും, പ്രണയത്തെക്കുറിച്ചും പുഴയെകുറിച്ചും എഴുതി. ആ കത്ത് പോസ്റ്റ് ചെയ്ത നിമിഷം. കാലം പിറകോട്ട് കറക്കി ആ രംഗം ജീവിതത്തില്‍ നിന്ന് എന്നേക്കുമായി വെട്ടിക്കളയാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് പിന്നീടൊരുപാട് പ്രാവശ്യം അവള്‍ കൊതിച്ചിട്ടുണ്ട്.
പോസ്റ്റ് ചെയ്ത ആ കത്ത് ഒരിക്കലും വിലാസക്കാരന്റെ അടുത്ത് ചെല്ലരുതേ എന്ന് തന്നെ അവള്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു. കുറ്റബോധവും ഭയവും മരണത്തേക്കാള്‍ ഭീകരമായ ഉത്കണ്ഠയും. ദിവസങ്ങള്‍ കടന്നുപോയി. പ്രത്യേകിച്ചോരു ഭാവഭേദവുമില്ലാതെ മാഷ്. പത്താം ക്ലാസ്സിലെ മോഡല്‍ എക്‌സാം ആണ്. കത്ത് എവിടെയോ നഷ്ട്ടപെട്ടു എന്ന ആശ്വാസത്തോടെ, ഇനി തെറ്റ് ആവര്‍ത്തിക്കുകയില്ല എന്ന തീരുമാനത്തോടെ ഹൃദയം പതിയെ ശാന്തമാകാന്‍ തുടങ്ങി. അവസാന ദിന പരീക്ഷ ...എക്‌സാം ഡ്യൂട്ടിയില്‍ മാഷാണ്. പരീക്ഷ കഴിയാറായപ്പോള്‍ അടുത്തു വന്നു പതിയെ പറഞ്ഞു.'എക്‌സാം കഴിഞ്ഞു താന്‍ എന്നെ വന്നു കണ്ടിട്ടേ പോകാവൂ'
കഴുമരത്തിലേക്കു പോകുന്ന കുറ്റവാളിയെപ്പോലെ ആരവങ്ങളില്ലാത്ത ഇടനാഴിയിലൂടെ പെണ്‍കുട്ടി അയാള്‍ക്ക് പിന്നില്‍ നടന്നു. കൂടെയുണ്ടായിരുന്ന കൂട്ടുകാരിയോട് അല്‍പം മാറി കാത്തു നില്‍ക്കാന്‍ മാഷ് ആവശ്യപ്പെട്ടു. വിജനമായ പത്താം ക്ലാസ് മുറിയിലെ മുന്‍പിലത്തെ ബഞ്ചിന്റെ ഒരറ്റത്ത് തല കുമ്പിട്ട് അവള്‍ ഇരുന്നു. മറുവശത്ത് ഡെസ്‌കിനു മുകളിലിരുന്ന് താഴെ ബെഞ്ചിലേക്ക് കാലുകള്‍ നീട്ടിവച്ച് മാഷും. ഫെബ്രുവരി മാസം, പുറത്തു സീല്‍ക്കാരത്തോടെആടിയുലയുന്ന യൂക്കാലിപ്‌സ്‌റ് മരങ്ങള്‍. പാതി പൊട്ടിയ ജനാലയിലൂടെ അകത്തേയ്ക്കു ഇരച്ചുകയറുന്ന കോടമഞ്ഞ്.
'താന്‍ കവിതയെഴുതുമോ? തനിക്കു നല്ല ഭാവനയുണ്ടെടോ. ഭാഷയും നല്ലത്' നിശ്ശബ്ദതയിലേക്ക് മാഷിന്റെ വാക്കുകള്‍ ഉതിര്‍ന്നു വീണു. അതിനോടൊപ്പം അവളുടെ മിഴികള്‍ പൊട്ടിയൊഴുകാന്‍ തുടങ്ങി. പഴുപ്പു മുറ്റി നില്‍ക്കുന്ന ഒരു വൃണത്തെ ചെറിയ തലോടല്‍ പോലും വേദനിപ്പിക്കുന്നത് പോലെ വാക്കുകള്‍ ഓരോന്നും അവളെ നോവിച്ചു കൊണ്ടിരുന്നു. മാഷ് ഒന്ന് ദേഷ്യപ്പെട്ടിരുന്നെങ്കില്‍ എന്ന് അവള്‍ക്ക് തോന്നി. പ്രിസിപ്പാലിന്റെ അടുത്തു പറഞ്ഞുവിട്ടിരുന്നെങ്കില്‍, ക്ലാസ്സില്‍ എല്ലാവരുടെയും മുന്‍പില്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി ഒന്ന് അപമാനിച്ചിരുന്നെങ്കില്‍, എങ്കില്‍ ഈ കുറ്റബോധത്തിന് ഒരറുതി വന്നേനെ. കുറ്റബോധം നിറഞ്ഞ മനസ്സിന് വേദനയല്ലാതെ പിന്നെന്താണ് മരുന്ന് ?
മാഷ് പറഞ്ഞു കൊണ്ടേയിരുന്നു.. കോമ്പോസിഷന്‍ ബുക്ക് തിരഞ്ഞ് കത്തിലെ കൈയക്ഷരത്തിന്റെ ഉടമയെ കണ്ടെത്തിയതിനെ കുറിച്ച്, പതിനാലു വയസ്സിലെ സ്വപ്ന സഞ്ചാരത്തില്‍ കൈവിട്ടു പോയേക്കാവുന്ന ഭാവിയെക്കുറിച്ച്, പിന്നെ ചെറിയ പ്രായത്തിന്റെ കൗതുകങ്ങളില്‍ തളച്ചിടേണ്ടതല്ല ജീവിതമെന്നതിനെ കുറിച്ച്. അവള്‍ ഒരു വാക്കുപോലും പറഞ്ഞില്ല. ഒന്നും നിഷേധിച്ചില്ല. പുറത്തു മരച്ചില്ലയില്‍വിറച്ചിരിക്കുന്ന കുരുവിയെക്കാള്‍ ദുര്‍ബലയാണ് താനെന്നവള്‍ക്കു തോന്നി. അനുതാപത്തിന്റെ അശ്രുകണങ്ങള്‍ പെയ്തു കൊണ്ടേയിരുന്നു. കവിള്‍ത്തടങ്ങളിലൂടെ വ്യഥയുടെ അവസാന കണികയും ഒഴുകിത്തീരുന്നതുവരെ മാഷ് അവള്‍ക്കു കൂട്ടിരുന്നു. പിന്നെ കണ്ണുകളില്‍ പരിഭവത്തോടെ കാത്തിരുന്ന കൂട്ടുകാരിയുടെ അടുത്തെത്തുന്നതുവരെ എല്ലാം മറന്നു പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങുന്നതിനെ പറ്റി മാത്രം ഓര്‍മിപ്പിച്ചു
ചില വേദനകള്‍ തിരിച്ചറിവുകളാണ്. പിന്നീടുള്ള ദിവസങ്ങള്‍ അലസമായി വിട്ട പാഠഭാഗങ്ങളിലേക്കു അവള്‍ ശ്രദ്ധയോടെ തിരികെ ചെന്നു. വിഷാദം മുഖത്ത് കരിനിഴല്‍ വീഴ്ത്തിയപ്പോഴൊക്ക ലക്ഷ്യത്തെ മറക്കരുതെന്ന് മാഷ് അവളെ ഓര്‍മ്മിപ്പിച്ചു. എന്തൊക്കെയോ മനസ്സിലാക്കിയ കൂട്ടുകാരികളുടെ കുത്തുവാക്കുകളിലും ഒറ്റപെടുത്തലുകളിലും പതറാതെ മാര്‍ച്ചിലെ അവസാന പരീക്ഷയും അവള്‍ എഴുതി തീര്‍ത്തു.
ഇനി വിടപറച്ചിലാണ്. എങ്ങും യാത്രപറച്ചിലുകളുടെയും, ആശംസകളുടെയും, ഓര്‍മ്മ പെടുത്തലുകളുടേതുമൊക്കെ കലപിലയുമായി കുട്ടികള്‍ പല കൂട്ടങ്ങളായി നില്‍ക്കുന്നു. സ്‌കൂള്‍ ജീവിതത്തിന്റെ അവസാന ദിവസമാണ .ആരുടെയും ഓര്‍മ്മകളില്‍ പോലും നിലനില്‍ക്കാന്‍ അവകാശമില്ലാത്തവളെന്ന അന്യതാബോധത്തോടെ അവള്‍ പതിയെ നടന്നു. വിശാലമായ പൂന്തോട്ടത്തിന്റ നടുവിലെ ആമ്പല്‍കുളത്തിനരികിലൂടെ കന്യാമാതാവിന്റെ ഗ്രോട്ടോയും കടന്ന് യൂക്കാലിപ്‌സ്‌റ് മരങ്ങള്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന കല്ലുപാതയിലൂടെ പതിയെ പുറത്തേക്ക്. ഗേറ്റിനടുത്തു പന്തലിച്ചു നില്‍ക്കുന്ന വാകമരം നിറയെ ചുവന്ന പൂക്കള്‍. അതിനു ചുവട്ടില്‍ ,ഇനി വീണ്ടും കണ്മുന്‍പില്‍ പെടരുതേയെന്നുരുകി പ്രാര്‍ത്ഥിച്ചിട്ടും വീണ്ടും ആ രൂപം. ഇളം പച്ച ഷര്‍ട്ട്.. പൂക്കള്‍ കൊണ്ടു കുനിഞ്ഞ വാക മരത്തിന്റെ ചില്ലകള്‍ തലയ്ക്കു മുകളിലും മാഷിന്റെ തോളിലുമായി ചാഞ്ഞു നില്‍ക്കുന്നു. കണ്ണുകള്‍ പെട്ടെന്ന് പിന്‍വലിച്ച് തല ആവുന്നത്ര കുനിച്ച്, ഓരം പറ്റി അവള്‍ പുറത്തേക്ക് നടന്നു.
നിലത്തുകൂടി ഈ കുഞ്ഞനെറുമ്പുകള്‍ ഇത്ര തിരക്കിട്ടോടി പോവുന്നത് എങ്ങോട്ടാണ് ?
'എടോ താന്‍ യാത്ര പറയാതെ പോവുകയാണോ ?'മാഷിന്റെ ശബ്ദം.
പിന്നാലെ വരുന്ന പെണ്‍കുട്ടികള്‍ അത് കേട്ട് ചിരിച്ചുകൊണ്ടവളെ കടന്നുപോയി .
'പരീക്ഷ എല്ലാം നന്നായി എഴുതിയോ?'
ഒരു സാഗരം ആര്‍ത്തിരമ്പി പ്രവഹിക്കാനായി കണ്ണുകളിലെത്തി നില്‍ക്കുന്നു. മുഖം ഉയര്‍ത്താന്‍ കഴിയുന്നില്ല. ഉവ്വ് എന്ന് മെല്ലെ ശിരസ്സു ചലിപ്പിച്ചു പിന്നെ അടുത്ത ചോദ്യത്തിന് കാക്കാതെ നടന്നകന്നു. ഏതാനും ചുവടുകള്‍ക്കപ്പുറം ഒരു പിന്തിരിഞ്ഞു നോട്ടത്തിന് മനസ്സ് വെമ്പി. മിഴിനീരിന്റെ അവ്യക്തതയില്‍, മരച്ചുവട്ടില്‍ നില്‍ക്കുന്ന പച്ച ഷര്‍ട്ടിട്ട രൂപം ആ വലിയ മരത്തിന്റെ താഴേക്ക് ചാഞ്ഞ ഒരു ചില്ലയാണെന്ന് അവള്‍ക്കു തോന്നി. അങ്ങനെ നിറയെ പൂക്കളുള്ള ഒരു വാകമരം ആദ്യപ്രണയത്തിന്റെ അവസാന ഓര്‍മ്മയായി അവള്‍ ഹൃദയത്തില്‍ മുദ്ര വച്ചു സൂക്ഷിച്ചു .
പിന്നെയും എത്രയോ വര്‍ഷങ്ങള്‍! കോടമഞ്ഞിന്റെ കുളിരിലും കണ്ണുനീരിന്റെ നനവിലും വിറഞ്ഞൊട്ടി നിന്ന ആ കൊച്ചു കുരുവി ,ചിറകു കുടഞ്ഞു..നനവകറ്റി ..പിന്നെ പറന്നു പറന്ന് ഏഴുകടലും കടന്നൊരു മരക്കൊമ്പില്‍ കൂടുവച്ചു. ദുര്‍ബലമായ തന്റെ കൊച്ചു വീടിന്റ നാരിഴകള്‍ അകലാതിരിക്കുവാന്‍ അവള്‍ തന്റെ സ്വപ്നങ്ങളും കവിതകളും ഓര്‍മ്മകളോടൊപ്പം ഹൃദയത്തിന്റെ മുദ്ര വച്ച അറകളിലൊളിപ്പിച്ചു. അവള്‍ക്കു മുന്‍പില്‍ കടല്‍കടന്നൊരുപാട് വാര്‍ത്തകളെത്തി. ക്ളാസ്മുറികളിലെ പീഡനങ്ങളെക്കുറിച്ച് , അധ്യാപകരുടെ ബ്ലാക്ക്‌മെയ്‌ലുകളെക്കുറിച്ച്. അപ്പോഴൊക്ക ഒരു വാകമരത്തിന്റെ ചില്ലകള്‍ അവളുടെ ഹൃദയഭിത്തികള്‍ തകര്‍ത്ത് വാനോളമുയര്‍ന്നു.
പ്രിയപ്പെട്ട മാഷെ അങ്ങ് എവിടെയാണെന്നോ ഈ കുറിപ്പ് വായിക്കുമെന്നോ എനിക്കറിയില്ല, ഒന്ന് മാത്രം അറിയാം. കാലത്തിന്റ വര്‍ഷപ്പെയ്ത്തില്‍ കഴിഞ്ഞ നാളിന്റെ കാറും കറകളുംഒഴുകിപോയി, തെളിമയാര്‍ന്ന മനസ്സോടെ ഇതെഴുതുമ്പോള്‍ ഹൃദയം നന്ദി കൊണ്ടു നിറയുകയാണ്. മനസ്സും ശരീരവും മരവിച്ചു ആ പഴയ ക്ലാസ്‌റൂമില്‍ വിറച്ചു നിന്ന ഒരു ചെറിയ പെണ്‍കുട്ടിയെ തെറ്റായ വഴിയിലേക്ക് നയിക്കാതിരുന്നതിന്. ഒരു പൂ പോലെ കശക്കിയെറിയാമായിരുന്ന എന്റെ ജീവിതത്തെ മറ്റുള്ളവരുടെ മുന്‍പില്‍ അപഹാസ്യമാക്കി തീര്‍ക്കാതിരുന്നതിന്. ഒരധ്യാപകനെന്ന തന്റെ ജീവിതത്തോട് നൂറു ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തിയതിന് . പിന്നെ മനുഷ്യനിലെ നന്മയെക്കുറിച്ചു ചിന്തിക്കുമ്പോഴൊക്ക ഒരു വാകമര തണലായി ഉള്ളില്‍ നിറയുന്നതിന്..
ഇന്ന് ഞാന്‍ തിരിച്ചറിയുന്നു, ഒരു കൗമാരക്കാരിയുടെ ചാപല്യത്തോടൊപ്പം വയലാറിന്റെ കവിതയോടുള്ള ഭ്രമവും അന്നത്തെ അവിവേകത്തിന് കാരണമായിരുന്നു. സര്‍ഗ്ഗസംഗീതം ഉള്ളില്‍ പെയ്തിറങ്ങുമ്പോള്‍ കവിതയെയാണോ കൂടുതല്‍ പ്രണയിച്ചത് എന്നൊരു സന്ദേഹം ബാക്കിയാകുന്നു. ഒരുപക്ഷേ എന്നേക്കാള്‍ മുന്‍പേ മാഷത് മനസ്സിലാക്കിയിരിക്കണം. അതാവാം പരിശീലനം കഴിഞ്ഞ് അധികമാവും മുന്‍പേ മുന്‍പിലെത്തിയൊരു ചപലത ഏറ്റവും പക്വമായി കൈകാര്യം ചെയ്യാന്‍ മാഷിനെ സഹായിച്ചത്.
കുമ്പസാരക്കൂടിന്റെ വിശുദ്ധി പോലെ ഈ കുറിപ്പ് എന്നിലെ കുറ്റബോധം അലിയിച്ചു കളയുന്നു. മാഷിന്റെ കൈവെള്ളയില്‍ ഈ നിമിഷം പതിയുന്നൊരു വിശുദ്ധ ചുംബനത്താല്‍ ഞാന്‍ എന്നെ കഴുകിയെടുക്കുകയാണ്.
പിന്നെ...
നീണ്ട വര്‍ഷങ്ങള്‍ ഞാന്‍ തന്നെ വെറുത്തു മാറ്റി നിര്‍ത്തിയ എന്നിലെ കൗമാരക്കാരീ ...
നിനക്കെന്റെ സ്‌നേഹചുംബനം
പൂക്കളെ,കവിതയെ,മനുഷ്യരെ..
പ്രണയിക്കാനറിയാത്തവര്‍
ഭൂമിയില്‍ പിറക്കാതെ പോവട്ടെ