നിന്നെ ഇങ്ങനെ കാണാന്‍ വയ്യെന്നും പറഞ്ഞ് ട്രെയിനിലിരുന്ന് അവന്‍ പൊട്ടിക്കരഞ്ഞു...


നിമ്ന വിജയ്

5 min read
Read later
Print
Share

ഇനി എങ്കിലും അവന്റെ യാത്രയില്‍ കണ്ടുമുട്ടുന്ന സ്‌നേഹത്തുരുത്തുകള്‍ സത്യമുള്ളതാവട്ടെ..

പ്രതീകാത്മക ചിത്രം

ഫീസില്‍ നിന്നും നേരത്തെ ഇറങ്ങി തിലക് നഗര്‍ റെയില്‍വേ സ്റ്റേഷന്‍ ബെഞ്ചില്‍ അവനെ കാത്തിരുന്നപ്പോള്‍ ഹൃദയം പതിന്മടങ്ങു ശക്തിയില്‍ മിടിച്ചു കൊണ്ടിരുന്നു. ഫോണ്‍ വിളികളിലും ചാറ്റിങ്ങിലുമെല്ലാം 'നിന്നെ എനിക്ക് ഒരുപാടിഷ്ടമാണെന്നു 'പറയുന്ന അവന് എന്നെ നേരിട്ട് കാണുമ്പോള്‍ ഇഷ്ടമാകുമോ? സംസാരിച്ചു തുടങ്ങുമ്പോള്‍ വരേണ്ടിയിരുന്നില്ലെന്നു തോന്നുമോ? എന്നുതുടങ്ങി നൂറായിരം ചോദ്യങ്ങള്‍ സ്റ്റേഷനിലെ ഉച്ചത്തിലുള്ള വര്‍ത്തമാനങ്ങളെയും ഭേദിച്ച് എന്നെ അലോസരപ്പെടുത്തി കൊണ്ടിരുന്നു.

സൂചികുത്താന്‍ പോലും ഇടമില്ലാത്ത മുംബൈ ലോക്കല്‍ ട്രെയിന്‍ കംപാര്‍ട്‌മെന്റിലേക്ക് വീണ്ടും ഓടിക്കയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സ്ത്രീയെ ഭാക്ഷ അറിഞ്ഞിരുന്നെങ്കില്‍ ചീത്ത വിളിക്കാമായിരുണെന്നു ആലോചിച്ചുകൊണ്ടിരിക്കുമ്പോഴേക്കും ട്രെയിന്‍ ഇറങ്ങി അവന്‍ അടുത്തെത്തിയിരുന്നു. ഞാന്‍ ഉള്ളില്‍ അടക്കി വച്ച പരിഭ്രമങ്ങളെക്കാളറെ അവന്‍ ഒളിപ്പിച്ചു വയ്ക്കാന്‍ കഴിയാതെ പുറത്തുകാണിക്കുന്നുണ്ടെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ എനിക്ക് മനസിലായി അതുകൊണ്ടു സംസാരത്തിനു മുന്‍കൈയെടുത്തു ഞാന്‍ അവനെയും കൂട്ടി അടുത്തുള്ള പാര്‍ക്കിലേക്ക് ഓട്ടോ വിളിച്ചു.

അത്രമേല്‍ അടുത്തിരുന്നിട്ടും എന്ത് സംസാരിക്കണമെന്നറിയാതെ ഞങ്ങള്‍ രണ്ടുപേരും രണ്ടുദിശയിലെ കാഴ്ചകള്‍ അസ്വദിക്കുന്നെന്നു നടിച്ചു മിണ്ടാതിരുന്നു. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു പക്ഷെ മുംബൈയില്‍ ആ സമയത്താണ് ആളുകള്‍ ശാന്തമായി കാഴ്ചകള്‍ കാണാന്‍ പുറത്തിറങ്ങുന്നത്. പാര്‍ക്കിനു എതിര്‍വശത്തു കണ്ട ഒരൊഴിഞ്ഞ ബെഞ്ചു നോക്കി ഞങ്ങള്‍ നടന്നു. നമുക്ക് കൈ ചേര്‍ത്തു പിടിച്ചു കൂടെ നടക്കാം എന്നു ഒരുപാട് പറഞ്ഞിട്ടുണ്ടെങ്കിലും അന്നെന്തോ വീതി കുറഞ്ഞ ഫുട്പാത്തിലൂടെ ഒരുമിച്ചു നടക്കുമ്പോള്‍ കൈകള്‍ തമ്മില്‍ കൂട്ടി മുട്ടാതിരിക്കാന്‍ ഞാന്‍ വേഗത്തില്‍ മുന്നില്‍ നടന്നു.

ഒന്നുരണ്ടു മണിക്കൂറോളം ബെഞ്ചിലിരുന്നു ഊന്നുവണ്ടിയുമായി നടക്കാനിറങ്ങിയ അപ്പൂപ്പനെ പറ്റിയും, കൂട്ടുവന്ന പട്ടിയെ കുറിച്ചും, ചുറ്റും മറ്റാരുമില്ലെന്നപോലെ പരസ്പരം ചുംബിച്ചു കൊണ്ടിരുന്ന കമിതാക്കളെ പറ്റിയുമൊക്കെ ഞങ്ങള്‍ എന്തൊക്കെയോ സംസാരിച്ചു. തിരിച്ചു പോകവെ ഹോസ്റ്റല്‍ വരെ അവന്‍ എനിക്ക് കൂട്ടു വന്നു. എത്തിയിട്ട് വിളിക്കണമെന്ന് പറഞ്ഞു ഞാന്‍ തിരിച്ചു നടക്കാനൊരുങ്ങവെ 'കുറച്ചുകൂടെ കഴിഞ്ഞു പോയാല്‍ പോരെ' എന്നു ചോദിച്ചവനെന്റെ കയ്യില്‍ പിടിച്ചു. അത്രമേല്‍ പ്രണയത്തോടെ എന്നെയാരും ഇതു വരെ ചേര്‍ത്തു പിടിച്ചിട്ടില്ല. ഹൃദയത്തില്‍ സ്‌നേഹത്തിന്റെ ആയിരം വാക്കുകള്‍ നിറഞ്ഞു നിന്നെങ്കിലും ഒന്നും പറയാന്‍ കഴിയാതെ ഞാന്‍ അവനെ നോക്കി പുഞ്ചിരിച്ചു തിരിച്ചു നടന്നു. പിന്നീടുള്ള ഓരോ കണ്ടു മുട്ടലുകളിലും നാളെ കാണാമെന്ന ഉറപ്പുനല്‍കി അവനെ ചേര്‍ത്തു പിടിച്ചു യാത്ര പറയുമ്പോഴാണ് പ്രണയത്തിന്റെ പുഞ്ചിരിക്ക് ഇത്രമേല്‍ സൗന്ദര്യമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്.

ഒരുമിച്ചിരിക്കുമ്പോഴെല്ലാം നിന്നെ എനിക്ക് അത്രമേല്‍ ഇഷ്ടമാണെന്ന് ഇതുപോലെ ആരെയും പ്രണയിച്ചിട്ടില്ലെന്നു അവന്‍ എന്നെ ഓര്‍മപ്പെടുത്തുമ്പോഴെല്ലാം ഒരു പ്രണയം നല്‍കിയ മുറിവില്‍ നിന്നും പുറത്തു വരാന്‍ ഇനിയും കഴിയാത്തിനാല്‍ പ്രണയിക്കാന്‍ എനിക്ക് പേടിയാണ് പറഞ്ഞു ഞാന്‍ അവനെ ഇടക്കിടെ വേദനിപ്പിച്ചുകൊണ്ടിരുന്നു.

ഒറ്റയ്ക്ക് ജീവിച്ചു ശീലിച്ചു പോയതുകൊണ്ട് എന്റെ ചെറിയ കാര്യങ്ങളിലൊന്നും നീ ഇത്രമേല്‍ ശ്രദ്ധിക്കേണ്ടതിലെന്നു ഞാന്‍ വാശിപിടിക്കുമ്പോഴും എന്റേതായ ഒന്നിലും കൈകടത്താതെ തന്നെ അവനെന്നോട് ചേര്‍ന്നു നിന്നു. നാളുകള്‍ നീങ്ങവെ സമയത്തിന്റെ അളവുകോല്‍ വച്ചു ബന്ധങ്ങളെ നിര്‍വചിക്കാന്‍ കഴിയില്ലെന്ന് എനിക്ക് തോന്നിത്തുടങ്ങി. എന്തെന്നാല്‍ ആ കുറച്ചു നാളുകള്‍ കൊണ്ടു തന്നെ ഞാന്‍ അവനെ അത്രമേല്‍ പ്രണയിച്ചു തുടങ്ങിയിരുന്നു.

പൈങ്കിളി പ്രണയങ്ങളോട് എനിക്ക് പുച്ഛമാണെന്നു ഞാന്‍ വലിയ വായില്‍ പ്രഖ്യാപിച്ചെങ്കിലും വൈകുന്നേരങ്ങളില്‍ ഓഫീസിന് മുന്നില്‍ കൈ നിറയെ റോസാപൂക്കളുമായും, ലോക്കല്‍ ട്രെയിനിലെ തിരക്കുകള്‍ക്കിടയില്‍ ശ്വാസം കിട്ടാതെ ഞാന്‍ പരാതിയുടെ കെട്ടഴിക്കുമ്പോള്‍ ചിരിച്ചു കൊണ്ട് അവന്‍ നല്‍കിയ ചുംബനങ്ങളായും, ഓട്ടോയില്‍ കൈചേര്‍ത്തുപിടിച്ചു എന്റെ തോളില്‍ ചാരികിടന്നു അവന്‍ പറഞ്ഞ അവന്റെ സ്വപ്നങ്ങളും പ്രണയം ഇടക്കൊക്കെ പൈങ്കിളിയാകാമെന്നു എന്നെ ഓര്‍മപ്പെടുത്തി.

അവന്‍ നല്‍കിയ ഉറപ്പ് പ്രണയത്തില്‍ തിരിച്ചു നല്‍കാന്‍ ഞാന്‍ ഇനിയും മടിക്കേണ്ടതില്ലെന്ന തോന്നലില്‍ ഹോസ്റ്റല്‍ വരാന്തയിലൂടെ വെറുതെ നടക്കുമ്പോഴാണ് ഓഫീസ് ആവശ്യത്തിനായി നാളെ ഗുജറാത്തില്‍ പോയാല്‍ പിന്നെ രണ്ടു ദിവസം കഴിഞ്ഞേ തിരിച്ചു വരൂ നമുക്ക് മറൈന്‍ ഡ്രൈവ് വരെ പോയാലോ എന്നവന്റെ മെസ്സേജ് വന്നത്. മുംബൈയുടെ ഹൃദയം ഇരിക്കുന്നത് ഇവിടെയാണെന്നു എനിക്കിടക്ക് തോന്നാറുണ്ട്. ദേശത്തിന്റെ അതിരുകള്‍ താണ്ടി പുതിയ സ്വപ്നങ്ങളും പേറി മുംബൈയിലെത്തിയ എല്ലാവരുടെയും സന്തോഷങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും ഈ കടല്‍ സാക്ഷിയായിട്ടുണ്ടാകും. കുടുംബവും കൂട്ടുകാരും പ്രണയവും കടലിനു ചുറ്റും വട്ടമിട്ടിരുന്നു നൂറായിരം വര്‍ത്തമാനങ്ങള്‍ പറയുമ്പോള്‍ അവര്‍ക്കൊരു സൂര്യസ്ഥമയവും നനുത്ത കാറ്റും സമ്മാനിച്ചു കടല്‍ മൗനമായി കൂട്ടിരിക്കുന്നു. നടന്നു തളര്‍ന്നപ്പോള്‍ കടല്‍ ഭിത്തിയിലിരുന്നു ഞങ്ങളും സൂര്യോദയത്തിനായി കാത്തിരിപ്പായി.

പ്രണയം നല്‍കിയ മുറിവുകളെ കുറിച്ചു ഞാന്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ എന്റെ നിറഞ്ഞ കണ്ണുകള്‍ തുടച്ചു കൊണ്ടു അവന്‍ കുറച്ചു നേരം മിണ്ടാതിരുന്നു. സത്യം എത്രമേല്‍ വേദനിക്കുന്നതാണെങ്കികും കള്ളം കൊണ്ടതിനെ എനിക്ക് മുന്നില്‍ മറച്ചു വയ്ക്കുന്നത് മാത്രം എനിക്ക് മാപ്പ് നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞു ഞാന്‍ അവസാനിച്ചപ്പോള്‍ വിളറിയ മുഖവുമായി അവന്‍ ഒരു കുറ്റസമ്മതം നടത്താനൊരുങ്ങി.

വിവാഹത്തിലെത്തി നില്‍ക്കുന്ന ഒരു പ്രണയം അവനുണ്ടെന്നും പക്ഷേ ആ കുട്ടിയോട് ഇപ്പോള്‍ പഴയ പ്രണയമില്ലെന്നും അത് തുറന്നു പറയാന്‍ ധൈര്യമില്ലാത്തതിനാല്‍ രണ്ടു കുടുംബങ്ങളെയും അവളെയും വേദനിപ്പിക്കാന്‍ വയ്യാത്തതിനാല്‍ ജീവിതം മടുത്തുപോയിരിക്കുമ്പോഴാണ് എന്നെ പരിചയപ്പെട്ടതെന്നും, അവന്‍ ആഗ്രഹിക്കുന്നതെല്ലാം എന്നില്‍ ഉള്ളത് കൊണ്ട് വേണ്ടെന്നു വയ്ക്കാന്‍ കഴിയാത്തതിനാല്‍ ഇത് തുറന്നു പറയാന്‍ കഴിഞ്ഞില്ലെന്നും ഒരൊറ്റ ശ്വാസത്തില്‍ അവന്‍ പറഞ്ഞവസാനിപ്പിച്ചപ്പോള്‍, നിന്നെ ഞാന്‍ പ്രണയിക്കുന്നു എന്ന വാക്കു നല്‍കാന്‍ വന്ന ഞാന്‍ കരയാന്‍ പോലും ആവാതെ സൂര്യസ്തമയത്തില്‍ കടല്‍ മറ്റൊരു നഷ്ടപ്രണയത്തിന് സാക്ഷിയാവുന്നത് നോക്കി വെറുതെ ഇരുന്നു.

ഹൃദയം തിരമാലകളെക്കാള്‍ ഉച്ചത്തില്‍ നിലവിളിച്ചു കൊണ്ടിരിക്കുമ്പോഴും എനിക്കെന്തോ അവനെ ആശ്വസിപ്പിക്കാനാണ് തോന്നിയത്. മറ്റൊരു പെണ്കുട്ടിയുടെ കണ്ണീരിന്റെ നിഴല്‍ പറ്റിയ ഒരു സ്‌നേഹവും എനിക്ക് വേണ്ടെന്ന് അതിനുമാത്രം ഞാന്‍ നിന്നെ സ്‌നേഹിച്ചിട്ടില്ലെന്നു നിങ്ങള്‍ തമ്മില്‍ സംസാരിച്ചു ഒരു പുതിയ ജീവിതവുമായി മുന്നോട്ടു പോകണമെന്ന് ഒടുവില്‍ നീ എന്നെ ചതിച്ചെന്നു ഞാന്‍ വിശ്വസിക്കുന്നില്ലെന്നു അവന് വാക്കു നല്‍കി അന്ന് ഞങ്ങള്‍ പിരിഞ്ഞു.

പിന്നീടങ്ങോട്ട് അവനില്ലാതെയുള്ള ദിവസങ്ങളിലാണ് അവനെ ഞാന്‍ എത്രമാത്രം സ്‌നേഹിച്ചെന്നു തിരിച്ചറിഞ്ഞത് . ഒരു ദിവസം അര്‍ദ്ധരാത്രി എനിക്കൊരുപാട് വേണ്ടപെട്ടൊരാള്‍ മരിച്ചു പോയന്ന ഫോണ്‍ വന്നപ്പോള്‍ അവനെ വിളിച്ചു കരയണമെന്നാണ് എനിക്ക് തോന്നിയത്. പക്ഷെ എന്നോടൊരു ആശ്വാസ വാക്കു പോലും പറയാതെ ഔദാര്യത്തിനെന്നപ്പോള്‍ സംസാരിച്ചു അവന്‍ ഫോണ്‍ കട്ട് ചെയ്തപ്പോഴാണ് പ്രണയത്തില്‍ ഞാന്‍ വഞ്ചിക്കപെട്ടെന്നു ആദ്യമായി തിരിച്ചറിഞ്ഞത്.

പക്ഷെ എന്നിട്ടും അവനെന്നെ പ്രണയം നടിച്ചു വഞ്ചിച്ചിട്ടില്ലെന്നു, ചേര്‍ന്നിരുന്നു നല്‍കിയ ചുംബനങ്ങള്‍ക്കെല്ലാം ഹൃദയത്തിന്റെ കാവലുണ്ടായിരുന്നു എന്നു ഞാന്‍ വീണ്ടും മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.

അല്ലെങ്കിലും പറ്റിക്കപ്പെട്ടു എന്നു വിശ്വസിക്കാന്‍ അത് അംഗീകരിക്കാന്‍ നമുക്കെല്ലാം മടിയാണ്. അത് ഒരുപാട് സ്‌നേഹിച്ച ഇപ്പോഴും സ്‌നേഹിക്കുന്ന ഒരാളില്‍ നിന്നുമാവുമ്പോള്‍ നാം ആ സത്യത്തെ മനപൂര്‍വം കള്ളമാക്കി നമ്മുടെ തോന്നലുകളാക്കി മാറ്റുന്നു.

വഞ്ചനയുടെ അവഗണനയുടെ തീയില്‍ സ്വയം ഉരുകി ഇല്ലാതാകുമ്പോഴും ഞാന്‍ അവന്റെ ചെയ്തികളെ ന്യായികരിക്കാന്‍ ആയിരം കാരണങ്ങള്‍ തിരഞ്ഞു കൊണ്ടിരിക്കുന്നു. എനിക്ക് മഴ നനയാന്‍ തോന്നി പക്ഷെ വേദനക്ക് കൂട്ടു തന്നത് വേനലിനെയും കോവിഡിനെയും ആയിരുന്നു. ഓഫീസില്‍ നിന്നും നാട്ടില്‍ പോകാനുള്ള അനുവാദം ലഭിച്ചു ഞാന്‍ വരുന്നില്ലെന്നു പറഞ്ഞെങ്കിലും വീട്ടുകാര്‍ ടിക്കറ്റ് എടുത്തു ബാഗ് പാക്ക് ചെയ്യാനുളള അന്തിമ ശ്വാസനയും നല്‍കി. അവസാനം പോകാമെന്ന തീരുമാനം എടുത്തത് കോവിഡിനെ ഭയന്നു കൊണ്ടായിരുന്നില്ല ഇവിടുത്തെ ഓരോ നിമിഷവും അവന്റെ ഓര്‍മകളെ തേടിപ്പിടിച്ചു എനിക്ക് സമ്മാനിച്ചത് കൊണ്ടായിരുന്നു.

ഒരുപാട് നാളുകള്‍ക്ക് ശേഷം നാട്ടിലേക്ക് ഒരുമിച്ചു പോകാമെന്ന വിളിയുമായി അവനെത്തി. ആപത്തു വരുമ്പോള്‍ ശത്രുവിനോട് പോലും മുഖം തിരിക്കരുതെന്നു എവിടെയോ വായിച്ചതിനാല്‍ ഒരുമിച്ചു നാട്ടിലേക്ക് തിരിച്ചു. എയര്‍പോര്‍ട്ടിലെ ഭീകരമായ അവസ്ഥ കഴിഞ്ഞു പോയതോന്നിനെ പറ്റിയും ഓര്‍ക്കാന്‍ എന്നെ അനുവദിച്ചില്ല. മരണത്തെ മനുഷ്യന്‍ എത്രമേല്‍ ഭയക്കുന്നു എന്നു മനസ്സിലാക്കിയ നിമിഷം. ആലുവയില്‍ നിന്നും നാട്ടിലേക്കുള്ള ട്രെയിന്‍ ശൂന്യമായിരുന്നു. ജനാലക്ക് ഇരുവശവുമുള്ള സീറ്റില്‍ പരസ്പരം നോക്കാതെ ഞങ്ങള്‍ വെറുതേയിരുന്നു. നീ എന്തിനെന്നെ ചതിച്ചെന്നു ഞാന്‍ ചോദിക്കാന്‍ പുറപ്പെടും മുന്‍പേ നിന്നെ ഇങ്ങനെ കാണാന്‍ എനിക്ക് കഴിയുന്നില്ലെന്ന് പറഞ്ഞവന്‍ പൊട്ടിക്കരഞ്ഞു. അപ്പോഴും അവനെ ചേര്‍ത്തു പിടിച്ചു സരമില്ലെന്നു പറയാന്‍ വെമ്പിയ എന്റെ പൊട്ട മനസ്സിനെ കോറോണയുടെ പേരുപറഞ്ഞ് ഞാന്‍ അടിച്ചിരുത്തി. പക്ഷെ ആര്‍ത്ഥമില്ലാതെ ഈ സ്‌നേഹത്തിന്റെ വേദനയും പേറി ഒരുപാട് കാലം മുന്നോട്ട് പോകാന്‍ എന്തോ എനിക്ക് തോന്നിയില്ല.

വീട്ടിലേക്കുള്ള സ്റ്റേഷനില്‍ ഇറങ്ങി തിരിച്ചു നടക്കാനൊരുങ്ങവെ പണ്ടത്തെ പോലെ കൈകള്‍ ചേര്‍ത്ത് പിടിച്ചു ഇപ്പോള്‍ പോകണ്ട എന്നവന്‍ പറയണമെന്ന് മനസ്സ് മന്ത്രിച്ചെങ്കിലും പ്രണയത്തിന്റെ പുഞ്ചിരിക്ക് പകരം നഷ്ടത്തിന്റെ വേദനയില്‍ നിറഞ്ഞ കണ്ണുകളെ തുടച്ചു കൊണ്ടു പണ്ടെങ്ങോ വായിച്ച വരികള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു .

'' ഇനി തമ്മില്‍ കാണുക എന്നൊന്നുണ്ടാകില്ല;
ഞാന്‍ മരിച്ചതായി നീയും നീ-
മരിച്ചതായി ഞാനും കരുതിക്കൊള്‍ക,
ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക... ! '

നാട്ടിലെത്തിയിട്ടു ഇപ്പോള്‍ ഒരുവര്‍ഷം ആവുന്നു. കഴിഞ്ഞു പോയ നിമിഷങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ ചെറിയൊരു വിങ്ങല്‍ ശേഷിക്കുന്നുവെങ്കികും ഈ കൊറോണ കാലം കുറെയൊക്കെ അവന്റെ ഓര്‍മകളെ എന്നില്‍ നിന്നും തുടച്ചു നീക്കി. ജീവിച്ചു മതിയാകാതെ ഒരുപാട് സ്വപ്നങ്ങള്‍ ബാക്കിയാക്കി വിട പറഞ്ഞ എത്രയോ മനുഷ്യര്‍ അതിനേക്കാള്‍ വലുതല്ല ഈ വഞ്ചനയുടെ വേദനയെന്നു ഈ കൊറോണ കാലം എന്നെ പഠിപ്പിച്ചു. ഒറ്റക്കിരിക്കുമ്പോള്‍ ഇടക്ക് അവനെയോര്‍ക്കും എന്നല്ലാതെ ഞാന്‍ അവനെ പിന്നെ കണ്ടതേയില്ല. വീണ്ടെടുക്കാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത ഈ കൊറോണ കാലത്തെ നഷ്ടമായി അവനും ശേഷിക്കട്ടെ.

എങ്കിലും ഇനി അവന്റെ യാത്രയില്‍ അവന്‍ കണ്ടുമുട്ടുന്ന സ്‌നേഹത്തുരുത്തുകള്‍ സത്യമുള്ളതാകട്ടെ. പ്രിയപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്തുമ്പോള്‍ കണ്ണീരിന്റെ ഓരോര്‍മയും അവര്‍ന് കൂട്ടിരിക്കാതിരികട്ടെ. എന്നെങ്കികും കണ്ടുമുട്ടുമ്പോള്‍ ഔപചാരികഥകള്‍ക്കപ്പുറം അവന്‍ എന്നെ സ്‌നേഹിച്ചിരുന്നു എന്ന നുണ വീണ്ടും പറയട്ടെ. ഇങ്ങനെ ഇടക്കെല്ലാം സത്യത്തെക്കാള്‍ കൂടുതല്‍ നുണകളും ഭംഗിയുള്ളതാവട്ടെ..

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram