'എന്നെ തെമ്മാടിക്കുഴി കാണിക്കല്ലേ മോനേ...' ആ അമ്മയ്ക്ക് വേണ്ടി ഞാന്‍ തോല്‍വി ഏറ്റുവാങ്ങി


ഡോ. ബി. ഇഫ്തിഖാര്‍ അഹമ്മദ്

2 min read
Read later
Print
Share

-

(2020 പ്രണയദിനത്തോടനുബന്ധിച്ച് നടത്തിയ അനുഭവകുറിപ്പ് മത്സരത്തില്‍ സമ്മാനം നേടിയ കുറിപ്പ്)

തിറ്റാണ്ടിന്റെ നീറ്റലുണ്ട് സബേര (പേര് യഥാര്‍ത്ഥമല്ല) എനിക്ക് സമ്മാനിച്ച പ്രണയത്തിന്റെ പറുദീസാ നഷ്ടത്തിന്. പ്രിയപ്പെട്ട സബേരാ, നീ എവിടെയാണെന്നോ എന്താണെന്നോ എന്നെനിക്കറിയില്ല. പക്ഷെ, നീയിത് വായിക്കാനിട വന്നാല്‍, ഇതെന്റെ കുമ്പസാരമായി കരുതി, എനിക്ക് പൊറുത്തു തരിക ഒന്നും മന:പൂര്‍വമായിരുന്നില്ല.

ഇംഗ്ലീഷില്‍ മനോഹരമായി കവിതയെഴുതിയിരുന്നു, അവള്‍. അതിന്റെ വരികള്‍ക്കിടയിലൂടെയാണ് ഞങ്ങളുടെ പ്രണയം ഒളിച്ചു നടന്നതും പടര്‍ന്ന് പന്തലിച്ചതും ക്രിസ്തുവിന് പകരം അവള്‍ക്ക്, ഇതര മതസ്ഥനായ എന്നെ മതിയായിരുന്നു. ഞാനവളോട് ക്രിസ്തുവിനെ ഉപേക്ഷിക്കാതെ തന്നെ, എന്റെ മണവാട്ടിയാവാന്‍ ഉപദേശിച്ചു. പക്ഷെ, അവള്‍ക്കിഷ്ടം യരുശലേമിന്റെ വീഥിയിലേക്ക് ശോശന്നപ്പൂക്കള്‍ നിറച്ച കൂടയുമായി ചേര്‍ത്ത് പിടിക്കുന്ന എന്നെയായിരുന്നു..

ആ ചുണ്ടുകളുടെ ചലനത്തിലൂടെയാണ് ഞാനാദ്യമായി 'യഹൂദിയായിലെ' എന്ന് തുടങ്ങുന്ന ഭക്തിഗാനം ശ്രവിച്ചത്. അവളുടെ വിരലുകളുടെ തണുപ്പറിഞ്ഞാണ് ആദ്യവീഞ്ഞിന്റെ ലഹരി നുണഞ്ഞത്. അവള്‍ സമ്മാനിച്ച വേദപുസ്തക താളുകളിലുടെയാണ് 'ശലമോന്റെ ഉത്തമഗീത'ത്തിലെ പ്രേമപാരവശ്യം കണ്‍പാര്‍ത്തത്. ഇടവകപ്പെരുന്നാളിനാണ് ലോകത്തിന്റെ കണ്ണ് മുഴുവന്‍ വെട്ടിച്ച്, രാവ് തീരോളം, സെമിത്തേരിയുടെ ഓരത്തുള്ള, മാര്‍ബിള്‍ പാകിയ ഏതോ ഒരജ്ഞാത ശവക്കല്ലറയെ സാക്ഷിയാക്കി ദീര്‍ഘാലിംഗനത്തില്‍ അമര്‍ന്ന്, ഉച്ഛ്വാസ വായുവിന്റെ ശബ്ദക്രമീകരണമനുഭവിച്ചത്.

മാലാഖമാരെപ്പോലും അസൂയപ്പെടുത്തി അവള്‍. തെളിഞ്ഞ മനസോടെ, ഞാനൊരിക്കല്‍ അവളുടെ അമ്മയോട് എന്റെ ഇഷ്ടമറിയിച്ചു. വ്യത്യസ്ത മതാശയത്തെ തലോടുന്ന എനിക്ക്, അതിന്റെ എല്ലാ വ്യത്യസ്തതകളും നിലനിര്‍ത്തി, ഈ മാലാഖക്കുഞ്ഞിന്റെ കൈ പിടിച്ച് തരുമോയെന്ന് ചോദിച്ചു.

ഏക മകളുടെ ഇഷ്ടം നേരത്തെ അറിഞ്ഞു കഴിഞ്ഞിരുന്ന ആ അമ്മ, ഒരു വിതുമ്പലിലൂടെയാണ് പ്രതികരിച്ചത്. അവളുടെ അച്ഛന്റെ മരണ ശേഷം അവളെ വളര്‍ത്താന്‍ നടത്തിയ കഷ്ടപ്പാടും 'പ്രൊട്ടസ്റ്റന്റ്' വിഭാഗമായതിനാല്‍ ഉണ്ടായേക്കാവുന്ന പൊട്ടിത്തെറികളും ഞാന്‍ നിശ്ശബ്ദം കേട്ടു. അമ്മയോടോപ്പം, അകത്തെവിടെയോ മറവുപറ്റിയ അവളുടെ വിതുമ്പലും ഞാന്‍ അറിഞ്ഞു.

പിന്മാറാന്‍ തയ്യാറല്ലായിരുന്നു ഞങ്ങളിരുവരും.'നിങ്ങടെ മോനൊരു ക്രിസ്ത്യാനിപ്പെണ്ണിനെ കൊണ്ട് വരുമെന്നാ പറയുന്നേ'' എന്ന ഉമ്മയുടെ ആധി ''അഹ്ലുല്‍ കിതാബുകാരെ (ഗ്രന്ഥാനുസാരികളെ) വിവാഹം കഴിക്കുന്നതില്‍ മുസ്ലിമിന് അനുവാദമുണ്ടെന്ന്' പറഞ്ഞ് ഉപ്പ നിസ്സാരവല്‍ക്കരിച്ചു.

തീവ്രപ്രണയത്തിന്റേതായിരുന്നു പിന്നീടുള്ള നാളുകള്‍. മാസങ്ങള്‍ ചിലത് കഴിഞ്ഞപ്പോള്‍ അവള്‍ തന്നെയാണ് അറിയിച്ചത്, 'അമ്മ കാണണമെന്ന് പറഞ്ഞു.'

ഞായറാഴ്ച കുര്‍ബാന കൂടുന്ന പള്ളി മുറ്റത്ത് ഞാനെന്റെ ബൈക്ക് ഒതുക്കി കാത്തിരുന്നു.'പാരിഷ് ഹാളിലേക്ക് കയറിയിരുന്നോളൂ'' എന്ന ഏതോ ഒരപരിചിതന്റെ സ്‌നേഹക്ഷണത്തെ പുഞ്ചിരിയോടെ നിരാകരിച്ച്, ഞാനാ 'പാസ്റ്ററല്‍ സെറ്റിങ്ങി'ന്റെ കാല്‍പനികതയില്‍ സ്വയം വിലയം പ്രാപിച്ചു.

നേരമൊരല്‍പം കഴിഞ്ഞിട്ടാണ് പള്ളിമണി കേട്ടത്. കുര്‍ബാന കൈക്കൊണ്ട് ആളുകള്‍ പുറത്തേക്കിറങ്ങിയിരിക്കുന്നു. ഏതാണ്ടെല്ലാവരും പൊയ്ക്കഴിഞ്ഞപ്പോഴാണ് അവളും അമ്മയും ഇറങ്ങിയത്, കൂടെ ചെറുപ്പം അധികം നഷ്ടപ്പെട്ട് പോയിട്ടില്ലാത്ത ഒരു പുരോഹിതനും !

പള്ളിമേടയില്‍ വെച്ച് പിന്നീട് നടന്നത് ഇതര മതസ്ഥന് മകളെ കെട്ടിച്ചു തന്നാല്‍ ഭര്‍ത്താവില്ലാത്ത ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന പീഢപര്‍വത്തിന്റെ വിളിച്ചു ചൊല്ലലായിരുന്നു. ഒടുവില്‍, വിറയാര്‍ന്ന കൈകള്‍ കൊണ്ട് എന്റെ കരം ഗ്രഹിച്ച് ആ അമ്മ 'എന്നെ തെമ്മാടിക്കുഴി കാണിക്കല്ലേ...'എന്ന് പറഞ്ഞ് കരഞ്ഞു.

സബേരയ്ക്കുള്ള എന്റെ കുമ്പസാരം ഞാനിവിടെ അവസാനിപ്പിക്കുന്നു. പക്ഷെ, ''മികച്ചൊരു ജോലി'' എന്ന വ്യാജേന വിദേശത്തേക്ക് പോയതിന് ഒരു കാരണം ആ അമ്മ പറഞ്ഞ 'തെമ്മാടിക്കുഴി'യായിരുന്നു എന്നത് അവളറിഞ്ഞില്ല. എന്നെ അന്വേഷിച്ച് അവള്‍ എന്റെ സുഹൃത്തുക്കളിലേക്കെത്തിയത് ഞാന്‍ വല്ലാത്ത തകര്‍ച്ചയോടെ അറിയുന്നുണ്ടായിരുന്നു...

പിടികൊടുക്കാതെ രണ്ട് വര്‍ഷം. ഒടുവില്‍, ഒരൊഴിവു കാലത്തിന് നാട്ടിലെത്തിയപ്പോള്‍, വെറുമൊരു കൗതുകത്തിന്, ആ പള്ളിയിലേക്ക് ഒരിക്കല്‍ കൂടി പോയി. വലിയ മാറ്റങ്ങളില്ലാത്ത അവിടെ വെച്ച്, വല്ലാതെ വാര്‍ധക്യം തോന്നിപ്പിച്ച അമ്മയെ കണ്ടു.'അവളെ കഴിഞ്ഞ ഡിസംബറില്‍ കെട്ടിച്ചു വിട്ടു...'' കുശലാന്വേഷണത്തിന് ശേഷം അമ്മയുടെ പതറിയ ശബ്ദം. അവര്‍ കരഞ്ഞു കൊണ്ട്, എന്നെ ഉപേക്ഷിച്ച്, നടന്നു പോയി.

ആ നടത്തത്തിനിടയില്‍ 'വേണ്ടായിരുന്നു. എന്റെ മോള്‍ക്ക് വേണ്ടി ഞാന്‍ തെമ്മാടിക്കുഴി തിരഞ്ഞെടുത്താല്‍ മതിയായിരുന്നു' എന്ന് പറഞ്ഞത് എന്തിനായിരുന്നു ?

(കാസര്‍കോട്‌ കേന്ദ്ര സര്‍വകലാശാലയിലെ അസി. പ്രൊഫസര്‍ ആണ് ലേഖകന്‍)

Content Highlights: Love Story, Valentine's Day 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram