'ഈ നിമിഷം നിനക്ക് തരാന്‍ എന്റെ കൈയില്‍ മുറിവേറ്റൊരു ഹൃദയം മാത്രമേയുള്ളു..'


നതാഷ സാമുവല്‍

3 min read
Read later
Print
Share

നിന്റെ ഓര്‍മ്മയ്ക്കാണ് ഈ കുറിപ്പ്. സ്വപ്നം പോലെ കടന്നു വന്ന് വേറൊരു സ്വപ്നം പോലെ മാഞ്ഞു പോയ നിന്റെ ഓര്‍മ്മയ്ക്ക്.

ഓര്‍മ്മയിലാദ്യം വരുന്നത് മാര്‍ച്ചിലെ ഒരു സന്ധ്യയാണ്. ലോകമെങ്ങും അടഞ്ഞിരുപ്പിന്റെ ആഴങ്ങളിലേക്ക് പോയിരുന്നു. മനസ്സ് പോലും അടഞ്ഞു പോയ ഒരു ദിവസമാണ് പൊടി പിടിച്ചു കിടന്ന പുസ്‌കകങ്ങള്‍ തപ്പിയെടുക്കുന്നത്. ഏറെ നാളത്തെ വിടവ് മൂലം വായനയ്ക്ക് ഒരൊഴുക്ക് കിട്ടുന്നുണ്ടായിരുന്നില്ല. അപ്പോഴാണ് ഓണ്‍ലൈന്‍ വായനയിലേക്ക് മാറിയതും അവിചാരിതമായി മനോഹരമായ ഒരു കുറിപ്പ് കാണുന്നതും. നെരൂദയുടെ ഒരു കവിതയെക്കുറിച്ചുള്ള നീയെഴുതിയ റിവ്യൂ ആയിരുന്നു.

പതിവ് എഴുത്തുകളില്‍ നിന്ന് വ്യത്യസ്തമായി ആഴമുള്ള വരികള്‍. മനോഹരമായ ആ വരികള്‍ക്ക് അത്രയും മനോഹരമായ ഒരു കമന്റും ഇട്ടു. കഴിഞ്ഞു എന്ന് കരുതി ജീവിതത്തിരക്കിലേക്ക് തിരികെപ്പോയ എന്നെ നിന്നിലേക്ക് എന്നേക്കും ചേര്‍ത്ത് വെച്ചൊരു തുടക്കമായിരുന്നു ആ അക്ഷരങ്ങള്‍.

അക്ഷരങ്ങളില്‍ കൂടെ ഒരു പ്രണയം. എന്തെങ്കിലും എഴുതൂ എന്ന് ഒട്ടും നിര്‍ബന്ധിക്കാതെയുള്ള ഓര്‍മ്മപ്പെടുത്തല്‍. എന്റെ അടഞ്ഞിരുപ്പിന്റെ വാതിലില്‍ തട്ടി എഴുന്നേല്‍ക്കൂ എന്നൊരു സ്‌നേഹശാസന. ഏറ്റവും മനോഹരമായ ഒരു സൗഹൃദം. പ്രണയത്തിന്റെ ശരാശരികളില്‍ ഒതുങ്ങാതെ അതിനും എത്രയോ അപ്പുറത്തേക്ക് പതിയെവളര്‍ന്നൊരു ഭംഗി. അതേ, അങ്ങനെയേ അതിനെ വിളിക്കാനാവൂ. ഈ ലോകത്തിന് ഇത്രമേല്‍ മനോഹരമാകാമെന്ന് എനിക്ക് പറഞ്ഞു തന്നത് നീയാണ്.

മറ്റുളളവരുടെ സങ്കടങ്ങളില്‍ നമ്മള്‍ ഒരുമിച്ചു നൊന്തു. ഈ ലോകത്തിന് എന്ത് പറ്റി എന്ന് നമ്മള്‍ ഒരുമിച്ച് ആകുലപ്പെട്ടു. അടച്ചിരുപ്പിന്റെ ഓരോ ദിനങ്ങളിലും നമ്മുടെ മനസ്സുകള്‍ ഏറെയടുത്തു. നമ്മളില്‍ തന്നെ ഒതുങ്ങാതെ ചുറ്റുമുള്ളവരിലേക്കും പടര്‍ന്നു പോയൊരു പ്രണയം.

എന്നിട്ടും ഏതൊക്കെയോ അവിചാരിതകളില്‍ തട്ടിത്തെറിച്ച് നമ്മുടെ ജീവിതം രണ്ടു വഴികളിലേക്കായത് എത്ര നൊമ്പരപ്പെടുത്തുന്നു! ജീവിതം ഇങ്ങനെയൊക്കെയാണെന്ന് പറയുമ്പോഴും ഇങ്ങനെയാവേണ്ട എന്ന് മനസ്സ്‌ കരയാറുണ്ട്.

ജീവിതം അമ്പരപ്പിക്കുന്നതാണെന്ന് നമ്മുടെ വേര്‍പാടാണ് ഉറപ്പിച്ചത്. ഒന്നും ആശിക്കാനില്ലാതിരുന്ന എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഒരു ദിവസം അങ്ങനെ തന്നെ നീ ഇറങ്ങിപ്പോയി. നോവുന്നു എന്ന് പോലും പറയാതെ മൗനത്തിലേക്ക് നീ ആണ്ടു പോയതെന്തിന് എന്ന് ഞാനോര്‍ക്കാറുണ്ട്. മനോഹരമായിരുന്നു നമ്മള്‍ ഒരുമിച്ച് നടന്ന വഴികള്‍, കണ്ട സ്വപ്നങ്ങള്‍. കൈപിടിച്ചു നടന്ന വഴിത്താരകള്‍, ഒരുമിച്ചു നനഞ്ഞ മഴകള്‍, കുളിര്‍ന്ന മഞ്ഞിന്‍ പുതപ്പുകള്‍... പ്രണയാര്‍ദ്രമായ, സാന്ദ്രമായ... നമ്മള്‍ തനിച്ചായിരുന്ന നിമിഷങ്ങള്‍.

ഇപ്പോഴും ഞാന്‍ പ്രതീക്ഷിക്കുന്നു, ഒരു ദിവസം അടഞ്ഞ ജാലകങ്ങള്‍ തുറക്കും. കാലത്തിന്റെ തികവില്‍ മനസ്സിന്റെ ജാലക വാതിലില്‍ ഒരു ചിറകടി ശബ്ദം പോലെ പതിയെ നീ വരും. ചിലപ്പോള്‍ ഒരു സ്വപ്നത്തിന്റെ തുടര്‍ച്ചയെന്നോണം അല്ലെങ്കില്‍ കേട്ട് മറന്നൊരു പാട്ടായ് നീ വരും. അപ്പോള്‍ ഉള്ളിലെ അടഞ്ഞ വാതിലുകള്‍ ഓരോന്നായ് മലര്‍ക്കെ തുറക്കും. മൃദുവായ ഒരു പുഞ്ചിരിയില്‍ ഇത്ര നാളത്തെ നോവ് മറന്ന് ചുണ്ടുകള്‍ പാടാനൊരുങ്ങും. മരവിച്ച വിരലുകള്‍ പതിയെ ചലിച്ചു തുടങ്ങും. ചെറു ചലനങ്ങള്‍ പല ആവര്‍ത്തിയില്‍ ഒരുമിച്ച് ഉന്മാദ നൃത്തം തുടങ്ങും.

മഞ്ഞു തുള്ളികള്‍ പതിഞ്ഞൊരു നെറ്റിമേല്‍ ആര്‍ദ്രമായൊരു സ്പര്‍ശം. ഉടലാകെ കുളിര്‍ന്നു പോകുന്നൊരു നിമിഷത്തില്‍ നമ്മള്‍ തിരിച്ചറിയും വാതിലുകള്‍ ഒരിക്കലും അടയില്ലെന്ന്. മനസ്സിന്റെ ജാലകങ്ങള്‍ തുറന്നുതന്നെയിരിക്കുമെന്ന്.

ഇനിയും ഉണ്ട് ഏറെ ഓര്‍മ്മിക്കാനും ഓമനിക്കാനും. ഈ നിമിഷം നിനക്ക് തരാന്‍ എന്റെ കൈയില്‍ മുറിവേറ്റൊരു ഹൃദയം മാത്രമേയുള്ളു. ഒരു വിഷാദി വന്നു കൂടു കെട്ടിയിരിക്കുന്ന, അടഞ്ഞ ഒരു ഹൃദയം.

നീ ഈ വഴി വരുമെന്നോ ഈ അക്ഷരങ്ങളില്‍ കൂടി കടന്നു പോകുമെന്നോ കരുതുന്നില്ല. നിന്റെ മൗനത്തിന്റെ ആഴം അത്രമേല്‍ വലുതാണല്ലോ. ഒരിക്കല്‍ പ്രിയമായിരുന്നു എന്ന ഒരു ചിന്ത പോലും നിന്റെ വഴികളില്‍ തടസ്സമാവരുത്. ഒന്ന് മാത്രം മതി, കവിത വിരിയുന്ന വിരല്‍ത്തുമ്പു നീട്ടി നീയെന്റെ ഹൃദയത്തെ തൊടുക. ആ അക്ഷരങ്ങള്‍ ചേര്‍ത്ത് വെച്ച് എന്റെ ജീവിതത്തിന്റെ വിടവുകളെ അടക്കുക. നിന്റെ അക്ഷരങ്ങള്‍ക്ക് മാത്രം അടക്കാന്‍ കഴിയുന്ന ആഴമുള്ള വിടവുകളാണത്. പിന്നെ എന്റെ കണ്ണുകളിലേക്ക് നോക്കി ചിരിക്കുക. വീണ്ടുംതിരികെ പോകുമ്പോള്‍ എനിക്കായി ഒരു പൂവിതള്‍ വഴിയില്‍ ഇട്ടേക്കുക..

അക്ഷരങ്ങള്‍ മങ്ങുവോളം ...മുന്നോട്ട് നടക്കാന്‍ ഒരു ചുവന്ന പൂവിതള്‍..

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram