'അതുകൊണ്ടുമാത്രം അന്നോട് ഞങ്ങള്‍ക്ക് അല്പം സ്‌നേഹം ഉണ്ടെട്ടോ കൊറോണേ...!


ആന്‍ മരിയ കുര്യാക്കോസ്

3 min read
Read later
Print
Share

എന്‍-95 ന്റെ മാസ്‌കാണ്,ശ്വാസം വിടാന്‍ പോലും ലേശം ബുദ്ധിമുട്ടുണ്ട് എന്നത് സത്യമാണ്. പക്ഷെ പുറത്തിറങ്ങണമെങ്കില്‍ ഇതുപോലെയൊന്ന് കൊണ്ട് മൂക്കും വായും മറയ്ക്കണമെന്നാണല്ലോ രീതി.

10 മണിക്ക് വരേണ്ട ബസ് വരാന്‍ വൈകി. അടുത്ത ടൗണ്‍ വരെ എത്തേണ്ടത്താണ്. വേറെയോരു മസ്‌കും കുടയും സാനിറ്റൈസറും നിറഞ്ഞ ബാഗ് ഒന്നൂടെ തോളില്‍ മുറുക്കി സമയം നോക്കി. 10.15 കഴിഞ്ഞിരിക്കുന്നു. ബസ് വരുന്ന ലക്ഷണം കാണുന്നില്ല. കാത്തിരിക്കുക എന്നതു മാത്രമാണ് മാര്‍ഗം. വീണ്ടും വാച്ചിലേക്ക് നോക്കി, വിജനമായ ഒരു റോഡിന്റെയങ്ങേ അറ്റത്ത് മാസ്‌ക് ഇടാതെയൊരു പട്ടി നടക്കുന്നത് മാത്രം കണ്ടു.

ജീവിതത്തില്‍ ചായയും ബിസ്‌ക്കറ്റ്‌റും നിറച്ചൊരു ട്രേയുമായി, ഒരു പരിചയവുമില്ലാത്തൊരുത്തന്റെ മുന്നില്‍, ഇളിച്ചൊണ്ട് നില്‍ക്കേണ്ടി വരും എന്നൊക്കെയോര്‍ത്ത്, പ്രേമമെന്നൊരു മഹാസാഗരം നീന്തി കടക്കാന്‍ ഈ ജന്മം പറ്റില്ലെന്നുറപ്പിച്ച് നടന്ന ഒരാളുടെ ജീവിതം അപ്പാടെ മാറ്റാന്‍ എത്ര കാലം വേണം? ഒരു കൊറോണ കാലം മതിയെന്നാണ് അനുഭവം.
ആ അനുഭവത്തിന്റെ കര്‍ട്ടന്‍ ഉയരാന്‍ പോകുന്നതിനു തൊട്ടു മുന്നേ ഉള്ള സീനാണ്, ബസ് കാത്ത് നില്‍ക്കുന്ന ഞാന്‍.

അതേ സീനിന്റെ മെന്‍ റോള്‍ ചെയ്യുന്ന വിദ്വാന്‍ തൃശൂരില്‍ നിന്നും, എന്റെ ടൗണിലേക്ക്, അതിരാവിലെ മസ്‌കും സാനിറ്റൈസറുമിട്ടുകൊണ്ട് കാര്‍ യാത്രയിലാണ്...പറഞ്ഞു വരുന്നത് വേരുകള്‍ പോലെ ആഴത്തില്‍ പടര്‍ന്ന ഒരു ബന്ധത്തിന്റെ ആദ്യ കാഴ്ചയെ കുറിച്ചാണ്. കൊറോണ കാലത്താണ് അമ്മയും അച്ഛനും ആദ്യമായി കണ്ടതെന്ന് മക്കള്‍ക്ക് പറഞ്ഞു കൊടുക്കേണ്ട കഥയുടെ, ആദ്യ കോപ്പി ഇവിടെ വിറ്റു പോയെന്നതിന്റെ പരിഭവമില്ലാതെ തുടങ്ങാം.

അങ്ങനെ കാത്ത് കാത്തു കാത്തു നിന്നു എന്നൊക്കെ പാടേണ്ട അവസ്ഥയില്‍ നില്‍കുമ്പോള്‍ അതാ അകലെ നിന്നൊരു കെ.എസ്.ആര്‍.ടി.സി ബസ് വരുന്നു. ഓടി പിടിച്ചു കയറേണ്ടി വന്നില്ലായെന്നത് എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ.

ആളുമനക്കവുമില്ലാത്ത ഒരു ബസ്, മാസ്‌ക് മൂടിയ ഡ്രൈവറും, കണ്ടെക്ട്ടറും അവിടെയുമിവിടെയുമായി രണ്ടു മൂന്ന് പേരും. ടിക്കറ്റെടുത്ത്, സാനിറ്റൈസര്‍ കയ്യില്‍ പൂശിയപ്പോ മൊബൈലില്‍ ബീപ് സൗണ്ട്.

'ഞാന്‍ എത്തിട്ടോ..'
ചെറിയൊരു ചിരിയും അതിനോട് കൂടെ നെഞ്ചിടുപ്പും കയറി വന്നു. ബസില്‍ ആണെന്ന് സെന്റ് ചെയ്തു. പുറത്തെ കാഴ്ചകളെ നോക്കി നിന്നു.

11.20 ആയപ്പോളാണ് ബസ് ടൗണില്‍ എത്തിയത്. നേരത്തെ വന്നു പോസ്റ്റായി കിടന്ന നായകന്‍,വിയര്‍ത്തു കുളിച്ച് ലേറ്റായി കടന്നുവരുന്ന നായിക.

കാറ് എവിടെയെന്ന് ചോദിച്ചു ചോദിച്ച് പിന്നെയും പോയി അഞ്ച് മിനിറ്റ്. എന്റെ നാട്ടിലെ സ്ഥലം എന്നെക്കാള്‍ ക്ലിയര്‍ ആയാ ക്‌ളവര്‍ നായകന്‍ കാരണം തൃശൂര്‍ രജിസ്‌ട്രേഷന്‍ വെള്ള വണ്ടി കണ്ടുകിട്ടി.

ഒരു വെള്ള കാര്‍, അതിന്റെ ഡ്രൈവര്‍ സീറ്റില്‍ നിന്നും, ഒരാളുടെ തൊപ്പിവച്ച തല പുറത്തോട്ട് വന്ന് എന്നെ നോക്കി, കൈ പൊക്കി കാണിച്ചു, മാസ്‌ക് ഒന്നുകൂടെ മുറുക്കി കാറിലേക്ക് ഞാന്‍ നടന്നടുത്തു.

നേരെ പോയത് പള്ളിയിലേക്കാണ്. ഒരു വളവ് തിരിഞ്ഞാലെത്തുന്ന പള്ളി. അതിന്റെയിടയില്‍ എന്തൊക്കെയോ മിണ്ടി.

എനിക്കു ലേശം പൊക്കം കൂടുതലാണെന്ന് ആള് പറഞ്ഞു. ഷൂ ഇട്ട് അഡ്ജസ്റ്റ് ചെയ്യാന്‍ ഞാനും..ഞങ്ങള്‍ ചിരിച്ചു. പള്ളിയില്‍ പോലും ആളുകള്‍ അധികമുണ്ടായില്ല. കല്‍കുരിശിന്റെ മുന്നില്‍ ചെന്ന് നിന്നു പ്രാര്‍ത്ഥിച്ചു.

വേരുകള്‍ പടര്‍ന്നത് പോലെ പൂക്കളും കായ്കളും ഉണ്ടാവാന്‍, ഒരു ജീവിത കാലം മൊത്തം ഒരുമിച്ച് ജീവിക്കാന്‍, താങ്ങും തണലുമാവാന്‍ പ്രാര്‍ത്ഥിച്ചു. തിരിച്ചു വന്ന് ഓര്‍മയില്‍ സൂക്ഷിക്കാനൊരു ഫോട്ടോ എടുത്തു.

(ആ ഫോട്ടോ കഴിഞ്ഞ ദിവസം ഉണ്ടായ വഴക്കില്‍ പോലും ഞങ്ങളെ ചിരിപ്പിച്ചു)

പിന്നെയും കുറച്ച് നേരം ഞങ്ങള്‍ മിണ്ടി. എന്താണെന്നൊന്നും ഓര്‍മയില്ല.വിശേഷങ്ങള്‍ അതന്നെ...

ഒരുമിച്ച് ഇരുന്നൊരു നാരങ്ങാ വെള്ളം പോലും കുടിക്കാന്‍ കൊറോണ സമ്മതിച്ചില്ല.

പതിനഞ്ചു മിനിറ്റിനു ശേഷം ഞങ്ങള്‍ യാത്ര പറഞ്ഞു. പരസ്പരം ചിരികള്‍ കൈമാറി. ആള് കയ്യിലിരുന്ന സാനിറൈസര്‍ എന്റെ കെയില്‍ ഇട്ടു തന്നു. അങ്ങനെ മോതിരം മാറി. തിരിച്ച് ബസില്‍ കയറി.

അതാണ് തുടക്കമെന്ന് പറയാം. നേരിട്ടു കാണുകയെന്ന മഹായജ്ഞം കൊറോണ കാലത്തൊരു ഒരൊന്നൊന്നര യജ്ഞം തന്നെയായിരുന്നു. എങ്കിലും ഇന്നത് ആലോചിക്കുമ്പോള്‍ വല്യ സന്തോഷമാണ്.

എന്നെ കാണാന്‍ വേണ്ടി ആളുടെ കൂടെ കാറില്‍ വന്ന സഹോദരങ്ങള്‍, എനിക്കു ചമ്മല്‍ വരുമെന്ന് ചിന്തകൊണ്ട് രണ്ട് സ്റ്റോപ് മുന്നേ കാറില്‍ നിന്നിറങ്ങിയിരുന്നു. അവര്‍ അവിടെ ഏതോ തുണിക്കടയില്‍ ആര്‍ക്കോ വേണ്ടി തുണിയെടുക്കാന്‍ നടന്നു. (പിന്നീട് നായകന്‍ പറഞ്ഞ് ഞാനറിഞ്ഞ രഹസ്യം)

ആദ്യ കാഴ്ച കൊറോണ കാലത്ത് ആയത് പോലെ തന്നെ, രണ്ട് വീട്ടിലും കാര്യങ്ങള്‍ അവതരിപ്പിച്ചതും എല്ലാം ഈ കൊറോണ കാലത്ത് തന്നെ. 'അന്നോട് അതോണ്ട് ഞങ്ങള്‍ക്ക് അല്പം സ്‌നേഹം ഉണ്ടട്ടോ കോറോണേ.....

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram