പ്രതീകാത്മക ചിത്രം
പ്രിയപ്പെട്ടവളേ.....
നിനക്കായി കഥ പറഞ്ഞു തരാറുള്ള മുത്തശ്ശി മാവിന്‍ ചുവട്ടില്‍ ഇരുന്നാണ് ഞാന്‍ നിനക്കായി ഇതെഴുതുന്നത്..കഥകള്‍ കേള്‍ക്കാന്‍ നിനക്ക് ഒത്തിരി ഇഷ്ടമായിരുന്നു. കഥകള്‍ പറയാന്‍ എനിക്കും. ഞാന്‍ കഥകള്‍ പറയുമ്പോള്‍ നീ എന്നില്‍ കാണുന്നത് നിന്റെ മുത്തശ്ശിയാണന്ന് പറഞ്ഞു എന്റെ കവിളില്‍ പിച്ചുന്നതിന്റെ മധുരവേദന ഓര്‍മ്മകളില്‍ ഇപ്പോഴും എന്നെ തൊടാറുണ്ട്.
അന്ന് മുത്തശ്ശി മാവിന്‍ ചുവട്ടിലിരുന്നു നമ്മള്‍ കഥ പറഞ്ഞ വൈകുന്നേരം ഞാന്‍ നിന്റെ കൈവെള്ളയില്‍ വച്ച് തന്ന മൂന്നു മഞ്ചാടിമണികളുമായാണ് നീ പോയത്. ഓരോ മഞ്ചാടിമണികളിലും ഓരോ കഥ ഞാന്‍ നിനക്കായി ഒളിപ്പിച്ചു വച്ചിരുന്നു. നീ വരുംനേരം പറയാനുള്ള മഞ്ചാടി മണി കഥകള്‍ പക്ഷേ അടുത്ത ദിവസമായിരുന്നു നമ്മുടെ നാട്ടില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
പതിയെ പതിയെ നമ്മളില്‍ നമ്മള്‍ കാണാതായി..നമ്മള്‍ തൊട്ടുതൊട്ടു നടന്ന ഇടവഴികളില്‍നിറയെ കായ്ച്ചുനിന്നിരുന്ന ഞാവല്‍മരത്തില്‍ നിന്നും നമ്മള്‍ തിന്നു തീര്‍ത്ത ഓരോ ഞാവല്‍ പഴത്തിനും ഓരോ രുചിയായിരുന്നു. നിന്റെ ചുംബനം പോലെ....
നീയെന്നില്‍ കൊളുത്തി വെച്ചിരിക്കുന്ന പ്രണയത്തിന്റെ മണ്‍ചിരാതുകള്‍ ഉള്ളില്‍ ഇപ്പോഴും നിറഞ്ഞു കത്തുകയാണ്. ആ മൂന്നു മഞ്ചാടിമണികളുമായി നമ്മള്‍ കഥ പറയാറുള്ള ആ മുത്തശ്ശി മാവിന്‍ ചുവട്ടിലേക്ക് നിന്റെ വരവും കാത്തു കാത്തു ഞാന്‍ ഇപ്പോഴും പോകാറുണ്ട്.
പക്ഷേ നീയില്ലാതെ ഇവിടെ ഒരു വസന്തവും തളര്‍ക്കുന്നില്ല നീയില്ലാതെ ഒരു പൂക്കാലവും വിടരുന്നില്ല നീ ഇല്ലായ്മകളില്‍ ഇലകൊഴിഞ്ഞ ശൂന്യതയുടെ ഒറ്റമരം ആയിരിക്കുന്നു ഞാനും ഈ മുത്തശ്ശിമാവും... അരികിലേക്ക് നീ ഓടി വന്നാല്‍ ഈ വേനലും ശരത്കാലം ആവുമെന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഓരോ ചില്ലകളും കാറ്റിനോട് പറയാറുകയാണ്.
പ്രിയപ്പെട്ട പെണ്‍കുട്ടി നീ നീ എവിടെയാണ്. ലോക്ക്ഡൗണ്‍ മാറിയിട്ടും ക്വാറന്റൈന്‍ കഴിഞ്ഞിട്ടും നമ്മുടെ മുത്തശ്ശി മാവിന്‍ ചുവട്ടിലേക്ക് എന്താണ് പെണ്ണേ നീ വരാത്തത്..
നീയില്ലാതെ എങ്ങനെയാണ് എന്റെ പുലരികള്‍ പൂക്കുന്നത്. എന്റെ സന്ധ്യകള്‍ ഒഴുകുന്നത്. പ്രണയത്തിന്റെ വെളിച്ചവുമായി കഥ കേള്‍ക്കാന്‍ നീ വരുമെന്ന പ്രതീക്ഷയിലാണ് ഈ ഇരുട്ടിലും ഞാന്‍ മിന്നാമിനുങ്ങായി പറക്കുന്നത്...
പ്രണയപൂര്‍വ്വം
നിന്റെ
കഥ പറയും കിളി.....