എന്ന് മുതലാണ് നിന്നെ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്? ഓര്‍ക്കുന്നില്ല...9.30നു സ്റ്റേഷനില്‍ എത്തുന്ന ബസ്സിനെ ഉപേക്ഷിച്ച് അടുത്ത മെട്രോയ്ക്ക് ഓടിക്കയറി പോകുമ്പോള്‍ എപ്പോഴോ ഒരു ദിവസം.സാധാരണ മൊബൈലും നോക്കി ഇരിക്കുന്ന എല്ലാരേയും പോലെ അല്ലാതെ വായിക്കാന്‍ ഒരു ബുക്കും പിടിച്ചു കയറിയ ആളിനെ കണ്ടിട്ടാണ് ഞാന്‍ ആദ്യം നിന്നെ നോക്കുന്നത്. ആലുവ എത്തും വരെ നീ ആ ബുക്കിന്റെ ഉള്ളില്‍ ആഴ്‌ന്നെങ്കിലും എന്റെ കണ്ണുകള്‍ നീ അറിയാതെ നിന്നെ തേടുന്നുണ്ടായിരുന്നു. അതെന്തു കൊണ്ടാണെന്നു മാത്രം ഇന്നും മനസിലാകാത്ത പോലെ...
യാദൃച്ഛികം എന്നോണം നമ്മള്‍ ആ ആഴ്ച മുഴുവന്‍ തൊട്ടടുത്ത സീറ്റുകളില്‍ യാത്രക്കാരായി.. നിന്റെ കൈയിലെ ബുക്ക് കള്‍ ഇടയ്‌ക്കൊക്കെ മാറുമ്പോള്‍ ആ ബുക്ക് ഏതെന്നു അനേഷിച്ചു വൈകുന്നേരം ഞാനും നടന്നു. ഒരുമിച്ചു വായിക്കാന്‍ എങ്കിലും.. പിന്നെ എപ്പോഴോ എന്നും നീ എത്തും വരെ സ്റ്റേഷന് പുറത്തു കാത്തു നിന്നു ഒരുമിച്ചു ഉള്ളിലേക്ക് കയറാന്‍ കാത്തു നിന്നിരുന്നു ഞാന്‍... ഇതൊന്നും അറിയാത്ത, നിന്റെ യാത്രകളെ ഞാന്‍ സ്‌നേഹിച്ചു തുടങ്ങിയിരുന്നു എന്ന് എപ്പോഴോ ഞാന്‍ അറിയുന്നതു പതിവ് സമയവും കഴിഞ്ഞും നിന്നെയും കൈയില്‍ ഭദ്രമായി ഉണ്ടാകുന്ന ബുക്കിനെയും ഞാന്‍ ഒരുനാള്‍ കാണാതിരുന്നപ്പോഴാകണം.
നിന്നോട് മിണ്ടിത്തുടങ്ങാന്‍ നല്ലദിവസം നോക്കി കാത്തിരുന്ന മണ്ടത്തരം എനിക്ക് നഷ്ടബോധം മാത്രമായതു ഒരു ഇത്തിരി കുഞ്ഞന്‍ വൈറസ് ലോകം മുഴുവന്‍ നാലു ചുവരിനുള്ളില്‍ അടച്ചു പൂട്ടി ഇരുത്തിയപ്പോഴായിരുന്നു. നിന്റെ പേരോ നമ്പറോ എനിക്കറിയില്ലെന്നും ആകെ കൂട്ടിനുണ്ടായത് നീ വായിക്കാറുള്ള ബുക്കുകള്‍ മാത്രം ആയിരുന്നെന്നും തിരിച്ചറിഞ്ഞപ്പോഴത്തേനും ലോക്ക്ഡൗണ്‍ ആയിക്കഴിഞ്ഞിരുന്നു.
നിനക്ക് അറിയാത്ത...ഞാന്‍ പോലും അറിയാത്ത.. പ്രണയം എന്ന പേരിടാന്‍ പോലും ഇടയില്ലാത്ത ആ കണ്ടുമുട്ടലുകളെ ഞാന്‍ എന്ത് മാത്രം സ്‌നേഹിച്ചിരുന്നുവെന്ന് ഞാനറിഞ്ഞു. നീ ഇല്ലായ്മയില്‍ നിന്നെ തിരയാന്‍ കൂട്ടിരുന്നത് നിന്റെ കൈകളില്‍ ഭദ്രമായിരുന്ന ആ ബുക്കുകളുടെ പേരുകള്‍ ആയിരുന്നു. അവയിലൂടെ നിന്നെ അറിയാന്‍ ഞാന്‍ കാത്തിരുന്നെങ്കിലും പിന്നെ ഇതുവരെയും ഞാന്‍ ആ മുഖം കണ്ടിട്ടേയില്ല. മുഖം മറച്ചു കാണുന്ന കണ്ണുകളില്‍ നോക്കാതെ കൈയില്‍ ഒരു ബുക്കും പിടിച്ചു നീ വീണ്ടും എന്റെ സഹയാത്രികന്‍ ആകും എന്ന പ്രതീക്ഷയോടെ..