പ്രതീകാത്മക ചിത്രം | Getty Images
പെട്ടന്നാണ് ജീവിതം വല്ലാത്തൊരു അനിശ്ചിതത്വത്തിലേക്ക് വലിച്ചെറിയപ്പെടുന്നത്. ലോകം മുഴുവനും വീടുകളിലേക്ക് ചുരുങ്ങിയ കാലമാണിത്. ശരീരങ്ങളെയെല്ലാം പരമാവധി അകലം പാലിക്കാന്‍ ശീലിപ്പിച്ച കാലം.നമ്മള്‍ അന്യോന്യം തൊട്ടതേയില്ല. ചുണ്ടുകളും ചിരികളും വാക്കുകളും ഉമ്മകളും നമ്മള്‍ ഒളിച്ചുവെച്ചു.
ഞാന്‍ പ്രേമത്തിലകപ്പെടുന്നത് ഈ സമയത്താണ്. പ്രേമിക്കപ്പെടാതെ മരിച്ചുപോകുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. ഒരിക്കലും എന്റെ പ്രേമം സാമൂഹികാംഗീകാരം നേടില്ലെന്ന് എനിക്കറിയാമായിരുന്നു. ഞാനൊരു സ്വവര്‍ഗ്ഗാനുരാഗിയാണ്. ചിലപ്പോള്‍ നിങ്ങളുടെ മുഖം ചുളിഞ്ഞേക്കും. ഓരോ നിമിഷവും ഞാനും നിങ്ങളെപ്പോലെയാണെന്ന വിശദീകരണം നല്‍കി എന്റെ വായിലെ വെള്ളം വറ്റിയിട്ടുണ്ട്. ഇനി,അതിന് മുതിരുന്നുമില്ല. മനുഷ്യരെ അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് കാരണങ്ങള്‍ വേണമെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്.
ഭൂമിയുടെ രണ്ടറ്റങ്ങളില്‍ ഇരുന്ന് ഞങ്ങള്‍ പ്രേമിക്കുന്നു. തൊടുന്നു. അന്യോന്യം ഉമ്മ വെക്കുന്നു. ഞങ്ങളുടെ പ്രണയം എപ്പോഴും അദൃശ്യമായിരുന്നു. കോവിഡിന് മുന്നേയും അതങ്ങനെയായിരുന്നു. നിങ്ങളെഴുതിയ കഥയിലും കവിതയിലും ഒരിക്കലും ഞങ്ങളുടെ പ്രണയമുണ്ടായില്ല. രണ്ട് പുരുഷന്മാര്‍/സ്ത്രീകള്‍ ഒരുമിച്ച് വിരല്‍ കോര്‍ത്ത് നടക്കുന്നത് കാണുമ്പോള്‍ അവര്‍ പ്രേമിക്കുകയാണെന്ന് നമ്മള്‍ ചിന്തിക്കുകയേയില്ല.
കഴിഞ്ഞ ദിവസം,സല്‍മാനെ(എന്റെ കാമുകന്‍)കാണാന്‍ തിരുവനന്തപുരത്തേക്ക് പോകുന്ന വഴിയില്‍, ചുമരുകളില്‍ ചില പോസ്റ്ററുകള്‍ കണ്ടു.
'ഹൃദയം പ്രണയം പങ്കുവെക്കരുത്, Anti Love Campaign'.
എനിക്ക് ശ്വാസം മുട്ടി. മതത്തിന്റെയും ജാതിയുടെയും പേരില്‍ ആണും പെണ്ണും തമ്മിലുള്ള പ്രേമത്തെപ്പോലും കൊന്നുതള്ളുന്ന ഈ കെട്ട ഫാസിസ്റ്റ് കാലഘട്ടത്തില്‍, ഞങ്ങളുടെ പ്രേമത്തിന്റെ ഭാവിയെന്താകുമെന്ന പേടി എന്നെ വല്ലാതെ ബാധിച്ചു. കോവിഡ് ദിവസങ്ങളില്‍, എന്റെ കൂട്ടുകാരില്‍ ചിലര്‍ തൂങ്ങിമരിച്ചിരുന്നു. മറ്റു ചിലര്‍ തീ കൊളുത്തി,വിഷം കഴിച്ചു, ചിലരുടെ ശരീരങ്ങള്‍പ്പോലും കണ്ടെടുക്കപ്പെട്ടില്ല. ഇവരാരും ജീവിച്ചു കൊതി തീര്‍ന്നവരല്ല. രഹസ്യമായ് പ്രേമിച്ചവരാണ്, ഉമ്മ വെച്ചവരാണ്.
ചിഞ്ചു ഇടയ്ക്ക് പറയും,'സമൂഹം എന്നോട് ചെയ്തത് തിരിച്ച് ഞാനവരോട് ചെയ്തുതുടങ്ങിയാല്‍ ഞാന്‍ വല്ല തീവ്രവാദിയൊക്കെ ആയേനെ. പക്ഷേ, ഞാനത് ചെയ്യില്ല'.
ഭൂമിയിലെ മനുഷ്യരെല്ലാം നന്മയുള്ളവരാണെന്നും, സാഹചര്യങ്ങള്‍ എളുപ്പത്തില്‍ അവരെ പാപികളാക്കുന്നുവെന്നും എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം.ഞങ്ങളെ വെറുതെ വിടുക. മനുഷ്യരെ സ്‌നേഹിക്കാന്‍ അനുവദിക്കുക.ഈ വെറുപ്പിന്റെ കാലത്ത്,സ്‌നേഹം കൊണ്ട് മാത്രമേ ഇനി അതിജീവിക്കാനൊക്കൂ.
ഞങ്ങള്‍ പരസ്പരം ഉമ്മ വെക്കട്ടെ! നിങ്ങള്‍ എന്താണ് കിടപ്പറയില്‍ ചെയ്യുന്നതെന്ന ചോദ്യം ചോദിച്ചേക്കരുത്. ഗാര്‍ഗി ഹരിതകം ഒരിക്കല്‍ എഴുതിയ വരികള്‍ ഓര്‍ക്കുന്നു, രണ്ടു സ്ത്രീകള്‍ ചേരുമ്പോള്‍ അവരെന്താണ് ചെയ്യുന്നത്? പലരും ചോദിക്കാറുണ്ട്.
'രണ്ടു മനുഷ്യര്‍ ചേര്‍ന്നാല്‍
അവര്‍ക്കെന്താണ്
ചെയ്തുകൂടാത്തത്?....!