അപകര്‍ഷതാ ബോധത്തിന്റെ അവസാനത്തെ മുനമ്പില്‍ ചവിട്ടി നില്‍ക്കുന്നൊരു നാളിലാണ് വായനയില്‍ അഭയം തേടാന്‍ ആരംഭിച്ചത്. എന്തിനെന്ന് പോലുമറിയാത്ത ഒരു തിരച്ചില്‍ അക്ഷരങ്ങളില്‍ എത്തി നിന്നൊരുകാലത്താണ് ആദ്യമായെഴുതിയൊരു കുറിപ്പിന് ഒരു മറുപടി കിട്ടുന്നത്.
'നല്ല കുറിപ്പ്, ഇനിയും എഴുതൂ' എന്ന അക്ഷരങ്ങളില്‍ പിടിച്ച് മനസ്സ് തുറന്നൊരു കാലം. ഒരു പുഴ ഒഴുകിത്തുടങ്ങുംപോലെ, ആത്മാവ് അതിന്റെ ജീവനെ കണ്ടുമുട്ടുന്നത് പോലെ തീവ്രമായ ഒരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്. കുറിപ്പുകള്‍ക്കപ്പുറത്തിരുന്ന് വായിക്കുന്നയാള്‍ ജീവന്റെ മറുപാതി എന്ന പോലെ ഒരു തോന്നല്‍.
പറക്കുവാന്‍ ആകാശമില്ലാതെ, മുറിഞ്ഞ ചിറകുകളും, തോറ്റ മനസ്സുമായി ഒരു നടപ്പ്. അങ്ങനെ മുഖം കുനിച്ചുള്ള നടത്തത്തിന്റെ ഇടവേളയിലാണ് തീരെ പ്രതീക്ഷിക്കാതെ നിന്റെ സൗഹൃദം കുഞ്ഞരുവി പോലെ കാലടികളെ നനച്ചു കൊണ്ട് പതഞ്ഞൊഴുകാന്‍ തുടങ്ങിയത്. പതിയെ... തീരെ പതിയെ.. ഒരുകുഞ്ഞു തെന്നല്‍ പോലെ. ആകാശം പൊടുന്നനേ പൂത്തുലയുന്നു. മേഘത്തുണ്ടുകള്‍ക്കൊപ്പം പറക്കാം ഇപ്പോള്‍.
സൗഹൃദം അതിന്റെ കൂട്ടിനെ കണ്ടെത്തുന്നത് ഏത് മാനദണ്ഡം വച്ചാവും? പരസ്പരം ഒന്നും പറയാതെയും അറിയാതെയുമുള്ള ഒരു കൂടിച്ചേരലാണത്. പണ്ട് മുതലേ അറിയാമെന്ന പോലെ, ഇന്നലെ പിരിഞ്ഞൊരാള്‍ ഇന്ന് വീണ്ടും തിരികെ വന്നത് പോലെ. അത് പ്രണയം മാത്രമല്ല, അതിനേക്കാള്‍ എത്രയോ കൂടുതല്‍. നീയെന്റെ എവിടെയോ വച്ചു മറന്ന് പോയൊരു പാതി ജീവന്‍ എന്നൊരു കണ്ടെത്തലാണ്. ജീവനെ അതിന്റെ ആത്മാവ് ചേര്‍ത്ത് അണക്കും പോലെ. കാറ്റിന്റെ നേര്‍ത്ത മര്‍മ്മരം പോലെ ആത്മാവിന്റെ സ്പന്ദനങ്ങള്‍. നീ പറയും മുന്‍പേ ഞാനറിയുന്ന നിന്റെ നോവുകള്‍. എന്റെ മൗനത്തില്‍ നിന്നും നീ തിരിച്ചറിയുന്ന എന്റെ ശൂന്യതകള്‍. പിന്നെഅതില്‍ കൂട്ടല്ലാതെ മറ്റൊന്നുമില്ല.
പിണങ്ങിയും പിന്നെയും ഇണങ്ങിയും കുറുമ്പ് കാട്ടിയും ഒരൊഴുക്ക്. എത്ര മനോഹരമാണ് അത്. മറ്റൊന്നിനുംപകരം വയ്ക്കാനാവാത്ത ഒരു ലോകമാണ് അത്. പ്രായമില്ല, ജരാനരകള്‍ ഇല്ല. പുഴയിറമ്പില്‍ ഒരുപെരുമഴക്കാലത്തു നില്‍ക്കുന്ന നീയും ഞാനുമാണ് അത്. കുത്തിയൊഴുകുന്ന പുഴ കണ്ട് പേടിക്കാത്ത രണ്ട് കുഞ്ഞുങ്ങള്‍. കൈകള്‍ കോര്‍ത്ത്, മഴയുടെ പതിഞ്ഞ താളങ്ങളിലൂടെ കാല്‍പ്പാടുകള്‍ മാത്രം അവശേഷിപ്പിച്ചുപോകുന്ന രണ്ടാത്മാക്കള്‍. ഒരു ലോജിക് കൊണ്ടും പൂരിപ്പിക്കാന്‍ പറ്റാത്ത, അര്‍ത്ഥം കണ്ടു പിടിക്കാന്‍ കഴിയാത്ത.. അത്ര മേല്‍ ജീവനില്‍ പതിഞ്ഞു പോയ ഒരു കൂട്ട്. കൂട്ടെന്ന് മാത്രമേ അതിനെ വിളിക്കാന്‍ പറ്റൂ. മറ്റൊരു പേര്കൊണ്ടും ആ ഒന്നാകലിനെ നിര്‍വചിക്കാന്‍ വയ്യ. എത്രമേല്‍ പ്രാണനില്‍ പതിഞ്ഞു പോയി.
നീയെനിക്ക് എത്രമേല്‍ പ്രിയവും മധുരവുമായ പങ്കു വയ്ക്കലായിരുന്നു എന്ന് ഈ നിമിഷം ഞാനറിയുന്നു. ഈ ഏറ്റു പറച്ചില്‍ പോലെ ദീപ്തമായ മറ്റൊരു നിമിഷം ജീവിതത്തില്‍ ഉണ്ടാകാന്‍ ഇടയില്ല. തനിച്ചാവുന്ന നേരങ്ങളില്‍ നീ എന്നില്‍ നിന്നും മുറിഞ്ഞു പോയൊരു നോവില്‍ ഞാന്‍ പിടഞ്ഞുണരാറുണ്ട്. ഇനിയൊരിക്കലും ഒരുമിച്ചുകാണാന്‍ കഴിയാത്ത സ്വപ്നങ്ങള്‍ പലതായി കീറി മുറിച്ച് നമ്മള്‍ ഒരുമിച്ചു മുറിച്ചു കടന്ന പുഴയില്‍ഞാനൊഴുക്കുന്നു.
മുറിഞ്ഞു പോകലിന് കാരണങ്ങള്‍ പലതാകാം. ഇഴ കീറി കാരണങ്ങള്‍ കണ്ടു പിടിക്കുമ്പോഴേക്കും മനസ്സിന്റെ ഇരുപാതികളും മുറിഞ്ഞടര്‍ന്നിട്ടുണ്ടാവണം. എങ്കിലും പിന്നെയും ജീവിതങ്ങള്‍ മുന്നോട്ട് തന്നെ പോകും. അനിവാര്യതകളുടെ ചിറകിലേറി, കണ്ടീഷനിംഗുകളുടെ ന്യായം പറഞ്ഞു നമ്മള്‍ ഈ കൂട്ടിനെ അടര്‍ത്തി മാറ്റും. നമ്മുടെ തന്നെ മനസ്സും ഈ പ്രക്രിയയില്‍ കൂട്ട് നില്‍ക്കും.
എങ്കിലും യഥാര്‍ത്ഥ മനുഷ്യന്റെ മനസ്സ് അപ്പോഴും നൊന്തു പറഞ്ഞു കൊണ്ടേയിരിക്കും, ഞാന്‍ പറയുന്നത്കേള്‍ക്കാനൊരാള്‍ ഇനിയില്ലെന്ന്. അതുണ്ടാക്കുന്ന മുറിവില്‍ ഒരു മറവിയുടെ പഞ്ഞിത്തുണ്ട് മുറിച്ചൊട്ടിച്ചു നമ്മള്‍ മുന്നോട്ട് നടക്കും. എല്ലാം ഭദ്രമാണെന്ന അയഥാര്‍ത്ഥമായൊരു മായികതയില്‍ നമ്മള്‍ ആകാശത്തിന് നിറംകണ്ടെത്താന്‍ ശ്രമിക്കും. ഈ പൂക്കള്‍ക്ക് എന്ത് സുഗന്ധമെന്ന് അത്ഭുതപ്പെടും. ഈ കിളി എത്ര മധുരമായ് പാടുന്നു എന്നൊരു ചിന്ത പങ്കു വയ്ക്കും. അപ്പോഴും ആരും കാണാതെ, ഒരുപക്ഷേ നമ്മള്‍ പോലുമറിയാതെ മുറിവേറ്റൊരു കിളി ഉള്ളില്‍ കരയുന്നുണ്ടാവും. ആ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ നമ്മുടെ മനസ്സ് അതിനേക്കാള്‍ ഉച്ചത്തില്‍ എന്തൊക്കെയോപുലമ്പിക്കൊണ്ടിരിക്കും. ഒടുവില്‍ തളര്‍ന്ന് വീഴുമ്പോഴേക്കും ഓര്‍മ്മകള്‍ മാത്രം ബാക്കിയാകും..
എന്റെ ജീവിതത്തിന്റെ അഗാധതകളെ നീ തൊട്ടപ്പോള്‍ ഉള്ളിലെ സാധ്യതകളെയായിരുന്നു ഉണര്‍ത്തിയത്. തനിയെ ഒരിക്കലും എനിക്കത് കഴിയില്ലായിരുന്നു. കൈവിരലുകള്‍ പോലും ചലിപ്പിക്കാനാവാത്ത ഒരവസ്ഥയില്‍നിന്നും പീലി വിരിച്ചു നൃത്തം വെയ്ക്കുന്ന മയിലിന്റെ ആഹ്ലാദാരവങ്ങളിലേക്ക് മനസ്സുണര്‍ന്നത് നീ എന്നിലേക്ക്കടന്നു വന്നപ്പോഴാണ്. ഇന്ദ്രിയങ്ങളുടെ അനുഭൂതികള്‍ക്കുമപ്പുറം, സ്വപ്നങ്ങളുടെ ലോകത്തേക്ക് ഒരു സഞ്ചാരം. പ്രായോഗികതയുടെ കരങ്ങള്‍ക്ക് ഒന്ന് തൊടാന്‍ പോലുമാകാത്ത സഞ്ചാരിയുടെ ആ ലോകത്ത് നമ്മള്‍ഒരുമിച്ചലഞ്ഞു. ജീര്‍ണ്ണ രൂപിയായ ഉടല്‍ ഒരു മാധ്യമമേയല്ലാത്ത ആ നിമിഷങ്ങളില്‍ സ്വപ്നങ്ങളിലേക്കാണ്കൂട്ടിന്റെ കരങ്ങള്‍ നീളുന്നത്. അത് കൊണ്ട് തന്നെയാവാം അതിന് യുക്തിയുടെ പിന്‍ബലം ഇല്ലാത്തതും.
കാറ്റ് പാറ്റുന്ന ഇലകള്‍ പോലെ, ഒളിയിടങ്ങള്‍ തേടി മനസ്സ് പാഞ്ഞ നിമിഷങ്ങള്‍. നമുക്ക് മാത്രമറിയാവുന്ന ആത്മാവ് തുറക്കുന്ന ഒളിയിടങ്ങള്‍.
നിമിത്തം എന്ന് പേരിട്ട് വിളിക്കുന്ന ചില കാര്യങ്ങള്‍ നമ്മെ അകറ്റിയെങ്കിലും ഇപ്പോഴും സ്വപ്നങ്ങള്‍ കൂടെയുണ്ട്. നരച്ചു പോയ ജീവിതത്തെ ഒരിക്കല്‍ കൂടി വര്‍ണ്ണച്ചേല ഉടുപ്പിക്കാന്‍ നിന്റെ അക്ഷരങ്ങള്‍ കൂട്ടായി വരും എന്ന്വെറുതെ സ്വപ്നം കാണാറുണ്ട്.
എന്റെ ഓര്‍മ്മകള്‍ നിന്നിലേക്ക് കടന്നു വരുന്ന നിമിഷങ്ങളില്‍, ഒരിക്കല്‍ മാത്രം പൂത്ത് പിന്നീട് വന്ധ്യയായിപോയ ഒരു ഒറ്റമരമെന്ന് നിന്റെ സ്വപ്നങ്ങളില്‍ എന്നെ കുറിക്കുക.പിന്നെ നിന്റെ കാല്‍പ്പാടുകള്‍ മാത്രം അവശേഷിപ്പിച്ച്, പിന്നിലേക്ക് തിരിഞ്ഞുനോക്കാതെ നടക്കുക. എന്റെ സ്വപ്നങ്ങള്‍ക്കും എത്തിപ്പിടിക്കാനാവാത്ത ദൂരത്തേക്ക്
ചില ദൂരങ്ങള്‍ തനിയെ നടന്ന് തീര്‍ക്കാനുള്ളതാണെന്ന തിരിച്ചറിവില്‍ ഞാന്‍ മൗനിയാകുന്നു. നമ്മള്‍ എന്നപാരസ്പര്യത്തില്‍ നിന്ന് നീയും ഞാനും എന്ന രണ്ടിറമ്പുകളിലേക്ക് ജീവിതം നമ്മളെ വഴി നടത്തുമ്പോള്‍സ്വപ്നങ്ങള്‍ മാത്രം ബാക്കിയാകുന്നു. ആകാശക്കോണിലേക്ക് കണ്ണെറിഞ്ഞു നില്‍ക്കുന്ന ഈ നിമിഷം ഉടലുകളുംമുഖങ്ങളും ഇല്ലാതെ, ശബ്ദം പോലുമില്ലാതെ നീ എന്നില്‍ എത്രയോ നിറഞ്ഞു നില്‍ക്കുന്നു എന്ന നോവില്‍ജീവിതം ബാക്കിയാകുന്നു.