പ്രതീകാത്മക ചിത്രം
വലതു കയ്യിലെ മോതിരവിരലില്‍നിന്ന് മഞ്ഞക്കല്ലുള്ള മോതിരം നിറചന്ദ്രന് നേരെ വലിച്ചെറിയുമ്പോള്‍ ദിയാറ ചിരിക്കുന്നുണ്ടായിരുന്നു. മോതിരം കണ്ണില്‍നിന്ന് മറഞ്ഞ് ആകാശത്തേക്ക് തുളച്ചുകയറി മണലില്‍ പുതഞ്ഞപ്പോഴും ദിയാറയുടെ ആര്‍ത്തുചിരിക്കല്‍ അവസാനിച്ചിട്ടുണ്ടായിരുന്നില്ല. ഏറെക്കാലം തിരഞ്ഞു നടന്നതിന് ശേഷം കിട്ടിയതായിരുന്നു മഞ്ഞക്കല്ലുള്ള മോതിരം. എത്രയോ അലച്ചിലിന് കിട്ടിയ മോതിരം വിരലില്‍ അണിയിക്കുമ്പോഴും ദിയാറ ഇതുപോലെ പൊട്ടിച്ചിരിച്ചിരുന്നു.
നമ്മുടെ വീണ്ടുമുള്ള കാഴ്ചക്ക് ഇനിയുമൊരു കൊല്ലത്തെ വഴിദൂരമുണ്ട്. വലിച്ചെറിഞ്ഞ മോതിരം അടുത്തെവിടെയോ വീണു കിടക്കുന്നുണ്ട്. മോതിരത്തിനും മണലിനും ഒരേനിറമാണ്. മണല്‍ മഞ്ഞ. നിറങ്ങള്‍ ഒന്നാണെങ്കിലും ഒരിയ്ക്കലും ലയിച്ചുപോകാത്ത വിധം വേറിട്ടുനില്‍ക്കുന്നവയാണത്. ഒരു വെയിലിനും ഉരുക്കിയെടുക്കാനാകില്ല. ഇനിയും പൗര്‍ണമികളുണ്ടാകും. ഓരോ പൗര്‍ണമി രാവിലും നീ ഇവിടെയെത്തി മോതിരം തിരയണം. നിനക്കത് കണ്ടെത്താനാകും. അന്നു ഞാന്‍ തിരിച്ചെത്തും. ഇന്ന് നിറനിലാവ് നോക്കി കിടന്ന പോലെ അന്ന് വീണ്ടും നമ്മള്‍ കിടക്കും. നമുക്ക് മീതെ നിലാവ് പെയ്യും. വലിച്ചെറിഞ്ഞ മോതിരം തിരിച്ചുകിട്ടിയതിന്റെ ആഘോഷം മാത്രമായിരിക്കില്ല അത്. പ്രണയത്തിന്റെ ആത്മാവിന് ജീവന്‍ കിട്ടിയതിന്റെ ഉത്സവം കൂടിയായിരിക്കും.
നിനക്ക് തോന്നുന്നുണ്ടാകും ഞാനെന്ത് ഭ്രാന്താണെന്ന്. ഉപേക്ഷിക്കപ്പെടുമ്പോള്‍ മാത്രമേ പ്രണയത്തിന് ജീവനുണ്ടാകൂ. ഉപേക്ഷിക്കപ്പെട്ട പ്രണയം തിരിച്ചുകിട്ടുമ്പോള്‍ ജീവനില്‍ ആത്മാവ് കൂടി വന്നുചേരുന്നു. നമ്മുടെ പ്രണയത്തിന് ഇപ്പോള്‍ ജീവന്‍ മാത്രമേയുള്ളൂ. ആത്മാവില്ലാത്ത പ്രണയത്തെ ഞാനുപേക്ഷിക്കുന്നു. അതില്‍ നീ ആത്മാവ് കൂട്ടിച്ചേര്‍ക്കുക. നമ്മുടെ പ്രണയത്തിന്റെ ജീവനില്‍ ആത്മാവ് വന്നുചേരുമെങ്കില്‍ തീര്‍ച്ചയായും നമ്മളിനിയും കണ്ടുമുട്ടുമായിരിക്കും. ആത്മാവുള്ള പ്രണയത്തിന്റെ നിലാവിന് കീഴില്‍ നമ്മളുറങ്ങാതിരിക്കും.
ദിയാറ വലിച്ചെറിഞ്ഞുപോയ പ്രണയത്തിന്റെ മഞ്ഞമോതിരം മരുഭൂമിയില്‍ ഒളിച്ചുകിടക്കാന്‍ തുടങ്ങിയിട്ട് കൊല്ലമൊന്നാകുന്നു. മോതിരം ഊരിയെറിയുമ്പോള്‍ കോവിഡ് മഹാമാരിയായി മാറിയിട്ടുണ്ടായിരുന്നില്ല. ഓരോ വര്‍ഷത്തിലും പതിവായി സംഭവിക്കുന്ന മരുഭൂമിയിലെ കൂടിച്ചേരലിന്റെ ആഘോഷത്തിനിടയില്‍ എപ്പോഴോ ആണ് ഭ്രാന്തമായ വിളിച്ചുപറയലോടെ ദിയാറ മോതിരം വലിച്ചൂരിയെറിഞ്ഞത്. പ്രണയത്തിന്റെ ജിന്നുകള്‍ അലഞ്ഞുനടക്കുന്ന ദേശമാണ് മരുഭൂമിയെന്ന് ദിയാറ മുമ്പൊരിക്കല്‍ പറഞ്ഞിരുന്നത് ഓര്‍മ്മയുണ്ട്.
ദിയാറ അവളുടെ ദേശത്തേക്ക് മടങ്ങിപ്പോയ ശേഷം അതിര്‍ത്തികളടഞ്ഞു. കോവിഡ് ഞങ്ങളെ രണ്ടു രാജ്യത്താക്കി. പൗര്‍ണമികള്‍ പിന്നെയുമുണ്ടായി. മേഘത്തെ അടയാളം വെച്ച് ഖോജ നാസിറുദ്ദീന്‍ സ്വര്‍ണം കുഴിച്ചിട്ട കഥയില്ലേ. നീ ഹോജയാണോ ദിയാറാ എന്ന ചോദ്യത്തിന് പൊട്ടിച്ചിരിയായിരുന്നു മറുപടി. ദിയാറ മരുഭൂമിയില്‍ എറിഞ്ഞുമൂടിയ പ്രണയത്തിന്റെ ഓര്‍മ്മക്കുറിയെ ഞാന്‍ തിരഞ്ഞുകൊണ്ടിരുന്നു.
പൗര്‍ണമിയുടെ നിറനിലാവില്‍ ഓരോ വട്ടവും മോതിരം പരതി. മണലിനും മോതിരത്തിനും ഒരൊറ്റ നിറമായതു കൊണ്ടാകണം പ്രണയത്തിന്റെ ജീവനില്‍ ആത്മാവിനെ ചേര്‍ക്കാനായില്ല. ഓരോ പൗര്‍ണമി രാവിലും മരുഭൂമിയില്‍ ചെന്നിരുന്നു. മോതിരം തേടിത്തേടി അലഞ്ഞു. പൗര്‍ണമിക്ക് ശേഷമുള്ള പകല്‍ തുടങ്ങുന്നതെല്ലാം ദിയാറയുടെ സന്ദേശം കേട്ടുകൊണ്ടായിരുന്നു. എന്റെ ജീവനില്‍ ആത്മാവ് തൊട്ടോ എന്ന ചോദ്യം. ചോദ്യങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്കിടയില്‍ നിശബ്ദത വന്നുറയും.
ഒന്നോ രണ്ടോ മാസത്തിന് ശേഷം തിരിച്ചുവരാനാകുമെന്ന ഉറപ്പിലായിരുന്നു ദിയാറ തിരിച്ചുപോയത്. അത്രയും സമയം എന്നെ പരിഭ്രമിപ്പിക്കാന്‍ വേണ്ടി മാത്രമായിരുന്നു ദിയാറ ആ സാഹസത്തിന് മുതിര്‍ന്നത്. ഏത് കൂമ്പാരത്തിനിടയിലും തന്റെത് മാത്രമായ എല്ലാം കോരിയെടുക്കാനുള്ള കഴിവ് ദിയാറക്കുണ്ടായിരുന്നു. രണ്ടു മാസത്തെ അവധി കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ മോതിരം കണ്ടെത്താനാകുമെന്നും ഒരിക്കല്‍ നല്‍കിയ സമ്മാനത്തില്‍ ജീവനൊപ്പം ആത്മാവ് കൂടി കൂട്ടിവെക്കാം എന്നുമായിരുന്നു വിചാരിച്ചിരുന്നത്. രാജ്യങ്ങള്‍ക്കിടയിലെ മതിലുകള്‍ കോവിഡ് കൊട്ടിയടച്ചു. അതോടെ ദിയാറയുടെ ചിരികളില്‍ സങ്കടത്തിന്റെ നൂലുകള്‍ തയ്യല്‍പ്പണികള്‍ തുടങ്ങി.
ഒരിക്കലും പ്രതീക്ഷിക്കാത്ത വഴിത്തിരിവുകളാല്‍ പ്രണയം ഏത് കാലത്തും കൊതിപ്പിക്കും. കോരിത്തരിപ്പിക്കും. പ്രണയത്തിന്റെ അടയാളം മരുഭൂമിയില്‍ കളഞ്ഞുപോയിട്ട് ഒരു കൊല്ലമാകുന്നു. അവസാനശ്രമം എന്ന നിലയിലാണ് ഏറ്റവും ഒടുവിലത്തെ പൗര്‍ണമി രാവിലും അതേസ്ഥലത്ത് ചെന്നിരുന്നത്. ദിയാറ വീഡിയോ കോള്‍ വഴി അടുത്തുണ്ടായിരുന്നു. ദിയാറ ഓരോ സ്ഥലങ്ങള്‍ ചൂണ്ടിക്കാണിച്ചു. ഒരു വര്‍ഷം മുമ്പുള്ള രാത്രിയിലാണ് മരുഭൂമിയില്‍നിന്ന് ദിയാറ യാത്രയാതെങ്കിലും തൊട്ടു മുമ്പുള്ള നിമിഷം വരെ ഇവിടെയുണ്ടായിരുന്നതിന്റെ ആവേശം വാക്കുകളിലുണ്ടായിരുന്നു. കുറച്ചൂടെ മുന്നിലേക്ക്, ഒന്നു വലത്തേക്ക്, ചന്ദ്രന് പടിഞ്ഞാറ് എന്നിങ്ങനെയൊക്കെ ദിയാറ പറഞ്ഞുകൊണ്ടേയിരുന്നു.
ഞാനിപ്പോ അടുത്തുണ്ടായിരുന്നെങ്കില്‍ മോതിരം കോരിയെടുക്കാനാകുമായിരുന്നുവെന്ന് ഒച്ചവെച്ചു. വഴിയില്‍ കളഞ്ഞുപോയെന്ന് വിചാരിച്ച് മറ്റൊരു മോതിരം സമ്മാനിക്കാമെന്ന വാക്കേറ്റ് ദിയാറക്ക് പൊള്ളി. തിരിച്ചുകിട്ടും എന്നുറപ്പുള്ളതുകൊണ്ടു മാത്രമാണ് ഉപേക്ഷിച്ചതെന്ന് വീണ്ടും.
നിലാവ് കൊഴിയാന്‍ തുടങ്ങിയിരുന്നു. നിലാവിന് മേല്‍ ഇരുട്ടു മൂടി വരുന്നു. ഇരുളില്‍ മരുഭൂമിയും കടലും ഒന്നാണ്. കടലിന്റെ ഒത്തനടുവില്‍ ചെന്നാല്‍ കേള്‍ക്കുന്ന അതേ തിരയിളക്കത്തിന്റെ ഒച്ച മരുഭൂമിയും സമ്മാനിക്കും. കാതോര്‍ത്തു കിടക്കണം. ദിയാറയുടെ കണ്ണീര്‍ പറ്റിപ്പിടിച്ച ശബ്ദം മരുഭൂമിയുടെ തിരയിളക്കവുമായി കൂടിച്ചേര്‍ന്നു. രണ്ടിനും ഒരേ താളമായിരുന്നു. കണ്ണീരിന്റെ താളം.
ഇനിയും കണ്ടെത്താനാകാത്ത മഞ്ഞ നിറമുള്ള മോതിരം മരുഭൂമിയില്‍ എവിടെയോ ഒളിച്ചിരിക്കുന്നുണ്ട്. എന്നിലേക്കും അന്നൊരിക്കല്‍ സമ്മാനിച്ച മോതിരത്തിലേക്കുമുള്ള ദിയാറയുടെ യാത്ര അടുത്തുണ്ടാകുമായിരിക്കും. മഹാമാരി നല്‍കിയ വിലക്കുകള്‍ തീരുന്ന ആദ്യ ദിവസത്തിനായി ദിയാറ കാത്തിരിക്കുന്നു. അതുവരെയും പൗര്‍ണമിയുണ്ടാകും. പ്രണയംഅന്വേഷിക്കാന്‍ പൗര്‍ണമിയേക്കാള്‍ നല്ല രാവേതാണ്..
എല്ലാ പ്രണയവും ഭ്രാന്താണ്...
ഓരോ ഭ്രാന്തും പ്രണയമാണ്...