കെ.ആർ. ഗൗരിയമ്മയുടെയും ടി.വി. തോമസ്
കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും വലിയ പ്രണയവും ദാമ്പത്യഭംഗവുമാണ് കെ.ആര്‍. ഗൗരിയമ്മയുടെയും ടി.വി. തോമസിന്റെയും ജീവിതം. യാദൃച്ഛികമായി രാഷ്ട്രീയത്തിലെത്തിയ കെ.ആര്‍. ഗൗരി പുന്നപ്ര-വയലാര്‍ സമരനായകനായ ടി.വി.യെ കാണുന്നത് സ്വന്തം വീട്ടുമുറ്റത്തുവെച്ചാണ്. വൈകാതെ പ്രണയം പൂവിട്ടു.
1957-ല്‍ ഒന്നാം ഐക്യകേരള മന്ത്രിസഭയില്‍ ഇരുവരും മന്ത്രിയായി. ഇരുവരുടെയും താത്പര്യമറിഞ്ഞ് തൊട്ടടുത്തുള്ള മന്ദിരം നല്‍കി. സാനഡുവില്‍ ഗൗരിയും റോസ് ഹൗസില്‍ ടി.വി.യും. ഇരുവീടിനുമിടയില്‍ ഒരു ചെറുവഴിയും. പ്രണയം മൂത്തതറിഞ്ഞ് പാര്‍ട്ടി മുന്‍കൈയെടുത്ത് ഗൗരിയുടെ ഔദ്യോഗിക വസതിയായ സാനഡുവില്‍വെച്ച് വിവാഹം നടത്തി. രണ്ടു കാറിലാണ് സെക്രട്ടേറിയറ്റില്‍ പോകുന്നതെങ്കിലും ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ ഒരു കാറില്‍ ഒരുവീട്ടില്‍.
പലതരത്തില്‍, രാഷ്ട്രീയേതരമായും വിയോജിപ്പുകളും തര്‍ക്കങ്ങളുമുണ്ടായിരുന്നെങ്കിലും 1967 വരെ ആ ബന്ധം പിളര്‍പ്പില്ലാതെ തുടര്‍ന്നു. 1964-ല്‍ ഇരുവരും പരസ്പരം മത്സരിക്കുന്ന വ്യത്യസ്ത പാര്‍ട്ടിയിലായി. 1967-ല്‍ രണ്ടുപാര്‍ട്ടിയും ഒരുമിച്ചുള്ള മന്ത്രിസഭയില്‍ ചേരാന്‍ ആലപ്പുഴയിലെ വീട്ടില്‍നിന്ന് ഇരുവരും ഒരു കാറിലാണ് തിരുവനന്തപുരത്തെത്തിയത്. പക്ഷേ, സി.പി.ഐ-സി.പി.എം. പോര് മൂത്തതിനൊപ്പം ആ ബന്ധത്തിലും വിള്ളല്‍ വര്‍ധിച്ചു. മറ്റുചില വിയോജിപ്പുകളും കൂടിയായതോടെ അകല്‍ച്ച പൂര്‍ണമായി. പക്ഷേ, ഇരുവരും തമ്മിലുള്ള അഗാധ പ്രണയത്തിന്റെ കിളിവാതില്‍ ഒരിക്കലും അടഞ്ഞില്ല. ഗൗരിയമ്മയുടെ മനസ്സിലെ ചിത്രങ്ങള്‍പോലെ വീട്ടിലെ മുറികളിലും ടി.വി.യുടെ ചില്ലിട്ട ചിത്രങ്ങള്‍ ധാരാളം.