അകക്കണ്ണിന്റെ വെളിച്ചത്തില്‍ കുഞ്ഞിക്കണ്ണന്‍റെ യാത്ര, കരംപിടിക്കാന്‍ വിദ്യയും


1 min read
Read later
Print
Share

ആലക്കോട്ടെ വീട്ടിന് മുന്നിൽ കുഞ്ഞിക്കണ്ണനും ഭാര്യ വിദ്യയും

പെരിയ: ലോകത്തിന്റെ കാഴ്ചകള്‍ തന്റെ മുന്നില്‍ അടഞ്ഞുവെങ്കിലും കുഞ്ഞിക്കണ്ണന്‍ തോറ്റില്ല. കാഴ്ചയുള്ളവരുടെ ലോകത്ത് അകക്കണ്ണിന്റെ വെളിച്ചത്തില്‍ അയാള്‍ ജീവിതം തുടങ്ങി. കൂടെ, കരംപിടിക്കാന്‍ വിദ്യയും. ഭാഷയും നാടും മറന്നുള്ള ഇരുവരുടെയും ജീവിതം തുടങ്ങുന്നത് പഴയ മുംബൈ നഗരത്തില്‍നിന്നാണ്. ചെറിയ പ്രായത്തില്‍ കാഴ്ചശക്തി നഷ്ടമായിരുന്നെങ്കിലും കുഞ്ഞിക്കണ്ണന്‍ പഠനത്തില്‍ മിടുക്കനായിരുന്നു. കാസര്‍കോട് അന്ധവിദ്യാലയത്തിലും കുന്നംകുളം ബോയ്‌സ് ഹൈസ്‌കൂളില്‍ നിന്നുമായി എസ്.എസ്.എല്‍.സി. വരെ പഠനം നടത്തി.

പഠനത്തിനുശേഷം തൊഴില്‍ തേടിയാണ് 1975-ല്‍ കുഞ്ഞിക്കണ്ണന്‍ മുംബൈയിലെത്തുന്നത്. അവിടെവെച്ച് കമ്പിളി ഉണ്ടാക്കുന്ന കമ്പനിയില്‍ ജോലി ചെയ്തു. കുഞ്ഞിക്കണ്ണന്റെ ജോലിയിലെ മിടുക്കും സ്വഭാവവും ഇഷ്ടപ്പെട്ട സഹപ്രവര്‍ത്തകരാണ് വിദ്യയെ പരിചയപ്പെടുത്തുന്നത്. കമ്പനിക്ക് സമിപത്തെ വീട്ടിലെ പെണ്‍കുട്ടിയായ വിദ്യയ്ക്കും ഒരു കണ്ണിന് കാഴ്ചശക്തിയുണ്ടായിരുന്നില്ല. പരസ്പരം അറിഞ്ഞപ്പോള്‍ ഇരുവരുടെയും മനസ്സുകള്‍ അടുത്തു. അത് പ്രണയമായി വളര്‍ന്നു. വിദ്യയെ ജീവിതസഖിയാക്കാന്‍ കുഞ്ഞിക്കണ്ണന്‍ തീരുമാനിക്കുകയായിരുന്നു.

ഇരുവീട്ടുകാരും കൂട്ടുവന്നില്ലെങ്കിലും സഹപ്രവര്‍ത്തകരും കൂട്ടുകാരും കൂടെനിന്നു. 28 വര്‍ഷക്കാലം ഇരുവരും ബോംബെയില്‍ താമസിച്ചു. 2005-ല്‍ തിരിച്ച് നാട്ടിലെത്തിയ കുഞ്ഞിക്കണ്ണന്‍ വിദ്യയ്‌ക്കൊപ്പം പാക്കം ആലക്കോട്ട് താമസം തുടങ്ങി. വീടുവെക്കാനുള്ള ആഗ്രഹം മാവുങ്കാല്‍ ആനന്ദാശ്രമത്തിന്റെ സഹായത്തോടെ സാധ്യമായി.

പ്ലാസ്റ്റിക് കസേര മെടയുന്ന തൊഴിലറിയാവുന്നതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ അവ ഉണ്ടാക്കി നല്‍കി ജീവിതംനയിച്ചു. ഇരുകണ്ണുകളും കാണാത്ത കുഞ്ഞിക്കണ്ണനൊപ്പം വിദ്യ തുണയായി സഞ്ചരിച്ചു. പ്രായാധിക്യം തടസ്സമായപ്പോള്‍ ഇരുവരും ഇപ്പോള്‍ എവിടെയും അധികം പോകാറില്ല. സര്‍ക്കാരില്‍നിന്ന് കിട്ടുന്ന പെന്‍ഷന്‍തുകകൊണ്ടാണ് ജീവിതം നയിക്കുന്നത്. 42 വര്‍ഷക്കാലത്തെ ദാമ്പത്യത്തില്‍ മക്കളില്ലെങ്കിലും പരസ്പരം തുണയായി ജീവിക്കുകയാണ് ഈ ദമ്പതിമാര്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram