എ.കെ.ജി.- സുശീല
രാഷ്ട്രീയത്തിലെ ഏറ്റവും പ്രശസ്തമായ പ്രണയമാണ് എ.കെ.ജി.- സുശീല പ്രണയം. തൊള്ളായിരത്തി നാല്പതുകളുടെ അവസാനം എ.കെ.ജി. ആലപ്പുഴയില്‍ ഒളിവില്‍ക്കഴിയുകയായിരുന്നു. മുഹമ്മ ചീരപ്പന്‍ചിറയില്‍ സി.കെ. സുശീലയുടെ വീട്ടില്‍ കുറെനാള്‍ ഒളിവില്‍. അപ്പോഴാണ് കോളേജ് വിദ്യാര്‍ഥിനിയായ സുശീല എ.കെ.ജി.യില്‍ അനുരക്തയാകുന്നത്. പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി നിരുത്സാഹപ്പെടുത്താന്‍ എ.കെ.ജി. ശ്രമിച്ചെങ്കിലും സുശീലയുടെ ആരാധനയും പ്രണയവും വിജയിച്ചു.
1952-ല്‍ എ.കെ.ജി. പാര്‍ലമെന്റംഗവും ലോക്സഭയിലെ പ്രതിപക്ഷ ഗ്രൂപ്പ് നേതാവുമായിരിക്കേയാണ് അവര്‍ വിവാഹിതരാകുന്നത്. 22 വയസ്സുള്ള വധു. 48-കാരനായ വരന്‍. 1952 മുതല്‍ മരണംവരെ എം.പി.യായിരുന്ന എ.കെ.ജി.ക്കൊപ്പം ഒരുതവണ സുശീലയും എം.പി.യായി. 1967-ല്‍ അമ്പലപ്പുഴയില്‍നിന്നാണ് ജയിച്ചത്. എ.കെ.ജി. കാസര്‍കോട്ടുനിന്നും. പിന്നീട് രണ്ടുതവണകൂടി എം.പി.യായ സുശീലാ ഗോപാലന്‍ 1996-ല്‍ സംസ്ഥാന വ്യവസായ മന്ത്രിയുമായി.