1975-ല്‍ കോഴിക്കോട് കലോത്സവത്തില്‍ ആരു പങ്കെടുക്കും എന്നതായിരുന്നു രണ്ടുപേരും തമ്മില്‍ നടന്ന ചര്‍ച്ച. ജന്മംകൊണ്ട് തമിഴ്‌നാട്ടിലെ അംബാസമുദ്രം സ്വദേശിയായ ശ്രീനിവാസിന്റെ കുട്ടിക്കാലം തിരുവനന്തപുരത്തായിരുന്നു. അങ്ങനെയാണ് മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായത്. സ്‌കൂളിലെ ഏറ്റവും അറിയപ്പെടുന്ന പാട്ടുകാരനുമാണ് ശ്രീനി. വേണുഗോപാലാണ് ശ്രീനി കഴിഞ്ഞാല്‍ അടുത്ത ഗായകന്‍. എല്ലാ മത്സരങ്ങളിലും ശ്രീനിയ്ക്കായിരുന്നു ഒന്നാംസ്ഥാനം. എന്നാല്‍ ആ കുട്ടിക്ക് ഏറെയിഷ്ടം കിഷോര്‍കുമാറിന്റെ ഹിന്ദിപ്പാട്ടുകള്‍.
ഒരുതവണ സംസ്ഥാന കലോത്സവത്തില്‍ ശ്രീനി, ലളിതഗാനമത്സരത്തിനു പാടിയത് ഹിന്ദിപ്പാട്ട്. വിധികര്‍ത്താക്കള്‍ അയോഗ്യമെന്ന് മാര്‍ക്കിടുകയും ചെയ്തു. 74-ലെ കലോത്സവത്തില്‍ ശ്രീനിവാസ് ശാസ്ത്രീയ സംഗീതം ഒന്നാംസ്ഥാനക്കാരനായിരുന്നു. ഹിന്ദിപ്പാട്ട് പാടിയിട്ട് കാര്യമില്ലെന്നു മനസ്സിലാക്കിയ ശ്രീനിവാസ്, വേണുവിനുവേണ്ടി മാറിക്കൊടുക്കുത്തു. ആ മാറിക്കൊടുക്കല്‍ മലയാളത്തിന്റെ വേണുഗാനപ്പിറവിക്കു വഴിതെളിച്ചുവെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.
കോഴിക്കോട്ടെ വേദിയില്‍ 'ജയദേവ കവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേ ഉറക്കമായോ...' എന്ന ഗാനം പാടി ഒന്നാമതെത്തുകയായിരുന്നു. 1980 മുതല്‍ 85 വരെ കേരള സര്‍വകലാശാലയിലെ ലളിതഗാനപ്പട്ടം വേറെങ്ങും പോയില്ല. പിന്നീട് കേരളം കേട്ടത് ഒട്ടനവധി വേണുഗോപാല്‍ ഹിറ്റുകളായിരുന്നു. 'ഒന്നാം രാഗം പാടി..', 'ഉണരുമീ ഗാനം...', ' താനേ പൂവിട്ട മോഹം...', 'ചന്ദനമണിവാതില്‍ പാതി ചാരി..' തുടങ്ങി മലയാളിക്കു മൂളാന്‍ നൂറുകണക്കിനു ഗാനങ്ങള്‍.
ദക്ഷിണേന്ത്യന്‍ഭാഷകളിലും ഹിന്ദിയിലുമായി രണ്ടായിരത്തിലേറെ പാട്ടുകള്‍ ശ്രീനിവാസ് പാടിയിട്ടുണ്ട്. എ.ആര്‍. റഹ്മാന്റെ സംഗീതസംവിധാനത്തില്‍ മിന്‍സാരക്കനവിലെ 'മാനാ മധുരൈ..', ഉയിരേയിലെ ' എന്‍ ഉയിരേ..' തുടങ്ങിയ ഗാനങ്ങള്‍ ഹിറ്റായതോടെ തമിഴിലെ ജനപ്രിയ പാട്ടുകാരനായി അദ്ദേഹം മാറി. സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന സിനിമയില്‍ ശ്രീനിവാസ് പാടിയ 'എത്രയോ ജന്മമായ്.. ' അടക്കം നൂറുകണക്കിനു ഗാനങ്ങളിലൂടെ മലയാളിയുടെ ഹൃദയത്തിലും ശ്രീനി പാട്ടുകൊണ്ടു കൂടുകൂട്ടി.
പാട്ടുകാരന്‍ എന്ന ആത്മവിശ്വാസം കലോത്സവം തന്നു
ഒരു പാട്ടുകാരനാവാം എന്ന ആത്മവിശ്വാസം തന്നത് സംസ്ഥാന കലോത്സവത്തിലെ ഒന്നാംസ്ഥാനമാണ്. അതൊരു ശക്തമായ അടിത്തറതന്നെയായിരുന്നു. ശ്രീനി എന്ന നല്ല കൂട്ടുകാരന്‍ ഇപ്പോഴത്തെ തലമുറയ്ക്ക് ഒരു പാഠപുസ്തകമാണ്
-ജി. വേണുഗോപാല്‍ , പിന്നണി ഗായകന്‍