യേശുദാസിനൊപ്പം ഗാനമേളയില്‍ പാടുന്ന കുട്ടിയാണ് ലളിതഗാനത്തില്‍ മത്സരിക്കുന്നതെന്ന് ആരും അന്ന് അറിഞ്ഞിരുന്നില്ല. 1974-ല്‍ മാവേലിക്കരയില്‍ നടന്ന യുവജനോത്സവത്തിലെ ഒന്നാംസ്ഥാനക്കാരിയായ സുജാത വിജയേന്ദ്രന്‍ ആയിരുന്നു അത്. അക്കൊല്ലം പദ്യംചൊല്ലലിലെ രണ്ടാംസ്ഥാനവും ഈ കുട്ടിക്കായിരുന്നു. മലയാളിയുടെ മനസ്സില്‍ മായാതെ കിടക്കുന്ന ഒരുപാട് ഗാനങ്ങള്‍ സമ്മാനിച്ച സുജാത മോഹന്‍.
'മൗനത്തിന്‍ ഇടനാഴിയില്‍...', 'പൊന്‍മുരളിയൂതും കാറ്റേ...', 'എത്രയോ ജന്മമായ്...', 'ദൂരെക്കിഴക്കുദിക്കും മാണിക്കച്ചെമ്പഴുക്ക...', 'അന്തിപ്പൊന്‍വെട്ടം...' തുടങ്ങി നൂറുകണക്കിന് ഹിറ്റുകളിലെ പെണ്‍ശബ്ദത്തിന്റെ ശൈശവമാണ് 74-ലെ കലോത്സവത്തില്‍ കണ്ടത്. എറണാകുളം സെന്റ് തെരേസാസ് ഹൈസ്‌കൂളിനെ പ്രതിനിധാനം ചെയ്താണ് സുജാത മത്സരിച്ചത്. ലളിതഗാനത്തില്‍ അന്ന് രണ്ടാംസ്ഥാനം കിട്ടിയ കുട്ടിയും പിന്നീട് മലയാളത്തിലെ പിന്നണിഗായികയായി മാറി.
തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് സ്‌കൂളിലെ എസ്. ജാനകീദേവിയായിരുന്നു ആ കുട്ടി. മാവേലിക്കരയില്‍ സുജാത പാടിയത് ശ്രദ്ധിച്ച നടന്‍ സോമന്‍, വര്‍ഷങ്ങള്‍ക്കുശേഷം അഭിനന്ദിച്ച സംഭവം സുജാത ഓര്‍മിക്കുന്നു. 1976-ല്‍ കോഴിക്കോട്ടു നടന്ന കലോത്സവത്തില്‍ ലളിതഗാനത്തില്‍ രണ്ടാംസ്ഥാനവും നേടിയിരുന്നു. അന്ന് ബി. അരുന്ധതിക്കായിരുന്നു ഒന്നാംസ്ഥാനം.
സ്‌കൂളില്‍നിന്നുള്ള പ്രോത്സാഹനമാണ് സുജാതയുടെ പ്രധാന കലോത്സവ ഓര്‍മ. പ്രിന്‍സിപ്പലായിരുന്ന സിസ്റ്റര്‍ ലൂസിയ ആയിരുന്നു ഏറ്റവും വലിയ പിന്തുണ. സ്‌കൂളിന്റെ അഭിമാനഗായികയുടെ ശബ്ദത്തിന് ഒരു പോറലും വരരുതെന്ന് സിസ്റ്റര്‍ക്ക് നിര്‍ബന്ധമായിരുന്നു. എറണാകുളത്തുനിന്ന് സിസ്റ്റര്‍ മാവേലിക്കരയില്‍ എത്തിയത് ചെറിയ ഉള്ളി, തേന്‍, കല്‍ക്കണ്ടം എന്നിവയും കൈയില്‍ കരുതിയാണ്. ഇവ അരച്ചുചാലിച്ച് മത്സരദിവസം സുജാതയ്ക്ക് കൊടുക്കുകയായിരുന്നു ലക്ഷ്യം. ശബ്ദം ഇടറരുതെന്ന് സിസ്റ്റര്‍ക്ക് അത്രയ്ക്ക് നിര്‍ബന്ധമായിരുന്നു. സ്‌കൂളിലെ ചടങ്ങുകളിലെ സ്ഥിരം പാട്ടുകാരിയും സുജാതയായിരുന്നു. 1973 മുതല്‍ സുജാത, യേശുദാസിന്റെ ഗാനമേള ട്രൂപ്പിലെ കുട്ടിഗായികയാണ്. പുകഴേന്തി ചിട്ടപ്പെടുത്തിയ 'ഇന്നത്തെ മോഹസ്വപ്നങ്ങളേ...' എന്ന ഗാനമാണ് സുജാതയ്ക്ക് ഒന്നാംസ്ഥാനം നേടിക്കൊടുത്തത്. 76-ല്‍ 'ഓടക്കുഴല്‍വിളി ഒഴുകിയൊഴുകിവരും...' എന്ന ഗാനവും.
എല്ലാം നല്ല ഓര്‍മകള്‍
ദാസേട്ടനൊപ്പം ഗാനമേളകളില്‍ പാടിയിരുന്നത് ഒരു വലിയ ബലമായിരുന്നു. സ്‌കൂള്‍ കലോത്സവത്തില്‍ സഭാകമ്പമില്ലാതെയാണ് പാടിയത്. പ്രിന്‍സിപ്പലും കൂട്ടുകാരും ഒരുപാട് പിന്തുണയാണ് നല്‍കിയത്. മത്സരത്തില്‍ പിന്നാക്കം പോയെന്നുകരുതി പിന്‍മാറുന്ന ശീലം കുട്ടികള്‍ ഒഴിവാക്കണം.
-സുജാത മോഹന്‍, പിന്നണിഗായിക