കലോത്സവം കഴിഞ്ഞു, പക്ഷേ, അപർണ കലയെ കൈവിട്ടില്ല


ശ്വേത നായർ

2 min read
Read later
Print
Share

കലോത്സവ വേദികളിൽ തങ്ങൾ തിളങ്ങിയ മേഖലകളിൽത്തന്നെ ഉറച്ചു നിന്ന വളരെ ചിലരും അക്കൂട്ടത്തിലുണ്ട്.

വീണ്ടുമൊരു കലോത്സവ മേളം കൊട്ടിക്കയറുമ്പോൾ, പോയ വർഷങ്ങളിലെ നക്ഷത്രങ്ങളെ ഓർത്തു പോവുക സ്വാഭാവികം. കലോത്സവം കലാതിലക-പ്രതിഭാ പട്ടങ്ങൾ നേടിയ പല പ്രതിഭകളും പിന്നീട് വെള്ളിത്തിരയിൽ തിളങ്ങിയ താരങ്ങളായി. ചിലർ പിൽക്കാലത്ത് കലാരംഗത്തുനിന്നുതന്നെ അപ്രത്യക്ഷരായി. കലോത്സവ വേദികളിൽ തങ്ങൾ തിളങ്ങിയ മേഖലകളിൽത്തന്നെ ഉറച്ചു നിന്ന വളരെ ചിലരും അക്കൂട്ടത്തിലുണ്ട്. 90 കളുടെ അവസാനത്തിൽ ഇന്ന് ചലച്ചിത്രതാരങ്ങളായിത്തീർന്ന പലരും പങ്കെടുത്തിരുന്ന നൃത്ത വേദികളിൽ ഒന്നാമതെത്തിയിരുന്ന അപർണ കെ. ശർമ തന്നെ ഉദാഹരണം.

തുടർച്ചയായി അഞ്ചു വർഷങ്ങൾ ജില്ലാതലത്തിലും 2000-ത്തിൽ സംസ്ഥാന തലത്തിലും കലാതിലകപ്പട്ടം ചൂടിയ അപർണ നൃത്തസംഗീത ഇനങ്ങളിൽ മാത്രമല്ല, സംസ്‌കൃതോത്സവത്തിലും തിലകമായിരുന്നു. നൃത്തത്തിൽ മാത്രമല്ല, ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം, അഷ്ടപദി, പാഠകം, ചമ്പു പ്രഭാഷണം തുടങ്ങി വ്യത്യസ്ത ഇനങ്ങളിൽ മികവ് തെളിയിച്ചിട്ടുണ്ട്‌.

തിലക-പ്രതിഭാ പട്ടങ്ങൾ, ഗ്രേസ് മാർക്ക്, മെഡിസിൻ സീറ്റ്, സിനിമാ രംഗപ്രവേശം എന്നിവയ്‌ക്കെല്ലാം പുറകെ പ്രതിഭകൾ നെട്ടോട്ടം നടന്നിരുന്ന കാലത്ത് കല കലയ്ക്കുവേണ്ടി എന്ന തത്ത്വത്തെ മുറുകെ പിടിച്ചാണ് അപർണ കലോത്സവങ്ങളിൽ പങ്കെടുത്തിരുന്നത്. സ്‌റ്റേജിനു മുന്നിലെ മൂന്നു വിധികർത്താക്കളുടെ വിധിക്കപ്പുറം, അതിനു പുറകിലുള്ള സദസ്യരിലാണ് കലയിലെ നിന്റെ യഥാർത്ഥ വിധി എന്ന് പറഞ്ഞു കൊടുത്ത അച്ഛൻ ശാസ്ത്ര ശർമൻ നമ്പൂതിരിയും അമ്മ, നൃത്താദ്ധ്യാപിക കൂടിയായ ഗീത ശർമയുമായിരുന്നു അപർണയുടെ വഴികാട്ടികൾ. ഗുരുവായൂരിനടുത്തുള്ള തിരുവളയന്നൂർ എന്ന ഒരു ഉൾനാടൻ ഗ്രാമത്തിലെ സാധാരണ സർക്കാർ സ്‌കൂളിൽ നിന്ന് സംസ്ഥാന തിലകം വരെ എത്തി അപർണ.

ഹയർ സെക്കൻഡറിക്കു ശേഷം ലഭിച്ച മെഡിസിൻ സീറ്റ് നിരസിച്ച്, ഭാരതനാട്യത്തെ ഐച്ഛിക വിഷയമായി തിരഞ്ഞെടുത്ത് കാലടി, ശ്രീ ശങ്കര കോളേജിൽ ചേർന്നു ഈ കലാകാരി. അതിനുശേഷം ബിരുദാന്തര ബിരുദത്തിനായി ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ എത്തുന്നതും പിന്നീട്, പ്രശസ്ത നർത്തകി ആനന്ദ ശങ്കർ ജയന്തിന്റെ ശിഷ്യത്വം സ്വീകരിച്ചതും.

ഭരതനാട്യം നർത്തകിയായിരുന്ന അപർണയെയായിരുന്നു കലാലോകത്തിന് കൂടുതൽ പരിചയമെങ്കിൽ ഇന്ന് അപർണ നർത്തകി മാത്രമല്ല, തിരക്കുള്ള നൃത്ത സംഗീതജ്ഞ കൂടിയാണ്. നർത്തകി കൂടിയായ പാട്ടുകാരിയുടെ ആലാപനം അത്രമാത്രം നൃത്തത്തോട് ഇഴുകി നിൽക്കുന്നു എന്നതിന് തെളിവാണ് നിരവധി പ്രസിദ്ധ നർത്തകിമാർ അപർണയെ തങ്ങളുടെ പ്രിയപ്പെട്ട പിന്നണി ഗായിക കൂടിയായി സ്വീകരിച്ചത്. ഒരിക്കൽ പദ്മ സുബ്രഹ്മണ്യം സ്വന്തമായി ചിട്ടപ്പെടുത്തിയ കൃതി, അവർക്കുവേണ്ടി പാടാനുള്ള ഭാഗ്യവും കിട്ടി. നൃത്തത്തിനായി മലയാളം, തമിഴ്, സംസ്‌കൃതം തുടങ്ങി വിവിധ ഭാഷകളിൽ കൃതികൾ രചിച്ച് സംഗീതം നൽകിയിട്ടുണ്ട് അപർണ.

മൈസൂർ യൂണിവേഴ്‌സിറ്റി ഫൈൻ ആർട്‌സ് വിഭാഗത്തിൽ നൃത്ത, സംഗീത സംബന്ധിയായ വിഷയത്തെ അധികരിച്ച് ഗവേഷണം നടത്തുകയാണ് അപർണയിപ്പോൾ. ഉഡുപ്പിക്കരികെ മണിപ്പാലിലാണ് ഇപ്പോൾ താമസം. മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽ പ്രൊ ഫസറായ ഭർത്താവ് ഡോ.നന്ദകിഷോർ അയ്യങ്കാരും കൊച്ചു കലാകാരികൂടിയായ മകൾ ഭക്തിഹിരണ്മയിയുമാണ് ഇന്ന് അപർണയുടെ ഏറ്റവും വലിയ പ്രചോദനം. ശുദ്ധകലയുടെ ഭാഗമായി, തിരക്കുകളിലും അച്ചടക്കം പാലിച്ച് മുന്നോട്ടു പോകുന്ന അപർണ ശർമയെന്ന ഈ ബഹുമുഖ പ്രതിഭയ്ക്കിന്ന് പഴയ കലാതിലകത്തേക്കാൾ തിളക്കമുണ്ടെന്ന് തീർച്ച.

swethanair@live.com

Content Highlights: kalolsavam2018 schoolkalolsavam2018 schoolyouthfestival2018

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram