കണ്ണൂര്‍: പ്രതിസന്ധികള്‍ക്കു മുന്നില്‍ മുട്ടുമടക്കിയിരുന്നെങ്കില്‍ ഇത്ര ദൂരം താണ്ടിലായിരുന്നു നജീമുദ്ദീന്‍. എന്നാല്‍ നൃത്തവേദിയോടുള്ള അടങ്ങാത്ത സ്‌നേഹമാണ് ഇല്ലായ്മകളിലും നജീമുദ്ദീനെ മുന്നോട്ട് നയിക്കുന്നത്. പത്തനംതിട്ട ഗവ. വി.എച്ച്.എസ്.എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ നജീമുദ്ദീന്‍ തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷമാണ് സംസ്ഥാന കലോത്സവത്തിനെത്തുന്നത്.
വാടക വീട്ടില്‍ താമസിക്കുന്ന നജീമുദ്ദീന്റെ കുടുംബം ഇല്ലായ്മകള്‍ക്കിടയിലും അവന്റെ സ്വപ്നങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. സ്‌കൂളിലെ അധ്യാപകരുടേയും നല്ലവരായ നാട്ടുകാരുടേയും സഹായത്തോടെയാണ് നജീമുദിന്‍ കലോത്സവത്തിനുള്ള ചെലവുകള്‍ നടത്തുന്നത്.
തിരുവനന്തപുരം കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം നാടോടി നൃത്ത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ നജീമുദ്ദീന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലാണ് ഇക്കുറി മത്സരിക്കുന്നത്. 2014 ലെ കലോത്സവത്തില്‍ എ ഗ്രേഡും നജീമുദ്ദീന്‍ സ്വന്തമാക്കിയിരുന്നു.
മുഴുവന്‍ സമയ പരിശീലകന് കീഴില്‍ നൃത്തമഭ്യസിക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ സ്വയം ചിട്ടപ്പെടുത്തിയ നൃത്തവുമായാണ് നജീമുദ്ദീന്‍ കലോത്സവ വേദികളിലെത്തുന്നത്.
പിതാവ് നസീറിന് മകന്റെ പ്രകടനം കാണണമെന്നുണ്ടായിരുന്നുവെങ്കിലും അസുഖമായതിനാല്‍ സാധിച്ചില്ല. ഉമ്മ ജമീല ബീവിയും അമ്മാവന്‍ ഫൈസലുമാണ് നജീമുദ്ദീന് തുണയായി കണ്ണൂരിലെത്തിയിരിക്കുന്നത്.