ഏഷ്യയിലെ ഏറ്റവും വലിയ സർഗോത്സവമായ സ്കൂൾ കലോത്സവത്തെ ഹരിതോത്സവമാക്കി മഹാവിജയമാക്കിയ കണ്ണൂർ ജനതയ്ക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു -കലോത്സവത്തെ ചരിത്രവിജയമാക്കിയ കണ്ണൂർ ജനാവലിയോട് മന്ത്രി സി.രവീന്ദ്രനാഥ് വികരാധീനനായി പറഞ്ഞു. മത്സരമെന്നനിലയിൽനിന്ന് വളർത്തി ഉത്സവമാക്കണമെന്നും പ്ലാസ്റ്റിക്‌രഹിതമായിരിക്കണം കലോത്സവമെന്നുമുള്ള അഭ്യർഥന പൂർണമായും വിജയിച്ചു. ഈ കൂട്ടായ്മ എന്റെ അനുഭവത്തിൽ ആദ്യമാണ്. പോലീസിന്റെ ജനകീയത, വൊളന്റിയർമാരുടെ ശുഷ്കാന്തി, ഈ കൂട്ടായ്മയും പാരസ്പര്യവും സാമൂഹികജീവിതത്തിന്റെ മറ്റുതലങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാൻ കഴിയണം -സമാപനസമ്മേളനത്തിലെ അധ്യക്ഷപ്രസംഗത്തിൽ മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു.
നീന വാര്യരുടെ മംഗളഗീതത്തോടെയാണ് സമാപനസമ്മേളനം തുടങ്ങിയത്. മജീഷ്യൻ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായിരുന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സുവനീർ പ്രകാശനം ചെയ്തു. അടുത്തവർഷം കലോത്സവം നടക്കുന്ന തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടർക്ക്് കലോത്സവപതാക മേയർ ഇ.പി.ലത കൈമാറി. പി.കെ.ശ്രീമതി എം.പി., എം.എൽ.എ.മാരായ കെ.സി.ജോസഫ്, ജയിംസ് മാത്യു, എം.രാജഗോപാലൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, അഡീഷണൽ ഡി.പി.ഐ. ജെസ്സി ജോസഫ്, പി.കെ.രാഗേഷ്, പി.പി.ദിവ്യ, കെ.പി.ജയബാലൻ, പി.എസ്.ശ്രീകല, ഡോ. പി.എ.ഫാത്തിമ, അൻവർ സാദത്ത്, ബി.അബുരാജ്, പി.ഇന്ദിര, സി.കെ.വിനോദ്, എം.ഷഫീഖ്, ഇ.ബീന, ഒ.രാധ എന്നിവർ സംസാരിച്ചു.