കണ്ണൂര്‍: കലോത്സവവേദികളില്‍നിന്ന് എത്രപേര്‍ പിന്നീട് ഇതേ കലയുമായി മുന്നോട്ടു പോകുന്നവരുണ്ട് എന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് ദേവിക എന്ന ഈ കണ്ണൂര്‍ക്കാരി. നാലു വയസ്സില്‍ തുടങ്ങിയ നൃത്തപഠനം ഇന്നും ഒരു സപര്യയായി കൂടെക്കൂട്ടിയിരിക്കുന്ന ദേവിക 2011 മുതല്‍ 14 വരെയുള്ള സ്‌കൂള്‍ കലോത്സവവേദിയിലെ സ്ഥിരം മത്സരാര്‍ത്ഥിയാണ്.
പങ്കെടുക്കുന്ന ഇനങ്ങളിലെല്ലാം സമ്മാനം വാരിക്കൂട്ടുന്ന ഈ മിടുക്കി 2014-ല്‍ ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് കലോത്സവവേദിയോട് വിടപറഞ്ഞത്.
കോഴിക്കോട് എന്‍.ഐ.ടിയില്‍ ഉപരിപഠനത്തിനായി ചേര്‍ന്ന ദേവിക മറ്റു കലോത്സവ താരങ്ങളെപ്പോലെ നൃത്തപഠനത്തെ ഉപേക്ഷിക്കാനൊന്നും തയ്യാറായില്ല. മറിച്ച് അതുവരെ ഉപാസിച്ച കലയെ ആദരിക്കുന്നതിനായി ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പില്‍ ഒരു ഭരതനാട്യക്കച്ചേരി അവതരിപ്പിക്കുകയാണ് ആദ്യം ചെയ്തത്. അടുത്തതായി ഒരു കുച്ചിപ്പുടി കച്ചേരി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ദേവിക.
കലോത്സവത്തിലെ മിന്നും താരമായിരിക്കുന്നതിനിടെ തന്നെ നൃത്തത്തില്‍ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ദേവിക സ്വന്തമാക്കിയിട്ടുണ്ട്. ദേശീയ നടരാജനൃത്തോത്സവത്തില്‍ 2011-ലും 12-ലും സുശീല്‍ കീര്‍ത്തി പുരസ്‌കാരം, അഖില ഭാരത സംസ്‌കൃത സംഘം സംഘടിപ്പിച്ച ദേശീയതല മത്സരത്തില്‍ സെമി ക്ലാസിക്കലിലും ഭരതനാട്യത്തിലും ഒന്നാംസ്ഥാനം, കേളി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ കുച്ചുപ്പുടിക്ക് ഒന്നാംസ്ഥാനം, തുടര്‍ച്ചായി മൂന്ന് വര്‍ഷങ്ങളില്‍ സിംഗപ്പൂര്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ സ്‌കോളര്‍ഷിപ്പ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ദേവികയ്ക്ക് ലഭിച്ചിട്ടുണ്ട്.
16 വര്‍ഷമായി കലാമണ്ഡലം ലീലാണി ടീച്ചറുടെ കീഴില്‍ ദേവിക ഭരതനാട്യവും മോഹിനിയാട്ടവും പഠിക്കുന്നു. ഗീതാ ഗോപിനാഥിന് കീഴിലാണ് കുച്ചിപ്പുടി പഠനം. കാഠിന്യമേറിയ സെമസ്റ്റര്‍ പരീക്ഷകളുടെ ഇടവേളകളെല്ലാം നൃത്തസാന്ദ്രമാക്കി ദേവിക യാത്ര തുടരുകയാണ്.