ജെ.എന്‍.യു തിരഞ്ഞെടുപ്പ് 14ന്; സമരങ്ങളുടെ ക്യാംപസില്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പു കാലം


2 min read
Read later
Print
Share

കഴിഞ്ഞ വര്‍ഷങ്ങളില്‍ സമാനതകളില്ലാത്ത വിദ്യാര്‍ത്ഥി മുന്നേറ്റങ്ങള്‍ക്കാണ് ക്യാംപസ് സാക്ഷ്യം വഹിച്ചത്. പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിശോധിക്കാനും നടപടിയെടുക്കാനുമുള്ള ജിഎസ്‌കാഷ് സമിതിയെ ദുര്‍ബലപ്പെടുത്തിയ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് വിദ്യാര്‍ത്ഥി യൂണിയന്‍ നടത്തിയത്.

ലസ്ഥാന നഗരിയില്‍ പച്ചപ്പ് നിറഞ്ഞ ആയിരം ഏക്കര്‍ കാമ്പസ്, എട്ട് നില ലൈബ്രറി, ലോകത്തെ തന്നെ ഏറ്റവും മികച്ച പണ്ഡിതന്മാരായ അധ്യാപകര്‍, ഇന്ത്യയിലെ ഏറ്റവും ബുദ്ധിജീവികളായ വിദ്യാര്‍ത്ഥികള്‍, രാജ്യത്തെ എല്ലാ ചലനങ്ങളും പ്രതിഫലിക്കുന്ന രാഷ്ട്രീയ ഉള്ളടക്കമുള്ള വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളുടെ കേന്ദ്രം. ജെ.എന്‍.യുവിനെ രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാലയാക്കുന്നത് ഇത്തരം സവിശേഷതകളാണ്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒട്ടനവധി അക്കാദമിക് ബുദ്ധിജീവികളെ സംഭാവന ചെയ്ത ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വീണ്ടുമൊരു വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്.

ഇന്ത്യയുടെ പരിച്ഛേദം എന്നറിയപ്പെടുന്ന ജെ.എന്‍.യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിനും മറ്റ് ക്യാപസുകള്‍ക്ക് അവകാശപ്പെടാനില്ലാത്ത സവിശേഷതകളുണ്ട്. പൂര്‍ണമായും വിദ്യാര്‍ത്ഥികളാണ് തിരഞ്ഞെടുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത്. പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് പരിപാടിയുടെ സംഘാടകര്‍ മുതല്‍ വോട്ടെണ്ണുന്നതും ഫലം പ്രഖ്യാപിക്കുന്നതും വരെ വിദ്യാര്‍ത്ഥികള്‍ തന്നെ. മുഖ്യധാരാ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ മുതല്‍ ബദല്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ വരെ തെരഞ്ഞെടുപ്പില്‍ സജീവം. രാജ്യത്തെ ഓരോ രാഷ്ട്രീയ ചലനങ്ങളും സൂക്ഷ്മമായി ചര്‍ച്ചയാകുന്ന തെരഞ്ഞെടുപ്പിനും കൃത്യമായ അക്കാദമിക്ക് സ്വഭാവം ഇവിടെയുണ്ട്.

ക്യാമ്പസ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടക്കുന്ന പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിന് വലിയ പ്രാധാന്യമുണ്ട്. വിവിധ വിദ്യാര്‍ഥി സംഘടനകളെ പ്രതിനിധീകരിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍ അവരുടെ നയം പ്രഖ്യാപിക്കുന്ന വേദിയാണിത്. സ്ഥാനാര്‍ഥികള്‍ തമ്മില്‍ നേര്‍ക്കുനേര്‍ ചൂടേറിയ വാഗ്വാദമാണ് നടക്കുക. ബാന്റും വാദ്യങ്ങളുമായി അണികളും സദസ്സിലുണ്ടാവും. കാണികള്‍ക്ക് സ്ഥാനാര്‍ഥികളോട് ചോദ്യം ചോദിക്കാനുള്ള അവസരവുമുണ്ട്.

ക്യാമ്പസിന് പുറത്തുള്ള പൊതുസമൂഹവും ജെ.എന്‍.യു തിരഞ്ഞെടുപ്പിനെ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. പ്രസിഡന്‍ഷ്യല്‍ ഡിബേറ്റും തിരഞ്ഞെടുപ്പം നടക്കുന്ന സമയങ്ങളില്‍ രാജ്യത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും ഉള്‍പ്പടെയുള്ള വലിയ കൂട്ടം പുറത്ത് നിന്ന് എത്തും. മുന്‍ കാലങ്ങളില്‍ സി.പി.എം വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എ.എഫ്.ഐ സ്ഥിരമായി വിജയിച്ചുകൊണ്ടിരുന്ന തിരഞ്ഞെടുപ്പില്‍ പിന്നീട് എസ്.എഫ്.ഐയെ പിന്നിലാക്കി തീവ്ര ഇടത് പ്രസ്ഥാനമായ ഐസ മുന്നിലെത്തുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി എസ്.എഫ്.ഐയും ഐസയും നേതൃത്വം നല്‍കുന്ന ഇടത് വിദ്യാര്‍ത്ഥി മുന്നണിയാണ് യൂണിയന്‍ വിജയിക്കാറുള്ളത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ സമാനതകളില്ലാത്ത വിദ്യാര്‍ത്ഥി മുന്നേറ്റങ്ങള്‍ക്കാണ് ക്യാംപസ് സാക്ഷ്യം വഹിച്ചത്. പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിശോധിക്കാനും നടപടിയെടുക്കാനുമുള്ള ജിഎസ്‌കാഷ് സമിതിയെ ദുര്‍ബലപ്പെടുത്തിയ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് വിദ്യാര്‍ത്ഥി യൂണിയന്‍ നടത്തിയത്. സീറ്റുകള്‍ വെട്ടിക്കുറച്ചതിനും ജനാധിപത്യ അവകാശങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനും എതിരെ വലിയ പ്രതിരോധങ്ങള്‍ നടന്നു. എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റശേഷം കാണാതായ നജീബിനുവേണ്ടി നിരന്തരമായ സമരങ്ങള്‍ ക്യാംപസിലുണ്ടായി.

ഈ മാസം 14നാണ് ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പ് ജെ.എന്‍.യുവില്‍ നടക്കുന്നത്. മുന്‍കാലങ്ങളില്‍ തനിച്ച് മത്സരിച്ചിരുന്ന ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫും ഇത്തവണ ഇടത് വിദ്യാര്‍ത്ഥി സഖ്യത്തില്‍ ഉണ്ട്. ഇടത് വിദ്യാര്‍ത്ഥി സഖ്യത്തിന്റെ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥിയും എ.ഐ.എസ്എഫ് സ്ഥാനാര്‍ത്ഥിയുമായ അമുത ജയദീപ് ആണ് സ്ഥാനാര്‍ത്ഥികളില്‍ ഇത്തവണത്തെ മലയാളി സാന്നിദ്ധ്യം. കോഴിക്കോട് സ്വദേശിനിയായ അമുദ ജെ.എന്‍.യുവില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയാണ്.

ഇടതു സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി എന്‍ സായ് ബാലാജി (എഐഎസ്എ), വൈസ് പ്രസിഡന്റായി സരിക ചൗധരി(ഡിഎസ്എഫ്), ജനറല്‍ സെക്രട്ടറിയായി ഐജാസ് അഹമ്മദ് റാതര്‍ (എസ്എഫ്‌ഐ), ജോയിന്റ് സെക്രട്ടറിയായി അമുത ജയദീപ് (എഐഎസ്എഫ്) എന്നിവരാണ് മത്സരിക്കുന്നത്.

എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ലളിത് പാണ്ഡെ, വൈസ് പ്രസിഡന്റായി ഗീതശ്രീ, ജനറല്‍ സെക്രട്ടറിയായി ഗണേഷ് ഗുര്‍ജാര്‍, ജോ. സെക്രട്ടറിയായി വെങ്കട്ട് ചൗബേയ് എന്നിവര്‍ മത്സരിക്കുന്നു. എന്‍എസ്യുഐ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി വികാസ് യാദവ്, വൈസ് പ്രസിഡന്റായി ലിജി കെ ബാബു, ജനറല്‍ സെക്രട്ടറിയായി മൊഫിസുള്‍ ആലം, ജോയിന്റ് സെക്രട്ടറിയായി നഗുരങ് റീന എന്നിവരും മത്സരിക്കുന്നു. ബിഎപിഎസ്എ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തല്ലപ്പള്ളി പ്രവീണ്‍, വൈസ് പ്രസിഡന്റായി പൂര്‍ണ്ണചന്ദ്ര നായിക്, ജനറല്‍ സെക്രട്ടറിയായി വിശ്വംഭര്‍നാഥ് പ്രജാപതി, ജോ. സെക്രട്ടറിയായി കനകലത യാദവ് എന്നിവരാണ് മത്സരിക്കുന്നത്.

മുന്‍ എ.ഐ.എസ്.എഫ് നേതാവ് ജയന്ദ് കുമാര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. ആര്‍ജെഡിയുടെ വിദ്യാര്‍ഥി സംഘടനയായ ഛാത്ര ആര്‍ജെഡി സ്ഥാനാര്‍ഥിയായാണ് ജയന്ദ്. ആദ്യമായാണ് ഒരു ഛാത്ര ആര്‍ജെഡി സ്ഥാനാര്‍ഥി ജെ.എന്‍.യുവില്‍ മത്സരിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram