പതിനാറു വർഷം മുമ്പാണ് ചെന്നൈ സാന്തോം മോൺഫോർട്ട് സ്കൂൾ ഓഡിറ്റോറിയം, വിവിധ പ്രൊഫഷണൽ കോളേജുകളിലെ പൂർവ വിദ്യാർഥികൾ ഉൾപ്പെടുന്ന 22 അംഗ സംഗീതബാൻഡിന്റെ മാരത്തൺ സംഗീതപരിപാടിക്ക് സാക്ഷ്യംവഹിച്ചത്. സൺ ടി.വി.യുടെ ‘സപ്തസ്വരങ്ങൾ’ സംഗീത റിയാലിറ്റി ഷോയിൽ വിജയിയായ മലയാളിയുടെ നേതൃത്വത്തിലുള്ള മ്യൂസിക് ബാൻഡ് അന്ന് നിർത്താതെ പരിപാടി അവതരിപ്പിച്ചത് നീണ്ട നാല്പത് മണിക്കൂറാണ്.
അനാഥാലയ മന്ദിരത്തിനുള്ള ധനശേഖരണാർഥം അരങ്ങേറിയ സംഗീതവിരുന്ന് ഗിന്നസ് റെക്കോഡിന്റെ തിളക്കമായി മാറി. തുടർച്ചയായി ഏറ്റവും കൂടുതൽ നേരം സംഗീതപരിപാടി അവതരിപ്പിച്ച ബാൻഡിനുള്ള ലോക റെക്കോഡ് അങ്ങനെ തൃശ്ശൂർ തൃക്കൂർ സ്വദേശി അനൂപ് ശങ്കർ ലീഡ് സിങ്ങർ ആയ ‘സംഗമം’ ബാൻഡിന് സ്വന്തമായി.
അന്നത്തെ 23-കാരൻ എൻജിനീയർ പിന്നീട് പ്രശസ്തനായ സിനിമാ പിന്നണിഗായകനായി വളരുന്നതിന് കാലം സാക്ഷിയായി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, തുളു ഭാഷകളിലായി എഴുപത്തിയഞ്ചിലധികം സിനിമാഗാനങ്ങൾ, അറുപതോളം മ്യൂസിക് ആൽബങ്ങൾ, നൂറിലധികം പരസ്യചിത്രങ്ങൾ, രാജ്യത്തും വിദേശങ്ങളിലുമായി രണ്ടായിരത്തിലധികം സ്റ്റേജ് ഷോകൾ തുടങ്ങി ഒട്ടേറെ േമഖലകളിൽ തിളങ്ങിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഗാനരചയിതാവിന്റെ വേഷവുമണിഞ്ഞു...
സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചതുകൊണ്ടാണോ പാട്ടിന്റെ വഴിയിലേക്ക് എത്തിച്ചേർന്നത്?
പാടാനുള്ള ആഗ്രഹം പകർന്നു കിട്ടിയത് അമ്മ ലതയിൽനിന്നാണ്. കേരള സർവകലാശാല 1973-ൽ നടത്തിയ ശാസ്ത്രീയ സംഗീതമത്സരത്തിൽ വിജയിയായിരുന്നു ആദ്യഗുരു കൂടിയായ അമ്മ. ഞാൻ കർണാടിക് സംഗീതത്തെ ആരാധിച്ച നല്ലൊരു ആസ്വാദകനായിരുന്നതിനാൽ അച്ഛൻ ടി.എ. ശങ്കർ കച്ചേരികൾക്ക് എന്നെ പതിവായി കൊണ്ടുപോവുമായിരുന്നു. ആറാം വയസ്സിലാണ് ചാലപ്പുറം പാപ്പയുടെ കീഴിൽ സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാൻ തുടങ്ങിയത്. അദ്ദേഹത്തിന് കീഴിൽ പന്ത്രണ്ട് വർഷക്കാലത്തെ സംഗീതപഠനത്തിനുശേഷം നെയ് വേലി ആർ. സന്താനഗോപാലത്തിന് കീഴിൽ തുടർപഠനം നടത്തി.
എൻജിനീയറിങ് പഠനം പൂർത്തിയായ ശേഷം ഗാനാലാപനം ഒരു പ്രൊഫഷൻ ആയി തിരഞ്ഞെടുത്തതിൽ എന്തു തോന്നുന്നു?
ചെന്നൈ സെയ്‌ന്റ് ജോസഫ്‌സ് എൻജീനിയറിങ് കോളേജിലെ പഠനകാലയളവിലായിരുന്നു അച്ഛന്റെ വിയോഗം. ഒന്നരവർഷം മാത്രമാണ് സോഫ്റ്റ്‌വേർ എൻജിനീയറായി ചെന്നൈയിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്തത്. പ്രതിസന്ധികൾക്കിടയിലും ആഗ്രഹിച്ച ജോലി തന്നെ തിരഞ്ഞെടുക്കാൻ ഏറ്റവും കൂടുതൽ പ്രചോദനമേകിയത് അമ്മയാണ്. സ്വയമർപ്പിച്ച് സേവിച്ചതിനാൽ സംഗീതം എന്നെ കൈവിട്ടില്ല. ഗാനാലാപനം തിരഞ്ഞെടുത്തത് കൊണ്ട് ഇതുവരെ ജീവിതത്തിൽ ഒരു പ്രയാസവും നേരിടേണ്ടിവന്നിട്ടില്ല. ഗായികയായ ഭാര്യ വിജി വിശ്വനാഥനും സംഗീതജീവിതത്തിൽ അകമഴിഞ്ഞ പിന്തുണയാണ് നൽകുന്നത്.
എങ്ങനെയാണ് പിന്നണിഗാനാലാപന രംഗത്തേക്കുള്ള കടന്നുവരവ്?
എം.ടെക്. കഴിഞ്ഞശേഷം സംഗീതസംവിധായകൻ ഗോപി സുന്ദറിനൊപ്പം പരസ്യചിത്രങ്ങൾക്ക് പാട്ടെഴുതിയും ഗാനങ്ങൾ ആലപിച്ചും സജീവമായി രംഗത്തുണ്ടായിരുന്നു. 2003-ൽ മോഹൻ സിതാര സംഗീതസംവിധാനം നിർവഹിച്ച ചൂണ്ട എന്ന മലയാളചിത്രത്തിൽ ‘തൈർക്കുടം’ എന്ന് തുടങ്ങുന്ന പാട്ട് ആലപിക്കാൻ അവസരം ലഭിച്ചു. 2005-ൽ പുറത്തിറങ്ങിയ കൊച്ചിരാജാവ് എന്ന ചിത്രത്തിൽ വിദ്യാസാഗറിനുവേണ്ടി പാടിയ ‘തങ്കക്കുട്ടാ’ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് സിനിമയിൽ ശ്രദ്ധേയനാവുന്നത്. പിന്നീട് തമിഴും തെലുങ്കും ഉൾപ്പെടെ അഞ്ചു ഭാഷകളിലായി സാന്നിധ്യമറിയിക്കാൻ സാധിച്ചു. എസ്.പി.ബി., ശങ്കർ മഹാദേവൻ, ഹരിഹരൻ, സാധന സർഗം, അനുരാധ ശ്രീറാം, കെ.എസ്. ചിത്ര തുടങ്ങിയ ഒട്ടേറെ ഗായകർക്കൊപ്പം നിന്ന് കുറെ സ്റ്റേജ് ഷോകളിൽ പാടാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്.
കല്യാൺ ജ്വല്ലേഴ്‌സിന്റെ കഴിഞ്ഞ ദിപാവലി ആഘോഷച്ചടങ്ങിൽ അമിതാഭ് ബച്ചൻ, സച്ചിൻ തെണ്ടുൽക്കൽ, നാഗാർജുന തുടങ്ങിയ പ്രമുഖ താരങ്ങൾക്ക് മുന്നിൽ പാടാൻ സാധിച്ചത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. ആ വീഡിയോ കണ്ട് മുകേഷ് അംബാനി അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരു വിവാഹാഘോഷച്ചടങ്ങിൽ പാടാൻ ക്ഷണിക്കുകയും ചെയ്തു.
പിന്നണിഗാനരംഗത്ത് ആരോടാണ് ആരാധന തോന്നിയത്?
ഒറ്റവാക്കിൽ സംശയമേതുമില്ലാതെ മറുപടി നൽകാം. ഡോ. എസ്.പി. ബാലസുബ്രഹ്‌മണ്യം. ഏറെ വിനയാന്വിതനും നല്ല മനസ്സിന്റെ ഉടമയുമായ ഒരു പച്ചമനുഷ്യനാണ് അദ്ദേഹം. പെരുമാറ്റത്തിലെയും പ്രവൃത്തിയിലെയും വിശുദ്ധിയാവാം അദ്ദേഹത്തിന്റെ ഗാനങ്ങളെ മധുരതരമാക്കുന്നത്. ഒരു സംഗീതസംവിധായകനോടും അദ്ദേഹം ഇതുവരെ കയർത്തു സംസാരിച്ചതായി കേട്ടിട്ടില്ല. എസ്.പി.ബി. കഴിഞ്ഞാൽ പി. ജയചന്ദ്രനെയും ശങ്കർ മഹാദേവനെയും പ്രമുഖ വയലിൻ വാദകൻ ഡോ. എൽ. സുബ്രഹ്‌മണ്യത്തെയും ഏറെ ഇഷ്ടപ്പെടുന്നു.
‘ഓം’ അക്കാദമിക്ക് പിന്നിലെ ലക്ഷ്യമെന്ത് പാട്ടെഴുത്തിനെയും ഗൗരവത്തോടെ സമീപിച്ച് തുടങ്ങിയല്ലോ?
ഞാനും എന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ആറു പേരും ചേർന്നാണ് തൃശ്ശൂരിൽ ‘ഓം’ എന്ന പേരിൽ ഒരു യൂണിവേഴ്‌സൽ മ്യൂസിക് അക്കാദമി മൂന്നുവർഷം മുൻപ് തുടങ്ങിയത്. സ്വന്തമായെന്തെങ്കിലും തുടങ്ങണമെന്ന് ചിന്തിച്ചപ്പോൾ സംഗീതമല്ലാതെ മറ്റൊന്നും മനസ്സിൽ തോന്നിയില്ല. അങ്ങനെയാണ് ‘ഓം’ പിറവിയെടുക്കുന്നത്. ‘ഓംകാര’ എന്ന പേരിൽ അക്കാദമി കഴിഞ്ഞവർഷം നടത്തിയ സംഗീതമേളയിൽ ഇരുനൂറിലേറെ യുവാക്കളാണ് പങ്കെടുത്തതെന്നത് സന്തോഷം നൽകുന്നുണ്ട്. പരസ്യചിത്രങ്ങൾക്കുവേണ്ടിയാണ് പാട്ടെഴുതി ത്തുടങ്ങിയത്. ത്രീ കിങ്‌സ്, കർമയോഗി, അയാൾ ഞാനല്ല, പാഷൻ തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി ഇതിനകം ഗാനരചന നിർവഹിച്ചിട്ടുണ്ട്. എന്നാൽ, ആലാപനത്തിൽ തന്നെ ശ്രദ്ധ പതിപ്പിക്കാനാണ് താത്‌പര്യം.
കോഴിക്കോടുമായുള്ള ആത്മബന്ധം എങ്ങനെയാണ്?
കഴിഞ്ഞ എട്ടു വർഷമായി എല്ലാ ഓഗസ്റ്റ് മാസങ്ങളിലെയും ആദ്യവാരം ഇവിടത്തെ സംഗീതക്കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഗീതവും ചർച്ചയുമായി ഞങ്ങൾ കോഴിക്കോട്ട് കൂട്ടുകൂടാറുണ്ട്. സംഗീതത്തെയും കലയെയും എന്നും നെഞ്ചോട് ചേർക്കുന്നവരുടെ നാടാണിത്. ഇവിടെ പരിപാടി അവതരിപ്പിക്കുമ്പോൾ ആസ്വാദകരിൽനിന്നും നമ്മളിലേക്ക് ഊർജം പകർന്നെത്തുന്നതുപോലെ തോന്നാറുണ്ട്.