പരിഹസിച്ചവർ കണ്ണു തുറന്ന് കാണട്ടെ ; പാത്തുവിനെ തോൽപിക്കാനാവില്ല മക്കളെ..


അശ്വതി അനില്‍

3 min read
Read later
Print
Share

ഫാത്തിമ | Photo: Instagram|Fathima

'പോരാടാനും ജയിക്കാനും എനിക്ക് ഊര്‍ജം തരുന്നത് എന്നെ സ്നേഹിക്കുന്നവര്‍ മാത്രമല്ല, നിന്നെക്കൊണ്ട് ഒന്നും പറ്റില്ലെന്ന് പറഞ്ഞവര്‍ കൂടിയാണ്'. കൃത്രിമക്കാലിന്റെ ബലവും അതിനെ വെല്ലുന്ന മനോബലവും കൊണ്ട് പാത്തു എന്ന ഫാത്തിമ ജീവിതം പറഞ്ഞുതുടങ്ങുകയാണ്. സ്വപ്നങ്ങള്‍ക്ക് പിന്നാലെ പോവാന്‍ കാല്‍ ഇല്ലാത്തത് ഒരു പരിമിതി അല്ലെന്ന് സ്വന്തം അനുഭവം കൊണ്ടാണ് ഈ പെണ്‍കുട്ടി തെളിയിക്കുന്നത്. കൃത്രിമ കാലുമായി മോഡലിങ് രംഗത്ത് തിളങ്ങുന്ന ഫാത്തിമയുടെ വിശേഷങ്ങളിലേക്ക്..

ഫാത്തിമ അല്ല പാത്തു

ഫാത്തിമ എന്നത് യഥാര്‍ഥ പേരാണെങ്കിലും പാത്തു ഫാത്തിമ എന്ന് പറഞ്ഞാലാണ് ആളുകള്‍ക്ക് മനസ്സിലാവുക. മോഡലിങ് രംഗത്തേക്ക് കടന്നുവന്നപ്പോഴാണ് പാത്തു എന്നത് സ്ഥിരം പേരായത്. പാത്തുക്കുട്ടി എന്നാണ് ഇന്‍സ്റ്റഗ്രാമിലെ പേര്. കൊല്ലം പള്ളിമുക്ക് സ്വദേശിയാണ്. ഇപ്പോള്‍ കൊല്ലം എസ്എന്‍ കോളേജില്‍ ബിഎ ഫിലോസഫി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. പഠനത്തോടൊപ്പം പ്രശസ്ത മോഡലിങ് കമ്പനിയായ എമിറേറ്റ്സ് മോഡലിങ് കമ്പനിയുടെ ഭാഗമായും പ്രവര്‍ത്തിക്കുന്നുണ്ട്.

കാല്‍ ഇല്ലാത്തത് ജന്മനാ ഉള്ള വൈകല്യം

ജന്മനാ കാലിന് വളര്‍ച്ച ഉണ്ടായിരുന്നില്ല. മുട്ടുവരെ സാധാരണ പോലെയും താഴേക്ക് കുറച്ച് മാംസവും മാത്രം. അതായിരുന്നു എന്റെ കാല്‍. ഉമ്മയും ഇത്തയുമൊക്കെ സ്‌കൂളിലേക്ക് എടുത്തുകൊണ്ടുപോവും. ഒറ്റക്കാലില്‍ ആയിരുന്നു നടത്തമൊക്കെ. ഇവള്‍ ഇനി ഒരിക്കലും നടക്കില്ല, വീല്‍ചെയര്‍ വാങ്ങികൊടുക്കാനായിരുന്നു എല്ലാവരും പറഞ്ഞത്.

ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അമ്മൂമ്മയാണ് ഒരു കൃത്രിമ കാല്‍ ആദ്യമായി വെച്ചുതന്നത്. അത് ഇന്നത്തെ പോലെ സൗകര്യമുള്ള കൃത്രിമ കാലൊന്നും ആയിരുന്നില്ല. മുട്ടിന് താഴേക്കുള്ള കാലിന്റെ ഭാഗം ഉള്ളിലേക്ക് മടക്കിവെയ്ക്കുന്ന തരത്തിലായിരുന്നു ആ കാല്‍. നല്ല വേദന സഹിച്ചാണ് അതുമായി പൊരുത്തപ്പെട്ടത്. കൃത്രിമ കാല്‍ ഉണ്ടെങ്കിലും അതുപയോഗിച്ച് നടക്കുന്നതും ഇരിക്കുന്നതുമെല്ലാം വളരെ പ്രയാസപ്പെട്ടായിരുന്നു. പക്ഷെ വര്‍ഷം കഴിയും തോറും വേദന കൂടിക്കൂടി വന്നു. പ്ലസ് ടു ആയപ്പോഴാണ് ഡോക്ടറെ കാണാന്‍ പോയത്. കാല് മുറിച്ചുമാറ്റി പുതിയ കാല്‍ വെയ്ക്കാനായിരുന്നു ഡോക്ടര്‍ പറഞ്ഞത്. വീട്ടില്‍ ആര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. എന്നാല്‍ എന്റെ നിര്‍ബന്ധത്തിന് വഴങ്ങി അവരും സമ്മതിച്ചു. പ്ലസ് ടു വെക്കേഷനാണ് കാല്‍ മുറിച്ചുമാറ്റി ഇന്ന് കാണുന്ന കൃത്രിമ കാല് വെച്ചത്. ഇപ്പോള്‍ ബുദ്ധിമുട്ടൊന്നുമില്ല. ഇതുമായി പൊരുത്തപ്പെട്ടു, ഇങ്ങനെ ജീവിക്കാന്‍ പഠിച്ചു.

ഇപ്പോഴാണ് ജീവിതം ആസ്വദിച്ച് തുടങ്ങിയത്

കുട്ടിക്കാലത്തും കൗമരപ്രായത്തിലൊന്നും ഓര്‍ക്കാനായി നല്ല ഓര്‍മകളൊന്നുമില്ല. വളര്‍ന്നതിനു ശേഷമാണ് ജീവിതം ആസ്വദിച്ചു തുടങ്ങിയത്. വീട്ടില്‍ എല്ലാവരും എപ്പോഴും സപ്പോര്‍ട്ട് തന്നു. പക്ഷെ സ്‌കൂളിലും മറ്റും ചിലരെങ്കിലും കാലില്ലെന്ന പേര് പറഞ്ഞ് മാറ്റി നിര്‍ത്തിയിരുന്നു. പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ ട്രിപ്പ് പോകാന്‍ കാലില്ലെന്നും, പ്രത്യേക അനുമതി വേണമെന്നും പറഞ്ഞ് എന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഇതൊന്നും മറക്കാനാവില്ല. അങ്ങനെ പലതവണ അവഗണിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് കുട്ടിക്കാലമൊന്നും ഒട്ടും കളര്‍ഫുള്‍ ആയിരുന്നില്ല. കോളേജ് പഠനകാലത്ത്, മോഡലിങ് മേഖലയിലേക്ക് വന്നപ്പോഴൊക്കെയാണ് ജീവിതം യഥാര്‍ഥത്തില്‍ ആസ്വദിച്ചു തുടങ്ങിയത്. കോളേജിലും അധ്യാപകരും സുഹൃത്തുക്കളും വളരെ വലിയ പിന്തുണയാണ് തരുന്നത്. കാലില്ലെന്ന കാരണം കൊണ്ട് സഹതാപം കലര്‍ന്ന ഒരു നോട്ടം പോലും ഉണ്ടായതായി തോന്നിയിട്ടില്ല. പകരം എല്ലാ കാര്യങ്ങള്‍ക്കും അവര്‍ എന്നെ മുന്നില്‍നിര്‍ത്തും.

pathu fathima

റാംപ് എന്ന സ്വപ്നം, ഒരു വര്‍ഷമായി മോഡലിങ് രംഗത്ത്

ചെറുപ്പം തൊട്ട് മോഡലിങിനോട് താല്‍പര്യമുണ്ട്. ഒരുങ്ങി നടക്കുന്നതും റാംപിലൂടെ ചുവടുവെയ്ക്കുന്നതുമൊക്കെ സ്വപ്നം കണ്ടിരുന്നു. പ്ലസ് ടു കഴിഞ്ഞപ്പോള്‍ ചേച്ചിയുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെയാണ് മോഡലിങ് രംഗത്തെത്തിയത്. ഇടയ്ക്ക് ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നു. അതില്‍ വിജയിച്ചപ്പോള്‍ എമിറേറ്റ്സ് മോഡലിങ് കമ്പനിയുടെ സിഇഒ എന്ന് കണ്ട് ആ കമ്പനിയിലേക്ക് തിരഞ്ഞെടുത്തു. കമ്പനിയില്‍ നിന്നും വലിയ പിന്തുണയാണ് കിട്ടിയത്. മറ്റെല്ലാം മോഡലുകള്‍ക്കും കൊടുക്കുന്ന അതേ അവസരം തന്നെയാണ് എനിക്കും തന്നത്. ഇപ്പോള്‍ നിരവധി ഓഫറുകള്‍ വരുന്നുണ്ട്. ഡിഗ്രി പഠനത്തോടൊപ്പം മോഡലിങ് കമ്പനിയിലും ജോലി ചെയ്യുന്നു.

പോരാടാന്‍ ഊര്‍ജം തരുന്നത് തളര്‍ത്താന്‍ ശ്രമിക്കുന്ന വാക്കുകള്‍

ചെറുപ്പത്തില്‍ ഒരുങ്ങി നടക്കുന്നതിനും ഗിറ്റാര്‍ പഠിക്കാന്‍ പോകുന്നതിനുമൊക്കെ പലരും പല തരത്തില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. വീട്ടില്‍ അടങ്ങി ഒതുങ്ങി നിന്നൂടേ അങ്ങനെയാണെങ്കില്‍ ഏതെങ്കിലും ആലോചന വന്നാല്‍ കല്ല്യാണം കഴിപ്പിച്ചെങ്കിലും വിടാമെന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്. കെട്ടിക്കൊണ്ടുപോയാല്‍ തന്നെ എന്തിനാണ്, ഷോ കെയ്‌സില്‍ ഇരുത്താനാണോ എന്നൊക്കെ പലരും മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ട്. എന്ത് ചെയ്താലും കുറ്റം പറയുന്ന ഒരു കൂട്ടം ആളുകള്‍ എപ്പോഴും അവിടേയും ഇവിടേയുമൊക്കെ ആയി ഉണ്ടായിരുന്നു. ഞാനിടുന്ന ഡ്രസ്സിനെ പോലും കളിയാക്കുന്നവര്‍. കാലിന്റെ സൗകര്യം നോക്കി ഷോര്‍ട്‌സ് ഇട്ട് നടന്നപ്പോള്‍ അവള്‍ നിക്കറിട്ടു നടക്കുന്നുവെന്നൊക്കെ പറഞ്ഞവരുണ്ട്. എന്റെ എല്ലാ കുറവുകളോടെ എന്നെ പരിഗണിക്കുന്നതിന് പകരം പല ഭാഗത്ത് നിന്നും കിട്ടിയത് കളിയാക്കലുകളും പരിഹാസവും അവഗണനയുമൊക്കെയായിരുന്നു.

എനിക്ക് പരിമിതികളുണ്ട് എന്ന തിരിച്ചറിവുണ്ട്. അതിന്റെ പേരില്‍ മാറ്റി നിര്‍ത്തിയതുകൊണ്ടാണ് എന്തെങ്കിലും ചെയ്യണമെന്നും നല്ല നിലയില്‍ എത്തണമെന്നും എനിക്ക് വാശി ഉണ്ടായത്. എന്നെപ്പോലെ ഒരുപാട് പെണ്‍കുട്ടികള്‍ ഒന്നും ആവാതെ അവരുടെ സ്വപ്നത്തേയും മനസ്സില്‍വെച്ചിരിപ്പുണ്ട്. ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് ആവശ്യത്തിനുള്ള അവസരങ്ങളും സാഹചര്യങ്ങളും കിട്ടാത്തതുകൊണ്ടാണ് അങ്ങനെ സ്വപ്നങ്ങളെ മാറ്റി നിര്‍ത്തി ജീവിക്കേണ്ടി വരുന്നത്. എന്നെ തളര്‍ത്താന്‍ നോക്കിയവരുടെ മുഖം മനസ്സില്‍ വരുമ്പോഴാണ് എനിക്ക് പോരാടാനും വിജയിക്കാനുമുള്ള ആത്മവിശ്വാസം ലഭിക്കുന്നത്.

സിനിമ, ഏറ്റവും വലിയ സ്വപ്‌നം

നിരവധി ഫോട്ടോഷൂട്ടുകള്‍ ചെയ്തിട്ടുണ്ട്. എമിറേറ്റ്‌സ് മോഡലിങ് കമ്പനിക്ക് വേണ്ടി നിരവധി ഷോയുടെ ഭാഗമായി. ഗോവയില്‍ വെച്ച് നടന്ന ഷോയില്‍ ബെസ്റ്റ് ഇന്‍സ്പയര്‍ മോഡലിനുള്ള ഏഷ്യ ഫാഷന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇനിയും മോഡലിങ് രംഗത്ത് തുടരാന്‍ തന്നെയാണ് ആഗ്രഹം. പഠനം പൂര്‍ത്തിയാക്കണം. ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. മോഡലിങ് പോലെ അതും ഒരു സ്വപ്‌നമാണ്. എന്നെങ്കിലും ഒരിക്കല്‍ അതും നടക്കും എന്ന ആത്മവിശ്വാസമുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram