ആർ സെൽവരാജ്
അമ്മ അഭിനയിച്ച് മകന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തെ തേടി സ്‌പെയിനില്‍ നിന്നും അംഗീകാരമെത്തിയിരിക്കുകയാണ്. ലോകജലദിനത്തോടനുബന്ധിച്ച് സ്പെയ്നില്‍ സംഘടിപ്പിച്ച അഞ്ചാമത് 'വീ ആര്‍ട്ട് വാട്ടര്‍' അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമാണ് ആര്‍. ശെല്‍വരാജ് സംവിധാനം ചെയ്ത 'ലോക്കറി'ന് ലഭിച്ചത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ ഹ്രസ്വചിത്രത്തിന് ഈ നേട്ടം ലഭിക്കുന്നത്. പാലക്കാട് പുതുപ്പരിയാരം സ്വദേശിയായ ആര്‍. ശെല്‍വരാജിന്റെ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് സ്വന്തം അമ്മ കല്ല്യാണി തന്നെയാണ്. സിനിമയെക്കുറിച്ച് സെല്‍വരാജ് സംസാരിക്കുന്നു.
എന്താണ് ലോക്കര്‍
ജലം സംരക്ഷിക്കുക എന്നാണ് ലോക്കര്‍ പറയുന്നത്. മൂന്നര മിനിട്ടില്‍ ആ ഒരു ആശയം പങ്കുവെയ്ക്കാന്‍ ശ്രമിക്കുന്നു. മുന്‍പ് ജലദിനവുമായി ബന്ധപ്പെട്ട ഒരു ഷോര്‍ട്ട് ഫിലിം മത്സരത്തെക്കുറിച്ചുള്ള വാര്‍ത്ത പത്രത്തില്‍ കണ്ടിരുന്നു. അതിന് അയക്കാനാണ് ഇങ്ങനെയൊരു ആശയത്തെക്കുറിച്ച് ചിന്തിച്ചത്. അങ്ങനെ ആ ഷോര്‍ട്ട് ഫിലിം ചെയ്തു. പക്ഷെ എന്തൊക്കയോ കാരണം കൊണ്ട് അന്ന് ഷോര്‍ട്ട് ഫിലിം മത്സരത്തിന് അയച്ചുകൊടുക്കാന്‍ കഴിഞ്ഞില്ല. ആ ഒരു വിഷമം മനസ്സില്‍ തന്നെ കിടന്നു. പിന്നെ എപ്പോഴും ഇന്റര്‍നെറ്റില്‍ സേര്‍ച്ച് ചെയ്യും. ഇതുപോലെ എന്തെങ്കിലും ഷോര്‍ട്ട് ഫിലിം മത്സരമുണ്ടോ എന്നൊക്കെ. അങ്ങനെ ഒരു ദിവസം നോക്കിയപ്പോഴാണ് സ്‌പെയിനിലെ ഈ മത്സരത്തെക്കുറിച്ച് അറിഞ്ഞത്. ഇതിന് രജിസ്‌ട്രേഷന്‍ ഫീസുമില്ലെന്ന് കണ്ടപ്പോള്‍ പിന്നെ ഒന്നും നോക്കാതെ അയച്ചുകൊടുത്തു. ഇക്കഴിഞ്ഞ 22നാണ് അവാര്‍ഡ് കിട്ടിയെന്ന വിവരം അറിഞ്ഞത്.
ഷോര്‍ട്ട് ഫിക്ഷന്‍, അനിമേഷന്‍, ഡോക്യുമെന്ററി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് മത്സരമുണ്ടായിരുന്നത്. 122 രാജ്യങ്ങളില്‍ നിന്ന് ആകെ 3200 എന്‍ട്രികള്‍ ആണ് മത്സരത്തിന് ലഭിച്ചിരുന്നു. ഇതില്‍ ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തിലേക്കാണ് ഞാന്‍ അയച്ചത്. ഫൈനല്‍ ലിസ്റ്റില്‍ മൂന്ന് പടങ്ങളാണ് ഉണ്ടായിരുന്നത്. നൈജീരിയ, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളതായിരുന്നു ബാക്കി രണ്ടെണ്ണം.
ഈ മത്സരത്തിലേക്ക് എന്‍ട്രി ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ഷോര്‍ട്ട് ഫിലിമാണ് 'ലോക്കര്‍'. അനിമേഷന്‍ വിഭാഗത്തിലേക്ക് മറ്റൊരു ഇന്ത്യന്‍ ചിത്രം കൂടി ഉണ്ടായിരുന്നെങ്കിലും അത് ആദ്യ ഘട്ടത്തില്‍ തന്നെ തള്ളിപ്പോയി. ഫെസ്റ്റിവല്ലിന്റെ അഞ്ചാമത്തെ എഡിഷനാണ് ഈ വര്‍ഷം നടന്നത്. മൂവായിരം യൂറോയും ഫലകവുമാണ് പുരസ്‌കാരം. സമ്മാനം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നു.

സ്വന്തം സിനിമ, സ്വന്തം അനുഭവം
രാജസ്ഥാനിലേക്ക് ഒരു യാത്ര നടത്തിയിരുന്നു. അന്ന് വെള്ളത്തിനു വേണ്ടി ഇതുപോലെ കിലോമീറ്ററുകളോളം നടക്കുന്ന, അല്ലെങ്കില്‍ രണ്ടും മൂന്നും കുടങ്ങള്‍ ഒരുമിച്ച് തലയിലേന്തി വരുന്ന സ്ത്രീകളെ കണ്ടിട്ടുണ്ട്. പിന്നെ നാട്ടിലും ഇതുപോലെ രണ്ട് ദിവസം കുടിവെള്ളം വിതരണം മുടങ്ങിയാല്‍ വെള്ളം കിട്ടാക്കാനിയാവുന്ന അവസ്ഥയിലേക്ക് വരും. വേറെ എവിടെയെങ്കിലും പോയി വെള്ളമെടുത്തുവരുന്ന അമ്മയുടെ ഈ വിഷമവും കണ്ടിട്ടുണ്ട്. ആ കാഴ്ചയില്‍ നിന്നും അനുഭവത്തില്‍ നിന്നുമൊക്കെയാണ് ഇത്തരമൊരു ആശയം മനസ്സില്‍ വന്നത്. സ്വന്തം ജീവിതാനുഭവവുമായി ബന്ധപ്പെടുത്താന്‍ പറ്റുന്നത് തന്നെയാണ് എന്റെ ഈ കുഞ്ഞുസിനിമയും.

അമ്മ അഭിനയിച്ച സിനിമ
ചിത്രത്തില്‍ ഒരാള്‍ മാത്രമേ അഭിനയിക്കുന്നുള്ളൂ. അത് എന്റെ അമ്മയാണ്. ആ സിനിമ ഷൂട്ട് ചെയ്ത സമയത്ത് കൈയില്‍ പൈസയൊന്നും ഉണ്ടായില്ല. ക്യാമറ വാടകയ്ക്ക് എടുക്കണമെങ്കില്‍പ്പോലും അതിനും പൈസ വേണം. ഒരാളെ അഭിനയിപ്പിക്കണമെങ്കില്‍ അതിനും പൈസ വേണം. അപ്പോഴാണ് അമ്മയെ കൊണ്ട് സിനിമ ചെയ്താലോ എന്നാലോചിച്ചത്. ചോദിച്ചപ്പോള്‍ അമ്മയ്ക്കും എതിര്‍പ്പൊന്നുമില്ല. ക്യാമറ വാടകയ്‌ക്കെടുക്കാന്‍ പറ്റാത്തോണ്ട് ഒരു ഐഫോണ്‍ 6-ലാണ് സിനിമ ഷൂട്ട് ചെയ്തത്. കൂടെ ഗവേഷണം ചെയ്യുന്ന മുഹമ്മദ് മഷ്ഹൂക്ക് ആണ് വീഡിയോ എഡിറ്റ് ചെയ്തത്. സിനിമ ചെയ്തതില്‍ ആകെ എനിക്ക് ചെലവായത് 1000 രൂപയാണ്.

എ.ആര്‍ റഹ്മാന്റെ അഭിനന്ദനം
ചെന്നൈയില്‍ യു.എസ്. കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഒരു എക്‌സിബിഷനില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. അന്ന് അതില്‍ മുഖ്യാതിഥി ആയി വന്നത് എ.ആര്‍. റഹ്മാന്‍ സാര്‍ ആണ്. അന്ന് അദ്ദേഹം ഈ സിനിമ എന്റെ കൂടെ നിന്നു കണ്ടു. ഷേക്ക് ഹാന്‍ഡ് തന്നു. വലിയൊരു അനുഭവവും സന്തോഷവുമായിരുന്നു എനിക്കത്. നേരത്തെ ഹൈദ്രാബാദില്‍ ഒരു മത്സരത്തിലും ലോക്കര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതില്‍ മൂന്നാം സ്ഥാനം കിട്ടിയിരുന്നു. ഇപ്പോള്‍ രാജസ്ഥാനില്‍ നടക്കാനിരിക്കുന്ന ഒരു ഫെസ്റ്റിവല്ലിലേക്കും ലോക്കറിന് സെലക്ഷന്‍ കിട്ടിയിട്ടുണ്ട്. കൂടുതല്ർ സിനിമകള്‍ ഇനിയും ചെയ്യണമെന്നാണ് ആഗ്രഹം.
Content Highlights: Locker Short film R Selvaraj We Art Water Film Festival