സ്‌കൂളിലും കോളേജിലുമായി ഒരുമിച്ചുപഠിച്ച അഞ്ച് കൂട്ടുകാര്‍... രുചികള്‍ വ്യത്യസ്തമാണെങ്കിലും വ്യത്യസ്തമേഖലകളെ അവര്‍ ഒരുമിച്ച് കെട്ടിപ്പടുത്തു. ഒരുമിച്ചാണങ്കില്‍ അരിച്ചാക്കും എണ്ണയുമൊന്നും എടുക്കാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നില്ല... അങ്ങനെ ആ സൗഹൃദ കൂട്ടുകെട്ടിലൂടെ തിരുവനന്തപുരത്ത് ഇ-കൊമേഴ്സിന്റെ സാധ്യത പ്രയോജനപ്പെടുത്തി ബിസിനസ് സാമ്രാജ്യം തീര്‍ക്കുകയാണ് അഞ്ചംഗ സംഘം.
* ഷോപ്പുകള്‍ക്കൊരു ഓണ്‍ലൈന്‍ ഷോപ്പിങ്
ഇന്ന് ഓണ്‍ലൈനായി ഭക്ഷണവും വസ്ത്രവും മറ്റ് സാധങ്ങളുമെല്ലാം നമ്മുടെ വീട്ടിലേക്ക് എത്താറുണ്ട്. പക്ഷേ, അതില്‍നിന്ന് മാറി നമ്മുടെ തലസ്ഥാനത്തെ മൊത്തവ്യാപാരികളേയും ചെറുകിട കച്ചവടക്കാരേയും ഓണ്‍ലൈനിലൂടെ ബന്ധിപ്പിക്കുകയാണ് ഈ ചെറുപ്പക്കാരുടെ കൂട്ടായ്മയിലൂടെ. സിമ്പിളായി പറഞ്ഞാല്‍, ഷോപ്പുകള്‍ക്ക് ഓണ്‍ലൈന്‍ ആയിത്തന്നെ ഷോപ്പിങ് നടത്താം.
'എല്‍.ഐ.ടി. ടെക്‌നോളജീസ്' എന്ന സ്റ്റാര്‍ട്ടപ്പിലൂടെയാണ് ചെറുകിട കച്ചവടക്കാരെയും മൊത്തവ്യാപാരികളേയും തമ്മില്‍ ബന്ധിപ്പിക്കുന്നത്. 'എല്‍.ഐ.ടി.' എന്ന ആപ്പ് വഴി ഓണ്‍ലൈന്‍ ആയി ചെറുകിട കച്ചവടക്കാര്‍ക്ക് കടയിലേക്ക് ആവശ്യമായ സാധനങ്ങളുടെ ഓര്‍ഡറുകള്‍ നല്‍കാം. ഇതനുസരിച്ച് മൊത്തവ്യാപാരികളില്‍നിന്ന് സാധനങ്ങള്‍ ശേഖരിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കുന്നു.
* തുടക്കത്തില്‍ അഞ്ച് കൂട്ടുകാര്‍, ഇപ്പോള്‍ കൂടെ നാല്പതോളം ചെറുപ്പക്കാരും
എല്‍.ഐ.ടി. ടെക്നോളജീസിന്റെ മാസ്റ്റര്‍മൈന്‍ഡായ ഷാഹീന്‍, കോളേജിലും സ്‌കൂളിലും പഠിച്ച സുഹൃത്തുക്കളായ കിരണ്‍, അഷ്മിന്‍, ജെഫിന്‍, അഫ്സല്‍ എന്നിവരോട് 'ഓണ്‍ലൈന്‍ ആയിത്തന്നെ ചെറുതും വലുതുമായ കച്ചവടക്കാരെ ബന്ധിപ്പിച്ചാലോ...' എന്ന ആശയം പങ്കുവെയ്ക്കുകയായിരുന്നു.
'കസ്റ്റമേഴ്സ് എന്നും എപ്പോഴും ഒരുപോലെ ഒരു കടയെ മാത്രം ആശ്രയിക്കില്ല' എന്ന പാഠം ബിസിനസുകാരനായ അച്ഛനില്‍ നിന്നാണ് എന്‍ജിനീയറിങ് ബിരുദധാരിയായ ഷാഹീന്‍ മനസ്സിലാക്കിയത്. എങ്ങനെ ഇത്തരമൊരു പ്രതിസന്ധി തരണംചെയ്യണമെന്ന ചിന്തയിലാണ് 'ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്' നല്‍കുന്ന സാധ്യതയെക്കുറിച്ച് ചിന്തിക്കുന്നത്. പിന്നീട് അതിന്റെ സാധ്യതകള്‍ തേടിയുള്ള അന്വേഷണത്തിന് ശേഷമായിരുന്നു ഷാഹീന്‍ കൂട്ടുകാരെ സമീപിച്ചത്. ഒപ്പം അവരുടെയും ആശയങ്ങള്‍ തേടി.
അഞ്ചുപേരും അഞ്ച് മേഖലയില്‍ പ്രാവീണ്യം നേടിയവരായതുകൊണ്ടുതന്നെ 'മാര്‍ക്കറ്റിങ്', 'ഫിനാന്‍സ്' എന്നിങ്ങനെ ഓരോ മേഖലയും നന്നായി പഠിച്ചു. ഒടുവില്‍ അതിന്റെ ആകെത്തുക പുറത്തുവന്നപ്പോള്‍ ദിവസവും 10 ലക്ഷം രൂപയുടെ വരെ മാര്‍ക്കറ്റിങ് നടത്തുന്ന വലിയൊരു പ്ലാറ്റ്‌ഫോം തുറക്കുകയായിരുന്നു. ഒപ്പം, അഞ്ചുപേരില്‍ തുടങ്ങി ഇന്ന് നാല്പതോളം ചെറുപ്പക്കാരാണ് എല്‍.ഐ.ടി.യുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.
* എന്‍ജിനീയറിങ് പഠിച്ചത് അരിയും എണ്ണയും തൂക്കാനാണോ...?
'എന്‍ജിനീയറിങ് പഠിച്ചത് അരിയും എണ്ണയും തൂക്കാനാണോ...?' എന്നായിരുന്നു ആദ്യം വീട്ടുകാരുടേയും നാട്ടുകാരുടേയും കൂട്ടുകാരുടേയുമെല്ലാം ചോദ്യം. എന്നാല്‍, പിന്നീട് അവരെക്കൊണ്ടുതന്നെ തിരുത്തി പറയിപ്പിക്കാന്‍ എല്‍.ഐ.ടി. സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകനായ ഷാഹീന് കഴിഞ്ഞു. പ്രവര്‍ത്തനം തുടങ്ങിയ സമയത്ത് അരിയും എണ്ണയും എല്ലാം തനിയെ എടുക്കേണ്ടിവന്നിട്ടുണ്ട്. അപ്പോഴെല്ലാം എന്‍ജിനീയറിങ്ങും എം.ബി.എ. യുമൊക്കെ പഠിച്ച ഞങ്ങള്‍ക്ക് 'വട്ടാണോ' എന്നായിരുന്നു എല്ലാവരും ചോദിച്ചത്. 'ആദ്യമൊക്കെ പുതിയ സംരംഭത്തെക്കുറിച്ച് വീട്ടുകാരെല്ലാം നിരാശരായിരുന്നെങ്കിലും സംരംഭം വിജയമാണെന്ന് കണ്ടപ്പോള്‍ അവരെല്ലാം ഹാപ്പിയായി.'
'മാനേജ്‌മെന്റ് ക്ലാസുകളില്‍ മാത്രമായിരുന്നു ഇ-കൊമേഴ്‌സിനെപ്പറ്റി കേട്ടിരുന്നത്. പിന്നീടൊരിക്കലും കൂട്ടുകാരായ ഞങ്ങള്‍ക്കിടയില്‍ ഒരിക്കല്‍പ്പോലും ഇതിനെപ്പറ്റി സംസാരിച്ചിരുന്നില്ല. പിന്നീട് ഷാഹീന്‍ ഇങ്ങനെയൊരു ആശയം പങ്കുവെച്ചപ്പോഴാണ് ഇതിന്റെ സാധ്യതകളെപ്പറ്റി മനസ്സിലാക്കിയത്. ഷാഹീന്റെ ആത്മവിശ്വാസത്തിലാണ് ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് എല്‍.ഐ.ടി.യിലേക്ക് എത്തിയത്.' -അശ്വിന്‍ പറയുന്നു
* തലസ്ഥാനത്തെ ചെറിയ ആമസോണ്‍
'ഇ-കൊമേഴ്‌സ് രംഗം രാജ്യമെമ്പാടും ശക്തിപ്രാപിച്ചതാണ് ചെറുകിട കച്ചവടക്കാരേയും മൊത്തവ്യാപാരികളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ശൃംഖലയായി പ്രവര്‍ത്തിക്കാമെന്ന ആശയത്തിന് കൂടുതല്‍ ദൃഢത നല്‍കിയത്. ഒരുവര്‍ഷം മുന്‍പാണ് എല്‍.ഐ.ടി.യുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ദിവസവും 250 വരെ ഓര്‍ഡറുകള്‍ ലഭിക്കും. 2300 രജിസ്റ്റേര്‍ഡ് ഉപയോക്താക്കളാണ് എല്‍.ഐ.ടി.ക്ക് ഇപ്പോഴുള്ളത്. പഞ്ചസാരയോ മുളകോ... അങ്ങനെയങ്ങനെ സാധനം എന്തുമാകട്ടെ ആവശ്യം എത്രയായാലും അതനുസരിച്ച് കൃത്യമായി എത്തിച്ചുകൊടുക്കും. അതോടൊപ്പം, സാധനങ്ങള്‍ കുറഞ്ഞവിലയില്‍ ലഭിക്കുന്നതോടെ ചെറുകിട കച്ചവടക്കാര്‍ക്ക് കൂടുതല്‍ ലാഭം നേടാന്‍ കഴിയും' -ഷാഹീന്‍ പറയുന്നു.
ചെറുകിട കച്ചവടക്കാര്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി കണ്ടെത്തേണ്ട സമയവും അതിനായുണ്ടാകുന്ന മറ്റു ചെലവുകളും ലാഭിക്കാമെന്നതാണ് ഇവര്‍ തങ്ങളുടെ ആപ്പിലൂടെ മുന്നോട്ടുവെയ്ക്കുന്ന പ്രയോജനം.
പ്രവര്‍ത്തനം ഇങ്ങനെ...
എല്‍.ഐ.ടി. ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിനുശേഷം കച്ചവടക്കാരുടെ ആവശ്യത്തിനനുസരിച്ചുള്ള സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. ഓര്‍ഡര്‍ ലഭിച്ചാല്‍ എല്‍.ഐ.ടി. ജീവനക്കാര്‍ മൊത്തവ്യാപാരികളുമായി ബന്ധപ്പെട്ട് ഓര്‍ഡര്‍ ലഭിച്ച സാധനങ്ങള്‍ ശേഖരിക്കുന്നു. തുടര്‍ന്ന് ഇത് കച്ചവടക്കാരിലേക്ക് ടീം എത്തിക്കുന്നു. ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം മാത്രം കച്ചവടക്കാര്‍ പണം നല്‍കിയാല്‍ മതി.
നിലവില്‍ തിരുവനന്തപുരം ജില്ലയിലെ ഹൃദയഭാഗമായ പോത്തന്‍കോട് മുതല്‍ നെയ്യാറ്റിന്‍കര വരെയുള്ള പ്രദേശത്താണ് എല്‍.ഐ.ടി.യുടെ പ്രവര്‍ത്തന മേഖല.
* സമയവും പണവും ലാഭം
ചെറുകിട കച്ചവടക്കാര്‍ക്ക് ആവശ്യമുള്ള ഉത്പന്നങ്ങള്‍ അതിന്റെ വിലനോക്കി ഓര്‍ഡര്‍ ചെയ്യാം. 24 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ ആവശ്യപ്പെട്ട സാധനം കടകളിലേക്ക് എത്തും. ഇതോടെ കട പൂട്ടി സാധനം വാങ്ങാന്‍ പോകുന്നതിന് സമയം കണ്ടെത്തേണ്ട ആവശ്യമില്ല. സപ്ലൈ ടീമിനൊപ്പം സാധനങ്ങള്‍ ഇറക്കിനല്‍കാനും ആളുണ്ടാകും. ഇതോടെ, സാധനങ്ങള്‍ ഇറക്കിവെയ്ക്കുന്ന ബുദ്ധിമുട്ടില്‍നിന്ന് കച്ചവടക്കാര്‍ക്ക് രക്ഷനേടാം.
ഷാഹീനും കൂട്ടുകാരും അടങ്ങുന്ന സംഘം തന്നെയാണ് പ്രവര്‍ത്തനങ്ങളെ മുഴുവന്‍ ക്രോഡീകരിക്കുന്നത്. എം.ബി.എ., എന്‍ജിനീയറിങ് ബിരുദധാരികളായ ഇവര്‍ ഓരോ സെക്ഷന്റേയും ചുമതലകള്‍ വഹിക്കുന്നു.
പ്രൊഡക്ഷന്‍ ഹെഡ് -അശ്വിന്‍, ഫിനാന്‍സ് -മുഹമ്മദ് അഫ്‌സല്‍, ഓപ്പറേഷന്‍സ് ഹെഡ് -ജെസിന്‍ എം. നസീം, ലോജിസ്റ്റിക് ഹെഡ് -കിരണ്‍ സുരേഷ് -ഡിസൈന്‍ ഹെഡ് -രാഹുല്‍ ആന്റണി എന്നിങ്ങനെയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ബിസിനസ് ടീം, ആപ്ലിക്കേഷന്‍ ടീം, സപ്ലൈ ടീം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞാണ് പ്രവര്‍ത്തനം.
കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനുള്ള തിരക്കിലാണ് ഇപ്പോള്‍ ടീം. അതോടൊപ്പം, കര്‍ഷകരില്‍നിന്ന് നേരിട്ട് ഉത്പന്നങ്ങള്‍ ശേഖരിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലുമാണ് ഇവര്‍.
Content Highlights: LIT, startup