ജെയിബി ജോസഫ്
സോഷ്യല്‍ മീഡിയ പൊതുസമൂഹത്തെ ഭരിക്കുന്ന കാലഘട്ടമാണ്. യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ മാധ്യമങ്ങള്‍ ഒട്ടേറെയാളുകള്‍ക്ക് സാമ്പത്തിക നേട്ടത്തിലേക്കുള്ള വഴിയാണ് തുറന്ന് നല്‍കിയത്. ആളുകളുടെ കുത്തൊഴിക്കിനോടൊപ്പം മത്സരവീര്യവും വര്‍ധിച്ചു. അതിന്റെ പരിണിതഫലവും ഇന്ന് ഒരു വശത്ത് കാണാന്‍ സാധിക്കും. വരുമാന മാര്‍ഗ്ഗം കുത്തനെ ഉയര്‍ത്താന്‍ കാഴ്ചക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സ്വന്തം കുഞ്ഞുങ്ങളെ വരെ പ്രാങ്ക് ചെയ്ത് അവരെ വലിയ ട്രോമയില്‍ കൊണ്ടുപോകുന്ന മാതാപിതാക്കളെ യൂട്യൂബില്‍ കാണാന്‍ സാധിക്കും.
സമൂഹത്തിലെ വിഷലിപ്തമായ പിന്തിരിപ്പന്‍ ചിന്താഗതികളെ ഒരു സങ്കോചവുമില്ലാതെ മഹത്വവല്‍ക്കരിക്കുന്ന അമ്മമാരെ, അച്ഛന്‍മാരെ, സഹോദരന്‍മാരെയും കാണാന്‍ സാധിക്കും. താന്‍ അനുഭവിക്കുന്നത് അടിമത്തമല്ല കരുതലാണ് എന്ന മിഥ്യാബോധത്തില്‍ ജീവിക്കുന്ന പെണ്‍കുട്ടികളെയും അവിടെ കാണാം. പൊതുസമൂഹത്തിലെ ഒരു വിഭാഗം നല്‍കുന്ന കയ്യടിയാണ് അവരെ വീണ്ടും ഇത് തന്നെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.
മാസ് സിനിമകളുടെ ബിജിഎമ്മുമായി സ്‌റ്റൈലില്‍ വന്ന് യാതൊരു സങ്കോചവുമില്ലാതെ മനുഷ്യവിരുദ്ധത പറയുന്ന 'അണ്ണന്‍'മാരെ പിന്തുടരുന്ന ഒരു പറ്റം കൗമരപ്രായക്കാരുണ്ട്. അത്തരം സ്വയം പ്രഖ്യാപിത സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ സമൂഹത്തില്‍ അവര്‍ സൃഷ്ടിക്കുന്ന പ്രത്യഘാതങ്ങളെക്കുറിച്ച് ബോധവന്‍മാരല്ല. ഈ പ്രവണതകളെ വിമര്‍ശിക്കേണ്ടതല്ലേ...? വിമര്‍ശിക്കപ്പെടുക തന്നെ വേണം. ആ ദൗത്യം ഏറ്റെടുത്ത് നന്നായി മുന്നോട്ടുകൊണ്ടുപോകുന്ന യൂട്യൂബര്‍മാര്‍ എണ്ണത്തില്‍ കുറവാണെങ്കിലും അവരെ സമൂഹം അറിയേണ്ടത് അത്യാവശ്യമാണ്.
അധ്യാപകനും മാധ്യമ പ്രവര്‍ത്തകനുമായ ജെയിബി ജോസഫ് തന്റെ മാധ്യമത്തിലൂടെ പോരാടുന്നത് ഇത്തരം പിന്തിരിപ്പന്‍ ചിന്താഗതി പുലര്‍ത്തുന്നവരോടാണ് സൈബര്‍ അധിക്ഷേപങ്ങളും ഭീഷണികളും ഏറെയുണ്ടെങ്കിലും തന്റെ ജോലി തുടരുമെന്ന് ജെയിബി ജോസഫ് വ്യക്തമാക്കുകയാണ്.
യൂട്യൂബ് ചാനലിലെത്തിയ വഴി
ഇംഗ്ലീഷ് ലിറ്റ്‌റേച്ചര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ആയിരുന്നു ബിരുദത്തിന്. പിന്നീട് തേവര കോളേജില്‍നിന്ന് മള്‍ട്ടി മീഡിയ കമ്മ്യൂണിക്കേഷന്‍ പോസ്റ്റ് ഗ്രാഡ്യൂവേഷന്‍ ചെയ്തിറങ്ങുമ്പോള്‍ അതിജീവനമായിരുന്നു പ്രധാന പ്രശ്‌നം. ഒരു ആത്മീയ ചാനലില്‍ കുറച്ചുനാള്‍ ജോലി ചെയ്‌തെങ്കിലും അതും അധികകാലം നീണ്ടുനിന്നില്ല. എന്റെ ആശയങ്ങളുമായി പൊരുത്തപ്പെട്ടുപോകുന്ന ഒരു അന്തരീക്ഷമായിരുന്നില്ല അവിടുത്തേത്. പിന്നീട് ഇന്ത്യയില്‍ പലയിടത്തായി യാത്ര ചെയ്ത് കുറച്ച് ഡോക്യുമെന്ററി പരിപാടികളുമായി നടന്നു.
ഡോക്യുമെന്ററിക്കു ഭാഗമാവാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ പ്രശ്നം, മനുഷ്യരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും പകര്‍ത്തിയെടുക്കാന്‍ ചെല്ലുമ്പോള്‍, അവര്‍ നമ്മളില്‍നിന്ന് പ്രതീക്ഷിക്കുന്നത് ഒരു പ്രതിവിധിയാണ്. അത് നല്‍കുന്നതില്‍ പരാജയപ്പെടുന്നു എന്ന് തോന്നിയപോള്‍ ആ മേഖലയിലും ഉറച്ചു നില്‍ക്കാന്‍ തോന്നിയില്ല. പിന്നെ കുറച്ച് കാലം പരസ്യരംഗത്ത് ജോലി ചെയ്തു. അതിന് ശേഷം ദുബായിലേക്ക് പോയി. അവിടെ മികച്ച ഒരു മുള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി സ്ഥിരപ്പെട്ട സമയത്താണ്, അമ്മയുടെ അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട് നാട്ടില്‍ വരുന്നതും ജോലി നഷ്ടമാവുന്നതും.
പിന്നീടുള്ള കാലം കരിയറില്‍ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ശ്രമമായിരുന്നു. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ മാധ്യമ വിഭാഗത്തില്‍ ജോലി ചെയുന്നതിന്റെ ഒപ്പം തന്നെ, ബാല്യകാല സുഹൃത്തും സന്തത സാഹചരിയുമായ പ്രശസ്ത ഡിസൈനര്‍ രാഹുലിനും ആര്‍ട്ടിസ്റ്റും അധ്യാപകനുമായ പ്രസാദിനുമൊപ്പം രൂപം കൊടുത്ത ബ്രാന്‍ഡിംഗ് ആന്‍ഡ് പി.ആര്‍ കമ്പനി 2019 തൊട്ട് ഈ മേഖലയിലെ മികച്ച സന്നിധ്യമാണ്. അതിനുശേഷം കോവിഡില്‍ ഒറ്റപ്പെട്ടു വീട്ടിലായപ്പോള്‍ ഉണ്ടായ ചിന്തയാണ് എല്ലാവരുമായി സംസാരിക്കാന്‍, എല്ലാവര്‍ക്കുമായി സംസാരിക്ക്ന്‍ ഒരു യുട്യൂബ് ചാനല്‍ തുടങ്ങുക എന്ന ആശയം. ഇപ്പോള്‍ ഒരു വര്ഷമാവുമ്പോള്‍ ഏകദേശം 70,000-ത്തോളം കാഴ്ചക്കാരുമായി ജെ.ബി.ഐ. ടി.വി. വളരുകയാണ്
സ്ത്രീപക്ഷവാദിയാക്കിയത് സ്വന്തം ജീവിതസാഹചര്യം
വളരെ അണ്ടര്‍ പ്രിവില്ലേജ്ഡായ ഒരു കുടുംബത്തില്‍ ജനിച്ച ഒരാളാണ് ഞാന്‍. ജാതീയമായ, നിറത്തിന്റേതായ വേര്‍തിരിവുകള്‍ കണ്ടിട്ടുണ്ടെങ്കിലും, എനിക്കനുഭവിക്കേണ്ടി വന്നത് മോശം കുടുംബ സാഹചര്യത്തില്‍നിന്നു വരുന്നു എന്ന മാറ്റിനിര്‍ത്തലുകളായിരുന്നു. സാമ്പത്തികമായി പിന്നോക്കമായിരുന്നു. പല വിധ ജോലികള്‍ ചെയ്തായിരുന്നു പഠനകാലം പൂര്‍ത്തിയാക്കിയത്. ബിരുദപഠനം വരെ പുറംലോകവുമായി കാര്യമായ ബന്ധമില്ലാതെയായിരുന്നു ജീവിതം.
എന്തു ചെയ്യണമെന്നറിയില്ല. നമുക്ക് എന്ത് കഴിവുകളാണ് ഉള്ളതെന്ന് അറിയില്ല. അങ്ങനെ അതിസങ്കീര്‍ണമായ മാനസികാവസ്ഥയിലൂടെയായിരുന്നു പോയത്. അതിന് പ്രധാനകാരണം, എന്റെ അച്ഛന്റേത് വളരെ ടോക്സിക്കായ സ്വഭാവമായിരുന്നു. അത് രോഗിയായ അമ്മയ്ക്കുണ്ടാക്കുന്ന മാനസികമായും ശാരീരികമായുമുള്ള ബുദ്ധിമുട്ടുകള്‍ അതിഭീകരമായിരുന്നു. പെങ്ങളും ഞാനും അമ്മയുടെ അവസ്ഥയെക്കുറിച്ചു മനസിലാക്കാന്‍ വൈകിയതിലുള്ള പ്രായശ്ചിത്തം കൂടിയായിരുന്നു ആ അവസ്ഥയില്‍ ഒരു വിവാഹമോചനം.
ആ തീരുമാനം വൈകിയതിന്റെ കാരണം വിവാഹമോചിതരായ മാതാപിതാക്കളുള്ള കുടുംബത്തെ സമൂഹം മോശമായ രീതിയിലാണ് എല്ലായ്പ്പോഴും ചിത്രീകരിക്കാറുള്ളത്. ഞാനും ആ പൊതുബോധത്തിനൊപ്പം തുഴഞ്ഞിരുന്ന കാലമായിരുന്നു. അപ്പോഴേക്കും എന്റെ ലോകം പതിയെ പതിയെ വിശാലമായികൊണ്ടിരിക്കുകയായിരുന്നു. യാത്രകളും ജീവിതാനുഭവങ്ങളും നല്‍കിയ അനുഭവങ്ങളില്‍ നിന്ന് കുറച്ച്കൂടി നല്ല കാഴ്ചപ്പാടുകള്‍ ഉടലെടുത്തു.
അച്ഛനില്‍നിന്ന് അമ്മയെ വേര്‍പെടുത്തിയതിന് ശേഷം സമാധാനത്തോടെയാണ് ഞാന്‍ ദുബായില്‍ ജോലി ചെയ്യാന്‍ പോയത്. ഈ അവസരങ്ങളിലെല്ലാം അനിയത്തി ജൈനി അമ്മ നടത്തിയിരുന്ന കന്നുകാലി ഫാം പഠനത്തിനൊപ്പം കൊണ്ടുപോയി, ശക്തമായി കൂടെ നില്‍പ്പുണ്ടായിരുന്നു. ഈ ജീവിതപാഠങ്ങളാണ് എന്നെ ഒരു ഫെമിനിസ്റ്റ് ആക്കിയത്. അച്ഛന്‍ അമ്മയോട് പുലര്‍ത്തിയ സമീപനം, അമ്മ അനുഭവിച്ച ദുരിതങ്ങള്‍, അനിയത്തിയുടെ അതിജീവനം ഇതെല്ലാം എന്നെ സ്ത്രീപക്ഷത്തു നിന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.
സാമ്പത്തികമായ പിന്നോക്കാവസ്ഥ അനുഭവക്കുമ്പോള്‍ ഒരു പാട് അരക്ഷിതാവസ്ഥകള്‍ ഉണ്ടായിരിക്കും. നമുക്കും മറ്റുള്ളവരെപ്പോലെ വളരണം, അവരെപ്പോലെയാകണം എന്ന തോന്നല്‍ ഉണ്ടായി. അതുകൊണ്ടു തന്നെയാണ് ദുബായിലേക്ക് പോയത്. ഒറ്റയ്ക്കുള്ള ജീവിതം കുറച്ച് കൂടി ആത്മവിശ്വാസം നല്‍കി. അതിന് ശേഷമാണ് നമുക്ക് മറ്റൊരാളെപ്പോലെ ആകേണ്ട ആവശ്യമില്ല എന്ന് മനസ്സിലായത്.
വിമര്‍ശിക്കുന്നത് അവസാനിപ്പിക്കാം, യൂട്യൂബ് ചാനല്‍ അടച്ചുപൂട്ടാം, പക്ഷേ.....
ഒരു പാട് പ്രശ്നങ്ങള്‍ നിറഞ്ഞ സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അത് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഫലിക്കുന്നത്. അതിനെയെല്ലാം വിലയിരുത്തുക, വിമര്‍ശിക്കേണ്ടതാണെങ്കില്‍ വിമര്‍ശിക്കുക. അത് തന്നെയാണ് ചാനലിന്റെ ലക്ഷ്യം. കുട്ടികള്‍ക്കെതിരേയുള്ള, സ്ത്രീകള്‍ക്കെതിരേയുള്ള പുരുഷന്‍മാര്‍ക്കെതിരേയുള്ള ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യപക്ഷത്ത് നിന്ന് സംസാരിക്കുക എന്നത് മാത്രമാണ് ഉദ്ദേശിക്കുന്നത്.
ഇതുവരെയുള്ള ഈ ലോകത്തിന്റെ സാഹചര്യത്തില്‍ സ്ത്രീപക്ഷത്തുനിന്നു തന്നെയാണ് സംസാരിക്കേണ്ടതെന്നാണ് എന്റെ വിശ്വാസം. ടോക്സിക്കായ കാര്യങ്ങള്‍ ചോദ്യം ചെയ്യുക തന്നെ വേണം. ഫാമിലി വ്ലോഗുകള്‍, തെറ്റായ ഉപദേശങ്ങള്‍, ചില അടിച്ചേല്‍പിക്കലുകള്‍... ഇന്‍സ്റ്റാഗ്രാം പോലുള്ള മാധ്യമങ്ങളിലെല്ലാം ഒരുപാട് ടോക്സിക് കണ്ടന്റുകളുണ്ട്. അവയ്ക്ക് ധാരാളം കാഴ്ചക്കാരുമുണ്ട്. അതിനെയെല്ലാം കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന ഒരു വലിയ ഭൂരിപക്ഷവുമുണ്ട്. എതിരെ സംസാരിക്കാന്‍ കുറച്ചാളുകളെങ്കിലും വേണം. എന്നാല്‍ ഇന്ന് എതിര്‍ശബ്ദങ്ങള്‍ നൂനപക്ഷമല്ല. അതിനിയും വളരണം. മോശം പ്രവണതകളോട് സമൂഹം മുഴുവന്‍ മുഖം തിരിഞ്ഞു നിന്നാല്‍ എന്നെപ്പോലുള്ള വിമര്‍ശകര്‍ക്ക് പിന്നെ വേഷമില്ലല്ലോ. അങ്ങനെ ഒരു സാഹചര്യമെത്തിയാല്‍ യൂട്യൂബ് വീഡിയോ ചെയ്യുന്നത് നിര്‍ത്താം.
'പാവാട' എന്ന വിളിച്ചോളൂ, യാതൊരു പ്രശ്നവുമില്ല
വിമര്‍ശനങ്ങള്‍ ഒരു പാടുണ്ട്. സ്ത്രീകളെ പിന്തുണച്ചു സംസാരിച്ചാല്‍, അവരെ അടിച്ചമര്‍ത്തുന്ന പ്രവണതകളെ ചൂണ്ടിക്കാട്ടിയാല്‍ ലഭിക്കുന്ന ഓമനപ്പേരുകള്‍ 'പാവാട' എന്നൊക്കെയാണ്. അതിനെ ഗൗരവകരമായി എടുക്കാറില്ല. ഫെമിനിസത്തിന്റെ അര്‍ഥം അറിയാത്തവരാണ് അവര്‍. സ്ത്രീകള്‍ക്ക് പുരുഷന് മേലെ അധികം നല്‍കുന്ന എന്തോ ഒന്നാണെന്നാണ് അവരുടെ ധാരണ.
ഈ സമൂഹത്തില്‍ പുരുഷനാവുക എന്നത് ഒരു വലിയ പ്രിവില്ലേജാണ്. പുരുഷത്വം ഒന്നുകൊണ്ടു മാത്രം കുറേയാളുകളെ ചൂഷണം ചെയ്ത് അതിജീവനം സാധ്യമാക്കുന്ന ആളുകള്‍ ധാരാളമുള്ള സമൂഹമാണിത്. അതെല്ലാം അനുഭവിച്ചിട്ടും ഫെമിനിസം എന്ന ആശയത്തോട് വിരക്തിയാണ്. സ്ത്രീകള്‍ക്കും തങ്ങള്‍ക്കുള്ളത് പോലെ തന്നെയുള്ള അവകാശങ്ങള്‍ ലഭിച്ചാല്‍ എന്തെങ്കിലും സംഭവിച്ചുപോകുമോ എന്ന ഭയത്തില്‍ നിന്ന് വരുന്ന നിലവിളികളാണ്.
ഇവരോടെല്ലാം പറയാനുള്ളത് ഒരേയൊരു കാര്യമാണ്. സ്ത്രീകള്‍ക്ക് നിങ്ങളുടേതുപോലുള്ള ഭരണഘടന ഉറപ്പുവരുന്ന എല്ലാ അവകാശങ്ങളും പ്രായോഗികമായി നേടിയെടുക്കാന്‍ കഴിഞ്ഞാല്‍ ആര്‍ക്കും ആരെയും ഭരിക്കാന്‍ സാധിക്കില്ല. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള നിയമങ്ങള്‍ ചിലര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ആക്ഷേപം ഉയരാറുണ്ട്. അത് ശരിയാണ്. ചിലര്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. എന്നാല്‍, ഈ നിയമങ്ങള്‍ ഉണ്ടാക്കാനുള്ള സാഹചര്യം എന്തായിരുന്നു? പുരുഷകേന്ദ്രീകൃതമായ വ്യവസ്ഥിതിയില്‍ സ്ത്രീകളുടെ ജീവിതം ദുഷ്‌കരമായ സാഹചര്യത്തില്‍ ഉണ്ടാക്കപ്പെട്ടതാണ്. തുല്യത കൈവന്നാല്‍ ആര്‍ക്കും പ്രത്യേക നിയമങ്ങള്‍ ഉണ്ടാകില്ല. ആരും നിയമങ്ങള്‍ ദുരുപയോഗം ചെയ്യുകയുമില്ല. സമത്വസുന്ദര ഭൂമിയില്‍ ഫെമിനിസത്തിന് പ്രസക്തിയില്ലല്ലോ.
പേരന്റിങ്ങും മഹത്വവല്‍ക്കരണവും
പേരന്റിങ് എല്ലായ്പ്പോഴും മഹത്വവല്‍ക്കരിക്കപ്പെട്ട ഒന്നാണ്. എല്ലാ മാതാപിതാക്കളും കുട്ടികളെ സ്നേഹിക്കുന്നവരും അവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരും അവര്‍ക്ക് യാതൊരു തെറ്റും പറ്റില്ലെന്നുമൊക്കെയുള്ള ധാരണകളാണ് പൊതുസമൂഹത്തിന്. കുട്ടികളെ അമിതമായി ശാസിക്കുന്ന, പട്ടാളചിട്ടയില്‍ വളര്‍ത്തുന്ന, തല്ലുന്ന, തങ്ങളുടെ ആഗ്രഹങ്ങള്‍ മക്കളില്‍ അടിച്ചേല്‍പ്പിക്കുന്ന മാതാപിതാക്കളെ ഇന്നും മഹത്വവല്‍ക്കരിക്കിച്ച് കാണാറുണ്ട്.
ഒരു സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ അവരുടെ ഇഷ്ടത്തിന് ഒരു ജീവിതപങ്കാളിയെ തിരഞ്ഞെടുത്താന്‍ ഉപദ്രവിച്ച് പിറകെ കൂടുന്ന മാതാപിതാക്കളെ വരെ ന്യായീകരിക്കാന്‍ നമ്മുടെ സമൂഹത്തിന് കഴിയും. അതിന് ഇത്രയും കാലം കുട്ടികള്‍ക്ക് വേണ്ടി ചെലവാക്കിയതിന്റെ കണക്കുപുസത്കം മുന്നില്‍ നിരത്തും. നമുക്ക് ഒരു പരിചയവും ഇല്ലാത്ത കുടുംബത്തിന്റെ കഥകള്‍ പത്രമാധ്യമങ്ങളില്‍ വരുമ്പോള്‍ അവരെ വിലയിരുത്തുന്ന തരത്തില്‍ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിവിടും.
സ്വന്തം ഇഷ്ടത്തിന് ഒരാള്‍ക്കൊപ്പം ഇറങ്ങിപ്പോയ ഒരു കുട്ടിയ്ക്ക് ജീവിതത്തില്‍ പിഴവ് സംഭവിച്ചാല്‍ 'നീ നിന്റെ ഇഷ്ടത്തിന് പോയതല്ലേ അനുഭവിച്ചോളൂ' എന്ന് പറയും, അതേസമയത്ത് കേരളത്തില്‍ മാതാപിതാക്കള്‍ മുന്‍കൈ എടുത്ത് നടത്തിയ വിവാഹമാണെങ്കില്‍ 'അയ്യോ ആ കുട്ടിയുടെ വിധി ഇങ്ങനെ ആയിപ്പോയല്ലോ' എന്ന് വിലപിക്കും. ഒരു നല്ല പാരന്റ് ആകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വിവാഹം കഴിഞ്ഞ് കുട്ടിയായാല്‍ എല്ലാവരും നല്ല മാതാപിതാക്കളായിക്കോളും എന്ന് ധാരണയിലാണ് സമൂഹം ജീവിക്കുന്നത്. എല്ലാവരും അതിന് ഫിറ്റല്ല (ശാരീരികമായ പ്രശ്നങ്ങള്‍ കാരണം മാതാപിതാക്കളാകാന്‍ പറ്റാത്തരെക്കുറിച്ചല്ല ഈ പരാമര്‍ശമെന്നത് പ്രത്യേകം പറയട്ടെ), അതുകൊണ്ടു തന്നെ ഈ മഹത്വവല്‍ക്കരണങ്ങളില്‍ വലിയ കാര്യമില്ല.
പ്രതികരണങ്ങളില്‍ സന്തോഷം
യൂട്യൂബ് ചാനല്‍ തുടങ്ങിയതിന് ശേഷം ഒരുപാടാളുകള്‍ എന്നെ വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്യാറുണ്ട്. പലരും ഞെട്ടിക്കുന്ന അനുഭവങ്ങളാണ് പറയാറുള്ളത്. ടോക്സിക്കായ ബന്ധങ്ങളില്‍ ജീവിക്കുന്നവരും അതിന്റെ ചങ്ങലകള്‍ പൊട്ടിച്ച് ഇറങ്ങിയവരുമെല്ലാം അനുഭവങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഞാന്‍ പങ്കുവയ്ക്കുന്ന ആശയങ്ങള്‍ നൂനപക്ഷമാണെങ്കിലും വളരെ ചുരുക്കം പേര്‍ക്ക് പ്രചോദനമാകുന്നുവെന്നത് സന്തോഷം തരുന്ന ഒന്നാണ്. എന്റെ ആശയങ്ങള്‍ സഹോദരി ജൈനിയും ആത്മാര്‍ത്ഥ സുഹൃത്തിനുമൊപ്പം പങ്കുവെയ്ച്ചതിന് ശേഷം, അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തും. അവര്‍ നിര്‍ദ്ദേശിക്കുന്ന മാറ്റങ്ങള്‍ വിലപ്പെട്ടതാണ്. അമ്മ മോളിയും പിന്തുണ നല്‍കി ഒപ്പമുണ്ട്.
Content Highlights: JBI tv, Jaiby Joseph youtube social media Influencer talks about feminism, misogyny, toxicity on social media, Family Vlog