ഒരു സാധാരണ അധ്യാപകന് തന്റെ കുട്ടികള്‍കള്‍ക്ക് പാഠഭാഗങ്ങള്‍ പകര്‍ന്നു നല്‍കുവാന്‍ സാധിക്കും. അതിനപ്പുറം അവര്‍ക്കായി കൂടുതല്‍ സമയം ചിലവഴിക്കാന്‍ പറ്റും. അവരെ നേര്‍വഴിക്ക് നടത്തുവാനുള്ള ഉപദേശങ്ങള്‍ നല്‍കാന്‍ കഴിയും. എന്നാല്‍ ഇവരില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തനാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള ദ്രുപജ്യോതി സെന്‍ എന്ന അധ്യാപകന്‍. ഹൗറയിലെ ഒരു സാധാരണ സര്‍ക്കാര്‍ സ്‌കൂളില്‍ ഗണിതശാസ്ത്ര അധ്യാപകനായ സെന്‍ അധ്യാപനം എന്ന തന്റെ കടമ നിര്‍വഹിക്കുന്നതിന് പുറമേ പഠനത്തില്‍ മുമ്പരും തുടര്‍ പഠനത്തിന് അവസരം നിഷേധിക്കപ്പെട്ടവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് സഹായമൊരുക്കി വ്യത്യസ്തനാകുകയാണ്.
പഠനത്തില്‍ മുന്നിലാണെങ്കിലും സാമ്പത്തികമായ കാരണങ്ങളാല്‍ പഠനം നിര്‍ത്തുന്ന വിദ്യാര്‍ഥികള്‍ ഏറെയുണ്ട് ബംഗാളില്‍. ഇവരില്‍ ശാസ്ത്ര വിഷയങ്ങളിള്‍ ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടുവര്‍ഷത്തേക്കുള്ള പുസ്തകങ്ങള്‍, പ്രൈവറ്റ് ടൂഷന്‍, സ്‌കൂള്‍ ഫീസ് എന്നിവ ദ്രുപജ്യോതി സെന്‍ നല്‍കുന്നു. തന്റെ ശമ്പളത്തില്‍ നിന്നാണ് ഇതിനുള്ള തുക അദ്ദേഹം കണ്ടെത്തുന്നത്. അതിനൊപ്പം ഐ.ഐ.ടി. അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും സെന്‍ നല്‍കുന്നു. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത, ഹൗറ, ഹൂബ്ലി എന്നീ ജില്ലകളില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കാണ് സെന്‍ സഹായം നല്‍കുന്നത്.
"സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കാന്‍ എത്തുന്നവരില്‍ അധികവും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ഇവര്‍ ബോര്‍ഡ് എക്‌സാം പാസാകുന്നത് വരെ കാര്യങ്ങള്‍ കുഷപ്പമില്ലാതെ നടക്കുമെങ്കിലും അതിന് ശേഷം കഥമാറും. നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥ അനുസരിച്ച് വര്‍ഷാവര്‍ഷം സിലബസ് മാറും അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഴയ പുസ്തകങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വരും. ഒരു വിദ്യാര്‍ത്ഥിക്ക് കണക്കിന്റെ ഒരു പുസ്തകം വാങ്ങണമെങ്കില്‍ 450 മുതല്‍ 500 രൂപവരെ ചിലവാകും. മറ്റ് സയന്‍സ് വിഷയങ്ങളുടെ പുസ്തകങ്ങള്‍ക്കും 600ഉം 700ഉം രൂപ നല്‍കണം. അതിന് പുറമേ അഡ്മിഷന്‍ ഫീസുകളും പ്രൈവറ്റ് ടൂഷന്‍ ഫീസും നല്‍കണം. മാസത്തില്‍ മൂവായിരവും നാലായിരവും മാത്രം സമ്പാദിക്കുന്ന മാതാപിതാക്കള്‍ക്ക് പലപ്പോഴും അത് താങ്ങാന്‍ സാധിക്കാറില്ല. അതോടെ വിദ്യാര്‍ത്ഥികളുടെ പഠനം നിലയ്ക്കുന്നു"- ദ്രുപജ്യോതി സെന്‍ പറഞ്ഞു.
എന്നാല്‍ എന്ത് കൊണ്ട് ശാസ്ത്ര വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ മാത്രം സഹായിക്കുന്നു എന്ന ചോദ്യത്തിനും സെന്നിന് ഉത്തരമുണ്ട്. ദിവസത്തില്‍ 100 തവണ താന്‍ ഈ ചോദ്യം കേള്‍ക്കുന്നതാണെന്ന മുഖവുരയോടെ സെന്‍ മറുപടി പറയും. "ഒരു ഗണിതശാസ്ത്ര അധ്യാപകന്‍ എന്ന നിലയില്‍ മറ്റ് വിഷയങ്ങളില്‍ എനിക്കുള്ള അറിവ് പരിമിതമാണ്. അതിനാല്‍ സയന്‍സ് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തു". എങ്കിലും വരും വര്‍ഷങ്ങളില്‍ ആട്‌സ് കോമേഴ്‌സ് വിദ്യാര്‍ത്ഥികളെയും സഹായിക്കാന്‍ സെന്‍ പദ്ധതിയിടുന്നുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുന്നു എന്ന് അറിയിച്ചുകൊണ്ടുള്ള സെന്നിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന് മികച്ച പ്രതികരണമാണ് നിലവില്‍ ലഭിച്ചിരിക്കുന്നത്. സെന്‍ പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്ന വിവരങ്ങള്‍ അടക്കമുള്ളവയുമായി നിരവധി വിദ്യാര്‍ത്ഥികളാണ് സെന്നിനെ ബന്ധപ്പെടുന്നത്. തന്റെ ഉദ്യമം വരും വര്‍ഷങ്ങളിലും തുടരുമെന്ന് പറഞ്ഞ ദ്രുപജ്യോതി സെന്‍ മരണം വരെ ഇത് തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും കൂട്ടിച്ചേര്‍ത്തു.