ചിത്രയെപ്പോലെ വലിയ പാട്ടുകാരിയാകണമെന്ന് ആഗ്രഹിക്കുന്ന കൊച്ചു പാട്ടുകാരി- അശ്വതി നായരെന്ന പ്രവാസി മലയാളിക്കുട്ടിയെ നമുക്ക് ഇങ്ങനെ വിശേഷിപ്പിക്കാം. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അശ്വതി.
കുട്ടിക്കാലം മുതലേ പാട്ടിനോട് താല്‍പര്യമുണ്ടായിരുന്ന മകള്‍ അശ്വതിയുടെ കഴിവുകള്‍ മാതാപിതാക്കളായ പ്രശാന്തും ദീപ്തിയും കണ്ടറിഞ്ഞു പ്രോത്സാഹിപ്പിച്ചു. പാട്ടിനൊപ്പം പഠനത്തിലും മിടുക്കിയാണ് ഈ ഒമ്പതു വയസുകാരി.
ഷാര്‍ജയിലെ സ്വകാര്യ കമ്പനികളിലെ ജീവനക്കാരായ പ്രശാന്തിന്റെയും ദീപ്തിയുടെയും മകളാണ് അശ്വതി. 19 വര്‍ഷമായി ഷാര്‍ജയില്‍ സ്ഥിര താമസക്കാരാണ് പ്രശാന്തും കുടുംബവും.
കുട്ടിയായിരിക്കുമ്പോഴേ വീട്ടിലും യാത്രാവേളകളില്‍ കാറിലും മറ്റും ഇടുന്ന പാട്ടുകളുടെ ഈണങ്ങള്‍ അവള്‍ അതുപോലെ പാടാന്‍ ശ്രമിക്കാറുണ്ടായിരുന്നു. ഇളയമകള്‍ അതിഥിക്ക് നൃത്തത്തോടാണ് താല്‍പര്യം- പ്രശാന്ത് നായര്‍ പറയുന്നു.
മക്കളുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ അശ്വതിയേയും അതിഥിയേയും പാട്ടിന്റെയും നൃത്തത്തിന്റെയും ക്ലാസുകളില്‍ ചേര്‍ത്തു.
ഇടയ്ക്ക് നാട്ടിലെത്തിയപ്പോഴും ഇവരുടെ പരിശീലനത്തിനു മുടക്കം വരുത്തിയില്ല. നാട്ടിലെ അദ്ധ്യാപികമാരുടെ പ്രോത്സാഹനവും അശ്വതിയിലെ പാട്ടുകാരിയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമായി. പാട്ടുകള്‍ തിരഞ്ഞെടുക്കുന്നതില്‍ അച്ഛന്‍ സഹായിക്കാറുണ്ടെന്ന് അശ്വതി പറയുന്നു.
സ്റ്റേജ് ഷോകളും മറ്റു പരിപാടികളും വരുമ്പോള്‍ ഇവര്‍ പഠിച്ചിരുന്ന നൃത്ത- സംഗീത വിദ്യാലയത്തിലെ അദ്ധ്യാപകര്‍ വിവരം അറിയിക്കാറുണ്ട്. യു.എ.ഇയിലെ വിവിധ സ്റ്റേജ് ഷോകളിലും അശ്വതി ഭാഗമായിട്ടുണ്ട്- അശ്വതിയുടെ അമ്മ പറയുന്നു.
ചിത്രയും ശ്രേയാ ഘോഷാലുമാണ് അശ്വതിക്ക് ഇഷ്ടപ്പെട്ട ഗായികമാര്‍. ഇതില്‍ ചിത്രയെ നേരിട്ട് കാണാന്‍ ലഭിച്ച അവസരത്തെ ഏറെ സന്തോഷത്തോടെയാണ് അശ്വതി ഓര്‍മിക്കുന്നത്. 96.7എഫ്.എം. ആര്‍.ജെ. നിമ്മി, റേഡിയോമിലെ ആര്‍.ജെ. മനു, 96.2 ലെ ആര്‍.ജെ. വീരു റേഡിയോ ഏഷ്യയിലെ 1269 എ.എം എന്നിവരുമായി ഇന്റര്‍വ്യൂവിലും പങ്കെടുത്തിട്ടുണ്ട് അശ്വതി.
കൂടാതെ രാജീവ് കോടമ്പള്ളി അവതരിപ്പിക്കുന്ന മ്യൂസിക് ദര്‍ബാര്‍ എന്ന പരിപാടിയിലും ഇതിനോടകം അശ്വതി പങ്കെടുത്തു കഴിഞ്ഞു. സ്‌കൂളിലെ അദ്ധ്യാപകരും നിറഞ്ഞ പ്രോത്സാഹനം നല്‍കുന്നുണ്ട് ഈ കൊച്ചുമിടുക്കിക്ക്.