'ഗേ എന്നാല്‍ സെക്‌സ് മാത്രമല്ല'; കേരളത്തിലെ ആദ്യത്തെ ഗേ കൂട്ടായ്മയുമായി 'ഗാമ'


അശ്വതി അനില്‍

4 min read
Read later
Print
Share

പ്രതീകാത്മക ചിത്രം: Photo: AP

'ഗേ എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്നതെന്തിനാണ്? ഞങ്ങളും നിങ്ങളെപ്പോലെ മനുഷ്യരല്ലേ, നിങ്ങളിൽ നിന്നൊട്ടും കുറയാത്ത മനുഷ്യർ തന്നെ. ഇനിയെങ്കിലും ഞങ്ങളെ മനുഷ്യരായി പരിഗണിക്കൂ..' സ്വവർഗ പ്രണയമെന്ന് കേൾക്കുമ്പോഴേ അവജ്ഞയുടെ നോട്ടമെറിയുന്നവരോടാണ് 'ഗാമ'-യുടെ ചോദ്യം. സ്വന്തം സ്വത്വത്തിൽ ജീവിച്ച് മരിക്കാനുള്ള സ്വതന്ത്ര്യവും സമൂഹത്തിനുള്ള അവബോധവുമാണ് ഗാമയിലൂടെ കേരളത്തിലെ ആദ്യത്തെ ഗേ കൂട്ടായ്മ ലക്ഷ്യമിടുന്നത്. ഗാമ അഥവാ ഗേ മലയാളി അസോസിയേഷനെക്കുറിച്ച് അതിന്റെ അമരക്കാരിലൊരാളായ നികേഷ് സംസാരിക്കുന്നു.

എന്തുകൊണ്ട് ഗാമ?

ട്രാൻസ്ജെൻഡർ വിഭാഗത്തിനോ അല്ലെങ്കിൽ എൽജിബിടി പ്ലസ് വിഭാഗത്തിൽപ്പെട്ടവർക്ക് പൊതുവായി ഉള്ളതോ അല്ലാതെ ഗേ ആയിട്ടുള്ള മലയാളി പുരുഷന്മാർക്ക് വേണ്ടി ഒരു കൂട്ടായ്മ ഇതുവരെ ഉണ്ടായിട്ടില്ല. ഞങ്ങൾ ഒരു കുടക്കീഴിലാണ് നിൽക്കുന്നതെങ്കിലും ഇവർ ഓരോ വിഭാഗവും നേരിടുന്ന പ്രശ്നങ്ങൾ പലതാണ്. പലരും പേഴ്സണലി അത്തരം പ്രശ്നങ്ങളെക്കുറിച്ച് ഞങ്ങളുമായി പങ്കുവെയ്ക്കാറുണ്ട്. ഒരു കൂട്ടായ്മ വേണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ ഫലമായാണ് ഈ ഗാമയ്ക്ക് രൂപം നൽകിയത്.

എന്തെക്കെയാണ് ഗാമയുടെ ഭാവി പ്രവർത്തനങ്ങൾ?

ഗേ വിഭാഗക്കാർക്ക് മറ്റുള്ളവരോട് പങ്കുവെയ്ക്കാൻ കഴിയാത്ത പല പ്രശ്നങ്ങളും ഉണ്ട്. ലൈംഗീക ചൂഷണം ഉൾപ്പെടെയുള്ള അവരുടെ ശാരീരിക - സാമൂഹിക പ്രശ്നങ്ങൾ ഇതുവരെ ആരും ചർച്ച ചെയ്തുതുടങ്ങിയിട്ടില്ല. അല്ലെങ്കിൽ ഗേ ആണെന്ന് തുറന്നുപറയാനുള്ള ധൈര്യവും തുറന്നു പറഞ്ഞാൽ ഉണ്ടാവുന്ന പ്രശ്നങ്ങളും നേരിടാനുള്ളത്രയും പുരോഗമനം ഇന്ന് പലർക്കും ഇല്ല. ഇത്തരം പ്രശ്നങ്ങൾ ചർച്ച ചെയ്യാനും സാധ്യമെങ്കിൽ പരിഹാരം ഉണ്ടാക്കാനുമൊക്കെയാണ് ഗാമ രൂപീകരിച്ചത്. ഏറ്റവും പ്രധാനപ്പെട്ടത് ഗേ വിഭാഗത്തെക്കുറിച്ചുള്ള സാമൂഹിക അവബോധം ഉണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുക എന്നതാണ്. കൂട്ടായ്മ രൂപീകരിക്കുമ്പോൾ പലരും സ്വന്തം താൽപര്യം വെളിപ്പെടുത്താനായി തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗേ വിഭാഗം നേരിടുന്ന പ്രശ്നങ്ങളിൽ ഏതൊക്കെ രീതിയിൽ ഇടപെടാനാവുമെന്ന് ഗാമ ആലോചിച്ച് തീരുമാനിക്കും.

ഗേ കൂട്ടായ്മയോട് മലയാളി സമൂഹം എങ്ങനെയാണ് പ്രതികരിക്കുന്നത്?

ഗാമ കൂട്ടായ്മ രൂപീകരിക്കുന്ന വിവരം ഫെയ്സ്ബുക്കിലാണ് പങ്കുവെച്ചത്. പ്രതീക്ഷിച്ചതിലും അപ്പുറമുള്ള പ്രതികരണമാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. അതിൽ പോസിറ്റീവും നെഗറ്റീവും ഉണ്ട്.ഇൻബോക്സിൽ വന്ന് പലരും ഗാമ എന്നത് നല്ല തീരുമാനമാണെന്ന് പറഞ്ഞു. അനുഭവങ്ങൾ പങ്കുവെച്ചു.

ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അറിയാം. ഗേ വിഭാഗം ഈ രീതിയിൽ എന്തൊക്കെ പ്രശ്നങ്ങളാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്?

കേരളത്തിൽ ട്രാൻസ്ജെൻഡർ സുഹൃത്തുക്കൾക്ക് അൽപമൊക്കെ വിസിബിലിറ്റി കിട്ടിത്തുടങ്ങിയത് ഈ അടുത്താണ്. സർക്കാർ പോലും ഈ വിഭാഗത്തിൽപ്പെട്ടവർക്ക് വേണ്ടി ക്ഷേമപദ്ധതികളും മറ്റും രൂപീകരിക്കുന്നുണ്ട്. അവരുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. എന്നാൽ ഗേ അല്ലെങ്കിൽ ലെസ്ബിയൻ മാത്രമായവരുടെ പ്രശ്നങ്ങളെ വ്യത്യസ്തമായി കാണാനോ അഡ്രസ് ചെയ്യാനോ ആരും തയ്യാറാവുന്നില്ല.

ഗേ വിഭാഗത്തിൽപ്പെട്ടവർ തന്നെ പലതരം ആളുകൾ ഉണ്ട്. അതിൽ പലർക്കും സ്ത്രൈണത ഉണ്ടാവാം. എന്നാൽ ഇത്തരം പുരുഷന്മാരെ സമൂഹം എപ്പോഴും വിലയിരുത്തുന്നത് ഒരു പുരുഷന് വേണ്ടത് ഇതാണെന്ന് കൽപ്പിച്ചുവെച്ച ചില മാനദണ്ഡങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ടാവും. പുരുഷനായാൽ സ്വഭാവം ഇങ്ങനെയാവണം, സംസാരം ഇങ്ങനെയാവണം, ശബ്ദം ഇങ്ങനെയാവണം തുടങ്ങി പല മാനദണ്ഡങ്ങളും ഞങ്ങളെപ്പോലെയുള്ളവരെ വിലയിരുത്താനായി എത്തും. സമൂഹം ഉദ്ദേശിക്കുന്ന മാർക്ക് ലഭിച്ചില്ലെങ്കിൽ പിന്നെ പല പേരുകളും ഞങ്ങൾക്ക് ചാർത്തിത്തരും.

സ്ത്രൈണത ഉണ്ടെന്ന് മനസ്സിലായാൽ പിന്നെ ലൈംഗീക ചൂഷണം നേരിടേണ്ടി വന്നേക്കാം. എന്റെ ഐഡന്റിറ്റി ഇതാണെന്ന് തുറന്നുപറഞ്ഞാൽ അവജ്ഞയോടുള്ള നോട്ടം മാത്രമാവും ബാക്കി, മനുഷ്യനാണെന്ന പരിഗണന പോലും ലഭിക്കില്ല പലപ്പോഴും. ഗേ ആണെന്ന് തുറന്നുപറഞ്ഞതുകൊണ്ടു മാത്രം ജോലിയിൽ നിന്ന് വരെ പിരിച്ചുവിട്ട അവസ്ഥ ഉണ്ടായിട്ടുണ്ട് പലർക്കും. പുരുഷനോട് മാത്രം ആകർഷണം തോന്നുന്നവർക്ക് പലപ്പോഴും വിവാഹം ചെയ്യാനുള്ള സമ്മർദം കുടുംബത്തിൽ നിന്നുണ്ടായേക്കാം. അല്ലെങ്കിൽ കൺവേർഷൻ തെറാപ്പി പോലുള്ള അശാസ്ത്രീയമായ ചികിത്സാരീതികളും നേരിടേണ്ടി വരാം. വാസ്തവം എന്താണെന്ന് തിരിച്ചറിയാതെ ചികിത്സയ്ക്ക് കൂട്ടുനിൽക്കുന്ന ഡോക്ടർമാർ പോലുമുണ്ട് നമ്മുടെ നാട്ടിൽ എന്നുള്ളത് സങ്കടകരമാണ്. ഇത്തരം പ്രശ്നങ്ങൾ പലരേയും ആത്മഹത്യയിലേക്ക് വരെ എത്തിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്.

ഗേ എന്നാൽ സെക്സ് മാത്രമാണെന്ന് കാണുന്നവരും കുറവല്ലല്ലോ, എന്താണ് പറയാനുള്ളത്?

ഗേ ആണെന്ന് പറയുമ്പോൾ സമൂഹം പൊതുവേ അതിനെ സെക്സുമായാണ് കൂട്ടിച്ചേർക്കുക. എന്നാൽ സെക്സ് മാത്രമല്ല, പ്രണയവും സ്നേഹവും ജീവിതവുമെല്ലാം അതുമായി കൂട്ടിവായിക്കേണ്ടതുണ്ട്. അവിടെയാണ് സമൂഹം മാറിചിന്തിക്കേണ്ടത്. ആണും പെണ്ണും വിവാഹം ചെയ്യുന്നത് പോലെ സാധാരമാണ് ആണും ആണും പെണ്ണും പെണ്ണും തമ്മിൽ വിവാഹം ചെയ്യുന്നതെന്ന് തിരിച്ചറിയണം. ഗേ ആയ പലർക്കും അത് തുറന്നുപറയാനാവാതെ, കുടുംബത്തിന്റെ സമ്മർദങ്ങളിൽ അകപ്പെട്ട് വിവാഹം ചെയ്യേണ്ടതായി വന്നിട്ടുണ്ട്. അത്തരം ബന്ധങ്ങൾ ഒരിക്കലും തൃപ്തികരമായോ സന്തോഷകരമായോ പോവില്ലെന്നതാണ് സത്യം. അവർ സ്വന്തം പ്രണയത്തിന് വേണ്ടി അന്വേഷണം നടത്തിക്കൊണ്ടേയിരിക്കും. ഗേ എന്നത് തിരഞ്ഞെടുപ്പല്ല, സ്വാഭാവിക പ്രക്രിയ ആണെന്ന് ആളുകൾ മനസ്സിലാക്കുന്ന ഒരു കാലത്തിനായാണ് ഞങ്ങളെപ്പോലെയുള്ളവർ കാത്തിരിക്കുന്നത്. അത്തരം ബന്ധങ്ങൾക്ക് സാധാരണത്വവും നിയമത്തിന്റെ പരിരക്ഷയും ഉണ്ടാവണമെന്നാണ് ഞങ്ങളുടെ ആവശ്യം.

ഗേ, ലെസ്ബിയൻ തുടങ്ങിയവർക്കും സാമൂഹിക സുരക്ഷ ലഭിക്കണം. തുറന്നുപറഞ്ഞതുകൊണ്ട് സമൂഹത്തിൽ നിന്ന് ഒറ്റപ്പെടാൻ പാടില്ല. അതിന് സ്വവർഗ വിവാഹത്തിന് നിയമപരിരക്ഷ ലഭിക്കേണ്ടതുണ്ട്. എങ്കിൽ ഈ നെറ്റിചുളിക്കലിൽ അൽപം മോചനം ലഭിക്കും. സ്വന്തം ഐഡന്റിറ്റി തുറന്നുപറയാനുള്ള ഒരു സാഹചര്യം ഉണ്ടാവണം. അത് സമൂഹത്തിലും വേണം സ്വന്തം കുടുംബത്തിലും വേണം. എൽജിബിടി എന്താണെന്ന് ചോദിച്ചാൽ അത് കൃത്യമായി പറയാൻ പറ്റുന്ന വളരെ ചുരുക്കും പേരേ നമ്മുടെ സമൂഹത്തിലുള്ളൂ. ബോധവത്‌കരണത്തിലൂടെ മാത്രമേ ഈ സാമൂഹിക മാറ്റം നടക്കുകയുള്ളൂ. സ്വവർഗ പ്രണയത്തിനെതിരെ പറയുന്ന ഡോക്ടർമാർ പോലും ഉണ്ട്. കൺവേർഷൻ തെറാപ്പി അടക്കമുള്ള അശാസ്ത്രീയ മാർഗങ്ങൾ അവർ നിർദേശിക്കുന്നത് ഈ വിഭാഗത്തെ കുറിച്ചുള്ള അവജ്ഞത കൊണ്ടാണ്. അത് മാറണം.സർക്കാർ തലത്തിൽ അതിൽ ഇടപെടൽ വേണം.

ഐഡന്റിറ്റി തുറന്നുപറയാൻ സന്നദ്ധമാവുന്നതും സാമൂഹിക മാറ്റമല്ലേ?

അതെ, സ്വവർഗപ്രണയികളാണെന്ന് തുറന്നുപറഞ്ഞ് കുറച്ചുപേർ അടുത്ത കാലങ്ങളായി രംഗത്ത് വന്നിരുന്നു. ഞാൻ അതിലുൾപ്പെടുന്ന ഒരാളാണ്. ഇത്തരം തുറന്നുപറച്ചിലുകൾക്ക് ഒരു മാതൃക സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. പല രക്ഷിതാക്കൾക്കും അല്ലെങ്കിൽ സമൂഹത്തിലെ പലർക്കും സ്വവർഗപ്രണയം എന്താണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാവരിലേക്കും ഈ അവബോധം എത്തണം. എങ്കിൽ മാത്രമേ ഇനി ജനിക്കാൻ പോകുന്ന സ്വവർഗപ്രണയികൾക്കും സ്വന്തം ഐഡന്റിറ്റി തുറന്നുപറഞ്ഞുകൊണ്ട് സന്തോഷത്തോടെ ജീവിക്കാൻ സാധിക്കുകയുള്ളൂ.

ഗാമ എന്ന സംഘടനയിലൂടെ ബോധവത്‌കരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സംഘടിപ്പിക്കാനാവുമെന്നും, ചെറിയ രീതിയിലുള്ള സാമൂഹിക മാറ്റങ്ങൾ കൊണ്ടുവരാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗാമയുടെ ബോർഡ് അംഗങ്ങളായ സോനു എംഎസ്, ആനന്ദ്, മുഹമ്മദ് ഉനൈസ്, അഖിൽ ജി, കിഷോർ കുമാർ എന്നിവർ സജീവമായി രംഗത്തുണ്ട്. വരും കാലങ്ങളിൽ കൂടുതൽ പ്രവർത്തനങ്ങൾ ആലോചിച്ച് തീരുമാനിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram