അന്‍സര്‍ അഹമ്മദ് ഷെയ്ഖ്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐ.എ.എസുകാരന്‍ എന്ന ബഹുമതി ഇനി ഈ ഇരുപത്തിയൊന്നുകാരന് അവകാശപ്പെട്ടതാണ്. ആദ്യ പരിശ്രമത്തില്‍ തന്നെ ഐ.എ.എസ്. പാസാവാന്‍ ഈ ഓട്ടോ ഡ്രൈവറുടെ മകനെ പ്രാപ്തനാക്കിയത് പൊള്ളുന്ന ജീവിതാനുഭവങ്ങള്‍ തന്നെയാണ്. അതില്‍ നിന്ന് അവനെ കൈപിടിച്ചുയര്‍ത്തിയത് വെറും ഗ്യാരേജ് തൊഴിലാളിയായ സ്വന്തം ചേട്ടനായിരുന്നു.
വരള്‍ച്ചക്കെടുതിയില്‍ വലയുന്ന മഹാരാഷ്ട്രയിലെ ജല്‍നാ ജില്ലയിലെ ഷെല്‍ഗാവോണ്‍ ഗ്രാമത്തിലെ ഒരു സാധാരണ പിന്നാക്ക വിഭാഗത്തില്‍പെട്ട അന്‍സര്‍ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടു മാത്രമാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 361-ാം റാങ്ക് കരസ്ഥമാക്കിയത്.
ഓട്ടോ ഡ്രൈവറായ അച്ഛന്‍ അഹമ്മദ് കുടിച്ചിട്ടു വന്ന് സ്ഥിരമായി അമ്മയെ തല്ലാറുണ്ടായിരുന്നു. കഷ്ടപ്പെട്ടു കിട്ടുന്ന തുക മുവുവന്‍ അന്‍സറിനെ പഠിപ്പിക്കാനായിരുന്നു ചേട്ടന്‍ ഉപയോഗിച്ചിരുന്നത്. താന്‍ ഒരു നിലയിലെത്തുന്നത് മാത്രമാണ് കുടുംബത്തെ കരകയറ്റുവാനുള്ള ഏക പോംവഴി എന്നു മനസിലാക്കിയ അന്‍സര്‍ പഠനത്തില്‍ മാത്രമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
സില്ല പരിഷദ് സ്‌കൂളില്‍ നിന്നും 76% മാര്‍ക്കു നേടി പത്താം ക്ലാസ് പാസായ അന്‍സര്‍ 91% മാര്‍ക്കോടെയാണ് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയത്. ശേഷം പരിപഠനത്തിനായി പുണെയിലേക്ക് പോയി. ഫെര്‍ഗുസണ്‍ കോളേജില്‍ ബി.എയ്ക്ക് ചേര്‍ന്ന അന്‍സര്‍ ഡിഗ്രി പഠനത്തോടൊപ്പം സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായുള്ള ഒരുക്കങ്ങളും ആരംഭിച്ചു.
2015ല്‍ 73% മാര്‍ക്കോടുകൂടി പൊളിറ്റിക്കല്‍ സയന്‍സില്‍ ഡിഗ്രി പാസായ അന്‍സര്‍ ആ വര്‍ഷം തന്നെ പൊളിറ്റിക്കല്‍ സയന്‍സ് ഐച്ഛിക വിഷയമാക്കി സിവില്‍ സര്‍വീസ് പരീക്ഷയും എഴുതി.
'ലിസ്റ്റില്‍ എന്റെ പേരുകണ്ടപ്പോള്‍ ഒരുപാട് സന്തോഷമായി. ഉടന്‍തന്നെ ആ സന്തോഷവാര്‍ത്ത എന്റെ മാതാപിതാക്കളേയും ചേട്ടനേയും അറിയിച്ചു. ചേട്ടന്റെ സഹായമില്ലാതെ ഒരിക്കലും എനിക്ക് ഈ നേട്ടം കൈവരിക്കുവാന്‍ കഴിയുമായിരുന്നില്ല,' ചേട്ടനെ പറ്റി പറയുമ്പോള്‍ അന്‍സര്‍ വാചാലനായി.
'മൂന്നു വിഭാഗങ്ങളിലായി ഞാന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. ഒന്ന്, ഞാനൊരു മുസ്ലീമാണ്. രണ്ട്, ഞാനൊരു പിന്നാക്ക വിഭാഗക്കാരനാണ്. മൂന്ന്, ഞാന്‍ സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഒരാളാണ്,' അന്‍സര്‍ പറയുന്നു.
അതുകൊണ്ടു തന്നെ സാധാരണക്കാരുടെ വികസനം ലക്ഷ്യമിട്ടായിരിക്കും തന്റെ പ്രവര്‍ത്തനങ്ങളും പദ്ധതികളും എന്ന് അന്‍സര്‍ പറയുന്നു. സര്‍വീസില്‍ കയറിയാല്‍ ചെയ്യേണ്ട പ്രധാന കാര്യങ്ങളെ പറ്റി കൃത്യമായ ധാരണയുണ്ട് അന്‍സറിന്.
'മത സൗഹാര്‍ദത്തിനും, വനിതാ വികസനത്തിനും, ഗ്രാമ വികസനത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഞാന്‍ ഊന്നല്‍ നല്‍കുക. എന്റെ ഗ്രാമത്തില്‍ ഹിന്ദു-മുസ്ലിം കലാപങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ അവര്‍ക്കിടയിൽ സൗഹാര്‍ദം ഊട്ടിയുറപ്പിക്കാന്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും,' അന്‍സര്‍ പറഞ്ഞു.
'എന്റെ അമ്മയെ കുടിച്ചിട്ട് വന്ന് അച്ഛന്‍ എന്നും ഉപദ്രവിക്കുമായിരുന്നു. പതിനാലും പതിനഞ്ചും വയസുള്ളപ്പോഴാണ് എന്റെ രണ്ടു സഹോദരിമാരുടെ വിവാഹം കഴിഞ്ഞത്. ഈ രണ്ടു കാര്യങ്ങളും ശരിയായിട്ടുള്ളതല്ല. അതുകൊണ്ടു തന്നെ സ്ത്രീ ശാക്തീകരണവും എന്റെ അജന്‍ഡയിലുണ്ട്,' അന്‍സര്‍ പറഞ്ഞു.
'ശരിയായ പഠനത്തിലൂടെയും സമയോചിതമായ പ്രവര്‍ത്തിയിലൂടെയും കര്‍ഷക ആത്മഹത്യകള്‍ക്ക് പരിഹാരം കാണാന്‍ നമുക്കു കഴിയും. എന്റെ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തി ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ഞാന്‍ പരിഹാരം കാണും,' അന്‍സര്‍ ആവേശത്തോടെ പറഞ്ഞു.
'എനിക്കെന്റെ രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണം. പ്രശ്‌നങ്ങള്‍ പരിഹരിക്കാനായാലും പരീക്ഷകള്‍ പാസാവാനായാലും 'ക്ഷമ' അവശ്യഘടകമാണ്,' അന്‍സര്‍ പറഞ്ഞു നിര്‍ത്തി.
Credit: The Golden Sparrow