അഭിലാഷ് | ഫോട്ടോ: മാതൃഭൂമി
തൃശ്ശൂര്‍: ശ്രീകേരളവര്‍മ കോളേജില്‍ തന്റെ മകള്‍ക്ക് ഡിഗ്രി അപേക്ഷാഫോറം വാങ്ങാന്‍ അയല്‍വാസി പറഞ്ഞയച്ചത് ഓട്ടോറിക്ഷാ തൊഴിലാളിയായ അഭിലാഷിനെയാണ്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അയല്‍വാസി അപേക്ഷാഫോറം അഭിലാഷിന് തിരികെ നല്‍കിയിട്ട് പറഞ്ഞു: ''മകള്‍ തോറ്റു. നീ ഇത് എടുത്തോ.'' ഒരു ഭാഗ്യപരീക്ഷമെന്നോണം അഭിലാഷ് അതില്‍ സ്വന്തം വിവരങ്ങള്‍ പൂരിപ്പിച്ചയച്ചു. പത്തിലും പ്ലസ് ടുവിലും തോറ്റ് പഠിച്ച അഭിലാഷ് കേരളവര്‍മ കോളേജിലെ ബി.എ. ഫിലോസഫിയില്‍ 88 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനക്കാരനായി ജയിച്ച സംഭവത്തിലെ വഴിത്തിരിവായിരുന്നു അത്.
2014-ല്‍ കോളേജിലെ ഫിലോസഫി ടോപ്പറായ അഭിലാഷ് പ്രൊഫസര്‍ ശങ്കരന്‍ നമ്പ്യാര്‍ അവാര്‍ഡും ശ്യാം മെമ്മോറിയല്‍ ടോപ്പര്‍ എന്‍ഡോവ്‌മെന്റും നേടി. പകല്‍ പഠനവും രാത്രി ഓട്ടേറിക്ഷയോടിക്കലുമായി ബി.എഡിന് 100 ശതമാനം ഹാജരോടെ ഒന്നാംക്ലാസ് മാര്‍ക്കില്‍ പാസായ അഭിലാഷ് ഇപ്പോള്‍ തൃശ്ശൂര്‍ തൈക്കാട്ടുശേരി ജങ്ഷനിലെ ഓട്ടോത്തൊഴിലാളിയാണ്. പാരലല്‍ കോളേജില്‍ അധ്യാപകനായിരുന്ന അഭിലാഷ് കോവിഡ് കാലത്ത് സ്ഥാപനം പൂട്ടിയതോടെ മുഴുസമയ ഓട്ടോത്തൊഴിലാളിയായി. ഇപ്പോള്‍ നടത്തറ പഞ്ചായത്തംഗവുമാണ്.
ജീവിതത്തില്‍ വിവിധ വേഷങ്ങളാടിയിട്ടുണ്ട് ഈ 32 കാരന്‍. പത്തില്‍ തോറ്റതോടെ തേപ്പുപണിക്കിറങ്ങി. പ്ലസ് ടു തോറ്റതോെട ചുമട്ടുതൊഴിലാളിയായി. പിന്നീട് ഐ.ടി.സി.യില്‍ ചേര്‍ന്ന് സിവില്‍ എന്‍ജിനിയറിങ് ഡിപ്ലോമയെടുത്തു. വരുമാനത്തിന് വകയില്ലാതായതോടെ ഓട്ടോത്തൊഴിലാളിയായി.
കാവൂട്ട് നാടന്‍കലാ സംഘം- വാമൊഴി നാടന്‍കലാസംഘം എന്നിവയിലെ ഗായകനായും വാദ്യക്കാരനും ജെ.പി.ഇ. ബി.എഡ്. ട്രെയിനിങ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, എ.െഎ.ടി.യു.സി. ഓട്ടോത്തൊഴിലാളി യൂണിയന്‍ നേതാവ്, ക്ഷേത്രപൂജാരി, പ്രിയദര്‍ശിനി ക്ലബ്ബ് ഫുട്‌ബോള്‍ ടീമംഗം, ബസ് ക്ലീനര്‍, സ്വകാര്യ കോളേജ് അധ്യാപകന്‍, ട്യൂഷന്‍ മാസ്റ്റര്‍, ക്രെയിന്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ ഡ്രൈവിങ് ലൈസന്‍സുള്ളയാള്‍......
തൃശ്ശൂര്‍ നടത്തറ പൂച്ചട്ടി മുരിയന്‍കുന്നില്‍ പരേതനായ കറപ്പന്റെയും വള്ളിയമ്മയുടെയും മകനാണ്. 22-ാം വയസ്സിലാണ് പ്ലസ് ടു കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍ വഴി 64 ശതമാനം മാര്‍ക്കോടെ ജയിച്ചത്. ഡിഗ്രിക്ക് പഠിക്കുന്‌പോഴാണ് അച്ഛന്‍ മരിച്ചത്. ഇപ്പോള്‍ തൃശ്ശൂര്‍ ചിയ്യാരത്തെ കംപ്യൂട്ടര്‍ പരിശീലന സ്ഥാപനത്തില്‍ പി.ജി.ഡി.സി.എ. കോഴ്‌സ് പാര്‍ട്ട് ടൈമായി പഠിക്കുന്നുണ്ട്.
Content Highlights: An auto driver's unbeatable story