കാമ്പസുകള്‍ പഠിക്കാനുള്ള ഇടം മാത്രമാണോ...? അല്ല എന്നു തന്നെ പറയണം, അതാണ് ശരി. അല്ലെങ്കില്‍ അതിനെ കലാലയം എന്നു വിളിക്കേണ്ടതില്ലല്ലോ... ഇവിടെ ഒരു റിയാലിറ്റി ഷോ നടക്കുകയാണ.് കോഴിക്കോട് ഫറൂഖ് കോളജാണ് വേദി. പാട്ടാണ് വഷയം. '
സിങ്ങര്‍ ഓഫ് ദ കാമ്പസ്' അതാണ് അവര്‍ മത്സരത്തിന് നല്‍കിയ പേര്. നടത്തിയത് യൂണിയനും... ഇത്രയും കേള്‍ക്കുമ്പോള്‍ ഒരു ക്ലീഷേ തട്ടിക്കൂട്ട് പരിപാടിയാണെന്ന് തോന്നിയാല്‍ നിങ്ങള്‍ക്ക് തെറ്റിപ്പോയി. ഇവിടെ ചില പ്രത്യേകതകളുണ്ട്.
അധ്യാപകരില്ലാത്ത ക്ലാസുകളും വരാന്തകളും മരച്ചുവടുകളും കാമ്പസിലെ പാട്ടുകാര്‍ ഉണരുന്ന ഇടങ്ങളാണ്. ഈ പാട്ടുകള്‍ കാമ്പസിന്റെ ക്ലാസ് റൂമിന്റെ സ്വകാര്യതയും ചുറ്റും തണലൊരുക്കുന്ന മരച്ചില്ലകളും മാത്രം ആസ്വദിച്ചു കടന്നു പോകും.
ഒരവസരമുണ്ടെങ്കില്‍ ആ ശബ്ദങ്ങള്‍ക്ക് അനിര്‍വചനീയമായ മാധുര്യം കൈവരുമെന്നതാണ് സത്യം. സര്‍ഗാത്മകതയുടെ പ്രത്യേകതയാണത്. പുതിയ കാലത്ത് കാമ്പസ് ഭഷയില്‍ പറയും പോലെ ഇത് തള്ളല്ല. ഇവരുടെ അനുഭവമാണ്.
മാസങ്ങള്‍ നീണ്ടുനിന്ന റിയാലിറ്റി ഷോയിലൂടെയാണ് കാമ്പസിലെ മികച്ച പാട്ടുകാരനെ തെരഞ്ഞെടുത്തത്. ബിരുദാനന്തര ബിരുദ സുവോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി റസീന്‍ സിദ്ദീഖാണ് കാമ്പസിന്റെ ആവേശം മുഴുവന്‍ ഏറ്റുവാങ്ങി ഒടുവില്‍ ആ പട്ടം നേടിയത്.
വോട്ടിങ്ങിലെ മാതൃക
ഇഷ്ട ഗായകര്‍ക്ക് വോട്ടു ചെയ്യാനും വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കിയിരുന്നു. വെറുതെ അങ്ങ് വോട്ടു ചെയ്യാനല്ല, മൂന്നു രൂപയുടെ കൂപ്പണ്‍ വാങ്ങി ഇഷ്ടഗായകര്‍ക്ക് വോട്ടു രേഖപ്പെടുത്താനാണ് അവസരം നല്‍കിയത്. ഈ പണം കാമ്പസിലെ അന്ധ വിദ്യാര്‍ഥികള്‍ക്ക് കിറ്റ് വാങ്ങാനായാണ് സമാഹരിച്ചത്. മൊത്തം 2500 ഓളം വോട്ടുകള്‍ രേഖപ്പെടുത്തി. പരിപാടിയിലൂടെ കാരുണ്യത്തിന്റെ അപൂര്‍വ്വ മാതൃക ചേര്‍ക്കാനും വിദ്യാര്‍ഥികള്‍ക്ക് സാധിച്ചു. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ഷംനയാണ് കാമ്പസിന്റെ ഇഷ്ട ഗായികയായത്.
പോരാട്ടത്തിനെത്തിയത് 52 ശബ്ദങ്ങള്‍
52 ഗായകരാണ് ഓഡിഷന്‍ ഘട്ടത്തില്‍ മാറ്റുരച്ചത്. അതില്‍ 15 പേരെ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. മെലഡി, സ്പീഡ്, ഡ്യുവറ്റ് എന്നിങ്ങനെ മൂന്നു റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ അഞ്ചു ഫൈനലിസ്റ്റുകള്‍. റസീനൊപ്പം മൂന്നാം വര്‍ഷ മാത്സ് വിദ്യാര്‍ഥിനി സീഫ മറിയം, മലയാളം വിദ്യാര്‍ഥിനി ഷംന, സുവോളജി വിദ്യാര്‍ഥിനി ഷംനു ലുഖ്മാന്‍, ബി.ബി.എ വിദ്യാര്‍ഥി ഹെഗിന്‍ ഹാന്‍ എന്നിവരാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ പോരാടിയത്.
ഓള്‍ഡ് ഹിറ്റ്, ഫേവറൈറ്റ് എന്നിങ്ങനെ രണ്ട് റൗണ്ടുകളിലായാണ് ഫിനാലെ നടന്നത്. ആറ്റുവശ്ശേരി മോഹനന്‍ പിള്ള, പെരുമ്പത്തൂര്‍ മധു, സൈന്‍ തുടങ്ങിയ പ്രമുഖരാണ് വിധിനിര്‍ണയത്തിനെത്തിയത്. റിയാലിറ്റി ഷോ ഫെയിം രാഹുല്‍ സത്യനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രിന്‍സിപ്പല്‍ ഇ.പി ഇമ്പിച്ചിക്കോയ, യൂനിയന്‍ അഡൈ്വസര്‍ അബ്ദുറഹീം, ഫൈന്‍ ആര്‍ട്സ് അഡൈ്വസര്‍ ഇ.കെ സാജിദ് എന്നിവര്‍ സംബന്ധിച്ചു. യൂനിയന്‍ ചെയര്‍മാന്‍ ഫാഹിം അഹമ്മദ്, സെക്രട്ടറി ഹാഫിസ് മുഹ്സിന്‍, സ്വാഹിബ് മുഹമ്മദ്, ആദില്‍ ജഹാന്‍, ഫാതിമ നുഹ സി.പി, നാജിയ തുടങ്ങിയ യൂനിയന്‍ അംഗങ്ങളുടെ പ്രവര്‍ത്തനം കൈയടി നേടി.