നിഗൂഢതയുണര്‍ത്തുന്ന നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ചര്‍ച്ചയായിട്ടുണ്ട്. അവയില്‍ പലതിനും കൃത്യമായ ഒരു വിശദീകരണം പോലും ലഭിക്കാറില്ലെങ്കിലും സമൂഹ മാധ്യമം അതെല്ലാം തങ്ങള്‍ക്കാവും വിധം ആഘോഷിക്കും. ആ ശ്രേണിയിലേക്ക് പതിയെ ഇരുപതടി നീളത്തില്‍ ചെറുതായി വായും പിളര്‍ന്ന് ഇഴഞ്ഞു കയറിയിരിക്കുകയാണ് ഒരു ഭീമന്‍ മുതല.
മൂന്നുപേര്‍ ഒരാള്‍ക്ക് മുകളില്‍ ഒരാളെന്ന രീതിയില്‍ കയറിനില്‍ക്കുന്നു. ഇവര്‍ സമീപത്തുള്ള മരത്തിന് സമാന്തരമായി നിര്‍ത്തിയിരിക്കുകയാണ് ഒന്നാന്തരം ഒരു മുതലയെ. ഇക്കഴിഞ്ഞ പതിനേഴാം തിയ്യതി ലിന്‍സി ക്ലേട്ടണ്‍ സൗദാന്‍ എന്ന യു.കെ സ്വദേശിനിയായ യുവതിയാണ് ഈ ചിത്രം ഫേസ്ബുക്കിലിട്ടത്. പക്ഷേ ഇതെവിടെയാണെന്നോ, മുതലയെ പിടിച്ചിരിക്കുന്നത് ആരാണെന്നോ ഉള്ള ഒരു പിടിയും ആര്‍ക്കുമില്ല.
വടക്കന്‍ ക്വീന്‍സ്‌ലാന്‍ഡിലെവിടെ നിന്നെങ്കിലുമായിരിക്കാം ചിത്രം പകര്‍ത്തിയിരിക്കുക എന്നാണ് ഒരുപറ്റം മുതല വേട്ടക്കാരുടെ അഭിപ്രായം. അതല്ല സിംബാബ്‌വേയിലെ ബുലവായോ ആണ് ഇതിന്റെ ഉറവിടം എന്ന് വിശ്വസിക്കുന്നവരുമുണ്ട്. എന്തായാലും ചിത്രം പന്ത്രണ്ടായിരത്തിലേറെ തവണയാണ് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യപ്പെട്ടത്.